ജനകീയ ചക്രവർത്തി വിജയിക്കട്ടെ

OCTOBER 1, 2024, 10:17 AM

ഒരുകാലത്ത് രാജ്യത്തെയാകെ സിനിമയിലൂടെ ഇളക്കിമറിച്ച യുവജനതയുടെ പ്രിയങ്കരനായിരുന്നു മിഥുൻ ചക്രവർത്തി. അന്നത്തെ യുവാക്കളുടെ ഉറക്കം കെടുത്തിയ സ്വപ്‌ന സുരസുന്ദരിയും താര ചക്രവർത്തിനിയുമായ സാക്ഷാൽ ശ്രീദേവിയുടെ  മനംകവർന്ന ചക്രവർത്തിയായിരുന്നു മിഥുൻ. വിവാഹിതനും പിതാവുമായ മിഥുനും ശ്രീദേവിയും ആദ്യകാഴ്ചയിൽ തന്നെ അനുരക്തരായിക്കഴിഞ്ഞത്രെ..!

അങ്ങിനെ കുറെക്കാലം ഇരുവരും കടുത്ത ഡേറ്റിങ്ങിലായിരുന്നുവെന്നത് അങ്ങാടിയിൽ വരെ പാട്ടായിരുന്നു. 1982ൽ പുറത്തിറങ്ങിയ ഡിസ്‌കോ ഡാൻസർ എന്ന സിനിമാഗാനം രാജ്യത്തിനകത്തും പുറത്തും മഹാതരംഗമായപ്പോൾ യുവജനത മാത്രമല്ല, പല്ലുപോയ പടുകിളവൻമാർ വരെ തിമിർത്താടാനും തകർത്തുപാടാനും തുടങ്ങി. ഇന്ത്യയ്ക്കകത്തും പുറത്തും സിനിമ സൂപ്പർഹിറ്റായി.

സോവിയറ്റ് യൂണിയനിൽ പോലും ചിത്രം വലിയ ജനപ്രീതി നേടി. 100 കോടി എന്ന മാന്ത്രികസംഖ്യ കടന്ന ആദ്യത്തെ ഇന്ത്യൻ സിനിമയും ഇതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. 48 വർഷം നീണ്ട കരിയറിൽ ഏതാണ്ട് നാനൂറോളം സിനിമകളിൽ തിരക്കിനിടയിലും തിമിർത്തഭിനയിച്ചു ഈ വിദ്വാൻ. ഹിന്ദിക്ക് പുറമെ മാതൃഭാഷയായ ബംഗാളിയിലും മിഥുൻ അഭിനയിച്ചുകൊണ്ട് വെന്നിക്കൊടി പാറിച്ചു. ഈ ഭയങ്കര തിരിക്കിനിടയിലും മൂന്നിലേറെ ചടുലപ്രേമത്തിനും ടൈം കണ്ടെത്തി.

vachakam
vachakam
vachakam

അതിൽ രണ്ടെണ്ണത്തിന്റെ കഴുത്തിൽ താലികെട്ടുകയും ചെയ്തു. രണ്ട് വിവാഹം സിനിമയിൽ വന്ന് രണ്ടു വർഷം തികയും മുൻപ് അദ്ദേഹം നടി ഹെലീന ലൂക്കിനെ ലുക്കൗട്ട് നോട്ടീസുപോലും കൊടുക്കാതെ വിവാഹം ചെയ്തു. നാലേനാലുമാസത്തിനപ്പുറം ആ ബന്ധം നിലനിർത്തിയില്ല. സംഗതി വലിയൊരു ബന്ധനമായി തീരും മുമ്പേ തടി കിഴിച്ചലാക്കി എന്നു പറഞ്ഞാൽ മതിയല്ലൊ..!
1979ൽ ആദ്യവിവാഹം കഴിച്ച മിഥുൻ അതേവർഷം തന്നെ നടി യോഗിതാ ബാലിയെ പുനർവിവാഹം ചെയ്തു.

ആ ബന്ധത്തിൽ നാല് മക്കളും ജനിച്ചു. മിമോ, ഉഷ്മി, നമാഷി എന്നിവരായിരുന്നു ആ മക്കൾ.  അതിൽ ഇളയമകൾ എന്ന് അറിയപ്പെടുന്ന ദിഷാനി വാസ്തവത്തിൽ ദത്തുപുത്രിയാണ് കെട്ടോ..!  ഈ ദാമ്പത്യം ഊഷ്മളമായി മുന്നോട്ട് പോകുന്നതിനിടയിൽ ഒരു സിനിമാസെറ്റിൽ വച്ച്  കണ്ടതോടെയാമ് പ്രഥമദൃഷ്യാപ്രണയം എന്ന മാരകവികാരം ശ്രീദേവിയെയും മിഥുനിനേയും തമ്മിൽ തീവ്രപ്രണയക്കുരുക്കിലെത്തിച്ചു. അവർ ഗാന്ദർവ്വ വിധിപ്രകാരം പരമരഹസ്യമായി  പരിപാവനമായിതന്നെ ഒരു വിവാഹം കൂടി അങ്ങ് തരപ്പെടുത്തി. വാർത്ത കാട്ടുതീയേക്കാൾ വേഗം പടർന്നുപിടിച്ചെങ്കിലും അതൊരു ഡേറ്റിങ് റിലേഷൻഷിപ്പിന് അപ്പുറം മറ്റൊന്നല്ലെന്നു മിഥുന് ആണയിട്ടു പറയേണ്ടിവന്നു.

ശ്രീദേവിയാകട്ടെ മിഥുൻ ചക്രവർത്തിയെ അത്യാത്മാർത്ഥമായിപ്രേമിച്ചിരുന്നെന്നും  ആർക്കും ആ കോള്ളമുതൽ വിട്ടുകൊടുക്കില്ലെന്നും പറഞ്ഞുവെങ്കിലും ഒടുവിൽ നിരാശയുടെ പാശം കൊണ്ട്  കെട്ടിയിട്ടതുകൊണ്ട്  വെട്ടിയിട്ട തടിപോലെ വീഴേണ്ടിവന്നു.  വിവാഹബന്ധം ഉപേക്ഷിച്ച് തനിക്കൊപ്പം ഒരു ജീവിതത്തിന് ശ്രീദേവി അദ്ദേഹത്തെ പലതരത്തിൽ പ്രേരിപ്പിച്ചെങ്കിലും മിഥുൻ അതിന് വഴിപ്പെട്ടില്ല. അന്ന് ഏതാണ്ട് വൺവേ ട്രാഫിക് പ്രണയവുമായി ശ്രീദേവിക്ക് പിന്നാലെ ചുറ്റിത്തിരിഞ്ഞു നടന്നിരുന്ന പുങ്കവനായിരുന്നു ബോണി കപൂർ. 

vachakam
vachakam
vachakam

അതോടെ മല്ലവള്ളി തേന്മാവിലെന്നവണ്ണം ശ്രീദേവി കപൂറിൽ പടർന്നു കയറുകയായിരുന്നു. അങ്ങിനെ ശ്രീദേവി-മിഥുൻ ബന്ധത്തിന് എന്നേക്കുമായി അന്ത്യം കുറിച്ചു. വ്യക്തിജീവിതത്തിൽ വിവാദങ്ങളുടെ കാർമേഘങ്ങൾ വിടാതെ പിൻതുടർപ്പോഴും മോഹിപ്പിക്കുന്ന കരിയറുമായി മിഥുൻ മുന്നേറി. ഒരേ സമയം വിപണനമൂല്യമുളള താരമായും മികച്ച നടനായും തിളങ്ങി. നിർമാതാവ് എന്ന നിലയിലും പൊതുപ്രവർത്തകനായും ശോഭിച്ചു.  2024 ജനുവരിയിൽ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ നൽകി കേന്ദ്രസർക്കാർ  ആദരിച്ചു. മൂന്നു ദേശീയപുരസ്‌കാരങ്ങൾക്ക് പുറമെയുളള അംഗീകാരം.

