പത്തനംതിട്ട: ജില്ലയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയില്‍ നാടകീയ വഴിത്തിരിവ്. പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. തനിക്കെതിരെ സഹപാഠികള്‍ പീഡനം നടത്തിയിട്ടില്ലെന്ന് പെണ്‍കുട്ടി തന്നെ പിന്നീട് മൊഴി മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴികളില്‍ ആദ്യഘട്ടത്തില്‍ തന്നെ വൈരുദ്ധ്യം പ്രകടമായതിനെ തുടര്‍ന്ന്, കസ്റ്റഡിയിലെടുത്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് നേരത്തെ തന്നെ വിട്ടയച്ചിരുന്നു.
പെണ്‍കുട്ടി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പുറത്തുകൊണ്ടുവരാന്‍ പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും വിശദമായി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ സമഗ്രമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. കൗണ്‍സിലിംഗിനിടെ ചൈല്‍ഡ് ലൈന് മുന്നില്‍ ഇത്തരമൊരു മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്ന് പൊലീസ് പ്രത്യേകം പരിശോധിക്കും. കുട്ടി മുന്‍പ് എപ്പോഴെങ്കിലും മറ്റെവിടെയെങ്കിലും വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.
പെണ്‍കുട്ടിക്ക് ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് നല്‍കിയിരുന്നോ എന്ന കാര്യവും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. സഹപാഠികള്‍ ഉള്‍പ്പെടെ പത്ത് പേരുടെ പേരുകളായിരുന്നു പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഈ പത്തുപേരെയും കണ്ടെത്തുകയും, ഇതില്‍ സംശയം തോന്നിയ ആറ് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ഉള്‍പ്പെടെ ക്രൂരമായ പീഡനത്തിന് ഇരയായെന്നായിരുന്നു കുട്ടി ആദ്യം നല്‍കിയ പരാതി. എന്നാല്‍ വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെ ഈ പരാതികള്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
