എറണാകുളം ജില്ലയെ പുരോഗതിയിലേക്കു നയിച്ച കളക്ടർമാരുടെ പരമ്പരയിൽ ഏറ്റവും ശ്രദ്ധേയനായിരുന്നയാൾ ആരെന്ന ചോദ്യത്തിന് പഴയ തലമുറ നൽകുന്ന ഉത്തരം 'എസ്. കൃഷ്ണകുമാർ' എന്നായിരിക്കും. അസാധാരണ ക്രാന്തദർശിത്വവും കർമ്മശേഷിയും സമന്വയിച്ച പ്രവർത്തന ശൈലിയിലൂടെ തിളങ്ങിയ അദ്ദേഹം പിന്നീട് ഐഎഎസ് വിട്ട് ലീഡർ കരുണാകരന്റെ ഇഷ്ടക്കാരനായി മാറി എംപി യും കേന്ദ്ര മന്ത്രിയും ആയതും ഭാര്യാ സമേതനായി അഴിമതിക്കേസുകളിൽ ഉൾപ്പെട്ടതും ബി.ജെ.പിയിലേക്ക് കാലു മാറിയതും തിരികെ കോൺഗ്രസിലെത്തിയതും കാലത്തിന്റെ തിരശീലയ്ക്കു പിന്നിൽ സ്വയം മറഞ്ഞു നിൽക്കുന്നതും പിൽക്കാല ചരിത്രം.
കളക്ടറെന്ന നിലയിൽ കൃഷ്ണകുമാർ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത് കുടുംബാസൂത്രണ പദ്ധതിക്ക് എറണാകുളം ജില്ലയിൽ നൂറുമേനി വിളവെടുക്കാൻ കളമൊരുക്കിയതിലൂടെയാണ്. ഇതിന്റെ പേരിൽ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ജനസംഖ്യാ വിസ്‌ഫോടനത്തിൽ രാജ്യം തകർന്നു പോകുമെന്ന അക്കാലത്തെ വിദഗ്ധ സിദ്ധാന്തത്തിൽ ഭരണകൂടം നിമഗ്‌നമായതിന്റെ അനന്തരഫലമായിരുന്നു ഊർജിത സ്ഥായിയിലുള്ള കൂടുംബാസൂത്രണ പദ്ധതികൾ. 'നാമൊന്ന് നമുക്ക് മൂന്നെന്ന' മുദ്രാവാക്യം പിന്നീട് രണ്ടിലേക്കും ഒന്നിലേക്കും പൂജ്യത്തിലേക്കും ലോപിച്ചപ്പോൾ കൃഷ്ണ കുമാറിന്റെ പേര് ആവർത്തിച്ച് ഓർമ്മിച്ചു പലരും.
അര നൂറ്റാണ്ടിനിപ്പുറം മലയാളി സമൂഹത്തിന്റെ നിലനിൽപ് അപകടത്തിലായിരിക്കുന്നുവെന്ന മുന്നറിയിപ്പ് കൃത്യമായ കണക്കുകളുടെ പിൻബലത്തോടെ ദൃഢമാകവേ ഇപ്പോൾ 'കൃഷ്ണകുമാർ ഇഫക്ടിന്റെ ആന്റി ക്‌ളൈമാക്‌സ് 'അരങ്ങേറുന്നു. സാമ്പത്തികസ്ഥിതിവിവരക്കണക്കു വകുപ്പ് പുറത്തുവിട്ട പുതിയ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ജനനനിരക്ക് ഒറ്റയക്കത്തിലേക്ക് (പത്തിൽ താഴെ) കൂപ്പുകുത്തിയിരിക്കുന്നു. ഇത് ഭാവികേരളം സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ നേരിടാൻ പോകുന്ന വെല്ലുവിളികളുടെ വ്യക്തമായ സൂചനയാണ്.
കേരളത്തിന്റെ ജനനനിരക്ക് (1000 പേർക്ക്) 2023ലെ 11.06ൽ നിന്നും 9.64 ആയി കുത്തനെ കുറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഈ നിരക്ക് 10ന് താഴെയെത്തുന്നത്. 1992ൽ ഇത് 17.67 ആയിരുന്നു. ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത ജനനങ്ങളുടെ എണ്ണത്തിൽ 48,000ത്തിലധികം കുറവുണ്ടായി. 2023ൽ 3,93,231 കുട്ടികൾ ജനിച്ച സ്ഥാനത്ത് 2024ൽ അത് 3,44,766 ആയി കുറഞ്ഞു (ഏകദേശം 12% ഇടിവ്). 2025ൽ ആകെ ജനിച്ചത് 3,27,125 കുട്ടികൾ മാത്രം.
ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം വ്യക്തമാക്കുന്ന ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കേരളത്തിൽ 1.19 ആയി ചുരുങ്ങി. ജനസംഖ്യ കുറയാതെ നിലനിർത്താൻ ആവശ്യമായ നിരക്ക് 2.1 ആണ് എന്നതോർക്കണം. ജനനനിരക്ക് കുറയുകയും ആയുർദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ കുട്ടികളുടെയും യുവാക്കളുടെയും എണ്ണം വൻതോതിൽ കുറയും. 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം കുതിച്ചുയരും. യുവജനങ്ങളുടെ എണ്ണം കുറയുന്നത് ഉത്പാദനസേവന മേഖലകളെ ബാധിക്കും. നികുതി നൽകുന്ന അധ്വാനിക്കുന്ന വിഭാഗം കുറയുകയും, പെൻഷനും മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ആവശ്യപ്പെടുന്ന പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുന്നത് സംസ്ഥാന സർക്കാരിന്റെ ഖജനാവിന് കനത്ത ബാധ്യതയാകും.
ഉയർന്ന സാക്ഷരത, സ്ത്രീശാക്തീകരണം, വർധിച്ച ആരോഗ്യാവബോധം, ആരോഗ്യപരിചരണ സംവിധാനങ്ങളുടെ ലഭ്യത എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങൾ ജനനനിരക്കു കുറയുന്നതിനു പിന്നിലുണ്ടെന്നതു വാസ്തവമാണ്. അതേസമയം, കുട്ടികളെ വളർത്താനും അവർക്ക് അന്തസ്സായ വിദ്യാഭ്യാസം നൽകാനുമുള്ള ചെലവ് കുതിച്ചുയരുന്നതും കൂടുതൽ കുട്ടികളെ സ്വീകരിക്കുന്നതിൽ നിന്നു യുവരക്ഷിതാക്കളെ പിന്തിരിപ്പിക്കുന്നുവെന്ന കാര്യം വ്യക്തം. ഉന്നതവിദ്യാഭ്യാസമുള്ള യുവതീയുവാക്കൾ വിവാഹത്തിനും പ്രസവത്തിനും മുമ്പായി വിദേശരാജ്യങ്ങളിലേക്കു വൻതോതിൽ കുടിയേറുന്നതും കേരളത്തിനകത്തെ ജനനനിരക്കു കുറയുന്നതിനിടയാക്കുന്നുണ്ട്.
തൊഴിൽ വൈദഗ്ദ്യം നേടിയ മലയാളികൾ പിന്നീട് യൂറോപ്പ്, വടക്കേ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിയേറാനാരംഭിച്ചിരുന്നു. എന്നാൽ ഇതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഇന്ന് കാണുന്ന വിദ്യാർത്ഥി കുടിയേറ്റം. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കുപോകുന്നവർ കേരളത്തിലേക്ക് ഭാവിയിൽ മടങ്ങി വരാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിലെ പ്രധാന വസ്തുത. താൽക്കാലികമായിരുന്ന മുൻകാല കുടിയേറ്റങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ഥിരം കുടിയേറ്റം ആണ് പലരും ലക്ഷ്യം വക്കുന്നത്. സാമൂഹ്യ സാമ്പത്തിക രംഗങ്ങളിൽ നിരവധി പ്രത്യാഘാതങ്ങളും മാറ്റങ്ങളും ഉണ്ടാക്കാൻ സാധ്യതയുള്ള ഇത്തരം കുടിയേറ്റത്തിന്റെ കാരണങ്ങളായി അനവധി ഘടകങ്ങൾ ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.