ഇപ്പോൾ ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് പരമോന്നത ബഹുമതിയായ ഫാൽക്കേ അവാർഡും. 1989ൽ 19 സിനിമകളിൽ അഭിനയിച്ചുകൊണ്ട് മിഥുൻ ലിംക ബുക്ക് ഓഫ് റിക്കാർഡ്‌സിൽ ഇടം പിടിച്ചു. ഈ റിക്കാർഡ്  പിന്നീട് ആർക്കും മറികടക്കാൻ കഴിഞ്ഞതുമില്ല. സ്വന്തം സുഖങ്ങൾക്കായി മാത്രം ജീവിക്കുന്ന ബോളിവുഡ് താരങ്ങൾക്കിടയിൽ അധ്വാനിക്കുന്ന ജനവിഭാഗത്തെ കരുതുന്ന ബംഗാളി മനസുളള മിഥുൻ വേറിട്ട് നിന്നു. സിനിമാ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ പ്രശ്‌നപരിഹാരത്തിനുമായി, ഫിലിം സ്റ്റുഡിയോ സെറ്റിങ് ആൻഡ് അലൈഡ് മസ്ദുർ യൂണിയൻ സ്ഥാപിച്ച് അതിന്റെ അധ്യക്ഷനായി ദീർഘകാലം പ്രവർത്തിച്ചു.

സിനി ആൻഡ് ടിവി ആർട്ടിസ്റ്റ് അസോസിയേഷൻ എന്ന പേരിൽ ഒരു ട്രസ്റ്റ് സ്ഥാപിച്ച് അവശത അനുഭവിക്കുന്ന കലാകാരൻമാരെ സഹായിക്കാനും മുന്നിട്ടിറങ്ങി.
ഫിലിം പ്രൊഡക്ഷൻ കമ്പനിക്ക് പുറമെ ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലും അദ്ദേഹഹം കൈവച്ചിട്ടുണ്ട്. മൊണാർക്ക് ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന ഈ പ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമാണ് മിഥുൻ. സിനിമയ്ക്കപ്പുറം ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ മോഹിച്ച മിഥുൻ രാഷ്ട്രീയത്തിലും ശോഭിക്കുകയുണ്ടായി.
കോൺഗ്രസ് സഹയാത്രികനായിട്ടായിരുന്നു മിഥുനിന്റെ തുടക്കം.

vachakam
vachakam
vachakam

ആയിടെ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ മമതാ ബാനർജി തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ച് ബംഗാളിൽ വലിയ തരംഗം സൃഷ്ടിച്ച കാലം. അന്ന് കോൺഗ്രസിന്റെ  രാഷ്ട്രപതിസ്ഥാനാർത്ഥിയായ പ്രണബ് കുമാർ മുഖുജി വിജയിക്കണമെങ്കിൽ മമതയുടെ കൂടി കനിവ് വേണമായിരുന്നു. തെല്ലും മമതയില്ലാതെ ഇടഞ്ഞു നിന്നിരുന്ന മമതയ മെരുക്കിയെടുക്കാൻ ആർക്കും അത്രപെട്ടെന്നു കഴിയുകയില്ലെന്നെല്ലാവർക്കുമറിയാം. ഒടുവിൽ മിഥുൻ ചടുലമായ ചുവടുകളോടെ സ്‌നേഹാർദ്രമായ ഡയലോഗ് അടിച്ച്  പുഷ്പം പോലെ മെരുക്കിയെടുത്തെന്നു മാത്രമല്ല, ബംഗാളിൽ പ്രണബ് മുഖർജി്‌യുടെ പ്രചാരണത്തിന്റെ ചുക്കാൻ കൈകളിലേന്തുന്നിടം വരെ മമതയെകൊണ്ടെത്തിക്കുകയും ചെയ്തു.

ഈ അടുപ്പത്തിന്റെ ഭാഗമായി മമത രാജ്യസഭാഗത്വം ഒരു വെള്ളിത്താലത്തിൽ വച്ചുകൊടുക്കുകയും  ചെയ്തിട്ടുണ്ട്.കാലാന്തരത്തിൽ കോൺഗ്രസിന് പഴയ പ്രഭാവം നഷ്ടപ്പെട്ടതോടെ മിഥുൻ കളംമാറ്റി ചവുട്ടി. 2021ൽ അദ്ദേഹം ബി.ജെ.പിയിൽ ചേർന്നുകളഞ്ഞു. എന്തായാലും ജീവിതം വേണ്ടതിലേറെ ആസ്വദിച്ച മിഥുൻ ചക്രവർത്തി ഇനിയും ഒരു ജനകീയ ചക്രവർത്തിയായി നീണാൾ വിജയിക്കട്ടെ എന്നാശംസിക്കുന്നു.

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam