ഡാളസ്: ചൂടുള്ള കാറിനുള്ളിൽ കുഞ്ഞിനെ ഉപേക്ഷിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഡാളസിൽ നിന്നുള്ള 27കാരിയായ വനേസ എസ്‌ക്വിവൽ എന്ന യുവതിയെയാണ് പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ഫ്രിസ്‌കോയിലെ ഒരു സ്പാ സെന്ററിൽ ജോലി ചെയ്യുമ്പോൾ 15 മാസം മാത്രം പ്രായമുള്ള മകനെ കാറിനുള്ളിൽ ഉപേക്ഷിച്ചെന്നാണ് പോലീസ് പറയുന്നത്. കടുത്ത ചൂടേറ്റതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
ആഗസ്റ്റ് 16നാണ് സംഭവം നടന്നത്. കുഞ്ഞിന് ബോധം നഷ്ടപ്പെട്ട നിലയിൽ അമ്മ തന്നെയാണ് പ്ലാനോയിലെ മെഡിക്കൽ സിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ കുഞ്ഞിന്റെ ശരീരതാപനില 106 ഡിഗ്രിക്ക് മുകളിലായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
പോലീസ് അന്വേഷണത്തിൽ, വനേസ ആദ്യം പോലീസിനോട് കളവ് പറഞ്ഞെങ്കിലും പിന്നീട് ഒരു സഹപ്രവർത്തകനോട് കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച കാര്യം സമ്മതിച്ചു. കുഞ്ഞിനെ നോക്കാൻ ആളില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതിയുടെ മൊഴി. സംഭവം നടന്ന ദിവസം ഫ്രിസ്‌കോയിൽ 95 ഡിഗ്രി ഫാരൻഹീറ്റ് വരെ ചൂട് രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിന് മുൻപ് വനേസ മക്‌ഡൊണാൾഡ്‌സിൽ കയറി ഭക്ഷണം വാങ്ങിയതായും പോലീസ് പറയുന്നു.
വനേസയെ കൊളിൻ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. 250,000 ഡോളർ ജാമ്യത്തുകയായി നിശ്ചയിച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്