വിശ്വാസ പരിശീലന ഞായർ രൂപതാതല ഉദ്ഘാടനം: 'വിശ്വാസം സ്വീകരിക്കുക, ജീവിക്കുക, പങ്കുവക്കുക' മാർജോയ് ആലപ്പാട്ട്

SEPTEMBER 23, 2026, 1:59 PM

ഷിക്കാഗോ/ഫിലാഡൽഫിയ: കത്തോലിക്കാ സഭയുടെ വിശ്വാസപരിശീലന ശുശ്രൂഷക്ക്  നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതിനും, അധ്യാപകർ എന്നരീതിയിൽ അവർ നിർവഹിക്കുന്ന മഹത്തായ സേവനങ്ങൾ വിലമതിച്ചാദരിക്കുന്നതിനും, പുതുതലമുറയിൽപെട്ട കുട്ടികളിൽ വിശ്വാസവിത്തുകൾ വിതക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കുന്നതിനും വേണ്ടി യു. എസിലെ കത്തോലിക്കാ മെത്രാൻസമിതിയും (USCCB), ഷിക്കാഗോ സെ.തോമസ് സീറോമലബാർ രൂപതയും സംയുക്തമായി ആഹ്വാനം ചെയ്യുന്ന വിശ്വാസ പരിശീലന ഞായറാഴ്ച്ചയുടെ (Catechetical Sunday) രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ ബിഷപ് മാർജോയ് ആലപ്പാട്ട് നിർവഹിച്ചു.

ഫിലാഡൽഫിയ സെ.തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ സെപ്തംബർ 20 ഞായറാഴ്ച്ച ബിഷപ് മാർജോയ് ആലപ്പാട്ട് മുഖ്യകാർമ്മികനായും, രൂപതാ മതബോധന ഡയറക്ടറും, ഇടവകവികാരിയുമായ റവ.ഡോ.ജോർജ് ദാനവേലിൽ, അസിസ്റ്റന്റ് പാസ്റ്റർ റവ. ഫാ. മാത്യു  പള്ളിവാതുക്കൽ എന്നിവർ സഹകാർമ്മികരായും അർപ്പിക്കപ്പെട്ട ദിവ്യബലിക്കുശേഷം വിശ്വാസപരിശീലന അദ്ധ്യാപകരെയും, കുട്ടികളെയും, വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കി മാർജോയ് ആലപ്പാട്ട് ഭദ്രദീപം തെളിച്ച് രൂപതാതല ഉത്ഘാടനം നിർവഹിച്ചു.

രൂപതയിൽ കുട്ടികളുടെ വിശ്വാസ പരിശീലന ക്ലാസുകൾ ആരംഭിക്കുന്ന സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ് അമേരിക്കയിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളും വിശ്വാസ പരിശീലന ദിനമായി ആചരിക്കുന്നത്. 

vachakam
vachakam
vachakam


2026 ഷിക്കാഗൊ രൂപതയെ സംബന്ധിച്ച് മറ്റൊരു നാഴികക്കല്ലുകൂടിയാണ്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും സമയബന്ധിതമായി അവതരണശൈലിയിലും, പ്രതിപാദനരീതിയിലും, ഭാഷാശൈലിയിലും അമേരിക്കൻ നിലവാരത്തിലേക്ക് നവീകരിക്കുന്ന ജോലി രൂപതയുടെ മതബോധന ഡയറക്ടറായ റവ.ഡോ.ജോർജ് ദാനവേലിലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. നവീകരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും തദവസരത്തിൽ അഭിവന്ദ്യ ആലപ്പാട്ടു പിതാവു നിർവഹിക്കുകയുണ്ടായി.

ഇനിമുതൽ എല്ലാ വർഷങ്ങളിലും ഒന്നുമുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിൽ പുതുക്കിയ പാഠപുസ്തകങ്ങളാവും പഠിപ്പിക്കുന്നത്. രൂപതാതലത്തിൽ നടത്തിവരുന്ന ദൈവവചന ബൈബിൾ ക്വിസ് 2027 ന്റെ രജിസ്‌ട്രേഷൻ കിക്ക് ഓഫും ബിഷപ് മാർജോയ് ആലപ്പാട്ട് നിർവഹിച്ചു.

vachakam
vachakam
vachakam

കുട്ടികളുടെ വിശ്വാസ പരിശീലനത്തിനായി രൂപതാതലത്തിൽ നിയോഗിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരെ ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്നു എന്നതിനുപരി, മാമ്മോദീസാ സ്വീകരിച്ച എല്ലാ വ്യക്തികളും തങ്ങൾക്ക് ലഭിച്ച ക്രൈസ്തവ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം കുട്ടികൾക്ക് പകർന്നുനൽകാൻ ബാധ്യസ്ഥരാണെന്നുള്ള മഹത്തായ ദൗത്യം ഉത്‌ബോധിപ്പിക്കാനും വിശ്വാസ പരിശീലന ഞായർ ആചരണത്തിലൂടെ സഭ ലക്ഷ്യമിടുന്നു.


വചനം മാംസമായി നമ്മൾക്കിടയിൽ ജീവിച്ച യേശുക്രിസ്തുവിന്റെ സ്‌നേഹവും, സത്യവും വരുംതലമുറകൾക്ക് പകർന്നു നൽകുക എന്ന വലിയ ദൗത്യത്തെക്കുറിച്ച് സഭ നമ്മെ ഓർമ്മിപ്പിക്കുന്ന ദിവസമാണിത്. കേവലം ഒരു ഔദ്യോഗിക ചടങ്ങിനപ്പുറം ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയ ഉത്തരവാദിത്വത്തെ ജ്വലിപ്പിക്കുന്ന ഒരു ആഹ്വാനമാണീ ദിനം നൽകുന്നത്. വിശ്വാസ പരിശീലനം എന്നാൽ കേവലം പാഠപുസ്തകങ്ങളിലെ അറിവുകൾ മന:പാഠമാക്കലല്ല; മറിച്ച് അത് ജീവിക്കുന്ന ദൈവവുമായുള്ള വ്യക്തിപരമായ ഒരു ബന്ധത്തിലേക്ക് കുട്ടികളെ നയിക്കലാണ്.

vachakam
vachakam
vachakam

കൊടുംകാറ്റിൽ ഉലയാത്ത ആത്മീയകോട്ടയായി വളരാൻ അവരെ പ്രാപ്തരാക്കുന്നത് ദൈവവചനമാണ്. 'കുട്ടി നടക്കേണ്ട വഴിയിൽ അവനെ പരിശീലിപ്പിക്കുക, പ്രായമാകുമ്പോഴും അവൻ അതിൽനിന്ന് വ്യതിചലിക്കുകയില്ല'' (സുഭാഷിതങ്ങൾ 22:6) എന്ന ദൈവവചനം ഇവിടെ അർത്ഥപൂർണമാവുന്നു.

രൂപതയുടെ വിശാസ പരിശീലന ശുശ്രൂഷയിൽ ഏർപ്പെട്ടിട്ടുള്ള അദ്ധ്യാപകരും, അനദ്ധ്യാപകരും സഭയുടെ വലിയൊരു സമ്പത്താണ്. തങ്ങളുടെ സമയവും, കഴിവുകളും പ്രതിഫലേച്ഛകൂടാതെ ദൈവവേലക്കായി സമർപ്പിക്കുന്നവരാണവർ. ക്ലാസ് മുറികളിൽ അവർ വെറും ആധ്യാപകരല്ല, മറിച്ച് ക്രിസ്തുവിന്റെ സാക്ഷികളാണ്. സ്വന്തം ജീവിതമാതൃകകൊണ്ട് കുട്ടികൾക്ക് വഴികാട്ടികളാവുന്ന ഈ ദൈവവിളിയെ സഭ നന്ദിയോടെ സ്മരിക്കുകയും, അവർക്കായി പ്രാർത്ഥിക്കുകയുംവേണം. 


വിശാസപരിശീലനം ഞായറാഴ്ച്ചകളിലെ ഏതാനും മണിക്കൂറുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. കൊച്ചുകുട്ടികളെ സംബന്ധിച്ച് അവരുടെ മാതാപിതാക്കളാണ് പ്രാഥമിക അദ്ധ്യാപകർ. ഗാർഹിക സഭ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വന്തം ഭവനം ആദ്യത്തെ ക്ലാസ്മുറിയും. മാതാപിതാക്കൾ ജീവിക്കുന്ന വിശ്വാസസാക്ഷ്യമാണ് മക്കൾ കണ്ടു പഠിക്കുന്നത്. മാതാപിതാക്കളുടെ പ്രർത്ഥനാജീവിതവും, പരസ്പര സ്‌നേഹവും കണ്ടുവളരുന്ന കുട്ടികളിൽ വിശ്വാസം സ്വാഭാവികമായിത്തന്നെ ആഴപ്പെടും. സ്വന്തം ഭവനത്തിൽ ലഭിക്കുന്ന വിശ്വാസ പരിശീലനത്തിന്റെ തുടർച്ചയായാണ് മതബോധന സ്‌കൂളുകൾ പ്രവർത്തിക്കുന്നത്.

കുട്ടികളുടെ വിശ്വാസപരിശീലന യാത്രയിലെ മറ്റൊരുഘട്ടം എത്രമാത്രമേ മതബോധന സ്‌കൂളുകളെ വിശേഷിപ്പിക്കാനാവൂ. വീട്ടിൽ മാതാപിതാക്കളിൽനിന്നും, സഹോദരങ്ങളിൽ നിന്നും ലഭിക്കുന്ന പ്രാർത്ഥനാ ചൈതന്യത്തെയും, വിശ്വാസതീക്ഷ്ണതയെയും അരക്കിട്ടുറപ്പിക്കുക മാത്രമേ ആഴ്ച്ചയിലൊരിക്കൽ മാത്രമുള്ള സി.സി.ഡി ക്ലാസുകളും, വർഷത്തിലൊരിക്കൽ നടത്തുന്ന വെക്കേഷൻ ബൈബിൾ സ്‌കൂളും മറ്റും ചെയ്യുന്നുള്ളു. 

അതിനാൽ വിശ്വാസപരിശീലന ഞായർ നമ്മെ ഓർമ്മിപ്പിക്കുന്നത് 'നമ്മുടെ ജീവിതം തന്നെയാണ്  ഏറ്റവും ശക്തമായ പാഠപുസ്തകം'' എന്നതാണ്. ഇടവക സമൂഹം ഈ പ്രക്രിയക്ക് കരുത്തും, തണലുമേകണം. ഒരു കുട്ടി ക്രിസ്തുവിൽ വളരുന്നത് ആ ഇടവകയുടെ ആത്മീയ ചൈതന്യത്തിന്റെ പ്രതിഫലനമാണ്.


ഈ വർഷത്തെ വിശ്വാസപരിശീലന ഞായർ ആചരണത്തിന്റെ ചിന്താവിഷയം ലൂക്കായുടെ സുവിശേഷം 4:18 'കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്നെന്നെ അഭിഷേകം ചെയ്തിരിക്കുന്നു.' എന്ന വാക്യമാണ്.

ഈ ദിവസം സഭ നമ്മെ ഓർമ്മിപ്പിക്കുന്നത് 'വിശ്വാസം വെറും അറിവല്ല, ജീവിതമാണ'' എന്ന സത്യമാണ്. കുട്ടികൾക്ക് വിശ്വാസപരിശീലനം നൽകുന്നവരായ വൈദികർ, സന്യസ്തർ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ എല്ലാവരും ക്രിസ്തുവിന്റെ സ്‌നേഹവും, സത്യവും ജീവിതത്തിലൂടെ പ്രകടിപ്പിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.

ചുരുക്കിപറഞ്ഞാൽ വിശ്വാസപരിശീലന ഞായർ, വെറും ഒരു ആഘോഷദിനമല്ല. അത് വിശ്വാസത്തിന്റെ വിത്തുകൾ വിതക്കാനും, വളർത്താനും നമ്മെ വിളിക്കുന്ന ദിനമാണ്. ക്രിസ്തുവിന്റെ സ്‌നേഹം നമ്മുടെ ഹൃദയത്തിൽ നിറഞ്ഞാൽ, അതു സ്വാഭാവികമായി മറ്റുള്ളവരുടെ ജീവിതത്തിലും പ്രകാശിക്കും. നമ്മുടെ കുട്ടികളെ വെറും ഭൗതിക വിജയങ്ങൾ നേടുന്നവരായി മാത്രമല്ല, ആത്മീയവെളിച്ചമുള്ളവരും, സമൂഹത്തിനു തണലാകുന്നവരുമായി വളർത്താം. 

ജോസ് മാളേയ്ക്കൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam