'കേരളത്തിലെ ആരോഗ്യ മേഖല രോഗശയ്യയിൽ ആണെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമം നടത്തുന്നു' ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഈ വിലാപം ലഘുവാർത്തയായി ഒതുങ്ങിപ്പോയതിനാൽ മെഡിക്കൽ രംഗമോ പൊതുജനങ്ങളോ അക്കാര്യം ശ്രദ്ധിച്ചതിന്റെ സൂചനകൾ പുറത്തുവന്നില്ല. ആരോപിത മാധ്യമങ്ങളുടെ പേരു പറഞ്ഞ് സ്ഥാപിത താൽപ്പര്യം കൂടി വ്യക്തമാക്കിയിരുന്നെങ്കിൽ 'അത്തരം അജണ്ടകൾ വിലപ്പോവുകയില്ലെ'ന്ന തന്റെ മുന്നറിയിപ്പിന് ഇത്തിരിയെങ്കിലും ഗൗരവം കൈവരുമെന്ന കാര്യം അറിയാത്തയാളാകില്ല മുൻ മാധ്യമ പ്രവർത്തക കൂടിയായ മന്ത്രി. കണ്ണട കൊണ്ടും കല്ലേറു തടയാൻ നോക്കുകയാണു വീണാ ജോർജെന്നാണ് ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ഇതേപ്പറ്റി പറഞ്ഞത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 15 പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു തീർത്തും അനവസരത്തിലായിപ്പോയ വിമർശനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണാ ജോർജിൽ നിന്നുണ്ടായത്. എത്ര ശ്രമിച്ചാലും ആരോഗ്യമേഖല മുന്നോട്ട് പോകുന്നുണ്ടെന്നും സാധാരണക്കാരെ സർക്കാർ ചേർത്തുപിടിക്കുമെന്നും കൂടി മന്ത്രി വ്യക്തമാക്കുകയും ചെയ്തു.
സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കൈയടി നേടാൻ ശ്രമം നടത്തി. സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിൽ വിദേശത്തുള്ള വൻ കമ്പനികൾ നിക്ഷേപം നടത്തുന്നത് അവർ ചെലവാക്കുന്ന പണം കൂടുതൽ ലാഭമാക്കി തിരിച്ചെടുക്കാനാണെന്നും കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുക എന്നതല്ല അവരുടെ ലക്ഷ്യമെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. അതുകൊണ്ടാണോ വിദഗ്ധ ചികിൽസയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് ആവർത്തിച്ചു യാത്ര നടത്തുന്നതെന്ന ചോദ്യം അതിനിടെ ബാക്കിയായി.
ആശുപത്രികളിലെ മരുന്ന് ക്ഷാമം, ശസ്ത്രക്രിയാ ഉപകരണങ്ങൾ അടക്കമുള്ളവ രോഗികൾ തന്നെ വാങ്ങി നൽകേണ്ട ഗതികേട്, അത്യാഹിത വിഭാഗത്തിൽ തീപ്പിടിത്തം, ഓപ്പറേഷൻ ഉപകരണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വന്നുവെന്ന് മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവിക്ക് ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്ന സാഹചര്യം, മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ കൊല്ലപ്പെട്ട സംഭവം... ഇതിനെയെല്ലാം നിസ്സാരവൽക്കരിക്കാൻ 'സിസ്റ്റത്തിന്റെ തകരാറെ'ന്ന ഒഴികഴിവ് പറഞ്ഞതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ ജനങ്ങളെയറിയിച്ചതിന്റെ പേരിൽ മാധ്യമങ്ങളെ ഗൂഢാലോചനക്കാരാക്കിയത്. രണ്ടാം പിണറായി സർക്കാരിൽ ഏറ്റവും അധികം പഴികളും പരാതികളും കേൾക്കുന്ന വകുപ്പുകളിൽ ആരോഗ്യവകുപ്പിന് പ്രത്യേക സ്ഥാനം തന്നെയുണ്ടെന്ന കാര്യം തമസ്‌കരിക്കാൻ ഒരു പാഴ് ശ്രമം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ മതിയായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന് സമൂഹമാധ്യമം വഴി ഡോ. ഹാരിസ് ചിറയ്ക്കൽ വെളിപ്പെടുത്തിയപ്പോൾ ഇളകിയത് സർക്കാർ കെട്ടിപ്പൊക്കിയ ദന്തഗോപുരങ്ങളായിരുന്നു. പ്രശ്‌നങ്ങൾക്ക് കാരണം 'സിസ്റ്റം' തകരാറാണെന്ന് ആരോഗ്യമന്ത്രി ആദ്യം പറഞ്ഞ ശേഷം ഡോക്ടറെ പ്രതിസ്ഥാനത്തു നിർത്താനാണു ശ്രമിച്ചത്. എന്നാൽ ഡോക്ടർ ഉയർത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്ന റിപ്പോർട്ട് ആയിരുന്നു ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി നൽകിയത്. മറ്റ് വകുപ്പ് മേധാവികളും ഉപകരണക്ഷാമത്തെ കുറിച്ച് സമാന അഭിപ്രായം അന്വേഷണ സമിതിക്ക് മുമ്പാകെ നൽകി. എന്നിട്ടും പല സർക്കാർ ആശുപത്രികളും അത്യാസന്ന നിലയിലാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും സർക്കാർ തിരിച്ചറിയുന്നില്ല. സംവിധാനത്തിൽ തന്നെ ആഴത്തിലുള്ള തകരാറ് ഉണ്ടെന്ന് ഡോക്ടർമാർ രഹസ്യമായി വിലയിരുത്തുന്നു.
ഉത്തർപ്രദേശ് ഗൊരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഉണ്ടായ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് 68 കുട്ടികൾ മരിച്ച സംഭവം പുറത്തെത്തിച്ചത് ഡോ. കഫീൽ ഖാൻ എന്ന ഡോക്ടറായിരുന്നു. എന്നാൽ, മെഡിക്കൽ കോളജിൽ എത്തുന്ന ഓക്‌സിജൻ സിലിണ്ടറുകൾ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുവിൽക്കുന്നവരുമായി കഫീൽ ഖാന് ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു യോഗി സർക്കാരിന്റെ ശ്രമം. ഈ കുറ്റം ചുമത്തി പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഈ കുറ്റം സ്ഥാപിക്കപ്പെട്ടു. സർക്കാർ സംവിധാനങ്ങളെ, പ്രത്യേകിച്ച് അതിന്റെ ഭാഗമായവർ വിമർശിച്ചാൽ ഭരണകൂടത്തിന്റെ മനോഭാവം കേരളത്തിലും സമാനമായിരിക്കുമെന്ന് തെളിയിച്ചു ഡോ. ഹാരിസ് ചിറക്കലിന്റെ അനുഭവം. ഡോ. കഫീൽ ഖാനെ വാനോളം പുകഴ്ത്തിയവർ ഡോ. ഹാരിസിന്റെ കാര്യം വന്നതോടെ മലക്കം മറിഞ്ഞു.
എന്തുകൊണ്ടാണ് ആരോഗ്യ വകുപ്പിന് നിരന്തരമായി പഴികൾ കേൾക്കേണ്ടി വരുന്നതെന്ന് ആത്മപരിശോധന നടത്താൻ ഭരണകൂടം സമയം മാറ്റിവയ്ക്കുന്നില്ല. വികസിത രാജ്യങ്ങൾക്കൊപ്പമെന്ന് പ്രശംസിക്കപ്പെട്ടിരുന്ന കേരളത്തിന്റെ ആരോഗ്യ മാതൃക തകരാറിലെന്നു പറയുന്നത് പ്രതിപക്ഷങ്ങൾ മാത്രമല്ല. ചില വെളിപ്പെടുത്തലുകൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ കാരണമാകുകയാണെന്ന പല്ലവി കുറേക്കാലമായി ഉയരുന്നുമുണ്ട്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലും രാഷ്ട്രീയം നുഴഞ്ഞുകയറിയത് പുതിയ കാര്യമല്ല.
ഇവിടത്തെ ആരോഗ്യമേഖല തകരാറിലാണെന്ന ആരോപണങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മാറി വരുന്ന എല്ലാ സർക്കാരുകളും കേൾക്കുന്ന പഴിയാണ് അത്. കേരളത്തിലെ നിർധനരോഗികളുടെ ആശ്രയകേന്ദ്രങ്ങൾ തന്നെയാണ് സർക്കാർ ആതുരാലയങ്ങൾ. ഓരോ വർഷവും ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണം വർധിക്കുന്നത് ഇവയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഇവിടേക്ക് വരുന്നവരിൽ അധികവും സ്വകാര്യ ആശുപത്രികളിലെ ചെലവുകൾ താങ്ങാനാവാത്തവരായിരിക്കും.
കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണമായിരുന്നു പിണറായി സർക്കാരിനെതിരെ ആദ്യമായി കേട്ടത്. സർക്കാർ സാഹചര്യങ്ങൾ വിശദീകരിച്ചെങ്കിലും ആ ആരോപണങ്ങൾ ഇപ്പോഴും ഒരു രാഷ്ട്രീയ ചോദ്യമായി നിലനിർത്താൻ പ്രതിപക്ഷത്തിന് കഴിയുന്നുണ്ട്. അതിൽ രാഷ്ട്രീയമുണ്ടാവാം. എങ്കിലും അതിന് ശേഷം ഉയർന്ന ആരോപണങ്ങളും പ്രത്യക്ഷത്തിൽ ജനങ്ങളെ ബാധിച്ച പ്രശ്‌നങ്ങളായിരുന്നു.
സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം അടക്കമുള്ള വിഷയങ്ങൾ പൊതുമണ്ഡലത്തിൽ എത്തി. സമീപകാലത്ത് ഉയർന്ന ആരോപണങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്ത് ഉണ്ടായിട്ടുള്ള ഗുരുതരവും സങ്കീർണ്ണവുമായ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹാരമാർഗ്ഗങ്ങൾ നിർദേശിക്കാനുമായി ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിച്ചത്.
'ഗൈഡ് വയർ'
ലക്ഷക്കണക്കിന് സാധാരണക്കാരുടെ പ്രതീക്ഷയും അത്താണിയുമാണ് സർക്കാർ ആശുപത്രികൾ. എന്നാൽ ഈ ആശുപത്രികളെ ബാധിച്ച രോഗാവസ്ഥ എത്രമേൽ ഗുരുതരമെന്ന ആശങ്ക പങ്കുവയ്ക്കുന്നു പുറത്തുവരുന്ന വാർത്തകൾ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കു വിധേയയായ സുമയ്യയുടെ ശരീരത്തിൽ രണ്ടു വർഷമായി 'ഗൈഡ് വയർ' കുടുങ്ങിക്കിടക്കുകയാണിപ്പോഴും. അതുമൂലം അവർ നേരിട്ടുകൊണ്ടിരിക്കുന്നത് അതീവ ഗുരുതരമായ അസ്വാസ്ഥ്യങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളജിൽ ഹർഷിന എന്ന യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ നടത്തിയ കത്രിക മറന്നുവച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇനി ഇത്തരമൊരു വാർത്ത കേൾക്കില്ലെന്ന ഉറപ്പിൽ ആശ്വസിച്ചവർ സുമയ്യ എന്ന 24 കാരിയുടെ ദുരിതവും കൂട്ടിവായിക്കേണ്ടിവന്നു.
സുമയ്യയ്ക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത് 2023 മാർച്ചിലാണ്. തൈറോയ്ഡ് ഗ്രന്ധി എടുത്തുകളയുന്ന ശസ്ത്രക്രിയക്കിടെ ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകുന്നതിന് സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുരുങ്ങി കിടക്കുന്നത്. ഇത് നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് രണ്ടു വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലാണ്.
വിവരം അറിഞ്ഞയുടൻ അന്വേഷണത്തിനായി വിദഗ്ധ സമിതി രൂപീകരിച്ചെങ്കിലും കഴിഞ്ഞമാസം 14ന് മാത്രമാണ് ആദ്യയോഗം ചേർന്നതെന്നതിലൂടെ വ്യക്തമായി സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ ശുഷ്‌കാന്തി. ഗൈഡ് വയർ ശരീരത്തിൽ കിടക്കുന്നതുകൊണ്ട് രോഗിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമുണ്ടാകില്ലെന്ന കണ്ടെത്തലാണ് ആരോഗ്യവകുപ്പ് നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം രണ്ടുവർഷമായി താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് സുമയ്യ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരേ പരാതിയും നൽകിയിട്ടുണ്ട്.
ആശുപത്രികളിൽ നടക്കുന്ന വീഴ്ചകൾ പലപ്പോഴും 'ഒറ്റപ്പെട്ടത്' എന്നു പറഞ്ഞ് ഒതുക്കുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അത് വ്യക്തിപരമായ അലംഭാവമല്ല, സ്ഥാപനപരമായ ഉത്തരവാദിത്തക്കുറവാണെന്നു വ്യക്തമാകുകയാണ്. കൃത്യമായ മേൽനോട്ട സംവിധാനം, സുരക്ഷാ പ്രോട്ടോക്കോൾ തുടങ്ങിയവയൊന്നും പ്രതീക്ഷിക്കുന്ന നിലവാരത്തിൽ പ്രവർത്തിക്കുന്നില്ല. പരിശീലന സംവിധാനങ്ങളും ചടങ്ങുകളുടെ ഭാഗമായി മാറുന്നു.
ഡോ. ഹാരിസ് ചിറയ്ക്കൽ ചൂണ്ടിക്കാട്ടിയത് ഒരു സംവിധാനത്തിന്റെ മൊത്തം പിഴവാണ്. ഓഫീസുകൾ കയറി ഇറങ്ങി, ചെരിപ്പുതേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു എന്നാണ് ഡോക്ടർ പറഞ്ഞത്. പുതിയ ഉപകരണങ്ങൾ വേണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ പോലും നേരിട്ട് പരാതി പറഞ്ഞിട്ടും ഫലുമുണ്ടായില്ല എന്ന് പറയുമ്പോൾ പിഴവിന്റെ ആഴം വ്യക്തം.
പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനം ഏറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ഒരുപാട് ജനങ്ങൾക്ക് ഇതിന്റെ ഗുണം മിക്കവാറും കിനാവു മാത്രം. മരുന്നുക്ഷാമം, അടിസ്ഥാന ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുറവ്, ചികിത്സ മാറ്റിവയ്‌ക്കേണ്ട സാഹചര്യത്തെയൊന്നും ചെറുതായി കാണാനാവില്ല. കോടികളുടെ കുടിശ്ശിക നൽകാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രികളിലേതടക്കമുള്ള സർക്കാർ ആശുപത്രികളിലേക്കുള്ള ഹൃദയശസ്ത്രക്രിയ ഉപകരണ വിതരണം നിർത്തിവയ്ച്ചിരിക്കുകയാണ് വിതരണ കമ്പനികൾ. 18 മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. 158 കോടി വരുമിത്. നിലവിലുള്ള സ്‌റ്റോക്കുകൾ തീർന്നാൽ സർക്കാർ ആതുരാലയങ്ങളിലെ ഹൃദയചികിത്സ നിലച്ചേക്കും.
'കേരള മാതൃക'
പൊതുജനാരോഗ്യ രംഗത്തോടുള്ള വിശ്വാസം കെട്ടിപ്പടുക്കുകയെന്നത് അനിവാര്യം. രോഗി ആശുപത്രിയിൽ എത്തുന്നത് രോഗശാന്തിക്കാണ്, മരണ ഭീഷണിയിലേക്ക് അല്ല. ആരോഗ്യരംഗത്തെ 'കേരള മാതൃക' മുദ്രാവാക്യമായി മാത്രം നിൽക്കാതെ, ജനങ്ങൾ അനുഭവിക്കുന്ന യാഥാർഥ്യമായിത്തീർന്നാൽ മാത്രമേ പൊതുജനാരോഗ്യത്തിന്റെ വിശ്വാസം തിരികെ പിടിക്കാനാകൂ. പൊതുജനാരോഗ്യത്തിന്റെ മഹത്വം നിലനിർത്തേണ്ടത് കേരളത്തിന്റെ കടമയാണ്. എന്നാൽ അതിന് പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും മതിയാകില്ല. ആശുപത്രികൾക്ക് ആവശ്യമായ സൗകര്യങ്ങളും മരുന്നുകളും ഉറപ്പാക്കുകയെന്നതു പ്രധാനം. ഉത്തരവാദിത്വബോധം വളർത്തുന്ന സംവിധാനം യാഥാർത്ഥ്യമാകുകയും വേണം. ആരോഗ്യരംഗത്ത് കേരളത്തിന്റെ 'നമ്പർ വൺ' സ്ഥാനം നിലനിർത്തണമെങ്കിൽ മാധ്യമങ്ങളിലൂടെ തുറന്നു കാട്ടപ്പെട്ട വിള്ളലുകൾ അടിയന്തരമായി പരിഹരിക്കപ്പെടുകയാണാവശ്യം. പകരം പഴയ പ്രതിരോധ തന്ത്രങ്ങൾ ഫലപ്രദമാകില്ല.
ഹൃദയ ശസ്ത്രക്രിയകൾ മാറ്റിവച്ചാൽ അത് രോഗിയുടെ ജീവനുതന്നെ ഭീഷണിയാകും. പ്രധാന സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ സ്‌റ്റെന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ക്ഷാമമല്ല അത്തരമൊരു സാഹചര്യത്തിന് ഇടയാക്കിയിട്ടുള്ളത്. ഉപകരണങ്ങൾ എത്ര വേണമെങ്കിലും നൽകാൻ കമ്പനികൾ തയ്യാറാണ്. എന്നാൽ അവർക്ക് കൊടുക്കാനുള്ള കുടിശ്ശിക 150 കോടി കടന്നിട്ടും വീണ്ടും ഉപകരണങ്ങൾ മുടങ്ങാതെ നൽകണമെന്ന നിർദ്ദേശം നടപ്പായില്ല. മെഡിക്കൽ കോളേജ് ആശുപത്രികൾ ഉൾപ്പെടെ പ്രധാന സർക്കാർ ആശുപത്രികളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം മെഡിക്കൽ ഉപകരണ വിതരണക്കാരുടെ സംഘടന നിറുത്തിവച്ചു.
കേരളത്തിലെ ആരോഗ്യ മേഖല ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റേതെന്നും അതിന്റെ ഭാഗമായിട്ടാണ് പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിൽ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളെന്നും, പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ 46 കോടി ചെലവാക്കി നിർമ്മിച്ച ബഹുനിലനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചതിനു പിന്നാലെയാണ് ഹൃദയ ശസ്ത്രക്രിയകൾ നിലച്ചുതുടങ്ങിയെന്ന വാർത്ത പുറത്തുവന്നത്. മറ്റ് മെഡിക്കൽ ക്‌ളെയിമുകളോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത സംസ്ഥാനത്തെ പാവപ്പെട്ട രോഗികളാണ് ഹൃദയ ശസ്ത്രക്രിയകൾക്കായും മറ്റും മെഡിക്കൽ കോളേജ് ആശുപത്രികളെ സമീപിക്കുന്നതെന്ന വസ്തുതയും വേണ്ടപ്പെട്ടവർ മറക്കുന്നു.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്