കോഴിക്കോട്: മുന്നണി മാറില്ലെന്ന സിപിഐയുടെ നിലപാടിന് പിന്നാലെ സിപിഐയെ വീണ്ടും ക്ഷണിച്ച് മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ബാക്കി വരുന്ന 30 ഫസ്റ്റ് വോട്ടുകൾ സിപിഐയുമായി ചേർന്ന് തന്ത്രപരമായി ഉപയോഗിച്ചാൽ എൽഡിഎഫിനെ നെടുകെ പിളർത്താമെന്നും നിയമസഭയിൽ യുഡിഎഫിന് ഏകപക്ഷീയമായ മേൽക്കൈ ഉണ്ടാക്കാമെന്നുമാണ് ചന്ദ്രികയിലെ ലേഖനത്തിൽ പറയുന്നത്.
രാഷ്ട്രീയം മാറാതെ മുന്നണി മാറാം എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ മുതിർന്ന ലീഗ് നേതാവ് കെഎൻഎ ഖാദറാണ് സിപിഐയുടെ മുന്നണിമാറ്റം സംബന്ധിച്ച നിലപാട് പറഞ്ഞിരിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് കിട്ടിയില്ലെങ്കിൽ രാജ്യസഭാ സീറ്റ് സിപിഐഎമ്മിനു നഷ്ടപ്പെടുത്താൻ സിപിഐ ശ്രമിച്ചേക്കാം. 'രണ്ടു സ്ഥാനാർഥികളെ രാജ്യസഭയിലേക്ക് ജയിപ്പിച്ചാലും യുഡിഎഫിനു 30 ഫസ്റ്റ് വോട്ടുകൾ ബാക്കിവരും. എട്ടു സിപിഐ വോട്ടുകൾ പുറത്തുണ്ട്. അതു വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ യുഡിഎഫിന് ഒരാളെക്കൂടി രാജ്യസഭയിലെത്തിക്കാം. യുഡിഎഫ് ഭൂരിപക്ഷം നിയമസഭയിൽ 110 ആയി ഉയർത്തുന്നതോടെ ഏകപക്ഷീയ സാഹചര്യമാണുണ്ടാവുക. അതുവഴി എൽഡിഎഫ് മുന്നണിയെ നെടുകെ പിളർത്താം' എന്നാണ് ചന്ദ്രികയിലെ ലേഖനത്തിൽ കെഎൻഎ ഖാദർ ചൂണ്ടിക്കാണിക്കുന്നത്.
'സിപിഐ യുഡിഎഫിനോട് സഹകരിച്ചാലും അവരുടെ നിലവിലുള്ള പാർട്ടി നിലപാടുകൾക്ക് നേരിയ ക്ഷതം പോലും സംഭവിക്കില്ലെന്നും ചന്ദ്രികയിലെ ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ദേശീയ തലത്തിൽ അവരുടെ രാഷ്ട്രീയം കൂടുതൽ ഉറപ്പുള്ളതും വിശാലവും ആയിത്തിരും. സിപിഐഎം കേരള ഘടകത്തിന്റെ വീഴ്ചയുടെ ഭാരം അവർ ചുമക്കേണ്ടതായി വരികയില്ലെന്നതാണ് അവർക്ക് ഏറെ ആശ്വാസം പകരുക' എന്നാണ് ലേഖനത്തിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
