ഇപ്പോഴത്തെ കേരളാരാഷ്ട്രീയം ഇങ്ങനെ ചുരുക്കിപ്പറയാം: കേരളത്തിൽ കോൺഗ്രസിനെ ഒതുക്കാൻ മോദിക്ക് പിണറായിയെ വേണം. അടുത്തുവരുന്ന പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പി.ആർ. വർക്കുകളുടെ 'കരിമരുന്ന് പ്രയോഗ'ങ്ങൾ നടത്താൻ പിണറായിക്കും പാർട്ടിക്കും പണം വേണം.
സി.പി.എം. സർക്കാരിനെ മൂന്നാമതും പ്രതിഷ്ഠിച്ചില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന മുന്നണി അധികാരത്തിലെത്തുമെന്ന് മോദിക്കും അമിത് ഷായ്ക്കും അറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 21 നിയമസഭാ സീറ്റുകളിൽ ബി.ജെ.പി. രണ്ടാമതെത്തിയിരുന്നു. ഇതിൽ 10 എണ്ണമെങ്കിലും സി.പി.എമ്മുമായി ഒത്തുകളിച്ച് കീശയിലാക്കാൻ പിണറായിയെ തൽക്കാലം കയറൂരി വിടുകയെന്ന തന്ത്രമാണോ ഇപ്പോൾ ഡെൽഹി പയറ്റുന്നത്?
10 ശതമാനം തദ്ദേശ സഭാ സീറ്റുകൾ പുതുമുഖ യുവനേതാക്കൾക്ക് നൽകുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനം ഒരു 'അടക്കം കൊല്ലി വല' എറിയലാണ്. സീറ്റ് മോഹികൾക്കായി, പഞ്ചായത്തു തെരഞ്ഞെടുപ്പിൽ തുറക്കപ്പെടുന്ന 'താമരക്കട' കച്ചവടം മെച്ചമായാൽ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ കൂടുതൽ ആകർഷകമായ ഓഫറുകളോടെ ബി.ജെ.പി. വീണ്ടും തുറക്കാനാണ് സാധ്യത.
അജണ്ടയോ അതെന്ത് 'ഉണ്ട'?
സി.പി.ഐ.യോ, എന്ന ചോദ്യത്തിന് ഏത് സി.പി.ഐ യെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടിയിൽ വല്യേട്ടന്റെ പുതിയ 'അജണ്ട'യുടെ മുഴക്കമുണ്ട്. പി.എം. ശ്രീ എന്ന വിദ്യാഭ്യാസ പരിഷ്‌ക്കരണ പദ്ധതിയിൽ കേരളം ഒപ്പുവയ്ക്കാൻ പോകുന്നുവെന്ന് നാല് ദിവസങ്ങൾക്കു മുമ്പ് മന്ത്രി ശിവൻകുട്ടി പ്രഖ്യാപിക്കുകയുണ്ടായി. ആർ.എസ്.എസ്. അജണ്ട ഉൾപ്പെടുത്തിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയാലേ പി.എം.ശ്രീ പദ്ധതിയുടെ ഫണ്ട് നൽകൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നിട്ടും കുട്ടികൾക്ക് കേന്ദ്രം നൽകുന്ന പണം പാഴാക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ഈ ഫണ്ട് വാങ്ങാൻ പോകുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയാലേ പണം നൽകൂ എന്ന വ്യവസ്ഥ ആ ഫണ്ട് അനുവദിക്കലിൽ ഉണ്ടെന്ന കാര്യം മന്ത്രി ശിവൻകുട്ടി ലഘൂകരിച്ചു കാണുന്നതുതെന്തുകൊണ്ട്?
തെരഞ്ഞെടുപ്പുകൾക്കു മുമ്പ്, ഏതെങ്കിലും ഒരു വിവാദം കേന്ദ്ര ഏജൻസികൾ പുറത്തുകൊണ്ടുവന്നാൽ 'പിണറായി 3.0' എന്ന തുടർഭരണ മുദ്രാവാക്യത്തിന്റെ കാറ്റ് പോകുമെന്ന് കേരളാ സി.പി.എംനും ബി.ജെ.പിക്കും അറിയാം.
ഇത്തരം ഒരു വിവാദം കത്തിപ്പടർന്നാൽ, അത് മുതലെടുത്ത് കോൺഗ്രസ് മുന്നണി അധികാരം പിടിക്കുകയും ചെയ്യും. ഈ പാമ്പും കോണിയും കളിയിൽ തൽക്കാലം കേന്ദ്രത്തിന്റെ ശല്യമുണ്ടാകാതിരിക്കാനുള്ള മോദിയുടെ ഗ്യാരന്റി ഇപ്പോൾ പിണറായിയുടെ കീശയിലുണ്ട്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് നമ്മുടെ ഘടാഘടിയൻ സഖാവിനെ നമിക്കാനല്ലാതെ ഈ ഇടിവെട്ട് നീക്കത്തിൽ എന്തുചെയ്യാൻ? പിണറായിയുടെ ഈ 'കാഞ്ഞബുദ്ധി'യുടെ കൊടിമരത്തിൽ ഇളകിയാടുന്നത് അധികാരത്തിന്റെ മൂന്നാമൂഴമെന്ന റെഡ്‌ലെറ്റർ ഫ്‌ളാഗ് തന്നെ!
അന്തർധാരകളിലും സംഘർഷം?
പുറത്തു പറയാൻ കഴിയാത്തവിധം പ്രശ്‌ന സങ്കീർണ്ണമാണ് കേരളാരാഷ്ട്രീയവും കേരളാ സർക്കാരും. പെയിന്റടിച്ച് 'കുട്ടപ്പനാക്കി' മൂന്നാമൂഴത്തലേക്ക് മുന്നേറാൻ തുടങ്ങുമ്പോൾ 'ചെമ്പ്' തെളിഞ്ഞ് തെളിഞ്ഞ് വരുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. സി.പി.എം. നേതൃത്വം പാർട്ടിയിലും ഭരണത്തിലും നേരിടുന്ന പ്രശ്‌നങ്ങൾക്ക് മറപിടിക്കാൻ നടത്തുന്ന ശ്രമങ്ങൾ പാഴാകുന്നുണ്ടോയെന്ന് സംശയിക്കണം. ധനപരമായ പ്രതിസന്ധി സർക്കാരിന്റെ മാത്രമല്ല പ്രശ്‌നം. പ്രാദേശിക നേതാക്കൾ പലരും മോദിക്കു പഠിക്കുന്ന പിണറായിയുടെ കാൽപ്പാടുകൾ പിന്തുടരുകയാണ്.
പാർട്ടിയുടെ ഉരുക്കു കോട്ടകളായ കണ്ണൂരും ആലപ്പുഴയിലും വിമത സ്വരങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. പാർട്ടിക്കുവേണ്ടി ജീവിച്ചവരെ ഇടിച്ചുനിരത്തി പാർട്ടികൊണ്ട് ജീവിക്കുന്നവരെ തലപ്പത്തു പ്രതിഷ്ഠിച്ചതിന്റെ ദുര്യോഗങ്ങൾ സി.പി.എം.നെ വേട്ടയാടിത്തുടങ്ങിയോ? മനസ്സുകൊണ്ട് ഇടതുപക്ഷത്തായിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോലും നിലവിലുള്ള നേതൃത്വത്തോട് അനിഷ്ടമുണ്ട്. എന്നാൽ 'കൂടെ നിന്നാൽ നല്ലത്. അല്ലെങ്കിൽ തീർത്തുകളയും' എന്ന ഭീഷണിക്കു മുമ്പിൽ പല നല്ല മനസ്സുള്ള നേതാക്കളും പതുങ്ങി നിൽക്കുകയാണിപ്പോൾ.
ശബരിമല വിഷയം പാർട്ടി വിചാരിക്കാത്ത വിധം കത്തിപ്പടരുകയാണ്. മോദിയും അമിത്ഷായും മനസ്സുകൊണ്ട് പിണറായിക്ക് മൂന്നാമൂഴത്തിന് വഴിയൊരുക്കാനുള്ള 'ഡീൽ' ഉറപ്പിച്ചുവെന്ന ആരോപണമുണ്ട്. എന്നാൽ ശബരിമലയിലെ പ്രശ്‌നങ്ങളിൽ ബി.ജെ.പിക്ക് ഇടതുമുന്നണിയോടൊപ്പം കട്ടയ്ക്ക് നിൽക്കാൻ കഴിയില്ലല്ലോ. അന്തർധാരകൾ അതോടെ സംഘർഷധാരകളായി പരിണമിക്കുകയാണ്.
എതിർക്കാനായ് ജനിച്ചവർ
ഇടതുമുന്നണിയിലെ തമ്പ്രാൻ വേഷമാണ് സി.പി.എം.നുള്ളത്. തമ്പ്രാന്റെ മുമ്പിലെ 'അടിമക്കണ്ണ'ല്ലെങ്കിലും കാര്യസ്ഥൻ റോളിൽ കളിച്ചുതിമിർക്കാനുള്ള കഴിവ് സി.പി.ഐ.യ്ക്കുണ്ട്. എന്നാൽ പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സി.പി.ഐ.യുടെ 'വിലപേശൽ പുളപ്പ്' വകവച്ചുകൊടുക്കാതിരിക്കാൻ ഇപ്പോൾ തന്നെ സി.പി.ഐ.യുടെ 'താടിക്ക് തട്ടി' പ്രകോപിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രാദേശിക പ്രശ്‌നങ്ങളിൽ സി.പി.എം.നോടൊപ്പം അണിചേരാൻ സി.പി.ഐ.യോ അവരുടെ പോഷക സംഘടനകളോ എന്തിന് പാർട്ടിയംഗങ്ങൾ പോലുമോ സന്നദ്ധരല്ല.
തൃശ്ശൂർ ജില്ലയിൽ ഭൂമി തരംമാറ്റൽ സംബന്ധിച്ച പ്രശ്‌നത്തിൽ സി.പി.ഐ.ഉം ലുലു മുതലാളിയും തമ്മിലുള്ള രഹസ്യ ഡീൽ കേസ് കൊടുത്ത് മന്ദീഭവിച്ചത് ഒരു സി.പി.ഐ.ക്കാരനാണ്. കോഴിക്കോട് പാളയം മാർക്കറ്റ് പുതിയ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത് മുഖ്യമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തപ്പോൾ, ഈ പദ്ധതിക്ക് എതിരെയുള്ള ജനകീയ പ്രക്ഷോഭനിരയിൽ സി.പി.ഐ.യുടെ തൊഴിലാളി വിഭാഗമായ എ.ഐ.ടി.യു.സിയും പങ്കുചേർന്നിട്ടുണ്ട്. കോഴിക്കോട് പാളയം പഴം, പച്ചക്കറി മാർക്കറ്റിന് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ മാർക്കറ്റ് 'ഗതാഗതം മുടക്കി' യാണെന്നാണ് കോർപ്പറേഷന്റെ നിലപാട്. കോടികൾ വിലമതിക്കുന്ന ഈ ഭൂമിയിൽ നിന്ന് എങ്ങനെയും കച്ചവടക്കാരെ ഒഴുപ്പിക്കുന്ന 'ഹിഡൻ അജണ്ട'യാണ് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേയ്ക്ക് മാറ്റിസ്ഥാപിച്ചതോടെ നടപ്പാക്കിയതെന്ന് പാളയം മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.
ഓവു ചാലുകൾക്കു മുകളിൽ പോലും ബങ്കർ നിർമ്മിച്ചാണ് പഴക്കച്ചവടക്കാരെ പുതിയ മാർക്കറ്റിൽ കുടിയിരുത്തുന്നത്. പഴയ പാളയം മാർക്കറ്റിനെ ആശ്രയിച്ച് 5000ഓളം കുടുംബങ്ങൾ ജീവിക്കുന്നുണ്ട്. വ്യാപാരികളിൽ ഭൂരിപക്ഷവും ന്യൂ പാളയം മാർക്കറ്റിനെതിരാണ്. പഴയ മാർക്കറ്റ് ഭൂമി ഏതോ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കഴിഞ്ഞുവെന്നും, പഴയ കടകളിൽ നിന്ന് വ്യാപാരികൾ മാറികൊടുക്കില്ലെന്നുമാണ് ജനകീയ സമരസമിതിയുടെ നിലപാട്.
പണം മാത്രം മുഖ്യം, അല്ലേ മുഖ്യമന്ത്രീ?
ഒരു ഭരണകൂടവും പണത്തിന് ഇത്രമാത്രം പ്രാധാന്യം കൽപ്പിച്ച നാളുകൾ കേരളത്തിന്റെ ചരിത്രത്തിലില്ല. നദികളിൽ നിന്ന് മണൽവാരിയെടുത്തു കിട്ടിയ ഫണ്ട് നദികളുടെ സംരക്ഷണത്തിന് ഉപയോഗിക്കുമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. പ്രളയത്തിനുശേഷം നദികളിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും മണലുമെല്ലാം കുഴമ്പു പരുവത്തിൽ എല്ലാ നദികളുടെയും അടിത്തട്ടിലുണ്ട്. ഇതെങ്കിലും നീക്കം ചെയ്യാൻ സർക്കാർ സന്നദ്ധരാകാത്തതിന്റെ ദുരിത ഫലമാണ് ഇപ്പോൾ പുഴയോരങ്ങളിലുള്ള ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു ദിവസം മഴ കൂട്ടിപ്പിടിച്ചാൽ പുഴയോരത്തു മാത്രമല്ല, എല്ലാ താഴ്ന്ന പ്രദേശങ്ങളിലും പെയ്ത്തുവെള്ളം ഒഴുകി നിറയുകയാണിപ്പോൾ. ഇതോടെ പല വീടുകളിലെയും വീട്ടുസാമഗ്രികളും മറ്റും വെള്ളം കയറി നശിക്കുകയാണ്. ഇതെപ്പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു പോലും മറുപടി നൽകാനില്ല.
ഇന്നത്തെ പത്രങ്ങളിലും ഭൂമി തരം മാറ്റിയതിലൂടെ കിട്ടിയ ഫണ്ട് കാർഷികാഭിവൃദ്ധി പദ്ധതിയലേക്ക് അടയ്ക്കണമെന്ന ഹൈക്കോടതിവിധി പോലും സർക്കാർ ചെവിക്കൊണ്ടില്ലെന്ന വാർത്തയുണ്ട്. ഭൂമി തരം മാറ്റലിലൂടെ സർക്കാരിന് ലഭിച്ചത് 1510 കോടി രൂപയാണ്. ഈ തുകയുടെ 25 ശതമാനം 4 മാസത്തിനകം കാർഷികാഭിവൃദ്ധി ഫണ്ടിൽ അടയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ട് 11 മാസം കഴിഞ്ഞു. കോടതിവിധി മറച്ചുവെച്ച് 2018 മുതൽ പിരിച്ച തുകയത്രയും ട്രഷറികളിലൂടെ ധനവകുപ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
'ആശ' കൈവിടാതെ 4 മാസം
ആശാവർക്കർമാരോട് കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രകടിപ്പിച്ച അവഗണന കുപ്രസിദ്ധമാണ്. തെരഞ്ഞെടുപ്പുകളിൽ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സാന്നിദ്ധ്യമുണ്ടാകാതിരിക്കാൻ ചെറിയ വിട്ടുവീഴ്ചകൾക്ക് സർക്കാർ ഇനി തയ്യാറായേക്കാം. 256 ദിവസങ്ങൾ പിന്നിട്ട സമരത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളിൽ ഒരെണ്ണം ഇന്ന് ക്ലിഫ് ഹൗസിനു മുമ്പിൽ അരങ്ങേറിയിരുന്നു. പലവട്ടം ജലപീരങ്കി ഉപയോഗിച്ചിട്ടും ആ 'പാവം സ്ത്രീകൾ' നനഞ്ഞൊലിച്ച് സമരം ചെയ്യുന്നതു കണ്ട് മനസ്സിൽ സന്തോഷിക്കുന്നവരുണ്ടാകാം. അവരോട് ദൈവം ചോദിക്കട്ടെ എന്നല്ലാതെ എന്തു പറയാൻ?
നിയമസഭാ ഇലക്ഷൻ ആസന്നമായ ബീഹാറിൽ ആശാവർക്കർമാർക്ക് ബി.ജെ.പി. ഉൾപ്പെട്ട മുന്നണി സർക്കാർ ഓണറേറിയം കൂട്ടിക്കഴിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി പാർലിമെന്റിൽ ആശാവർക്കർമാർക്ക് വേതനം കൂട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപനമൊന്നും കേരളത്തിലെ ആരോഗ്യമന്ത്രി കേട്ട മട്ടില്ല.
ഹൃദയചികിത്സയ്ക്കുള്ള ഉപകരണങ്ങൾ പോലും വില നൽകാത്തതിന്റെ പേരിൽ കമ്പനികൾ തിരിച്ചെടുത്തുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിനുമാത്രം ഇക്കാര്യത്തിൽ 10 ദിവസം കൂടി കുടിശ്ശിക തീർക്കാൻ സമയം നീട്ടിനൽകിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് പ്രഥമ സ്ഥാനം നൽകേണ്ട ഭരണകൂടം 159 കോടി രൂപയുടെ കുടിശ്ശിക തീർക്കാൻ പോലും പണമില്ലെന്നു പറയുന്നത് എന്തൊരു കാപട്യമാണ്?
ആരോഗ്യവകുപ്പിനെ സംബന്ധിച്ച് പരാതികൾ പറഞ്ഞാൽ അത് ഭരണം അട്ടിമറിക്കാനാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ആരോഗ്യമേഖലയിൽ ഇപ്പോൾ റിലീസായിട്ടുള്ള പുതിയ രോഗം അമീബാ മസ്തിഷ്‌ക്ക ജ്വരമാണ്. ഈ രോഗത്തെപ്പറ്റി പഠിക്കുമെന്ന് വകുപ്പു മന്ത്രി പറഞ്ഞിട്ട് മാസം ഒന്നു കഴിഞ്ഞു. ഇതിനായി പഠനഗവേഷണ സംഘത്തെ നിയോഗിച്ചുവോയെന്ന ചോദ്യത്തിനും മന്ത്രിക്ക് മറുപടിയൊന്നുമില്ല. 'പ്രശ്‌നം ഗുരുതരം, കാര്യം നിസ്സാരം' തുടങ്ങിയ പഴയ ബാലചന്ദ്രമേനോൻ സിനിമകളുടെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് മന്ത്രി. നിപ്പാ രോഗം പ്രത്യക്ഷപ്പെട്ടപ്പോഴും ഇതുപോലെ ഉരുണ്ടു കളിച്ച് ഒരു പത്ര സമ്മേളനം വിളിച്ചുകൂട്ടി ആരോഗ്യവകുപ്പു മന്ത്രി തടിതപ്പിയതിന് പഴയ ചാനൽ ബൈറ്റുകൾ തന്നെയാണ് തെളിവ്.
ആന്റണി ചടയമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്