വികസിത രാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിത നിലവാരമുണ്ട് എന്ന ധാരണ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിലെ ഒരു പ്രധാന ഘടകമാണ്. ഇത്തരം രാജ്യങ്ങളിൽ പി.ആർ അല്ലെങ്കിൽ പൗരത്വം ലഭിക്കുന്നതിനുള്ള ഒരു ചവിട്ടുപടിയയോ എളുപ്പമാർഗ്ഗമയോ പലരും വിദ്യാഭ്യാസ കുടിയേറ്റത്തെ കാണക്കാക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളും പ്രധാന ആകർഷണങ്ങളാണ്. ഇതിനെല്ലാം ഉപരിയായി ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റു പ്രധാന വിഷയങ്ങൾ ഇവിടങ്ങളിൽ ഏതു തരം തൊഴിലിനും ലഭിക്കുന്ന മാന്യതയും വ്യക്തി സ്വാതന്ത്ര്യവുമാണ്. സമൂഹം, കുടുംബം, മതം മുതലായവയുടെ ഒരു പരിധിയിൽ കവിഞ്ഞ ഇടപെടൽ ആഗ്രഹിക്കാത്ത വലിയൊരു ശതമാനം യുവജനങ്ങൾ ഇന്നുണ്ട് എന്നുള്ളത് ഇതിന് ആക്കം കൂട്ടുന്നു.
കോവിഡ് മഹാമാരിക്കാലത്ത് ഇന്റർനെറ്റിന്റെ ഉപയോഗത്തിലുണ്ടായ വർദ്ധനവ് യുവജനതയുടെ സാംസ്‌കാരികപരമായ ചിന്തകളിൽ കാതലായ മാറ്റങ്ങൾ വരുത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റ് ആഗോള സംസ്‌കാരങ്ങളെ കൂടുതൽ അടുത്തറിഞ്ഞ ഈ തലമുറ അവയുമായി ആഭിമുഖ്യം പുലർത്തുന്ന തലത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത സാമ്പ്രദായിക കാഴ്ചപ്പാടുകളെയും രീതികളെയും മറികടക്കാനുള്ള ഒരു ത്വര ഇത്തരത്തിൽ രൂപപ്പെട്ടു. ഇതും വിദേശകുടിയേറ്റത്തിന്റെ ഒരു കാരണമായി വിലയിരുത്തപ്പെടുന്നു.
കുടിയേറ്റം ഏറിയാൽ
രക്ഷിതാക്കളുടെ മനോഭാവത്തിലും കാഴ്ച്ചപ്പാടിലും വന്നിട്ടുള്ള മാറ്റങ്ങളും വിദ്യാഭ്യാസ കുടിയേറ്റത്തിന്റെ ഒരു സുപ്രധാന ഘടകമാണ്. സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ ആയി മുൻപന്തിയിൽ നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് മുൻകാലങ്ങളിൽ വിദേശപഠനത്തന് കൂടുതലായും പോയിരുന്നത് എങ്കിൽ ഇന്ന് മധ്യവർഗ്ഗ കുടുംബങ്ങളിലെ വിദ്യാർത്ഥികളും വലിയതോതിൽ വിദേശവിദ്യാഭ്യാസത്തിനായി പോകുന്നുണ്ട്. വിദേശവിദ്യാഭ്യാസത്തിനായി പോയി ജോലിനേടിയവരുടെയും അവിടെ സ്ഥിരതാമസമാക്കിയവരുടെയും വിജയകഥകളും പലരെയും പോകാൻ പ്രേരിപ്പിക്കുന്നു.
സാമൂഹ്യ സാമ്പത്തിക ശാസ്ത്രത്തിൽ 'അയൽപ്പക്ക പ്രഭാവം' എന്നറിയപ്പെടുന്ന ഈ പ്രതിഭാസം വിദ്യാഭ്യാസ കുടിയേറ്റക്കാര്യത്തിൽ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും ചൈനയുമൊക്കെ നേരിടുന്ന ജനസംഖ്യാ പ്രതിസന്ധിയിലേക്ക് കേരളവും വഴുതിവീഴുമ്പോൾ, നാം അതിനെ എങ്ങനെയാണു നേരിടേണ്ടതെന്ന ചോദ്യത്തിന് വിദഗ്ധർ നൽകുന്ന ഉത്തരങ്ങൾ ഏകദേശം ഒരേ തരത്തിലുള്ളതാണ്. ഒരു പ്രതിരോധമാർഗം കഴിയുന്നത്ര യുവാക്കളെ നാട്ടിൽ തുടരാൻ പ്രേരിപ്പിക്കുന്ന സാഹചര്യമൊരുക്കുക എന്നതാണ്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കാലാനുസൃതമായി നവീകരിക്കുകയും, പഠിച്ചിറങ്ങുമ്പോൾ നാട്ടിൽ തന്നെ അന്തസ്സുള്ള വേതനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും വേണം. ഇതു കുടിയേറ്റം കുറയ്ക്കുകയും അടുത്ത തലമുറയുടെ ജനനം കേരളത്തിലാകാൻ ഇടയാക്കുകയും ചെയ്യും. പ്രയോഗികതലത്തിൽ ഇതിന്റെ വിജയസാധ്യത പക്ഷേ, സംശയാസ്പദമായി തുടരുന്നു. സാമ്പത്തികത്തിനപ്പുറമുള്ള കാരണങ്ങൾ കുടിയേറ്റത്തിനുണ്ടുതാനും.
കേരളത്തിൽ കഴിയുന്ന യുവദമ്പതിമാർക്ക് കുട്ടികളെ വളർത്താൻ സഹായകരമാകുന്ന നയങ്ങൾ രൂപീകരിക്കുക എന്നതാണു മറ്റൊരു മാർഗം. സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ശിശുപരിപാലനകേന്ദ്രങ്ങൾ നിർബന്ധമാക്കുക, കൂടുതൽ കുട്ടികൾ ജനിക്കുന്നവർക്ക് സാമ്പത്തികവിദ്യാഭ്യാസ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക തുടങ്ങിയവ ഉദാഹരണമാണ്. ആന്ധ്ര സർക്കാർ, ടിഎഫ് ആർ 1.7 ലേക്ക് താഴ്ന്നതിനെ തുടർന്ന് (കേരളത്തിൽ ഇത് 1.19 മാത്രം) മൂന്നാമത്തെ കുട്ടിക്ക് 30,000 വും നാലാമത്തെ കുട്ടിക്ക് 40,000 വും രൂപ നേരിട്ട് ധനസഹായം പ്രഖ്യാപിച്ചു. മൂന്നാമത്തെ കുട്ടിക്ക് പ്രതിമാസം 1,000 രൂപ 5 വർഷത്തേക്ക് നല്കുന്നതുൾപ്പെടെയുള്ള ക്ഷേമപദ്ധതിയാണ് ആന്ധ്ര നടപ്പാക്കുന്നത്.
വയോധികരുടെ വലിയൊരു ജനസമൂഹത്തെ കേവലം ആശ്രിതരായി കാണാതെ, അവരുടെ പരിചയസമ്പത്തും ആരോഗ്യവും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന പാർട്ട് ടൈം തൊഴിലുകളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക, വാർദ്ധക്യകാല ആരോഗ്യ പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയും ആവശ്യമാണ്. സംസ്ഥാന സർക്കാർ പുതുതായി സ്ഥാപിച്ചിരിക്കുന്ന വയോജനക്ഷേമവകുപ്പ് ഈ ദിശയിലുള്ള നല്ലൊരു തുടക്കമാണ്.
കേരള കത്തോലിക്കാസഭ കൂടുതൽ കുട്ടികളെ സ്വീകരിക്കുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ പല പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. പൊതുസമൂഹത്തിന്റെ ഭാഗമായ പലരും അതിനെ പുച്ഛത്തോടെയും പ്രതിഷേധത്തോടെയുമാണു വീക്ഷിച്ചത്. എന്നാൽ, സഭയുടെ നയസമീപനത്തിന്റെ പ്രസക്തി നാളുകൾ പോകെ അധികരിച്ചുവരികയാണ്. സഭ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും പൊതുസമൂഹമാകെ സഭയെ മാതൃകയാക്കുകയുമാണു വേണ്ടതെന്നു പുതിയ സ്ഥിതിവിവരകണക്കുകൾ വ്യക്തമാക്കുന്നു.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
