ഈ ഓണം കല്യാണി പ്രിയദർശന്റേതാണ്. കല്യാണി നായികയായ 'ലോകഃ' എന്ന സിനിമ സോഷ്യൽ മീഡിയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ തൂക്കി! 'ലോകഃ' യിൽ ഒരു വീരനായികാപരിവേഷത്തിലാണ് കല്യാണി. റീൽലൈഫിലെ ഈ പെൺപുലി വേഷത്തിന്റെ ശൗര്യം റിയൽ ലൈഫിൽ മലയാളി വനിതകൾക്ക് ഇന്ന് നഷ്ടമായിട്ടുണ്ടോ?
ആദ്യം നമുക്ക് 'ലോകഃ' എന്ന സിനിമയെക്കുറിച്ച് ചിന്തിക്കാം. തരംഗം എന്ന ബ്ലാക്ക് ഹ്യൂമർ ചിത്രം ഡോമിനിക് അരുൺ സംവിധാനം ചെയ്തത് 2017ലാണ്. ടൊവിനൊ തോമസ് നായകൻ. ശാന്തി ബാലചന്ദ്രൻ നായികയും. പടം ഹിറ്റായില്ല. പിന്നീട് ലോകഃ എന്ന സിനിമയുമായി ഡോമിനിക് കെട്ടിമറിഞ്ഞത് 8 വർഷമാണ്. ഇതിനിടെ ക്യാമറാമാൻ നിമിഷ് രവിയോടൊത്തുള്ള ചർച്ചകളിൽ പുതിയ സിനിമയുടെ പൂർണ്ണരൂപമായി. എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകത?
താരകേന്ദ്രീകൃതമായ മലയാള സിനിമ ടെക്‌നോളജിയിൽ ഊന്നി വിജയം നേടുന്നതാണ് ലോകയുടെ ക്ലൈമാക്‌സ്. മുടക്കുമുതലിന്റെ 60 -65 ശതമാനം വരെ താരങ്ങൾക്കായി വലിച്ചെറിയുന്ന സിനിമ നിർമ്മാണ രീതി മലയാളത്തിൽ മാറുകയാണ്. ലോകഃ ഒരു ടീം വർക്കെന്നതിൽ ഉപരിയായി നിർമ്മിതബുദ്ധിയുടെ സങ്കീർണ്ണമായ സാധ്യതപോലും മുതലാക്കിയാണ് ഷൂട്ടിംഗ് ഫ്‌ളോറിലേയ്‌ക്കെത്തിയത്. കഥയും സംവിധാനവും ഡൊമിനിക് അരുണിന്റേതാണെങ്കിലും തിരക്കഥാ രചനയിൽ ശാന്തി ബാലചന്ദ്രന്റെ പേരും ടൈറ്റിൽ കാർഡിൽ കാണുന്നുണ്ട്.
ശാന്തിയുടെ സംഭാവനകൾ
ലോകയുടെ തിരക്കഥയിൽ ഡോമിനിക്കിനോട് സഹകരിച്ച ശാന്തി ബാലചന്ദ്രൻ ചില്ലറക്കാരിയല്ല. ഒടിടി റിലീസായി വന്ന 'ചതുര'ത്തിൽ ശാന്തിയുണ്ടായിരുന്നു. കൊച്ചിയിൽ ഹരോൾഡ് പിന്റേഴ്‌സന്റെ നാടകം (lover) അവതരിപ്പിച്ചിട്ടുള്ള ഈ കോട്ടയംകാരി ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആന്ത്രോപ്പോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ലിജോ ജോസിന്റെ ജെല്ലിക്കെട്ടിലും 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന സിനിമയിലും ശാന്തി വേഷമണിഞ്ഞിട്ടുണ്ട്. സിദ്ധാർത്ഥ് ഭരതന്റെ ജിന്നിൽ സൗബിൻ ഷാഹിറിന്റെ നായികയായിരുന്ന ശാന്തി നല്ലൊരു ചിത്രകാരി കൂടിയാണ്.
ലോകഃ ടീമിലെ മറ്റൊരു 'ചങ്ക് ബ്രോ' നിമിഷ് രവിയാണ്. കുറുപ്പ് (2021), റോഷാക്ക് (2022), കിംഗ് ഓഫ് കൊത്ത (2023) തുടങ്ങിയ സിനിമകൾ അഭ്രപാളികളിൽ പകർത്തിയ ഈ തിരുവനന്തപുരംകാരന്റെ ക്യാമറക്കണ്ണുകൾക്ക് ഊർജ്ജം പകർന്നത് ചമൽ ചാക്കോ എന്ന എഡിറ്ററാണ്. ഈ പയ്യൻ എഡിറ്റർ നിർദ്ദേശിച്ച വിധം ചിത്രത്തിന്റെ കണ്ടിന്യൂവിറ്റി നഷ്ടപ്പെടാതിരിക്കാൻ പുതിയ വിഷ്വലുകൾ വീണ്ടുമെടുത്ത് കൂട്ടിച്ചേർത്തതിനെക്കുറിച്ച് ഡോമിനിക് അരുൺ തന്നെ ഒരു അഭിമുഖത്തിൽ വാചാലനാകുന്നുണ്ട്. സിനിമയുടെ ബി ജി എം ജേക്ക്‌സ് ബിജോയിയുടേതാണ്. ബ്ലോഗറായ പുച്ഛം പപ്പടത്തലയൻ Shazamന്റെ ഭാഷയിൽ പറഞ്ഞാൽ ബാക്ക് ഗ്രൗണ്ട് സ്‌കോർ കിടുവാണ്!
ലഹരിയിലല്ല കാര്യം ബ്രോ!
മലയാള സിനിമയുടെ അണിയറയിൽ പുകഞ്ഞുനിൽക്കുന്ന മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഫാസ്റ്റ് ട്രാക്കിൽ നിന്ന് മലയാള സിനിമ രക്ഷപ്പെട്ടതിന്റെ കളർ ബൾബുകൾ ലോകയുടെ മേക്കിംഗ് സംബന്ധിച്ചുള്ള പലരുടെയും അഭിമുഖങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നുണ്ട്. തിരുവനന്തപുരത്തെ ഒരു വ്യവസായ പ്രമുഖന്റെ മകനാണ് ക്യാമറാമാൻ നിമിഷ് രവി. ദുൽഖറിന്റെ കട്ട ബ്രോ. മമ്മൂട്ടിയുടെ കടുത്ത ആരാധകൻ. ഡോമിനികിന്റെ ഈ സബ്ജക്ട് കിംഗ് ഓഫ് കൊത്തയുടെ ഷൂട്ടിംഗിനിടയിലാണ് ദുൽഖറിനോട് പറയുന്നത്. രണ്ടുതവണയായി കഥ കേട്ട ദുൽഖർ പിന്നീട് 'ഓ കെ' പറഞ്ഞു. വിലയേറിയ താരങ്ങൾക്കു പകരം, വില കൂടിയ ടെക്‌നോളജിയിലേക്കാണ് ലോകയുടെ അണിയറക്കാർ ശ്രദ്ധതിരിച്ചത്. സിനിമാ ഷൂട്ടിംഗിനിടയിൽ തിരക്കഥ മാറ്റി എഴുതുന്ന ശ്രീനിവാസൻ ശൈലിയൊന്നും 'ലോക'യിലില്ല. നേരത്തെ എഴുതിത്തയ്യാറാക്കിയ തിരക്കഥയും, ഏ ഐ ഉപയോഗിച്ചുള്ള ഓരോ ഫ്രെയിമിന്റെയും കൃത്യമായ ആലേഖനവുമെല്ലാം ഇനി മലയാള സിനിമയ്ക്ക് സുധീരം മുന്നേറാവുന്ന വിജയപാതയിലെ സൈൻബോർഡുകളാവുകയാണ്.
നൃത്ത സംവിധായകനായി വന്ന തമിഴ്‌നാട്ടുകാരൻ സാൻഡി വില്ലൻ കഥാപാത്രമാകുന്നതും നസ്‌ലന്റെ അപ്രധാനമാണെന്നു പറയാവുന്ന കഥാപാത്രത്തിന് പ്രൊമോഷൻ ലഭിക്കുന്നതും സലിം കുമാറിന്റെ മകൻ ചന്തുവിനെ ഷൂട്ടിംഗിന് ഒരാഴ്ച മാത്രം മുമ്പ് കാസ്റ്റ് ചെയ്തതുമടക്കമുള്ള ലോകയുടെ അണിയറക്കഥകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദുൽഖർ നിർമ്മാതാവായി എത്തിയിരുന്നില്ലെങ്കിൽ, കല്യാണി ഈ റോൾ ചെയ്യാൻ മടിച്ചിരുന്നെങ്കിൽ 'ലോക'യുടെ മേക്കിംഗ് ഇത്രത്തോളം അനായാസമാകുമായിരുന്നില്ലെന്ന് ഡോമിനിക് പറയുന്നു.
കുത്തിത്തിരുപ്പുകാരും സിനിമകളും
ലോകഃ ഹിറ്റായതോടെ ഹൈന്ദവർക്കുവേണ്ടിയെന്നു പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിച്ച് കുറേ പേരെ ഇപ്പോൾ നവമാധ്യമങ്ങളിൽ കാണാനുണ്ട്. കള്ളിയങ്കാട്ട് നീലിയും കടമറ്റത്ത് കത്തനാരും കുട്ടിച്ചാത്തന്മാരുമെല്ലാം ഉൾപ്പെടുന്ന നമ്മുടെ മിത്തുകളുടെ പുനർവായനയും കൗതുകമാർന്ന ചിത്രീകരണവും കലാവിഷ്‌ക്കാരത്തിന്റെ ക്യാൻവാസിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചിടാൻ ശ്രമിക്കുന്നവരാണിവർ. നീലിയും കത്തനാരും ചേർന്ന് ഏതോ പെരുംചാത്തനെ ഒതുക്കാൻ പോകുന്നുവെന്ന വിവരണമെല്ലാം ഹൈന്ദവവിശ്വാസത്തെ മുറിവേൽപ്പിക്കാൻ വ്യത്യസ്ത ജാതിയിൽ പെട്ട നിർമ്മാതാവും സംവിധായകനും ഒരുമിച്ചിരിക്കുകയാണെന്ന വിഷം കലർന്ന അവകാശവാദങ്ങൾ ഏതായാലും മലയാളികൾ മുഖവിലയ്‌ക്കെടുക്കില്ല. സീതയുടെ പര്യായ പദമെന്നു തോന്നുന്ന സിനിമാപ്പേരിന് 'വി' എന്ന ഇനീഷ്യൽ ചേർപ്പിക്കാൻ മടിക്കാത്ത സിനിമാ സെൻസർ ബോർഡിന്റെ പുതിയ കുതന്ത്രങ്ങൾ ഇനി മലയാള സിനിമ കരുതിയിരിക്കണം.
സ്‌പോർട്‌സും സിനിമയുമെല്ലാം ഇന്ത്യയുടെ മതനിരപേക്ഷതയുടെ റിയാലിറ്റിഷോകളാണ്. ഒരു സിനിമയുടെ നിർമ്മാണമായാലും ഒരു ക്രിക്കറ്റ് മാച്ചിന്റെ വേദിയായാലും അവിടെ ഇടപഴകുന്നവർക്ക് ജാതിയുടെ മേനിപറച്ചിലോ ഇകഴ്ത്തിക്കെട്ടലോ ഇല്ല. ഏത് വേഷമായാലും, ഒരു നടനോ നടിയോ ചിന്തിക്കുന്നത് അവർ അവതരിപ്പിക്കുന്ന കഥാപാത്രത്തെ എങ്ങനെ പെർഫെക്ടാക്കാമെന്നാണ്. 'ലോക' യിൽ കല്യാണിക്ക് ഇത്തവണ ശബ്ദം നൽകിയിരിക്കുന്നത് ഗായിക സയനോരയാണ്. അതുകൊണ്ടെന്ത്? സയനോരയുടെ മതം വേറെയായതുകൊണ്ട്, അവരും ഉഡായിപ്പുകളുടെ പ്രതിപ്പട്ടികയിൽപെടുമോ? എന്ത് ഭോഷ്‌ക്കാണിത്?
ശ്വേതയും കല്യാണിയും കുക്കുവും...
'അമ്മ'യുടെ പ്രസിഡന്റായി ശ്വേതയും സെക്രട്ടറിയായി കുക്കു പരമേശ്വരനും ചുമതലയേറ്റു കഴിഞ്ഞു. സിനിമയിലാണെങ്കിൽ മോഹൻലാൽ ചിത്രത്തെ 'സ്‌നേഹപൂർവം' മലയർത്തിയടിച്ച് കല്യാണി പ്രിയദർശനും നമ്മെ അമ്പരപ്പിച്ചു കഴിഞ്ഞു. ഈ പെൺശിങ്കങ്ങൾക്ക് കേരളത്തിൽ ഇന്ന് സ്ത്രീകൾ പൊതുവേ നേരിടുന്ന അരക്ഷിതാവസ്ഥയ്‌ക്കെതിരെ ഒരു പോർമുഖം തുറക്കാനാവുമോ
ഹീറോയില്ലെങ്കിലും ഹീറോയിൻ വിചാരിച്ചാലും ചിത്രം വിജയിക്കുമെന്ന് 'ലോക' തെളിയിച്ചു കഴിഞ്ഞു. എല്ലാ ദിവസവും സ്ത്രീകളുടെ ആത്മഹത്യയോ പീഡനമോ ഇല്ലാതെ കേരളം ഉണർന്നെഴുന്നേൽക്കുന്നില്ല. കോൺഗ്രസ് പീഡനമാണെങ്കിൽ കേസ്. മാർക്‌സിസ്റ്റ് പീഡനമാണെങ്കിൽ കേസില്ല എന്ന മട്ടിലാണ് നമ്മുടെ ക്രമസമാധാനപാലനം പുരോഗമിക്കുന്നത്. ഇത്തരം 'സ്ത്രീ വിരുദ്ധ പൊല്ലാപ്പു'കൾ റിപ്പോർട്ട് ചെയ്യുന്ന മറുനാടനെ പോലെയുള്ളവരെ തല്ലിയൊതുക്കാൻ 'ആളെ വിടുന്ന' വർ കേരള വനിതകളുടെ സംരക്ഷകരാകുന്നതെങ്ങനെ?
സിനിമയിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും സംഭവങ്ങളും അടങ്ങിയ 49 കേസുകൾക്കു മേൽ ആരാണ് അടയിരുന്നതും എഴുതിത്തള്ളിയതും? കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസിൽ ഏത് എം.എൽ.എ.യാണ് ഇപ്പോഴും പാർട്ടി സംരക്ഷണത്തിൽ കഴിയുന്നത്? അഴിമതിക്കാരനാണെന്നു പറയുകയും, പിന്നീട് 'അങ്ങേര് ആ ടൈപ്പാ' യിരുന്നില്ലെന്നു മന്ത്രി പറയുകയും ചെയ്ത നവീൻബാബുവിന്റെ മരണത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമാണോ?
ഇവിടെ നവീൻ ബാബുവിന്റെ വിധവയ്ക്കും രണ്ട് പെൺമക്കൾക്കും നീതി ലഭിക്കുന്നുണ്ടോ? നമുക്ക് സ്ത്രീ പീഡനങ്ങളെയും സ്ത്രീകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണതകളെയും പാർട്ടിപ്പതാകകൾ പുതപ്പിച്ച് തമസ്‌കരിക്കാൻ ശ്രമിക്കണോ? സൗജന്യമായി വിദ്യാഭ്യാസം നൽകുന്നത് മതപരിവർത്തനക്കുറ്റം ചാർത്താൻ കഴിയുന്ന വിധം നിയമം മാറ്റിയെഴുതുന്നവരെ ചോദ്യം ചെയ്യാൻ ബീഹാറിൽ സ്ത്രീകൾ രംഗത്തിറങ്ങിക്കഴിഞ്ഞു. സ്ത്രീ സാക്ഷരതയിൽ മുൻപന്തിയിലുള്ള കേരളത്തിൽ പെൺപക്ഷത്തു നിന്ന് ഒരു മുന്നേറ്റം അനിവാര്യമായ കാലഘട്ടമാണിത്.
ആദിവാസി സമര നായിക സി.കെ.ജാനു എൻ.ഡി.എ. മുന്നണി വിട്ട വാർത്ത പല മുഖ്യധാരാ മാധ്യമങ്ങളും മുക്കി. ഏതോ കീറിപ്പറിഞ്ഞ പഴയ സാരി വലിച്ചുകെട്ടി മറച്ച മുറികളും എവിടെ നിന്നോ സംഘടിപ്പിച്ച പ്ലാസ്റ്റിക് ഷീറ്റ് ചുള്ളിക്കമ്പുകൾ വച്ചുകെട്ടി മേൽക്കുരയാക്കി മാറ്റിയ ആദിവാസി വീടിന് സർക്കാർ ഇട്ടിരിക്കുന്ന പേര് 'ഉന്നതി' എന്നാണ്. ഇത്തരത്തിലുള്ള ഒരു ഉന്നതിയിൽ നിന്നാണ് ഒരു നാല് വയസ്സുകാരനെ കടുവ വലിച്ചിഴച്ചുകൊണ്ടു പോയത്. കൈയിൽ കിട്ടിയ കല്ലുമെടുത്ത് കടുവയ്ക്കു നേരെ പാഞ്ഞടുത്ത ആദിവാസിയെ എത്ര സെലിബ്രിറ്റികൾ പോയി കണ്ടു?
കലാ സാംസ്‌ക്കാരിക വഴികളിലൂടെയാണ് എക്കാലത്തും കേരളത്തിൽ ജനമുന്നേറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. കെ.പി.എ.സി പോലുള്ള നാടക സമിതികളെ ഇവിടെ ഓർമ്മിക്കുക അതേ കൂടിവരവുകളാണ് അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണമായതും. കല്യാണി നായികയായ 'ലോകഃ'യിലെ പുതിയ വീരനായികാവേഷം 'റിയൽ ലൈഫിലും ' ജന്മമെടുക്കാൻ പ്രചോദനമേകട്ടെ.
ഓണം ഒരു ഐതിഹ്യമാണ്; മിത്താണ്. അത്തരം ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും ശർക്കര ഉപ്പേരി പോലുള്ള മാനവീയ കൂട്ടായ്മകളുടെ മധുരമയമായ സങ്കലനത്തിലൂടെയാണ് ലോകഃ എന്ന കലാവിഷ്‌ക്കാരത്തിന്റെ വിജയം സാധ്യമായത്. ആ വിജയത്തിന്റെ വഴി സ്‌നേഹ സൗകുമാര്യങ്ങളുടെ നവലോകത്തേയ്ക്കായിരിക്കട്ടെ. അതേ, പുതിയ പുലരിയുടെ വാതിൽ തുറക്കുമ്പോൾ മറ്റൊരു മനോഹരമായ 'യുണിവേഴ്‌സ്' നമുക്ക് മുന്നിൽ അനാവരണം ചെയ്യട്ടെ. ദുൽഖർ - ഡോമിനിക് - നിമിഷ് -കല്യാണി ടീമിന് ഒരു ഓണമുത്തം നൽകുന്നു. ജയ് മലയാളി, ജയ് ഭാരതീയൻ !
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്