കേരളം വീമ്പു പറയുമ്പോഴും നിർഭയമാർ കേഴുന്നു

OCTOBER 22, 2025, 10:36 AM

സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രഖ്യാപനങ്ങളും സംവാദങ്ങളും കേരളത്തിൽ മുറതെറ്റാതെ ആവർത്തിക്കപ്പെടുന്നു. ഒപ്പം, പ്രായഭേദമെന്യേ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉടനീളം വർദ്ധിക്കുന്നു. നിത്യേനയായതിനാൽ പീഡന വാർത്തകൾ സമൂഹത്തിൽ വലിയ ഞെട്ടലൊന്നും സൃഷ്ടിക്കാത്ത സാധാരണ സംഭവമായി പരിണമിക്കുകയാണിപ്പോൾ. കാമഭ്രാന്തിൽ കാഴ്ചയില്ലാതാകുന്ന നരാധമന്മാരുടെ ക്രൂരതകൾക്ക് ബാലികമാർ മുതൽ വയോധികമാർ വരെ ഇരയാകുന്നു.

തലസ്ഥാനത്തെ ഐ.ടി നഗരമായ ടെക്‌നോപാർക്കിലെ ഡ്യൂട്ടി കഴിഞ്ഞ് കഴക്കൂട്ടം മേഖലയിലെ ഹോസ്റ്റലിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പുലർച്ചെ മുറിയിൽ അതിക്രമിച്ചുകടന്ന ലോറി ഡ്രൈവർ പീഡിപ്പിച്ച സംഭവം ഡൽഹിയിലെ 'നിർഭയ' ദുരന്തത്തിനരികെ വരെയെത്തുന്ന ഓർമ്മയുണർത്തി പലരിലും. ഐ.ടി പാർക്കുകൾക്കു സമീപം ഹോസ്റ്റലുകളിൽ താമസിക്കുന്ന പെൺകുട്ടികളിലാകമാനം ഭീതി സൃഷ്ടിച്ച സംഭവത്തിൽ തമിഴ്‌നാട് മധുര സ്വദേശിയായ പ്രതിയെ കഴക്കൂട്ടം പൊലീസ് രണ്ടു ദിവസംകൊണ്ടു തന്നെ തിരിച്ചറിഞ്ഞു കുരുക്കിയത് അന്വേഷണ മികവിന്റെയും ശുഷ്‌കാന്തിയുടെയും ദൃഷ്ടാന്തമായി. വലിയ മാധ്യമശ്രദ്ധ നേടിയ സംഭവത്തിൽ പ്രതിയെ വേഗത്തിൽ പിടികൂടാനായതിൽ പൊലീസിന് ആശ്വസിക്കാം. അന്വേഷണസംഘം അഭിനന്ദനമർഹിക്കുകയും ചെയ്യുന്നുണ്ട്.

കഴക്കൂട്ടം മേഖലയിൽ രാത്രി ജീവനക്കാരായ സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മയിലേക്ക് വിരൽചൂണ്ടുന്ന ഈ സംഭവം ടെക്‌നോപാർക്ക് പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന കൊച്ചി ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ദുരവസ്ഥയും വിളിച്ചോതുന്നു. ഐ.ടി അനുബന്ധ സ്ത്രീ സുരക്ഷയെച്ചൊല്ലി വീമ്പു പറച്ചിലിനു കുറവില്ലെങ്കിലും സംവിധാനങ്ങൾ നാമമാത്രമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ടെക്‌നോപാർക്കിന്റെ മുഖ്യകവാടത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന വനിതാ ഹെൽപ് ഡെസ്‌ക് അടച്ചുപൂട്ടിയത് ഉദ്യോഗസ്ഥ ക്ഷാമത്തിന്റെ പേരിലായിരുന്നു. പൊലീസ് ജീപ്പിന് ഡീസലടിക്കാനുള്ള തുക കൃത്യമായി കിട്ടാതെവന്നതോടെ പട്രോളിംഗും വേണ്ടെന്നുവച്ചു. ഇരുപത്തിനാലു മണിക്കൂറും ഐ.ടി കമ്പനികൾ പ്രവർത്തിക്കുന്ന ടെക്‌നോപാർക്കിൽ നിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന സ്ത്രീകൾക്ക് പരിസരത്തുള്ള താമസ സ്ഥലങ്ങളിലേക്ക് ഭയം കൂടാതെ യാത്രചെയ്യാനോ സുരക്ഷിതത്വ ബോധത്തോടെ ഹോസ്റ്റലുകളിൽ താമസിക്കാനോ കഴിയില്ലെന്നു വരുന്നത് പൊലീസിന്റെയും സർക്കാരിന്റെയും കാര്യക്ഷതയുടെ കുറവിനെ തന്നെയാണ് കാണിക്കുന്നത്. 

vachakam
vachakam
vachakam

ടെക്‌നോപാർക്കിലെ അഞ്ഞൂറോളം കമ്പനികളിലായി ജോലിചെയ്യുന്ന 75000 ജീവനക്കാരിൽ 45 ശതമാനവും സ്ത്രീകളാണ്. ഇവരിൽത്തന്നെ തൊണ്ണൂറു ശതമാനം പേരും താമസിക്കുന്നത് സമീപ പ്രദേശങ്ങളിലുള്ള ഹോസ്റ്റലുകളിലാണ്. അർദ്ധരാത്രിയിലും പുലർച്ചെയുമൊക്കെ തീരുന്ന ഡ്യൂട്ടി ഷിഫ്റ്റുകളുണ്ട്. എന്നിട്ടും ഈ മേഖലയിൽ ഒരു പൊലീസ് സഹായ സെല്ലോ സ്ത്രീകൾക്കായുള്ള എമർജൻസി സേവനങ്ങളോ ഹൈവേയിൽ കൃത്യമായ പൊലീസ് പട്രോളിംഗോ ഇല്ലെന്നതാണു ലജ്ജാകരമായ അവസ്ഥ. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കുലോറികളുടെ രാത്രികാല താവളമാണ് കഴക്കൂട്ടം മേഖല. ഇത്തരം സ്ഥലങ്ങൾ മോഷണവും പിടിച്ചുപറിയും അനാശാസ്യവും ഉൾപ്പെടെ എല്ലാ അതിക്രമങ്ങളുടെയും കേന്ദ്രമായി മാറാറുണ്ട്. എന്നിട്ടും ഹെൽപ് ഡെസ്‌കും പട്രോളിംഗും ഉപേക്ഷിച്ചു.

പീഡനശ്രമത്തിനിടെ ഞെട്ടിയുണർന്ന കാട്ടാക്കടയിലെ പെൺകുട്ടിയിൽ നിന്ന് ആളെ തിരിച്ചറിയാൻ സഹായകമായ വിവരങ്ങളൊന്നും പൊലീസിന് കിട്ടിയില്ലെങ്കിലും ചരക്കുലോറികൾ രാത്രികാലത്ത് നിറുത്തിയിടുന്ന സ്ഥലമായതിനാൽ സി.സി ടിവി കേന്ദ്രീകരിച്ചും മറ്റും നടത്തിയ പഴുതടച്ച അന്വേഷണമാണ് തമിഴ്‌നാട്ടിലേക്കു കടന്ന പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിയത്. ലോറി പാർക്ക് ചെയ്തശേഷം മോഷണ ഉദ്ദേശ്യത്തോടെ കറങ്ങിനടക്കുന്നതിനിടെ ഹോസ്റ്റൽ മുറിയുടെ വാതിൽ പൂട്ടിയിട്ടില്ലെന്നു മനസിലാക്കിയാണ് പ്രതി അതിക്രമിച്ചു കടന്നതും പീഡനത്തിന് മുതിർന്നതും. ഹോസ്റ്റൽ അധികൃതരുടെ പരാതിയെ തുടർന്ന് അസിസ്റ്റന്റ് കമ്മിഷണർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിക്കായി തെരച്ചിൽ നടത്തിയതും ഇയാളെ മധുരയിൽ നിന്ന് പിടികൂടിയതും.

ലോകത്ത് 19-ാം നൂറ്റാണ്ട് മുതൽ സ്ത്രീ സമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടും പൂർണ്ണമായ ലക്ഷ്യപ്രാപ്തിയിൽ എത്താൻ സാധിച്ചില്ലെന്നതു ഖേദകരം. രാത്രി നേരത്ത് ഒരു സ്ത്രീക്കു സുരക്ഷിതമായി യാത്ര ചെയ്യാൻ കേരളത്തിൽ സാധിക്കുമോ എന്നത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ. ഏത് സമയത്തും ഭയരഹിതമായി പുറത്തിറങ്ങാൻ സ്ത്രീകൾക്ക് സാധിക്കണം. കഴുകൻ കണ്ണുകൾ അവളെ പിന്തുടരുത്. തുറിച്ച നോട്ടം അവൾക്ക് നേരെയുണ്ടാകുന്ന നാടാണു കേരളമെന്ന ദുഷ്‌പേര് പുതിയതല്ല. ഭയം ഇറ്റുവീഴുന്ന കണ്ണുകളോടെ പുറത്തിറങ്ങുന്ന സ്ത്രീ സമൂഹം പുരോഗമന സമൂഹത്തിന് അപമാനമാണ്. മാത്രമല്ല, ആധുനിക സമൂഹത്തെ നാണം കെടുത്തുന്ന രീതിയിലേക്ക് അതിക്രമങ്ങൾ വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.

vachakam
vachakam
vachakam

ലിംഗനീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചുമുള്ള ആശയങ്ങൾക്ക് സമൂഹത്തിൽ പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്. സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യം നൽകുന്ന പുത്തൻ സാമൂഹിക വ്യവസ്ഥ കൊണ്ടുവരാൻ ഒരോരുത്തരും മുന്നിട്ടിറങ്ങേണ്ടതും ആവശ്യം. സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുമ്പോൾ മാത്രമല്ല സ്ത്രീ സുരക്ഷയ്ക്കായി മുറവിളി നടത്തേണ്ടത്. സ്ത്രീത്വത്തിന് അർഹമായ അംഗീകാരവും ബഹുമാനവും നൽകാൻ വിദ്യാഭ്യാസ കാലത്ത് തന്നെ പരിശീലനമേകണം. ലൈംഗിക വിദ്യാഭ്യാസമെന്ന ആവശ്യം സാമൂഹിക ശാസ്ത്രജ്ഞർ മുന്നോട്ട് വയ്ക്കുന്നതും ഇക്കാര്യത്തിലൂന്നിയാണ്.

മുന്നാട്ടല്ല സുരക്ഷ

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ ഒരോ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല എന്നതാണ് വസ്തുത. രാജ്യം സ്വതന്ത്രമായി 75 വർഷങ്ങൾ പിന്നിട്ടിട്ടും സ്ത്രീ സുരക്ഷയെ പിന്നോട്ട് വലിക്കുന്ന കണക്കുകളാണുള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരു ദിവസം നാൽപ്പതിലധികം പരാതികളാണ് പൊലീസ് സ്‌റ്റേഷനുകളിൽ ലഭിക്കുന്നത്. ഒരോ 24 മണിക്കൂറിലും 10 ബലാത്സംഗക്കേസുകൾ നടക്കുന്നു. കൂടാതെ, സ്ത്രീധനത്തിന്റെ പേരിൽ ഒരോ 24 മണിക്കൂറിലും മൂന്ന് സ്ത്രീകൾ കൊല്ലപ്പെടുന്നതായി കണക്കുകൾ പറയുന്നു. ലോകത്ത് ഒരു മിനിറ്റിൽ ഒരു സ്ത്രീയെങ്കിലും ആക്രമിക്കപ്പെടുന്നുണ്ട്. ലിംഗസമത്വ പട്ടികയിൽ ഇന്ത്യ 156 ൽ 140-ാം സ്ഥാനത്താണ്.

vachakam
vachakam
vachakam

2012 ഡിസംബറിൽ നിർഭയയെ ഡൽഹിയിൽ കൂട്ടബലാത്സംഗം ചെയ്ത പശ്ചാത്തലത്തിലാണ് ക്രിമിനൽ നിയമ (ഭേദഗതി) നിയമം 2013 പാസാക്കിയത്. ഈ നിയമം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ നടപടി ചട്ടം നിരവധി വ്യവസ്ഥകളിലൂടെ ഭേദഗതി ചെയ്തു. ഈ ഭേദഗതി പ്രകാരം ആസിഡ് ആക്രമണം (സെക്ഷൻ 326 എ & ബി), വോയറിസം (ലൈംഗികപരമായ ഉദ്ദേശ്യത്തോടെ സ്ത്രീകളെ നോക്കുന്നതുൾപ്പെടെയുള്ള കുറ്റകൃത്യം) (സെക്ഷൻ 354 സി), സ്ത്രീകള അനാവശ്യമായി പിന്തുടരൽ (സെക്ഷൻ 354 ഡി) എന്നിവ ഉൾപ്പെടെ നിരവധി പുതിയ കുറ്റകൃത്യങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള നിയമലംഘനങ്ങൾ കൂടുതൽ കർശനമാക്കാൻ നിയമം ഭേദഗതി ചെയ്തു. 375-ാം വകുപ്പിലെ ബലാത്സംഗത്തിന്റെ നിർവചനത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി.

ലൈംഗിക പീഡനത്തിനെതിരെയുള്ള ശിക്ഷ വർധിപ്പിച്ച് സെക്ഷൻ 354 എ ഉൾപ്പെടുത്തി. ഒരു സ്ത്രീയെ അവളുടെ വസ്ത്രങ്ങൾ നീക്കം ചെയ്യാൻ നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റവും തക്ക ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാക്കി ഭേദഗതി ചെയ്തു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് നോക്കുന്നതുൾപ്പെടെ കുറ്റക്യത്യമായി ഉൾപ്പെടുത്തി സെക്ഷൻ 354 ഇ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തി. സെക്ഷൻ 354 ഡി പ്രകാരം സ്ത്രീകളെ ഏത് തരത്തിലും വേട്ടയാടൽ ഗുരുതര കുറ്റകൃത്യമായി കണക്കാക്കുന്നു.

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പുറമെ അവരുടെ സ്വകാര്യത ലംഘിക്കുന്ന അതിക്രമങ്ങളും ഏറെയാണ്. സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്ത് മാനവും പണവും കവരുന്നവർ സമൂഹത്തിൽ മാന്യത ചമഞ്ഞ് നടക്കുന്നു. മനുഷ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന നൂതന സങ്കേതിക വിദ്യങ്ങൾ തന്നെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ പീനൽ കോഡ്, കേരള പൊലീസ് ആക്ട് , ഐ.ടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകളാണ് സ്ത്രീകൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ നേരിടുന്നത്.

നവീകരിച്ച ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും സമാന സംരക്ഷണം വിഭാവനം ചെയ്യുന്നു. എന്നാൽ ഈ പരാതികളിൽ ഏറിയ പങ്കും വിചാരണ നേരിടുന്നില്ല. കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസവും കേസുമായി ബന്ധപ്പെട്ട് തുടർന്നുണ്ടാകാൻ ഇടയുള്ള പരിഹാസങ്ങളും കാരണം പലരും കേസുമായി മുന്നോട്ട് പോകാൻ തയ്യാറാകുന്നുമില്ല.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam