ഇന്ന് പത്രങ്ങളിലും ചാനലുകളിലും ഒക്കെ ഒരു വാർത്ത ഉണ്ട് : സ്ത്രീപീഡനക്കേസിന് അറസ്റ്റിലായി പതിനൊന്നു കൊല്ലം ജയിലിൽ കിടന്ന ഒരു പ്രൊഫസർ മോചിതനായിരിക്കുന്നു. നിരപരാധിയാണ് എന്ന് തെളിഞ്ഞതിനെ തുടർന്നാണ് വിടുതൽ.
സംഭവത്തിന്റെ വിശദവിവരങ്ങൾ വായിച്ച് ഞാൻ സത്യത്തിൽ നടുങ്ങിപ്പോയി.
കേരളത്തിൽനിന്നുതന്നെയുള്ള വാർത്തയാണ്. ഒരു കോളേജിൽ പരീക്ഷ നടത്താൻ ചുമതലയുള്ള പ്രൊഫസർ നാലഞ്ചു കുട്ടികളെ കോപ്പിയടിച്ചതിന് പിടികൂടി. റിപ്പോർട്ട് പ്രിൻസിപ്പാൾക്ക് കൊടുത്തു.
പക്ഷേ വലിയ വീട്ടിലെ കുട്ടികൾ ആയതുകൊണ്ട് പ്രിൻസിപ്പാൾ അത് ഫയലിൽ സ്വീകരിക്കാതെ വച്ചു.
വിവരം അറിഞ്ഞ രക്ഷിതാക്കൾ പറ്റിയ രാഷ്ട്രീയക്കാരുടെ സഹായം തേടി വളഞ്ഞ വഴിക്ക് പ്രൊഫസറെ സമീപിച്ചു, റിപ്പോർട്ട് പിൻവലിക്കാൻ സമ്മർദം ചെലുത്തി. അദ്ദേഹം വഴങ്ങിയില്ല.
തല്പര കക്ഷികൾ പെൺകുട്ടികൾ ആയതുകൊണ്ട് രാഷ്ട്രീയക്കാരൻ ഒരു എളുപ്പവഴി കണ്ടു : പ്രൊഫസർക്കെതിരെ ആ നാല് കുട്ടികളുടെയും പീഡനപരാതി എഴുതി വാങ്ങി പോലീസിൽ കൊടുത്തു. മറ്റേത് പിൻവലിച്ചാൽ ഇതും പിൻവലിക്കാമെന്ന് നിർദ്ദേശം വെച്ചതും പ്രൊഫസർ സ്വീകരിച്ചില്ല.
എന്തുണ്ടായി എന്നല്ലേ? ഉത്തരവാദിത്തപ്പെട്ട ഒരു മനുഷ്യൻ, അതും ഒരു അധ്യാപകൻ, നീചമായി പെരുമാറിയാൽ സമൂഹവും പോലീസും വെറുതെ ഇരിക്കുമോ? കോപ്പിയടിച്ചു എന്നുള്ളതൊക്കെ വെറും പൊള്ളവാദമാണ് എന്ന ആരോപണവും ഫലിച്ചു.
ചുരുക്കത്തിൽ: കുട്ടികളെ നേരെയാക്കിയേ അടങ്ങൂ എന്ന് ശഠിച്ച അധ്യാപകന്റെ തൊഴിൽ പോയി, സസ്‌പെൻഷനായി, കുടുംബം അനാഥമായി, കണ്ടവരും കേട്ടവരും ഒക്കെ കാറിത്തുപ്പി കടന്നുപോയി.
അങ്ങനെ പതിനൊന് ഓണവും വിഷുവും തിരുവാതിരയും ഒക്കെ വന്നു, പോയി.
വേറെ ആർക്കും ഒരു നഷ്ടവും കഷ്ടവും ഉണ്ടായില്ല. മറിച്ച് കുറെ ഗുണങ്ങൾ ഉണ്ടായി കാണുകയും ചെയ്യും.
എന്നിട്ടോ ഇപ്പോഴാണ് നിയമത്തിന്റെ കണ്ണിൽ വെളിച്ചം വീണത്. അധ്യാപകൻ വേണ്ടാതീനമൊന്നും തന്നെ ചെയ്തിട്ടില്ല എന്ന് ഒരു ന്യായാധിപക്ക് ബോധ്യമായി. മുൻപിൻ നോക്കാതെ അവരത് പ്രഖ്യാപിക്കുകയും ചെയ്തു.
ഞാൻ ഇന്ന് ഒരു വലിയ ആശുപത്രിയിൽ ഡോക്ടറുടെ മുറിക്കു മുന്നിൽ ഊഴം കാത്തിരിക്കെ രോഗികൾ ഇതേപ്പറ്റി സംസാരിക്കുന്നത് കേൾക്കാനിടയായി.
കോപ്പിയടി പിടിച്ചു എന്നല്ലേ വാർത്ത എന്ന് ഒരാൾ ചോദിക്കുന്നു.
മൗനം സമ്മതം.
ചോദ്യ കർത്താവ് തുടരുന്നു : പക്ഷേ പിടിച്ചത് പെണ്ണിനെ ആണെങ്കിൽ വാർത്തക്ക് അർത്ഥഭേദം വരില്ലേ? തവള പിടിയൻ ഞണ്ടു പിടിയിൽ പക്ഷി പിടിയൻ എന്നൊക്കെ പറയുന്നതുപോലെ തന്നെയല്ലേ പെണ്ണ് പിടിയനും!
ആർക്കോ ഒരു സംശയം : പ്രൊഫസർ എന്നൊക്കെ പറയുമ്പോൾ 10 കൊല്ലത്തെ പ്രവർത്തിപരിചയമെങ്കിലും കാണില്ലേ? അത്രയും മുതിർന്ന ഒരാൾ.... അതും ഒരു പരീക്ഷാ ഹാൾ പോലെ വളരെ പൊതുവായ ഒരിടത്ത് വച്ച് പരസ്യമായി....?
വേറെ ആരോ ചിരിച്ചു : പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ?
'പിന്നെ പിന്നെ!' ഒരു മുത്തശ്ശിക്ക് മുഷിഞ്ഞു : പെണ്ണുങ്ങളെ അങ്ങനെ അടക്കി പറയുകയൊന്നും വേണ്ട! വിശന്ന നായ നനഞ്ഞ തോലും എന്നല്ലേ പഴമൊഴി!! തോലിന് നനവ് തികയാത്ത പരിസ്ഥിതി ആണെങ്കിൽ....!
'പഴമൊഴി മറുവശത്തും ഉണ്ട് കേട്ടോ!' കേൾവിക്കാരിൽ ഒരാൾ തിരുത്തി : 'അരി തിന്ന് അമ്മാവനേം കടിച്ച് പിന്നേം പട്ടി മുന്നോട്ട് എന്ന് കേട്ടിട്ടില്ലേ?'
ഒരു കേൾവിക്കാരൻ നെടുതായി നിശ്വസിച്ചു : 'എത്ര പേർ കോപ്പി അടിച്ചിട്ട് പിടിക്കപ്പെടാതെ പോയി എന്നോ എത്ര പേർ പെണ്ണ് പിടിച്ചിട്ടും മാന്യരായി തുടരുന്നു എന്നോ ആർക്കറിയാം!'
'അതെങ്ങനെയും ആകട്ടെ, എവിടെയായാലും എത്ര പേർ കുളിക്കാതെ ഈറൻ ചുമക്കുന്നു എന്നല്ലേ അറിയേണ്ടത്!' എന്ന ആരുടെയോ ചോദ്യത്തിന് മറുപടി ഉണ്ടോ എന്നറിയും മുമ്പ് എനിക്ക് ഡോക്ടറുടെ അരികിലേക്ക് പോകാനുള്ള ഊഴം വന്നു.
ആ മുറിയിലെ ചുവരിൽ എഴുതി വച്ചിരിക്കുന്നു: സത്യമേവ ജയതേ!
ചുമക്കേണ്ടി വരുമോ ആവോ..
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്