കാസര്‍കോട്: അമ്മയോട് പിണങ്ങി ട്രെയിന്‍ മുന്നില്‍ച്ചാടി മരിക്കാന്‍ പുറപ്പെട്ട യുവതിയെ സമയോചിതമായ ഇടപെടലിലൂടെ മേല്‍പ്പറമ്പ് പൊലീസ് അരമണിക്കൂറിനകം രക്ഷിച്ചു. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ കളനാട് സ്വദേശിനിയായ 27 കാരിയാണ് ബന്ധുക്കളെയും പൊലീസിനെയും മുള്‍മുനയിലാക്കിയത്.
ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ അമ്മയോടൊപ്പമാണ് യുവതിയും മക്കളും താമസം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് അമ്മയാണ് ചട്ടഞ്ചാലിലെ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച് വീടുവിട്ടിറങ്ങിയ മകളെ രക്ഷപ്പെടുത്തണമെന്ന് പൊലീസിനോട് അഭ്യര്‍ഥിച്ചത്. ഈ സമയം പാറാവ് ജോലിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി.രാജേഷായിരുന്നു ഫോണെടുത്തത്. യുവതിയുടെ ഫോണ്‍നമ്പര്‍ വാങ്ങി ഇന്‍സ്പെക്ടര്‍ എന്‍.പി രാഘവനെ വിവരമറിയിച്ചു. അദ്ദേഹം എസ്ഐ വി.കെ.അനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.രാജേഷ്, ഹരീഷ് കടവത്ത്, ഡ്രൈവര്‍ സിപിഒ ജയിംസ് എന്നിവരെ യുവതിയെ കണ്ടെത്താന്‍ അടിയന്തര നിര്‍ദേശം നല്കി. അമ്മ നല്കിയ നമ്പറിലേക്ക് പോലീസ് വിളിച്ചെങ്കിലും യുവതി ഫോണെടുത്തില്ല. ഇതേത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായം തേടി.
ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതിനിടെ യുവതി ഫോണെടുത്തെങ്കിലും ആദ്യം കരച്ചില് മാത്രമാണ് മറുപടിയായി നല്‍കിയത്. എവിടെയാണുള്ളതെന്ന് വ്യക്തമാക്കാന്‍ തയ്യാറായതുമില്ല. പൊലീസ് നിരന്തരമായി അഭ്യര്‍ഥിച്ചപ്പോള്‍ ഇടുവുങ്കാലില്‍ ഓട്ടോ ഇറങ്ങിയതായി അറിയിച്ചു. എന്നാല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാണിച്ചത് ചാത്തങ്കൈ പ്രദേശമായിരുന്നു. യുവതി നല്കുന്ന വിവരം തെറ്റാണെന്ന് മനസ്സിലാക്കിയ പൊലീസ് ഫോണ്‍ സംഭാഷണം വിച്ഛേദിക്കാതെതന്നെ ചാത്തങ്കൈ ഭാഗത്തേക്ക് ജീപ്പില്‍ കുതിച്ചു.
റെയില്‍വേ പാളത്തിലൂടെ നടത്തിയ തിരച്ചിലില്‍ 1.05-ഓടെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. ട്രെയിന്‍ വരുമ്പോള്‍ ചാടാനായി കാത്തിരിക്കുകയാണെന്നാണ് യുവതി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. സമാധാനിപ്പിച്ച് പൊലീസ് യുവതിയെ മേല്‍പ്പറമ്പ് സ്റ്റേഷനിലെത്തിച്ചു. നിസ്സാര വാക്തര്ക്കത്തിന്റെ പേരില്‍ മരിക്കാന്‍ തീരുമാനിച്ച മകളെ കണ്ടതോടെ ബന്ധുക്കളോടൊപ്പമെത്തിയ ആ അമ്മ സങ്കടത്തോടെ പൊട്ടിക്കരഞ്ഞു. ഈ മക്കളെയാക്കി എങ്ങനെ നിനക്ക് പോകാനായെന്നും അമ്മ വിതുമ്പുന്നുണ്ടായിരുന്നു. പോലീസ് കൗണ്‍സലിങ്ങില്‍ പങ്കെടുത്തശേഷം യുവതി അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
