ബിഹാര്‍ ബരാച്ചട്ടിയിലെ ധന്‍ഗായ് ഗ്രാമത്തില്‍ നക്സലിസം കടന്ന് ചെല്ലാത്ത ഒരു വീടു പോലുമില്ലെന്നതാണ് സത്യം. ഒരു കാലത്ത് 'ചുവപ്പ് ഇടനാഴി' ആയിരുന്ന ധന്‍ഗായ് ഗ്രാമം ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്നാണ് റിപ്പോര്‍ട്ട്. നക്സലിസം പിടിമുറുക്കിയിരുന്ന 21-ാം നൂറ്റാണ്ടിന്റെ തുടക്കകാലങ്ങളെ ഓര്‍ത്തെടുക്കുകയാണ് ഈ ഗ്രാമവാസികള്‍. ബിഹാറിന്റെ അതിര്‍ത്തി പ്രദേശമായ ഘേര കുന്നുകളുടെ താഴ്വരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ പട്നയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഗയ ജില്ലയിലെ ബരാച്ചട്ടി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ്.
വികസനം എന്തെന്നറിയാത്ത ഗ്രാമം. വാഹന ഗതാഗത യോഗ്യമായ റോഡ് ഈ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ അവസാനിക്കുന്നു. മലയോര മേഖല കൂടി ആയതിനാല്‍ നക്സലൈറ്റുകള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന ഗ്രാമം കൂടി ആയിരുന്നു ഇത്. ഒരു കാലത്ത് കൂട്ടത്തോടെ എത്തിയിരുന്ന നക്സലൈറ്റുകള്‍ക്ക് ഭക്ഷണം ഒരുക്കി നല്‍കിയിരുന്നത് ഇവിടത്തുകാര്‍ ആയിരുന്നു.
പ്രദേശത്തെ നക്സലൈറ്റുകളുടെ പ്രധാന കേന്ദ്രമായിരുന്നു ധന്‍ഗായ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. നക്സല്‍ നിയമങ്ങളെ ധിക്കരിച്ചതിന് ജന്‍ അദാലത്തില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് ഭയന്ന് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ മടിച്ചിരുന്ന കാലം. പോളിങ് ബൂത്തായതിന്റെ പേരില്‍ പണ്ട് സ്‌കൂളിന്റെ ഒരു ഭാഗം തകര്‍ത്തിട്ടുണ്ട് നക്സലൈറ്റുകള്‍.
ജന്‍ അദാലത്ത് നേതാവില്‍ നിന്നും മാറ്റത്തിന്റെ പാതയിലേക്ക്
പലരും നക്സലൈറ്റ് ക്രൂരതകള്‍ ഓര്‍ത്തെടുക്കുമ്പോള്‍, വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ച്, നക്സല്‍ 'ജന്‍ അദാലത്ത്' (ജനങ്ങളുടെ കോടതി) യോഗങ്ങളില്‍ അധ്യക്ഷത വഹിച്ച ഓര്‍മയാണ് സിപിഐഎംഎല്‍ നേതാവായ ശ്യാം ബിഹാരി സിംഗിന് പങ്കുവയ്ക്കാനുള്ളത്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങളില്‍ അവര്‍ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. അവര്‍ തെറ്റായി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു കാര്യത്തെയും താന്‍ എതിര്‍ക്കാറുണ്ടായിരുന്നു എന്ന് ശ്യാം പറയുന്നു.
ശ്യാം ബിഹാരി സിംഗ്
നക്സല്‍ കമാന്‍ഡര്‍മാര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടവരെ തിരിച്ചയക്കുകയും നിരപരാധികളെ ശിക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. തന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി ആയിരുന്നു പല അദാലത്തുകളും നടന്നിരുന്നത്. എണ്ണം ഞാന്‍ മറന്നുപോയി. പക്ഷേ കുറ്റാരോപിതര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇത് ചോദ്യം ചെയ്യാന്‍ താന്‍ ഗ്രാമവാസികളെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ ചുറ്റും നില്‍ക്കുന്ന ആയുധധാരികളായ നക്സലൈറ്റുകളെ അവര്‍ക്ക് ഭയമായിരുന്നു എന്നും ശ്യാം വിശദീകരിച്ചു. ഇന്ന് നക്സലിസം അധപതിച്ചു. അനുയായികളില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. ഭൂരിപക്ഷം പേരും വ്യക്തിപരമായ ശത്രുത, മത്സരം ഒക്കെയാണ് കൊണ്ടുനടക്കുന്നത്. കുടുംബം ഉപേക്ഷിച്ച് വീടുകളില്‍ നിന്നും ഓടിപ്പോവുന്നവര്‍ പോലും ആയുധമെടുത്ത് നക്സലൈറ്റ് ആകുന്നു.
അതേസമയം, നിലവില്‍ പട്നയിലെ ബ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രമുഖ നക്സല്‍ നേതാവ് അമര്‍ എന്ന 64 കാരനായ വിജയ് കുമാര്‍ ആര്യയോടുള്ള തന്റെ ആരാധനയും ശ്യാം മറച്ചുവച്ചില്ല. 'സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയില്‍ (എംസിസിഐ) ചേരുന്നതിന് മുമ്പ് കുറച്ചുകാലം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്നു.
പിന്നീട് ഒളിവില്‍ പോകുന്നതിന് മുമ്പ് സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, അവിഭക്ത ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. 2022 ല്‍ റോഹ്താസ് ജില്ലയിലെ സമാഹുത ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം അറസ്റ്റിലായത്.
ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേത് കൂടാതെ ബിഹാറിലെ വിവിധ അക്രമ സംഭവങ്ങളുമായും അട്ടിമറി പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് 14 ഓളം കേസുകള്‍ നിലവില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത ഒരു കേസും നിലനില്‍ക്കുന്നുണ്ട്. കതിഹാറില്‍ നിന്നാണ് അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്യുന്നതെന്നും ശ്യാം പറയുന്നു.
മാറ്റം അനിവാര്യം
നക്സലൈറ്റുകളുടെ കൂട്ട കീഴടങ്ങലിന് വേണ്ടി ആഹ്വാനം ചെയ്യുകയാണ് സിപിഐഎംഎല്‍ നേതാവ് ശ്യാം ബിഹാരി. നക്സലൈറ്റുകള്‍ ആയുധം താഴെ വയ്ക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ബുദ്ധിശൂന്യമായ കൊലപാതകങ്ങള്‍ തുടരും. സമൂഹത്തില്‍ മാറ്റമുണ്ടാകില്ല എന്നും അദ്ദേഹം സമൂഹത്തെ ഓര്‍മപ്പെടുത്തുന്നു.
നിലവിലെ ഭരണകൂടത്തില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങി. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോളും ഭരണ തലപ്പത്ത് മാറ്റം ഉണ്ടാകണം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് ചില വികസനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് ചുറ്റും അഴിമതിക്കാരും മര്യാദക്കാരും കൊള്ളക്കാരും ആയ ആളുകളാണ്. പ്രശാന്ത് കിഷോറിന്റെ പുതിയ പാര്‍ട്ടിക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ല. ഒരു മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവജനങ്ങള്‍ക്കും ഉണ്ട് പറയാന്‍
ഇവിടുത്തെ യുവതലമുറക്കും പങ്കുവക്കാനുണ്ട് നക്സലൈറ്റുകളെ കണ്ട അനുഭവങ്ങള്‍. ആറ് വര്‍ഷം മുമ്പ് വരെ തങ്ങള്‍ക്ക് സ്വാതന്ത്ര്യദിനവും റിപബ്ലിക് ദിനവും ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. നക്സലുകള്‍ കരിങ്കൊടി ഉയര്‍ത്തുന്നതിനാല്‍ ഇവിടുത്തെ സ്‌കൂളില്‍ പോലും ഒരു പരിപാടിയും നടന്നിരുന്നില്ല. ഇപ്പോള്‍ ആ സ്ഥിതി മാറി.
മെറ്റല്‍ പാകിയ റോഡും വികസനവും എല്ലാം തങ്ങളുടെ ഗ്രാമം എത്തുന്നത് വരെ ഉള്ളൂ. എല്ലാ വികസനവും അതിര്‍ത്തിയില്‍ അവസാനിക്കുന്നു. ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ഘേര കുന്നുകളിലേക്കുള്ള ഒരു പരുക്കന്‍ മണ്‍പാത മാത്രമാണ് തങ്ങള്‍ക്കുള്ളത് എന്നും അദ്ദേഹം പറയുന്നു.
തിരഞ്ഞെടുപ്പുകള്‍ അഗ്‌നിപരീക്ഷ
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കാന്‍ പോകുന്ന തങ്ങളുടെ രണ്ടാമത്തെ 'സാധാരണ' തിരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്ന് ഗ്രാമനിവാസികള്‍ പ്രതീക്ഷിക്കുന്നു. നവംബര്‍ 11 ന് നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് ബിഹാറിലെ തിരഞ്ഞെടുപ്പ്. പതിറ്റാണ്ടുകളായി, തോക്കുകളുടെ നിഴലില്‍ ആയിരുന്നു ഇവിടുത്തെ വോട്ടെടുപ്പ്. വോട്ട് ചെയ്യാന്‍ എത്തുന്നത് പ്രദേശത്തുകാര്‍ക്ക് ഒരു അഗ്‌നി പരീക്ഷയായിരുന്നു. തീവ്ര ഇടതുപക്ഷക്കാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യും. ഇതോടെ സുരക്ഷാ സേന പുറത്തുനിന്നുള്ളവരുടെ പ്രവേശനം തടയും.
പോളിംഗ് ബൂത്തുകള്‍ ഹൈപ്പര്‍സെന്‍സിറ്റീവ് ആയി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്ത് നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ അവസരം നല്‍കുന്നതിനായി ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വോട്ടിംഗ് അവസാനിപ്പിക്കും. ഇങ്ങനെ ആണ് ഇവിടെ വര്‍ഷങ്ങളോളം തിരഞ്ഞെടുപ്പ് നടന്നിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സുരക്ഷാ സേനയെ പാര്‍പ്പിച്ചിരുന്ന, പോളിംഗ് സ്റ്റേഷനായിരുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഒരു ഭാഗം നക്സലുകള്‍ തകര്‍ത്തിട്ടുണ്ട്.
നക്സല്‍ ആക്രമണം നടന്ന സ്‌കൂള്‍
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിയിട്ട, തകര്‍ന്ന ഇഷ്ടികകളുടെയും കോണ്‍ക്രീറ്റിന്റെയും കൂമ്പാരം ഇവിടെ ഒരു കാലത്ത് ഉണ്ടായിരുന്ന നക്സല്‍ ആധിപത്യത്തിന്റെ അവശിഷ്ടങ്ങളാണ്. ഇവിടുത്തെ 36 ബൂത്തുകളിലെയും ഇത്തവണത്തെ വോട്ടെടുപ്പ്, രാവിലെ 7 മുതല്‍ വൈകുന്നേരം 4 മണി വരെ ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
നക്സല്‍ ഉന്മൂലനം വിജയം കണ്ടോ?
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തുടനീളം നടത്തുന്ന നക്സലല്‍ ഉന്മൂലന ഓപ്പറേഷനുകളില്‍ അടുത്തിടെ കൈവരിച്ച നേട്ടങ്ങള്‍, ഇവിടുത്തെ സ്ഥിതി എത്രത്തോളം മാറ്റിമറിച്ചെന്നറിയാം.
ഗ്രാമവാസികള്‍ നക്സലുകള്‍ക്കും പൊലീസിനും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആദ്യത്തെ കൂട്ടര്‍ ഭക്ഷണവും മറ്റും ആവശ്യപ്പെട്ടപ്പോള്‍, രണ്ടാമത്തെ കൂട്ടര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. എന്തായാലും തിരഞ്ഞെടുപ്പ് ആവേശമൊന്നും ഇവര്‍ക്കില്ല. ഒന്നിനെയും ഭയപ്പെടാതെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്ന, ഉണരാന്‍ കഴിയുന്ന, ജീവിക്കാന്‍ കഴിയുന്ന ഒരു നാളെ മാത്രമാണ് ഇവര്‍ സ്വപ്നം കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്