വാഷിങ്ടൺ: ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കിയതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റുബിയോ അറിയിച്ചു. ദക്ഷിണാഫ്രിക്കൻ അംബാസിഡർക്ക് ഇനി യു.എസിൽ പ്രവേശനമുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂൽ അമേരിക്കയേയും ട്രംപിനേയും വെറുക്കുന്നയാളാണെന്നും മാർക്ക് റുബിയോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് അമേരിക്കയുടെ അസാധാരണ നടപടി.
ഓൺലൈൻ ലക്ചറിനിടെ റസൂൽ നടത്തിയ ചില പരാമർശങ്ങൾ അമേരിക്കൻ വിരുദ്ധമാണെന്ന പറയുന്ന ലേഖനത്തിന്റെ ലിങ്കും റുബിയോ പങ്കുവെച്ചിട്ടുണ്ട്. കാനഡയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം യു.എസിലേക്ക് തിരികെ പോവുകയാണെന്ന് മാർക്ക് റുബിയോ അറിയിച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ അംബാസിഡറെ മാറ്റുന്ന വിവരം യു.എസ് അറിയിച്ചത്. എന്നാൽ, റുബിയോയുടെ പോസ്റ്റിനപ്പുറം ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയ്യാറായിട്ടില്ല.
ദക്ഷിണാഫ്രിക്കക്ക് നൽകുന്ന സഹായം നിർത്തലാക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗക്കാർ കടുത്ത വംശീയവിവേചനം നേരിടുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ അംബാസിഡറെ പുറത്താക്കിയത്.
നേരത്തെ ദക്ഷിണാഫ്രിക്കൻ സർക്കാറിനെ വിമർശിച്ച് ഡോണൾഡ് ട്രംപും ഇലോൺ മസ്കും രംഗത്തെത്തിയിരുന്നു. വെളുത്ത വർഗക്കാരോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിക്കുന്ന ഭൂനിയമത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരുടെ സർക്കാറിനെതിരെ ഡോണൾഡ് ട്രംപും മസ്കും വിമർശനം ഉന്നയിച്ചിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്