തദ്ദേശങ്ങളിൽ ഒരുങ്ങുന്ന പരീക്ഷണശാലകൾ

OCTOBER 22, 2025, 1:07 PM

തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരീക്ഷണശാലയാണെന്ന് തുറന്നു പറഞ്ഞത് കത്തോലിക്കാ സഭയിലെ മാർ തട്ടിൽ പിതാവാണ്. തട്ടമിടുന്നതും ഹിജാബ് ധരിക്കുന്നതും കുറി തൊടുന്നതുമെല്ലാം ആധുനിക കേരളത്തിൽ ഇപ്പോഴും വിവാദങ്ങൾക്ക് തിരികൊളുത്തുന്ന ചർച്ചാവിഷയങ്ങൾ ആണെങ്കിൽ, ഇനിയും പരിഹരിച്ചിട്ടില്ലാത്ത ഒരു സാമൂഹിക വിപത്ത് ശിരസ്സിലേറിയാണ് ഒരോ മലയാളിയും ജീവിക്കുന്നതെന്ന് നിസംശയം പറയാം.

ഹിജാബും ശബരിമലയും  മുനമ്പവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന രാഷ്ട്രീയ സമുദ്രത്തിലെ കോളിളക്കങ്ങൾ. എത്ര ന്യായീകരിച്ചു പറഞ്ഞാലും, ഹിജാബിനെ സ്‌കൂൾ വളപ്പിൽ അന്യമത ചിഹ്നമായി കാണുകയും അതിനെ വിലക്കുകയും ചെയ്യുന്നിടത്തേക്ക് കാര്യങ്ങൾ എത്തുകയും അതിനെ ഒരു രാഷ്ട്രീയ വിഷയമായി വിദ്യാഭ്യാസ മന്ത്രി പോലും കൈകാര്യം ചെയ്യുകയും ചെയ്യുന്നിടത്ത് ഒരു പിന്നോട്ട് നടത്തം കാണാം.

ഇത്തരം വിഷയങ്ങളിൽ പ്രതിപക്ഷവും മാവിൽ രണ്ട് കല്ലെറിഞ്ഞശേഷം അടുത്ത വിഷയം തേടി പോകുന്നത് കാണാം. ജില്ലാ പഞ്ചായത്ത് മുതൽ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി കഴിഞ്ഞ നിലയ്ക്ക് കക്ഷികൾക്ക് ഇനി നോക്കിനിൽക്കാൻ സമയമില്ല. ഇപ്പോൾ കത്തി നിൽക്കുന്ന പല വിഷയങ്ങളും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അപ്രസക്തമയേക്കാം. എന്നാൽ അതുവരെ പിടിച്ചു നിൽക്കാനുള്ള വിഷയങ്ങളിൽ പ്രതിപക്ഷം കേവലം ഭരണവിരുദ്ധത എന്ന വികാരത്തിൽ മാത്രം ഊന്നി മുന്നോട്ടുപോകാൻ ഇടയില്ല. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നവും ശബരിമലയിലെ സ്വർണ്ണപ്പാളികളും ഒരു വർഷമായി നീളുന്ന ആശാവർക്കർമാരുടെ സമരവും നിയമസഭ തെരഞ്ഞെടുപ്പ് വരെ നീണ്ടു നിന്നേക്കാം.

vachakam
vachakam
vachakam

എന്നാൽ കേരളം മറന്നു തുടങ്ങിയ സ്വർണക്കടത്ത് കേസ് ഉൾപ്പെടെ ജനങ്ങളെ നേരിട്ട് ബാധിക്കാത്ത ഒരു ഡസനോളം വിവാദങ്ങളിലൂടെയാണ് പിണറായി സർക്കാർ കടന്നുപോയത്. ശബരിമല സ്ത്രീ പ്രവേശനം പോലും വൈകാരികതയ്ക്ക് അപ്പുറം ജനങ്ങളെ നേരിട്ട് ബാധിക്കുന്നതല്ല. അവയിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ദേശീയപാതയിലെ ദുരിത യാത്ര മുതൽ പാതകളിലെ മണ്ണിടിച്ചിൽ വരെ, ടോൾപ്പിരിവിലെ അശാസ്ത്രീയത മുതൽ തെരുവുനായ ശല്യം വരെ നീളുന്ന ഒരു ഡസനിലേറെ അപ്പുറത്ത് സജീവമായി നിലനിൽക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ തികച്ചും പ്രദേശികമായ ജനകീയ വിഷയങ്ങൾ തന്നെ ആയിരിക്കും ജനവിധിയെ ബാധിക്കുക. അങ്ങനെയാണ് വേണ്ടതും. അതിനെ മറികടക്കുന്ന വൈകാരിക വിഷയങ്ങൾക്ക് ഒരു പരിധിക്കപ്പുറം പോളിംഗ് സ്റ്റേഷനിൽ സ്ഥാനം ഉണ്ടാവില്ല എന്ന് കരുതാം.

