കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബിൽജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 13 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജുവിന്റെ ഹൃദയം ഉൾപ്പടെ 8 അവയവങ്ങളാണ് ദാനം ചെയ്തത്.
കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ ഒന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് ബിൽജിത്ത്. തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ബിൽജിത്ത് ബിജുവിന് മന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു.
ഹൃദയം, രണ്ട് വൃക്ക, കരൾ, ചെറുകുടൽ, പാൻക്രിയാസ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിനും ഒരു വൃക്ക എറണാകുളം രാജഗിരി ആശുപത്രിയ്ക്കും കരളും ചെറുകുടലും പാൻക്രിയാസും എറണാകുളം അമൃത ആശുപത്രിയ്ക്കും രണ്ട് നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയ്ക്കുമാണ് നൽകിയത്.
സെപ്റ്റംബർ രണ്ടിന് നെടുമ്പാശ്ശേരി കരിയാട് ദേശീയ പാതയിൽ രാത്രി ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. ഗുരുതരമായി പരിക്കേറ്റ ബിൽജിത്തിനെ ഉടൻതന്നെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, സെപ്റ്റംബർ 12ന് ബിൽജിത്തിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന്, അദ്ദേഹത്തിന്റെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്.
ബിൽജിത്തിന്റെ അച്ഛൻ ബിജു പാലമറ്റം, അമ്മ ലിന്റ, സഹോദരൻ ബിവൽ (ഒൻപതാം ക്ലാസ് വിദ്യാർത്ഥി) എന്നിവരാണ് കുടുംബാംഗങ്ങൾ. സംസ്‌കാര ചടങ്ങുകൾ ഇന്ന് (സെപ്റ്റംബർ 13) വീട്ടിൽ വച്ച് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്