ലോകത്ത് തന്നെ ഏറ്റവും അധികം വനപ്രദേശമുള്ള രാജ്യം ഏതാണെന്ന് അറിയാമോ? നമ്മുടെ രാജ്യത്ത് എത്ര ശതമാനം വനപ്രദേശമുണ്ടെന്ന് അറിയാമോ? ഇതെല്ലാം ഉള്‍പ്പെടുത്തി ലോകത്ത് തന്നെ ഏറ്റവും അധികം വനപ്രദേശമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ബാലി ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) ഗ്ലോബല്‍ ഫോറസ്റ്റ് റിസോഴ്സേഴ്സ് അസസ്‌മെന്റ് (ജിഎഫ്ആര്‍എ).
ഇതുമായി ബന്ധപ്പെട്ട 2025 ലെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും അധികം വന വിസ്തൃതിയുള്ള രാജ്യം റഷ്യയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി റഷ്യ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. വനപ്രദേശങ്ങളുടെ വളര്‍ച്ചാ പട്ടികയില്‍ ഒരു പടി മുന്നിലെത്തിയിരിക്കുകയാണ് നമ്മുടെ ഇന്ത്യയും. കഴിഞ്ഞ വര്‍ഷം പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ നിലവില്‍ ഒന്‍പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ തവണത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഒന്‍പതാം സ്ഥാനത്ത് ഉണ്ടായിരുന്ന പെറുവിനെ പത്താം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചത്.
ഇതോടെ ആഗോള പരിസ്ഥിതി സംരക്ഷണത്തില്‍ സുപ്രധാന നാഴികക്കല്ലാണ് ഇന്ത്യ കൈവരിച്ചത്. കൂടാതെ വനപ്രദേശങ്ങളുടെ വര്‍ധനവില്‍ രാജ്യം മൂന്നാം സ്ഥാനം നിലനിര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രസീല്‍, കാനഡ, അമേരിക്ക, ചൈന, കോങ്‌ഗോ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, പെറു എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് രാജ്യങ്ങള്‍.
കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് സമൂഹമാധ്യമത്തിലൂടെയാണ് വിവരം പങ്കുവച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വന സംരക്ഷണ നയങ്ങളുടെയും ആസൂത്രണങ്ങളുടെയും ഫലമാണ് ഈ നേട്ടമെന്ന് ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ വന്‍തോതിലുള്ള തോട്ടനിര്‍മ്മാണ ശ്രമങ്ങളുടെയും പിന്‍ബലത്തിലാണ് ഈ നേട്ടമെന്നും ഭൂപേന്ദര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി അവബോധം വളര്‍ത്താനും പരിസ്ഥിതി സംരക്ഷണത്തില്‍ സമൂഹങ്ങളുടെയും വ്യക്തികളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത പദ്ധതിയാണ് 'ഏക് പേഡ് മാ കേ നാം'. ഭൂമിയിലെ പച്ചപ്പും ഹരിതാഭയും നാളത്തെ തലമുറകള്‍ക്ക് നല്‍കാന്‍ പദ്ധതി സഹായിക്കുമെന്നും ഭൂപേന്ദര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.
2023 ലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ടുകള്‍
രാജ്യത്തെ വനവിസ്തൃതി 8,27,357 ചതുരശ്ര കി.മിയാണ്. രാജ്യത്തിന്റെ 25.17 ശതമാനവും വനപ്രദേശമാണ്. ഇതില്‍ 7,15,343 ചതുരശ്ര കി.മി വനപ്രദേശവും 1,12,014 ചതുരശ്ര കി.മി നിബിഡ വൃക്ഷ പ്രദേശങ്ങളുമാണ്. വിസ്തീര്‍ണ്ണം അനുസരിച്ച് ഏറ്റവും കൂടുതല്‍ വനവിസ്തൃതിയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ മധ്യപ്രദേശ് (77,073 ചതുരശ്ര കിലോമീറ്റര്‍), അരുണാചല്‍ പ്രദേശ് (65,882 ചതുരശ്ര കിലോമീറ്റര്‍), ഛത്തീസ്ഗഡ് (55,812 ചതുരശ്ര കിലോമീറ്റര്‍) എന്നിവയാണ്.
ഏറ്റവും കൂടുതല്‍ വനവും വൃക്ഷങ്ങളും ഉള്ള മൂന്ന് സംസ്ഥാനങ്ങള്‍ മധ്യപ്രദേശ് (85,724 ചതുരശ്ര കിലോമീറ്റര്‍), അരുണാചല്‍ പ്രദേശ് (67,083 ചതുരശ്ര കിലോമീറ്റര്‍), മഹാരാഷ്ട്ര (65,383 ചതുരശ്ര കിലോമീറ്റര്‍) എന്നിവയാണ്. വന-വൃക്ഷ വിസ്തൃതിയില്‍ വര്‍ധനവുണ്ടായത് നാല് സംസ്ഥാനങ്ങളിലാണ്. ഛത്തീസ്ഗഢ് (684 ചതുരശ്ര കിലോമീറ്റര്‍), ഉത്തര്‍പ്രദേശ് (559 ചതുരശ്ര കിലോമീറ്റര്‍), ഒഡിഷ (559 ചതുരശ്ര കിലോമീറ്റര്‍), രാജസ്ഥാന്‍ (394 ചതുരശ്ര കിലോമീറ്റര്‍) എന്നീ സംസ്ഥാനങ്ങളിലാണ് വര്‍ധനവ് ഉണ്ടായിരുന്നത്. വന വിസ്തൃതിയില്‍ വര്‍ധനവ് കാണിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ മിസോറാം (242 ചതുരശ്ര കിലോമീറ്റര്‍), ഗുജറാത്ത് (180 ചതുരശ്ര കിലോമീറ്റര്‍), ഒഡിഷ (152 ചതുരശ്ര കിലോമീറ്റര്‍) എന്നിവയാണ്.
ലക്ഷദ്വീപിലാണ് ഏറ്റവും കൂടുതല്‍ വനവിസ്തൃതിയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. (91.33 ശതമാനം), മിസോറാം (85.34 ശതമാനം), ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകള്‍ (81.62 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിലായി ഉള്ളത്. നിലവിലെ വിലയിരുത്തല്‍ പ്രകാരം 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 33 ശതമാനത്തിലധികം വനപ്രദേശങ്ങളാണ്. ഇതില്‍ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മിസോറാം, ലക്ഷദ്വീപ്, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ 75 ശതമാനത്തിലധികം വനപ്രദേശങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.
അതേസമയം കേരളത്തിലെ മൊത്തം വന വിസ്തൃതി 22,059.36 ചതുരശ്ര കിലോമീറ്ററിലധികമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം ഭൂമിശാസ്ത്ര വിസ്തൃതിയുടെ 50 ശതമാനത്തില്‍ അധികം വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്