ആഭ്യന്തര കലാപ തരംഗങ്ങൾ

vachakam
vachakam
vachakam

ഇരു മുന്നണികൾക്കും ബിജെപിക്കും ഏതായാലും തരംഗങ്ങൾ ആവശ്യമാണ്. ഏത്  തരംഗത്തിലാണ് കരകയറുക എന്ന് കണക്ക് കൂട്ടുകയാണ് അവർ. എന്നാൽ, എല്ലാ കക്ഷികളും നേരിടുന്ന ആഭ്യന്തര കലാപം അവർക്ക് തലവേദന തന്നെയാണ്. തെരഞ്ഞെടുപ്പ് കാലമാവുമ്പോൾ മാത്രം തല പൊക്കുന്ന ഗ്രൂപ്പ് പ്രതിഭാസം സ്വന്തമായുള്ള കോൺഗ്രസ് ആണ് ഇത്തവണ കടുത്ത തല വേദനയിൽ ഉൾപ്പെട്ടത്.

കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കോൺഗ്രസിലെ ഉറങ്ങിക്കിടന്ന ഗ്രൂപ്പുകൾ പുതു ജീവനോടെ ഉയർത്തെഴുന്നേറ്റു. പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാണ്. എ, ഐ ഗ്രൂപ്പുകളും ശശി തരൂർ, കെ. മുരളീധരൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ നേതാക്കൾ പ്രതിഷേധം പരസ്യമാക്കി. ഇക്കാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ച കെ.പി.സി.സി യോഗം പോലും സങ്കേതിക കാരണങ്ങൾ പറഞ്ഞു മാറ്റിവെച്ചു. കെ. മുരളീധരൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ച ന്യൂനപക്ഷ സെൽ വൈസ് ചെയർമാൻ കെ.പി. ഹാരിസിന്റെ പേര് പരിഗണിക്കപ്പെട്ടില്ല. ജനറൽ സെക്രട്ടറിയായിരുന്ന മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കുകയും ചെയ്തു.

ചാണ്ടി ഉമ്മനും പരിഭവത്തിലാണ്. ചാണ്ടി ഉമ്മന്റെ പേര് എ ഗ്രൂപ്പ് രാഷ്ട്രീയകാര്യ സമിതിയിലേക്ക് നിർദേശിച്ചിരുന്നു. അബിൻ വർക്കിയെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങൾ കെ.സി. വേണുഗോപാൽ പിടിച്ചെടുത്തെന്ന പരാതി രമേശ് ചെന്നിത്തലയും ഉന്നയിച്ചു. ഓർത്തഡോക്‌സ്, ലത്തീൻ സഭാ ബിഷപ്പുമാരും പ്രാതിനിധ്യക്കുറവിലുള്ള നീരസം പ്രകടിപ്പിച്ചു. നേതാക്കൾ പലരും പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നു. പാർട്ടിക്കുവേണ്ടി ജയിലിൽ പോയവർക്ക് പരിഗണനയില്ല, പെട്ടിപിടിക്കുന്നവർക്കാണ് സ്ഥാനമാനങ്ങളെന്നാണ് പരാതി.

vachakam
vachakam
vachakam

എ വിഭാഗത്തിൽനിന്ന് മുതിർന്ന നേതാവ് അബ്ദുൾ മുത്തലിബിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയപ്പോൾ, മുൻ മേയർ ടോണി ചമ്മണിക്ക് പ്രമോഷൻ കിട്ടിയില്ല. അതേസമയം കെ.സി. വേണുഗോപാലിന്റെ അനുയായി എം.ആർ. അഭിലാഷിന് ജനറൽ സെക്രട്ടറിയായി പ്രമോഷൻ കിട്ടി. രമേശ് ചെന്നിത്തലയുടെ അനുയായി അറിയപ്പെടുന്ന, പൊതുവേ ഗ്രൂപ്പുകൾക്കെല്ലാം സ്വീകാര്യനായ ഐ.കെ. രാജുവും ജനറൽ സെക്രട്ടറിയായി. കെ.സി. വിഭാഗത്തിന്റെ അക്കൗണ്ടിൽ ദീപ്തിമേരി വർഗീസിന് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനായി.

അതിനിടെ, വി.ഡി.സതീശന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്ന ഒരു വിഭാഗവും ഇതിനിടെ കരുത്ത് കാട്ടി. ഇത്തരം ഗ്രൂപ്പിൽ യുദ്ധങ്ങൾ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ കോൺഗ്രസിന് പ്രതികൂല ഘടകമാകും എന്ന് ചിന്തിക്കുന്ന പാർട്ടി പ്രവർത്തകർ ധാരാളമാണ്. കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ലത്തീൻ കത്തോലിക്ക സഭയും രംഗത്തുവന്നു. സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നവരുടെ പേരു വെട്ടേണ്ട മറുവശത്ത്, സി.പി.എമ്മിൽ ജി. സുധാകരനെ പോലുള്ളവർ പരസ്യപ്രസ്താവനയുമായി പാർട്ടിക്ക് സൃഷ്ടിക്കുന്ന തലവേദന. മുഖ്യമന്ത്രി ഒഴികെ സി.പി.എം മന്ത്രിമാർ എല്ലാവരും ദുർബലരാണ് എന്ന പ്രചരണം. സജി ചെറിയാനെ പോലുള്ളവർ നടത്തുന്ന വിവാദ പ്രസ്താവനകൾ. സി.പി.ഐയുടെ നയ വ്യതിയാനത്തിലെ പിണക്കങ്ങൾ. നിർണായക തീരുമാനങ്ങളിൽ പിണങ്ങിയാലും സി.പി.ഐയെ തഴയേണ്ട സാഹചര്യം. ഗണേഷ് കുമാറിനെ പോലുള്ള ഘടകകക്ഷി മന്ത്രിമാരുടെ ഓവർ സ്മാർട്ട്‌നസ് ഉയർത്തുന്ന പൊല്ലാപ്പുകൾ.

ഇതിനിടെ, സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ ഉയർത്താൻ ജീവനക്കാരുടെ സന്നദ്ധ സേന രൂപവത്കരിക്കുന്നു. ഇടത് സർവീസ് സംഘടനകളിൽനിന്നുള്ള 1000 അംഗങ്ങളെ ചേർത്താണ് അനൗദ്യോഗിക സന്നദ്ധസേന രൂപവത്കരിക്കുന്നത്. സി.പി.എം, സി.പി.ഐ ബന്ധമുള്ള സർവീസ്, അധ്യാപക സംഘടനകളിൽനിന്നാണ് ആളെ ചേർക്കുക.

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതികൾക്ക് കൃത്യമായ പരിഹാരംകാണുകയാണ് ഇവരുടെ പ്രധാന ജോലി. നൂലാമാലകൾ ഒഴിവാക്കി സർക്കാർസേവനം സാധാരണക്കാർക്ക് എത്തിക്കുന്നതിനും ഈ ഉദ്യോഗസ്ഥസംഘം ഇടപെടും. പരിഹാരംകാണുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് മാധ്യമ, സാമൂഹിക മാധ്യമ പ്രചാരണത്തിനുള്ള നടപടികളും സേനയുടെ ചുമതലയാണ്. വിവാദങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്ന സർക്കാരിന്റെ നേട്ടങ്ങൾ. തെരുവോരങ്ങളിൽ പടുകൂറ്റൻ പരസ്യ പലകകളിലൂടെ നേട്ടങ്ങൾ എടുത്തു കാട്ടേണ്ട പബ്ലിക് റിലേഷൻസ് അഭ്യാസങ്ങൾ, 50% സ്ത്രീ സംവരണം വന്നതോടെ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള യജ്ഞം.

ബി.ജെ.പിയിൽ രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായ ശേഷം കേരള ഘടകവുമായി അദ്ദേഹത്തിന്റെ ഇടപെടലുകൾ, ശശി തരൂരിനെ പോലെ അദ്ദേഹത്തിന് ഇല്ലാത്ത തനി മലയാളിത്തം, സുരേഷ് ഗോപിയുടെ കലുങ്ക് സദസ്സുകൾ ഉയർത്തുന്ന പ്രശ്‌നങ്ങൾ, മന്ത്രിസ്ഥാനം പോലും വേണ്ടെന്നുവക്കുന്ന നായകനായി അദ്ദേഹം വിലസുമ്പോൾ പലപ്പോഴും പ്രതിരോധത്തിലാകുന്ന പാർട്ടി. കലുങ്ക് സദസ്സിൽ പങ്കെടുത്തവർ നേരെ പോയി കോൺഗ്രസിൽ ചേരുന്ന കോമഡി.

പ്രതിസന്ധികളുടെ ആഴം അറിഞ്ഞു തന്നെയാണ് കക്ഷികൾ ഒരോ നിമിഷവും തള്ളിനീക്കുന്നത്. ഉൾപാർട്ടി ജനാധിപത്യവും ഉൾപാർട്ടി കലഹവും ഒരുപോലെ സംരക്ഷിക്കുകയും ഒത്തുതീർക്കുകയും ചെയ്യുക എന്ന ഞാണീൽമേൽ കളി. ആരെ അധികാരത്തിൽ ഏറ്റുമെന്ന് നേരത്തെ അറിയുന്ന സർവ്വേ മനേജർമാരെക്കാൾ, ജനമനസ്സിന്റെ സ്പന്ദനം കേൾക്കുന്ന നേതാക്കളെയാണ് വരുംകാല വോട്ടർമാർ ഭരണം ഏൽപ്പിക്കുക. ആ തിരിച്ചറിവാണ് പുതുകാലത്ത് പ്രസക്തം.

പ്രിജിത്ത് രാജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam