പേമാരിക്കു രുദ്രാവതാരങ്ങൾ; കേരളത്തിന് നിതാന്ത ഭീഷണി

SEPTEMBER 23, 2026, 12:28 PM

രണ്ടു വർഷം മുമ്പ് മഹാദുരന്തമരങ്ങേറിയ വയനാട്ടിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ തുടർച്ചയായുണ്ടാകുന്ന മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മനുഷ്യജീവനുകളെ കവർന്നെടുക്കുമ്പോൾ പ്രകൃതിയുടെ രുദ്രതാണ്ഡവത്തിന് മുന്നിൽ കേരളം എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം വീണ്ടുമുയരുന്നു. മണിക്കൂറുകൾ മാത്രം നീണ്ടുനിന്ന തീവ്രമഴ, മുന്നറിയിപ്പിനു പോലും സമയം നൽകാതെയാണ് സംസ്ഥാനത്ത് 24 മണിക്കൂറിനകം ഒമ്പത് പേരുടെ ജീവൻ അപഹരിച്ചത്.

വേനലിന്റെ തിരിച്ചുവരവായെന്ന മട്ടിൽ അന്തരീക്ഷ താപം ഉയർന്നുവന്നശേഷമാണ് പൊടുന്നനെ മലപ്പുറം ചോക്കാട് നിരവധി ജീവനുകൾ മഴ കൊണ്ടുപോയത്. പ്രകൃതിയുടെ സ്വാഭാവിക സമതുലിതാവസ്ഥ തകരുമ്പോഴാകുന്ന തിരിച്ചടിയുടെ രൂക്ഷത തുടർച്ചയായ അനുഭവങ്ങളിലൂടെ കേരളം തിരിച്ചറിയുന്നു. മഴക്കാലമാകുന്നതോടെ ഭീതിയിലാകുന്ന മലയോര മേഖലകൾ, മഴ സജീവമല്ലാത്ത സമയത്ത് പെയ്യുന്ന മഴയെപ്പോലും  പേടിക്കുന്ന അവസ്ഥയിലാണ്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഇടിച്ചുകുത്തി പെയ്യുന്ന മഴയെ താങ്ങാൻ ശേഷിയില്ലാത്തതായി കേരളത്തിലെ മണ്ണും പശ്ചിമഘട്ടവും.

എന്തായാലും കേരളത്തിന്റെ മഴയും വെയിലുമെല്ലാം വസ്തുനിഷ്ഠമായി പഠിച്ചേ മുന്നോട്ടു പോകാനാകൂ. 1700 കൾ മുതൽ മനുഷ്യ ഇടപെടൽ കാലാവസ്ഥയെ നന്നായി മാറ്റുന്നുണ്ട്. കേരളത്തിൽ എപ്പോൾ മഴ വരും എന്നത് വലിയ പ്രശ്‌നമായി മാറി. കുറഞ്ഞ സ്ഥലത്ത്, ചെറിയ കാലയളവിൽ, വലിയ മഴ എന്നതാണ് പുതിയ രീതി. മേഘവിസ്‌ഫോടന മഴയും കൂടിവരുന്നു.  

vachakam
vachakam
vachakam

പ്രകൃതി താളങ്ങളെ പെട്ടെന്ന് മാറ്റാനാകില്ല. സൗരചക്രത്തിലും മാറ്റമുണ്ട്. കേരളത്തിൽ ഏതു സീസണിലും മലവെള്ളപ്പാച്ചിൽ പ്രതീക്ഷിക്കാമെന്ന സ്ഥിതിയാണ്. വരണ്ടുകിടക്കുന്ന പുഴയിൽ പെട്ടെന്നാകും വെള്ളം ഒഴുകിവരിക. മലയുടെ മുകൾ ഭാഗത്തു മാത്രം കനത്ത മഴ പെയ്യുമെങ്കിലും താഴ്‌വാരത്ത് മഴ സൂചന പോലുമുണ്ടാകില്ല. ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായ ടി.കെ കോളനിയിൽ, അവധി ദിവസമായ ഞായറാഴ്ച നൂറുകണക്കിനാളുകൾ എത്തിയിരുന്നു. പലരും പുഴയിലെ പാറക്കല്ലിൽ ഇരുന്ന് ഫോട്ടോയും വിഡിയോയും എടുക്കുന്ന പതിവുണ്ട്.

ഇതാണ് മലവെള്ളപ്പാച്ചിലുണ്ടാകുമ്പോൾ അപകടകരമാകുന്നത്. പെട്ടെന്ന് മലവെള്ളം വരുമ്പോൾ ഓടി രക്ഷപ്പെടാൻ പോലും കഴിയാത്ത അവസ്ഥ. ഇത്തരം പ്രദേശങ്ങളിൽ കാഴ്ച കാണാൻ എത്തുന്നവർ ജില്ലയുടെ തീരദേശത്തോ ഇടനാട്ടിലോ ഉള്ളവരാകും. മലയോരത്തിന്റെയും കാടിന്റെയും കാലാവസ്ഥയും സ്വഭാവവും ഇടനാട്ടുകാർക്കോ തീരദേശവാസികൾക്കോ പരിചയമുണ്ടാകില്ല. പ്രദേശത്തുകാർ മുന്നറിയിപ്പ് നൽകിയാൽ അതിന്റെ ഗൗരവം ഉൾക്കൊള്ളാൻ അവർക്ക് കഴിയുകയുമില്ല. ഇതൊക്കെയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നത്.

2027 ഫെബ്രുവരി വരെ സൂപ്പർ എൽനിനോ ആയിരിക്കും എന്നാണ് പ്രവചനം. അതുകൊണ്ട് കടുത്ത ചൂടോ ഇന്ത്യയിൽ നല്ല മഴയോ വരാൻ സാധ്യതയുണ്ട്. കൂടുതൽ മഞ്ഞുരുകാനും വഴിയുണ്ട്. ഒരു ഹെക്ടർ വനം 32,000 ഘന കിലോമീറ്റർ പ്രദേശത്തെ മഴയെ ഉൾക്കൊള്ളും. 10 സെന്റ് വയൽ 1,6000 ലിറ്റർ മഴവെള്ളം കരുതും. സ്വാഭാവിക മഴവെള്ള സംഭരണ സംവിധാനങ്ങളായ വനം, കാവുകൾ, വയലുകൾ, തണ്ണീർത്തടങ്ങൾ, കുളങ്ങൾ, കുന്നുകൾ എന്നിവ എല്ലാം ധാരാളമായി ഇല്ലാതായിട്ടുണ്ട്. പ്രളയതടങ്ങൾ ഒന്നും തന്നെ സ്വതന്ത്രമായി ഇല്ല.

vachakam
vachakam
vachakam

മിശ്രവിളകൾ ഏകവിളകളും നാണ്യവിളകളും ആയി. അതോടെ മണ്ണിന്റെ വാട്ടർ ഹോൾഡിങ് കപ്പാസിറ്റി കുറഞ്ഞ് വരണ്ടുതുടങ്ങി. അത്തരം മണ്ണിൽ മഴവെള്ളം പതിക്കുമ്പോൾ ഉപരിതല നീരൊഴുക്ക് പെട്ടെന്നാകും. അല്ലെങ്കിലും സംസ്ഥാനത്ത് മണ്ണിന്റെ ആഴം പൊതുവേ കുറവായതുകൊണ്ട് മഴവെള്ളത്തെ കൂടുതലായി ഒരേസമയം ഉൾക്കൊള്ളാനും കഴിയില്ല. ഭൂമിയുടെയാകെ തിളയ്ക്കൽ, അഥവാ ഗ്ലോബൽ ബോയിലിങ് ആയി മാറിക്കൊണ്ടിരിക്കുന്നു ആഗോള താപന പ്രതിഭാസം. 'സൂപ്പർ എൽനിനോ' എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നതെന്ന് മഹാവിദഗ്ധർക്കും എഐക്കും വ്യക്തമായി പറയാനാകുന്നില്ല.

പസഫിക് മഹാസമുദ്രത്തിൽ ശക്തി പ്രാപിക്കുന്ന  ചൂട് കാറ്റിന്റെ വേഗത ലോകത്ത് വലിയ ഉഷ്ണമേകുമെന്നാണ് പറയുന്നത്. അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിലെ ദിധ്രുവ (ഇന്ത്യൻ ഓഷ്യൻ ഡൈപോൾ) പ്രതിഭാസം നിലനിൽക്കുന്നതിനാൽ മേഖലയിൽ മഴ എങ്ങനെയാകുമെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നു. ചിലപ്പോൾ വരൾച്ചയോ നല്ല മഴയോ ആകാൻ സാധ്യതയേറെ. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് 'ഇന്ത്യൻ ഓഷ്യൻ ഡൈപോൾ'. ഈ മേഖലയുടെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങൾക്കിടയിലുള്ള സമുദ്രോപരിതല താപനിലയിൽ  മാറ്റങ്ങൾ വരുത്താൻ ഇതിന് കഴിയുന്നു.

കിഴക്കൻ ആഫ്രിക്ക, തെക്കു കിഴക്കൻ ഏഷ്യ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മഴ, വരൾച്ച, സമുദ്ര ആവാസവ്യവസ്ഥകൾ എന്നിവയെ ഈ മാറ്റങ്ങൾ ശക്തമായി സ്വാധീനിക്കുന്നു.
ഇന്ത്യൻ തീരത്ത് രൂപപ്പെട്ട മൺസൂൺ പാത്തി സങ്കീർണമായിരുന്നു. ഒരു വശത്ത് മഴയുടെയും പ്രളയത്തിന്റെയും ഭീഷണിക്കിടെ മറുവശത്ത് ചൂട് ഏറി. ഭൂമധ്യരേഖയ്ക്ക് 8 ഡിഗ്രി മുതൽ 12 ഡിഗ്രി വരെ ഉള്ള സ്ഥലത്താണ് കേരളം കിടക്കുന്നത്. അതുകൊണ്ടുതന്നെ വർഷത്തിൽ നല്ല സമയം ചൂടും പ്രകാശവും കിട്ടും. കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലും ഉള്ളതുകൊണ്ട് നല്ല മഴയും ലഭിക്കും. സൂര്യന്റെ ചൂടേറ്റ് പെട്ടെന്ന് കടൽ വെള്ളം നീരാവിയാകും. അവലംബ ദിശയിൽ ഉയർന്ന് പിന്നെ തിരശ്ചീന ദിശയിൽ സഞ്ചരിക്കും.

vachakam
vachakam
vachakam

ഈ നീരാവിയെ തടഞ്ഞ് മഴ പെയ്യിക്കുന്നത് പശ്ചിമഘട്ട മലനിരകളും ഇടനാടൻ കുന്നുകളും കൂടിയാണ്. പർവതജന്യമായ മഴ പെയ്യുന്നതിൽ മലനിരകൾക്കും മരങ്ങൾക്കും വലിയ പങ്കുണ്ട്. ദുരന്തം നടക്കുമ്പോൾ മാത്രം സജീവമാകുന്ന രക്ഷാപ്രവർത്തനങ്ങൾക്കും ആശ്വാസ നടപടികൾക്കും അപ്പുറം,  ദുരന്തങ്ങൾ തടയാനുള്ള ദീർഘകാല പദ്ധതികൾക്കാണ് കേരളം പ്രഥമ പരിഗണന നൽകേണ്ടത്. ഓരോ ദുരന്തസന്ദർഭങ്ങളിലും മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷേ, ദുരന്തത്തിനു പിന്നാലെ ഉയരുന്ന നിർദേശങ്ങളും പരിഹാര ചർച്ചകളും പിന്നീട് വഴിമുട്ടുകയാണ് പതിവ്.

പ്രകൃതി ദുരന്തങ്ങൾ തടയാൻ സാധ്യമല്ല. എന്നാൽ, ദുരന്തത്തിന്റെ ആഘാതം ശാസ്ത്രസാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ലഘൂകരിക്കാനാകും. പ്രാദേശിക അടിസ്ഥാനത്തിലുള്ള കാലാവസ്ഥാ പ്രവചനവും ദുരന്ത ലഘൂകരണത്തിലൂന്നിയ മുന്നറിയിപ്പ് സംവിധാനവും ഇതിനായി വേണം. സർക്കാർ ഇത്തരം കാര്യങ്ങളിൽ ആലോചന നടത്താറുണ്ടെങ്കിലും ഒന്നും  ഫലപ്രദമായി നടപ്പാക്കാറില്ല.

വൃഥാ മുന്നറിയിപ്പ്

കോഴിക്കോട് മലയോര മേഖലയായ പതങ്കയത്ത് 2025ൽ മാത്രം 30 പേരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ആ പ്രദേശത്തെ നാട്ടുകാർ എത്ര മുന്നറിയിപ്പ് നൽകിയാലും മറ്റു പ്രദേശങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് അതു മനസിലാകാറില്ല. മലയോരത്തും കാട്ടിലും പോകുന്നവർ അവിടുത്തെ കാലാവസ്ഥ പഠിക്കുകയോ ആ നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ് പാലിക്കുകയോ ചെയ്യേണ്ടത് അനിവാര്യം. മലവെള്ളപ്പാച്ചിലും പേമാരിയും മണ്ണിടിച്ചിലും പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയകളാണ്. അവയിൽനിന്ന് എങ്ങനെ മനുഷ്യരുടെ സ്വത്തും ജീവനും രക്ഷിക്കാമെന്നതാണ് ആധുനിക ശാസ്ത്രസാങ്കേതിക സംവിധാനങ്ങളുടെ കരുത്തിൽ ഭരണകൂടം ചിന്തിക്കേണ്ടത്.

ദുരന്തമുണ്ടാകുമെന്നു കരുതി മലയോരത്തേക്കുള്ള ടൂറിസത്തിന് എക്കാലവും തടയിടാനാകില്ല. മലകയറുമ്പോഴും പുഴയിൽ ഇറങ്ങുമ്പോഴും തുലാവർഷ, വേനൽമഴ മിന്നൽ സമയങ്ങളിൽ ഓരോ വ്യക്തിയും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് എല്ലാവർക്കും ബോധവൽക്കരണം നൽകണം. അങ്ങനെയേ ജനസാന്ദ്രത കൂടിയ കേരളം പോലുള്ള പ്രദേശത്ത് മനുഷ്യരുടെ മരണത്തിന്റെ സംഖ്യ കുറയ്ക്കാൻ  കഴിയൂ. മുന്നറിയിപ്പുകളോട് അവജ്ഞ പുലർത്തുന്ന സ്വഭാവം മലയാളി ഇനിയുള്ള കാലത്ത് മാറ്റിയേ തീരൂ. മുന്നറിയിപ്പുകളെയും നിയന്ത്രണങ്ങളെയും എങ്ങനെ മറികടക്കാമെന്ന ചിന്ത ആപത്തിലേക്കാണ് ചാടിക്കുക. ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾക്കൊപ്പം വ്യക്തികളുടെ സുരക്ഷാബോധം കൂടി ഉണരുമ്പോഴേ അവയുടെ ഫലപ്രാപ്തി സാധ്യമാവുകയുള്ളൂ.

ഇതിനിടെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേന്ദ്രത്തിന്റെ ഏഴാം കരട് വിജ്ഞാപനവും അതിനെതിരേ കേരളം ഉന്നയിക്കുന്ന എതിർപ്പുകളും വീണ്ടും ഒരു പഴയ തർക്കത്തെ മുന്നിലെത്തിക്കുകയാണ്. 98 ഗ്രാമങ്ങളിലായി 8,590.69 ചതുരശ്ര കിലോമീറ്ററായി പരിസ്ഥിതിലോല മേഖല പരിമിതപ്പെടുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ജനജീവിതത്തിന്റെ യാഥാർഥ്യങ്ങൾ പരിഗണിച്ചുള്ളതു തന്നെ. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഇളവുകൾ തേടുമ്പോൾ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളും ഒരുപോലെ വിലയിരുത്തേണ്ടതുണ്ട്.

പശ്ചിമഘട്ടത്തിലെ മണ്ണിന്റെ സ്വഭാവം മാറി. മഴവെള്ളത്തെ പിടിച്ചുനിർത്താനുള്ള ശേഷി നഷ്ടപ്പെട്ട് മണ്ണിടിച്ചിൽ സാധാരണ സംഭവമായിരിക്കുന്നു. ദുരന്തമുണ്ടാകുന്ന മലയോര മേഖലയിലെ അര കിലോമീറ്റർ ചുറ്റളവ് പരിശോധിച്ചാൽ മതിയാകും അശാസ്ത്രീയമായ ഭൂവിനിയോഗം ധാരാളമായിരിക്കുന്നതു കാണാൻ. പ്രകൃതിക്ക് ആഘാതമേൽപ്പിക്കുന്ന ഇത്തരം മനുഷ്യ ഇടപെടലുകളാകട്ടെ അധികരിച്ചു വരികയുമാണ്. ശാസ്ത്രീയമല്ലാത്ത നിർമാണ പ്രവർത്തനങ്ങളും അശാസ്ത്രീയമായ ഭൂവിനിയോഗവും ദുരന്തങ്ങളുടെ വ്യാപ്തി കൂട്ടുന്നുവെന്ന കാര്യത്തിൽ സംശയമില്ല.

പശ്ചിമഘട്ടം കേരളത്തിന്റേതു മാത്രമല്ല. ജലസുരക്ഷയും ജൈവവൈവിധ്യവും കാലാവസ്ഥാ സന്തുലിതാവസ്ഥയും ഉൾപ്പെടെ ദക്ഷിണേന്ത്യയുടെ വലിയൊരു ഭാഗത്തിന്റെ നിലനിൽപ്പുമായി അതിന് ബന്ധമുണ്ട്. അതിനാൽ ശാസ്ത്രീയമായ പരിസ്ഥിതി നിയന്ത്രണങ്ങളെ രാഷ്ട്രീയ സമ്മർദങ്ങളുടെ പേരിൽ ദുർബലപ്പെടുത്തുന്നത് അപകടകരമാണ്. അതേസമയം, തലമുറകളായി കൃഷിയും ഉപജീവനവും നടത്തുന്ന ജനങ്ങളെ ഒറ്റയടിക്ക് നിയന്ത്രണങ്ങളുടെ വലയത്തിലാക്കുന്നതും നീതിയല്ല. പ്രത്യേകിച്ച് ഇടുക്കിയിലെ ഏലമലക്കാടിനെ സാംസ്‌കാരിക ഭൂപ്രകൃതിയായി പരിഗണിക്കണമെന്ന ആവശ്യം, മനുഷ്യവാസത്തിന്റെ ചരിത്രം കൂടി കണക്കിലെടുത്തുള്ള സമീപനം ആവശ്യപ്പെടുന്നു.

റെഡ് കാറ്റഗറി വ്യവസായങ്ങളുടെ പട്ടികയിൽനിന്ന് പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികൾ, ക്ഷീരയൂണിറ്റുകൾ, ഇൻസിനെറേറ്ററുകൾ, ആവശ്യമായ ഡീസൽ ജനറേറ്ററുകൾ തുടങ്ങിയവയെ ഒഴിവാക്കണമെന്ന സംസ്ഥാന നിർദേശവും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ച്് പരിശോധിക്കപ്പെടണം. എന്നാൽ 'ജനജീവിതം' എന്ന വാക്ക് എല്ലാ തരത്തിലുള്ള നിർമാണത്തിനും വ്യവസായവൽക്കരണത്തിനും മറയാകാതിരിക്കാൻ കരുതൽ അനിവാര്യം. അനിയന്ത്രിത ഖനനം, വൻകിട നിർമാണം, പരിസ്ഥിതി നശീകരണം എന്നിവയ്ക്ക് വഴിയൊരുക്കുന്ന ഇളവുകൾ ഒടുവിൽ ബാധിക്കുക അതേ ജനങ്ങളെയായിരിക്കും. പ്രധാന ചോദ്യം സംരക്ഷണമോ വികസനമോ എന്നതല്ല; രണ്ടിനും എങ്ങനെ സന്തുലനം കെണ്ടത്താമെന്നതാണ്.

കർഷകരുടെ ഭൂമിയും വീടുകളും ഉപജീവനവും സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമായ ഉറപ്പ് നൽകാതെ ഏതു നിയന്ത്രണവും നടപ്പാക്കുന്നത് സാമൂഹിക അസ്വസ്ഥത വർധിപ്പിക്കും. മറുവശത്ത്, നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന പേരിൽ പ്രകൃതിയുടെ സംരക്ഷണ കവചം തന്നെ നീക്കിയാൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, വരൾച്ച, ജലക്ഷാമം തുടങ്ങിയ ദുരന്തങ്ങളുടെ ഭാരം ഭാവിയിൽ വീണ്ടും സാധാരണ ജനങ്ങൾക്കുതന്നെ വഹിക്കേണ്ടിവരും.

ഓരോ ഗ്രാമത്തിന്റെയും ഭൂവിനിയോഗം, ജനസാന്ദ്രത, വനപരിധി, കൃഷിരീതി, ജലസ്രോതസ്സുകൾ, ദുരന്തസാധ്യത എന്നിവ പ്രത്യേകം പഠിച്ചായിരിക്കണം അന്തിമ തീരുമാനം. ജനപ്രതിനിധികൾ, ശാസ്ത്രജ്ഞർ, തദ്ദേശസ്ഥാപനങ്ങൾ, കർഷകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരെ സഹകരിപ്പിച്ച് ഗ്രാമതലത്തിൽ യാഥാർഥ്യങ്ങൾ പരിശോധിക്കേണ്ടതാവശ്യം. സംരക്ഷണവും മനുഷ്യജീവിതവും പരസ്പരവിരുദ്ധമല്ല. ഈ ബോധ്യത്തിലായിരിക്കും പശ്ചിമഘട്ടത്തിന്റെ ഭാവി സുരക്ഷിതമാകുക.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam