ശബരിമല വീണ്ടും വിവാദമല കയറുകയാണ്. ആഗോള അയ്യപ്പസംഗമം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത് എന്തെന്ന ഒറ്റ ചോദ്യത്തിന്മേൽ ചുറ്റിത്തിരിയുകയാണ് പുതിയ കേരള രാഷ്ട്രീയം. ശബരിമലയിൽ നടക്കുന്നത് വികസനത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആണെന്ന് ദേവസ്വം ബോർഡ് ആവർത്തിക്കുമ്പോഴും അത് വോട്ടിലേക്കുള്ള വഴിയെന്ന് കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ പറയുന്നു. അവസരവാദമോ അടവു നയമോ എന്ന് ആശങ്കപ്പെടുന്നവരോട് ഇടതു സർക്കാരിന് പറയാനുള്ളത് വികസന മന്ത്രമാണ്. ശബരിമല വികസിക്കണം. ഒപ്പം വിശ്വാസ സംരക്ഷണ ലംഘനത്തിന്റെ പേരിൽ ഈ സർക്കാർ കേട്ട പഴികൾ, അതിന്റെ പാപക്കറ മായ്ക്കണം.
അപ്പോൾ വിശ്വാസത്തിന്റെ പേരിൽ കേസെടുക്കപ്പെട്ട ചെറുപ്പക്കാരുടെ കാര്യത്തിൽ സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യം ഒരു മാറ്റൊലിയായി അന്തരീക്ഷത്തിൽ ഉയരും. വ്യക്തമായ മറുപടിയില്ലാത്ത മാറ്റൊലി. നാമജപ പ്രക്ഷോഭ കേസുകളിൽ വിശ്വാസികൾക്ക് എതിരായ നടപടി. ഏറ്റവും ഒടുവിൽ ഹൈക്കോടതിയുടെ ഇടപെടൽ കൂടിയായതോടെ സംശയത്തിന്റെ നിഴലിൽ നിന്ന് മാറിനിൽക്കാൻ സർക്കാരിന് കഴിയാത്ത നിലയുണ്ടായി. ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും എന്തുക്കൊണ്ടാണ് അയ്യപ്പ സംഗമം എന്ന് പേര് നൽകിയതെന്നും ഹൈക്കോടതി ചോദിച്ചു. സ്‌പോൺസർഷിപ്പിലൂടെ എന്തിനാണ് പരിപാടി നടത്തുന്നതെന്നും കോടതി ആരാഞ്ഞു.
ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ്, അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്. മതസൗഹാർദം ഊട്ടിയുറപ്പിക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സർക്കാർ വ്യക്തമാക്കി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സംഗമവുമായി ബന്ധപ്പെട്ട ഫണ്ടുസമാഹരണവും വരവുചെലവുകളും സംബന്ധിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും സർക്കാരിനോടും നിർദേശിച്ചു.
സംഗമത്തിനായി സർക്കാർ ഖജനാവിൽ നിന്ന് നാലു കോടി രൂപ മുടക്കുന്നതും നികുതിദായകർക്ക് ഉത്തരം കിട്ടേണ്ട ചോദ്യമാണ്. ഇതിനുപുറമേ പെരിയാർ കടുവാ സങ്കേതത്തിന്റെ സംരക്ഷണം സർക്കാർ ഉറപ്പാക്കണം എന്ന പാരിസ്ഥിതികവിഷയം കൂടി കേരള ഹൈക്കോടതി ഉന്നയിച്ചു. ഇതോടെ വിവാദത്തിന്റെ മാനം കേവലം വിശ്വാസപരമോ രാഷ്ട്രീയപരമോ അല്ലെന്നും വന്നു. ഇതിനുപുറമേ ഫണ്ട് പിരിവ് സംബന്ധിച്ച സംശയങ്ങളും കൂടി ഹൈക്കോടതി ഉന്നയിച്ചതോടെ കേവലം രാഷ്ട്രീയ മറുപടികൾക്കപ്പുറത്തേക്ക് കാര്യങ്ങൾ കടന്നു. കേസ് പരിഗണിക്കുന്ന ദേവസ്വം ബെഞ്ചിന് മുന്നിൽ ഏതാനും ദിവസങ്ങൾക്കകം സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
നയം വ്യക്തമാക്കണം
സർക്കാർ അല്ല തിരുവിതാംകൂർ ദേവസ്വമാണ് അയ്യപ്പ സംഗമം നടത്തുന്നത് എന്നതായിരിക്കും സർക്കാരിന്റെ പ്രധാന വാദം. അതിനിടെ,അയ്യപ്പ സംഗമത്തിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്താൻ ബി.ജെ.പി കച്ചകെട്ടിക്കഴിഞ്ഞു. സംഘപരിവാർ സംഘടനകൾ ഹിന്ദു ഐക്യവേദി തുടങ്ങിയ പ്രസ്ഥാനങ്ങൾ അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ഹിന്ദു ഐക്യവേദി അയ്യപ്പ സംഗമം നടത്താൻ നീങ്ങുന്നു.
സർക്കാർ നേരിട്ടല്ല സംഗമം നടത്തുന്നത് അതിനുള്ള പിന്തുണ മാത്രമാണ് സർക്കാർ നൽകുന്നതെന്ന് ഔദ്യോഗിക ന്യായം കേട്ടതായി ഈ ഹൈന്ദവ സംഘടനകൾ ഭാവിച്ചിട്ടേയില്ല. ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞ് പോയ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു വിശ്വാസത്തിനും എതിരായ നിലപാട് സി.പി.എം ഇന്നലെയും ഇന്നും എടുത്തിട്ടില്ല, നാളെയും എടുക്കില്ലെന്ന് ഗോവിന്ദൻ. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്. വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികളെ കൂട്ടിപ്പിടിച്ചുവേണം വർഗീയവാദികളെ പ്രതിരോധിക്കാനെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
വർഗീയവാദികൾ വിശ്വാസികളല്ലെന്നും അവർ വിശ്വാസത്തെ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷട്രീയ ഉദ്ദേശത്തോട് കൂടി മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരുടെ പേരാണ് വർഗീയവാദികൾ. വർഗീയവാദികൾ വിശ്വാസികളല്ല. വിശ്വാസികൾക്കൊപ്പമാണ് സി.പി.എം. വിശ്വാസത്തിനെതിരായ നിലപാട് ഇന്നും ഇന്നലെയും നാളെയും സി.പി.എം എടുക്കില്ല എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
എന്നാൽ തന്ത്രപരമായ സമീപനമാണ് ഇക്കാര്യത്തിൽ വി.ഡി. സതീശനും യു.ഡി.എഫും കൈക്കൊണ്ടത്. പ്രത്യക്ഷത്തിൽ വിശ്വാസികൾക്ക് പോറലേൽക്കാത്ത ഒരു നിലപാട് എന്ന് തോന്നും. സംഗമത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് പരസ്യമായി പറയുമ്പോഴും ചില ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പിന്മാറ്റം. നേരത്തെ, ആഗോള അയ്യപ്പസംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ വി.ഡി. സതീശൻ പ്രതിഷേധ സൂചന നൽകിയിരുന്നു. ചടങ്ങിലേക്ക് ക്ഷണിക്കാൻ എത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ കാണാൻ പ്രതിപക്ഷനേതാവ് തയ്യാറായില്ല.
ദേവസ്വം ബോർഡ് പ്രസിഡന്റും ബോർഡ് അംഗവുമാണ് പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കാൻ കന്റോൻമെന്റ് ഹൗസിൽ എത്തിയത്. എന്നാൽ, ഇവരെ കാണാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. അല്പസമയം കാത്തിരുന്നശേഷം ഇരുവരും മടങ്ങി. വി.ഡി. സതീശനാണ് പരിപാടിയുടെ ഉപരക്ഷാധികാരി എന്നായിരുന്നു ദേവസ്വം ബോർഡ് പറഞ്ഞിരുന്നത്. അതേസമയം, തന്നോട് ആലോചിക്കാതെയാണ് ചുമതല നൽകിയത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. കമ്മിറ്റിക്കാരൻ ആയി നിശ്ചയിക്കുംമുൻപ് തന്നോട് ആലോചിച്ചില്ലെന്ന വിമർശനവും പ്രതിപക്ഷ നേതാവ് ഉയർത്തി.
ബഹിഷ്‌കരണവും ഇല്ല സഹകരണവുമില്ല എന്ന സമദൂരനയമാണ് സതീശൻ സ്വീകരിച്ചത്. യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ നിലനിൽക്കുന്ന സത്യവാങ്മൂലം സർക്കാർ പിൻവലിക്കുമോ?
ഇതേസമയം പങ്കെടുക്കാനുള്ള സാമുദായിക സംഘടനകളുടെ നീക്കത്തെ യു.ഡി.എഫ് ചോദ്യം ചെയ്യില്ല. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ചുറ്റുപാടിൽ ഇത്തരം ഒരു നിലപാട് അല്ലാതെ മറ്റൊന്ന് കൈക്കൊള്ളാൻ യു.ഡി.എഫിന് കഴിയുകയുമില്ല. അതേസമയം, സംസ്ഥാന സർക്കാരിന്റെ പിന്തുണയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എൻ.എസ്.എസ് പിന്തുണ നൽകി. ശബരിമല അയ്യപ്പക്ഷേത്രത്തിൽ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുന്ന വികസനപ്രവർത്തനങ്ങളാണ് ആഗോള അയ്യപ്പസംഗമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് നല്ലതാണെന്ന് എൻ.എസ്.എസ് പ്രസ്താവനയിൽ വ്യക്തമാക്കി.
സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതും ആയിരിക്കണം. എങ്കിൽ മാത്രമേ ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയുകയുള്ളൂ. ഇക്കാര്യത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും സുകുമാരൻനായർ വ്യക്തമാക്കി.
തീരാത്ത ചോദ്യങ്ങൾ
മുഖ്യമന്ത്രി വിശ്വാസം തെളിയിക്കണമെന്ന് കുമ്മനം പറയുന്നതിന്റെ സാംഗത്യമെന്ത്? വിശ്വാസികൾക്ക് വേണ്ടി നടത്തുന്നതെങ്കിൽ പൂർണ പിന്തുണയെന്ന് എൻ.എസ്.എസ് പറയുമ്പോഴും യോഗക്ഷേമ സഭ സംശയിക്കുന്നതെന്തുകൊണ്ട് ? സംഗമം ഇലക്ഷൻ സ്റ്റാൻഡാണോ ? സംഗമത്തിൽ സംശയമെന്തിന്?
വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ കേസുകളിൽ 100 കണക്കിനാളുകൾ കോടതികൾ കയറിയിറങ്ങുകയാണ്. അവരുടെ കാര്യത്തിൽ ഇനിയെന്ത് നടപടിയാണ് ?
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ, ആ വിഷയത്തിൽ തൊടാതെ മാറാൻ തൽക്കാലം സർക്കാരിനും കഴിയും. ദേവസ്വം ബോർഡിന്റെ ചുമലിൽ ചാരി കൊണ്ടാണ് മന്ത്രി വി.എൻ. വാസവൻ ഇക്കാര്യത്തിൽ നിലപാടെടുത്തത്.
ഏതായാലും നിർദ്ദിഷ്ട അയ്യപ്പ സംഗമം കേരള രാഷ്ട്രീയത്തിലെ ഒരു വിവാദ സംഗമമായി മാറിയിരിക്കുന്നു. അത് വിവാദമായി തന്നെ മാസങ്ങളോളം സംസ്ഥാനത്തിന്റെ രാഷ്ട്രീയ നഭോ മണ്ഡലത്തിൽ എരിഞ്ഞുനിൽക്കും. അങ്ങനെ കെട്ടടങ്ങാതെ അത് നിലനിൽക്കേണ്ടത് ഇരു മുന്നണികൾക്കുമൊപ്പം ബി.ജെ.പിയുടെയും ആവശ്യമാണ്. മന്ത്രി വി.എൻ. വാസവൻ ഇതിൽ രാഷ്ട്രീയം ഇല്ലെന്ന് പറയുമ്പോഴും ഇതിൽ രാഷ്ട്രീയം മാത്രമേ ഉള്ളൂവെന്ന് അറിയാത്തവരല്ല മലയാളി സമൂഹം.
പ്രിജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്