ഫിലഡൽഫിയ: 'ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൽ ദർശനമരുളിയ മാവേലി മന്നന്റെ' അനുപമ ഗാംഭീര്യവും, ജനാവലിയുടെ ഇടമുറിയാത്ത പ്രവാഹവും, ഓണക്കോടിയുടുത്തുള്ള ആബാലവൃദ്ധം കുടുംബാംഗങ്ങളുടെ ഘോഷയാത്രയും, സ്ത്രീപുരുഷാരങ്ങളുടെ 'ആർപ്പോ ഇർ റോ' വിളികളും, ചെണ്ടവാദ്യത്തിന്റെ ആരോഹണാവരോഹണങ്ങളും, ദേവാംഗനമാരുടെ തിരുവാതിര നടനങ്ങളും, അപ്സരാംഗികളുടെ നർത്തനജ്വലനങ്ങളും, ഏഴേഴ് വർണ്ണങ്ങളും പുഷ്പിച്ചു വിരിഞ്ഞ ഓണപ്പൂക്കളവും, മയൂരാ റെസ്റ്റ്റോന്റ് പാകപ്പെടുത്തി തൂശനിലയിൽ വിളമ്പിയ ഓണയൂണിന്റെ തിക്കും തിരക്കും, കലാപരിപാടികളുടെ ലാവണ്യവും, അഭൗമിക ശബ്ദവെളിച്ച താളമേളങ്ങളും, പരസ്പര ബഹുമാനങ്ങളുടെ പ്രശംസാ വാക്കുകളും, അംഗീകരങ്ങളുടെ സൗന്ദര്യവും, വിശിഷ്ട വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങളും, മയാലോകം പോലുള്ള സിനിമാറ്റിക്ക് സ്റ്റേജും, ഒത്തു ചേർന്ന്, 'ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം 2025'; അമേരിക്കൻ മലയാള നാൾവഴികളിൽ, ഫിലഡൽഫിയയിൽ, ഒരുമയുടെ പുതുപുത്തൻ അദ്ധ്യായം പൂർണ്ണമാക്കി.
ഫിലഡൽഫിയാ സെന്റ് തോമസ് സീറോ മലബാർ ഓഡിറ്റോറിയത്തിലും അങ്കണങ്ങളിലും, ഓഗസ്റ്റ് 23 ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ രാത്രി പത്തുമണി വരെയായിരുന്നു ആഘോഷങ്ങൾ. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ബിനു മാത്യു, ഫിലഡൽഫിയ ഇലക്ഷൻ കമ്മീഷണർ സെത്ത് ബ്ളൂസ്റ്റീൻ, ഏഷ്യാനെറ്റ് യുഎസ്എ ചീഫ് എഡിറ്റർ ഡോ. കൃഷ്ണ കിഷോർ, യുഎന്നിലുള്ള പെർമനന്റ് ഇന്ത്യൻ മിഷന്റെ കൗൺസിലർ എൽദോസ് മാത്യൂ പുന്നൂസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറർ ജോർജ് ഓലിക്കൽ, ഓണാഘോഷ സമിതി ചെയർമാൻ അഭിലാഷ് ജോൺ, പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവൽ, എക്സ്സിക്യൂടിവ് വൈസ് ചെയർ പ്രതിനിധി അലക്സ് തോമസ് എന്നിവർ ഓണ ദീപം തെളിച്ചു. എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജീമോൻ ജോർജ് എം.സിയായി.
പ്രശസ്ത നർത്തകി നിമ്മീ ദാസ് ഗുരുവായ ഭരതം ഡാൻസ് അക്കാഡമിയിലെ നർത്തകികളുടെ നൃത്തഹാരം, പേരുകേട്ട നർത്തകൻ ബേബീ തടനവനാൽ നേതൃത്വം നൽകുന്ന മാതാ ഡാൻസ് സ്കൂളിലെ കലാകാരികളും ബേബീ തടവനാലും നിറഞ്ഞാടിയ നൃത്തജാലം, മാനവ് സുരേഷിന്റെ ഇൻസ്ട്രുമെന്റൽ മ്യൂസിക്, ജോൺ നിഖിലിന്റെ വയലിൻ വാദനം, കാറ്റ്ലിൻ വർഗീസിന്റെ ഭരതനാട്യം, സ്വരസ് ലിറ്റി, അൻസു, പൂർണിമ, അർച്ചന ടീമിന്റെ ഗാനശില്പം എന്നീ കലായിനങ്ങളാൽ ഒരുമണിമുതൽ മൂന്നു മണിവരെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണമഹോത്സവവേദിയെ തരളിതമാക്കി.
പന്തളം ബാലൻ, ഷിജി ഷാനി, ബ്രിജിറ്റ് വിൻസന്റ്, ഫീലിപ്പോസ് ചെറിയാൻ, ജോർജ് നടവയൽ എന്നിവർ എംസി മാരായി.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം തിരുവോണോത്സവ ഘോഷയാത്രയിൽ മഹാബലിയും (റോഷിൻ പ്ലാമൂട്ടിൽ), താലപ്പൊലിവൃന്ദവും ചെണ്ട മേളവും ജനാവലിയും അണിയണിയായി മുന്നേറി അഴകു വിരിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഭാരവാഹികൾ ഓണോത്സവ വർണ്ണക്കുടകളും ആശംസാ പൊന്നാടകളും എഴുന്നെള്ളിച്ച് ഘോഷയാത്രയ്ക്ക് വഴിയൊരുക്കി. ചെയർമാൻ ബിനു മാത്യു, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറർ ജോർജ് ഓലിക്കൽ, ഓണാഘോഷ സമിതി ചെയർമാൻ അഭിലാഷ് ജോൺ, പ്രോഗ്രാം കോഡിനേറ്റർ വിൻസന്റ് ഇമ്മാനുവേൽ, മുൻ ചെയർമാന്മാരായ അലക്സ് തോമസ്, ജോബീ ജോർജ്, ഫീലിപ്പോസ് ചെറിയാൻ, രാജൻ സാമുവേൽ, സുമോദ് നെല്ലിക്കാലാ, സുധാ കർത്താ, സുരേഷ് നായർ, ജീമോൻ ജോർജ്, റോണി വർഗീസ്, ജോർജ് നടവയൽ, എക്സിക്യൂടിവ് വൈസ് ചെയർമാൻ തോമസ് പോൾ, പ്രോഗ്രാം പ്രൊഡ്യൂസർ അരുൺ കോവാട്ട്, കർഷകരത്നാ കോഡിനേറ്റർമാരായ ജോൺ പണിക്കർ, ജോർജുകുട്ടി ലൂക്കോസ്, ജോയിന്റ് ട്രഷറാർ അലക്സ് ബാബു, വിമൻസ് ഫോറം ചെയർ ആഷാ അഗസ്റ്റിൻ, ആഘോഷസമിതി കോഡിനേറ്റർമാരായ ബ്രിജിറ്റ് വിൻസന്റ്, ശോശാമ്മ ചെറിയാൻ, സെലിൻ ഓലിക്കൽ എന്നിവർ ഘോഷയാത്രയ്ക്ക് മുൻ നിരയൊരുക്കി.
രാജൻ സാമുവലും, സുരേഷ് നായരും ഘോഷയാത്രാ വിളംബരംങ്ങൾ നിർവഹിച്ചു.ലാസ്യാ ഡാൻസ് അക്കാഡമിയുടെ ഗുരു ആശ അഗസ്സ്റ്റിൻ ചിട്ടപ്പെടുത്തിയ മെഗാതിരുവാതിരയിൽ, നൂറ് അംഗനമാർ ലാസ്യനടന ശലഭങ്ങളായി. സുരേഷ് നായർ ക്രമപ്പെടുത്തിയ ഓണപ്പൂക്കളം ഓണ ഗൃഹാതുരത്വത്തിന്റെ നേർക്കാഴ്ച പകർന്നു. 'എക്സ്റ്റൺ പഞ്ചവാദ്യാ സംഘത്തിന്റെ' പഞ്ചാരിമേളം, ജനാവലിയെ മണിക്കുറുകൾ ത്രസിപ്പിച്ച്, ഓണലഹരിയിൽ അമ്മാനമാടി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം തിരുവോണോത്സവ ക്രമീകരണങ്ങളുടെ അടയാളപ്പെടുത്തലുകൾ മിന്നിത്തിളങ്ങിയ വീഡിയോ പ്രസന്റേഷന് ഏഷ്യാനെറ്റ് ഫെയിം അരുൺ കോവാട്ട് നേതൃത്വം നൽകി.
ചെയർമാൻ ബിനു മാത്യു അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം 'മാൻ ഓഫ് ദി ഇയർ അവാഡ്', ഏഷ്യാനെറ്റ് യുഎസ്എ ചീഫ് എഡിറ്റർ ഡോ. കൃഷ്ണ കിഷോറിന് സമ്മാനിച്ചു. കൃഷ്ണ കിഷോർ ഓണസന്ദേശം നൽകി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം കഴിഞ്ഞ 23 വർഷമായി തുടരുന്ന അനുപമമായ ഓണാഘോഷം ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആവേശം പകരുന്നതാണെന്നും, മഹാബലിച്ചക്രവത്തിയെ ലോകത്താദ്യമായി ഹെലികോപ്റ്ററിൽ എഴുന്നെള്ളിച്ചതിലൂടെ നവയുഗ ഓണ സന്ദേശം ഉജ്ജ്വലമാക്കുന്നതിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രദർശിപ്പിച്ച നവീനത കിടയറ്റതാണെന്നും കൃഷ്ണ കിഷോർ വ്യക്തമാക്കി. മലയാളി സംഘടനകൾ തമ്മിലുള്ള അപൂർവ ഐക്യത്തിന്റെ ഉന്നത മാതൃകയായി ഫിലഡൽഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം നടത്തുന്ന ആഘോഷങ്ങളെ കാലം രേഖപ്പെടുത്തിയിരിക്കുന്നൂ എന്ന് യുഎന്നിലുള്ള പെർമനന്റ് ഇന്ത്യൻ മിഷന്റെ കൗൺസിലർ എൽദോസ് മാത്യൂ പുന്നൂസ് പ്രസ്താവിച്ചു.
മോണ്ട് ഗോമറി കൗൻടി കോർട് ഓഫ് കോമൺ പ്ലീസ് ജഡ്ജ് സ്ഥാനാർത്ഥി അറ്റേണി ലോറൻ ഹ്യൂസ് ഓണാശംസകൾ നേർന്ന് പ്രസംഗിച്ചു. ഓണാഘോഷ സമിതി ചെയർമാൻ അഭിലാഷ് ജോൺ സ്വാഗതവും ട്രഷറാർ ജോർജ് ഓലിക്കൽ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി സാജൻ വർഗീസ് പൊതു സമ്മേളനത്തിന് എംസിയായി. അവാഡ് നിർണ്ണയ സമിതി ചെയർമാൻ റോണി വർഗീസ് പ്രശംസാ പത്രം വായിച്ചു. ഷോൺ മാത്യു അമേരിക്കൻ ദേശീയ ഗാനാലാപനത്തിനും അബിയ മാത്യൂ ഇന്ത്യൻ ദേശീയ ഗാനം പാടുന്നതിനും നേതൃത്വം നൽകി.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം സാമൂഹ്യ സേവന പുരസ്കാരങ്ങൾ, പ്രമുഖ സംരംഭകൻ മണിലാൽ മത്തായി, അറ്റേണി ലെനോ തോമസ്, കെവികെ (ടെക്) ഡോ. അനിതാ ജോർജ് സിആർഎൻപി എന്നിവർക്കും, ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രസിഡൻഷ്യൽ അവാഡ് ജോർജ് നടവയലിനും സമ്മാനിച്ചു. അവാഡ് സമ്മേളനത്തിന്, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവെൽ നേതൃത്വം വഹിച്ചു. ജോയിന്റ് സെക്രട്ടറി സുമോദ് നെല്ലിക്കാല, ജോയിന്റ് ട്രഷറാർ അലക്സ് ബാബു എന്നിവർ എംസി മാരായി. സുന്ദരമായി ഓണക്കോടിയണിഞ്ഞെത്തിയ ജോടികൾക്കുള്ള ക്യാഷ് അവാഡ് വിനോദ്-അനു ദമ്പതിമാർ നേടി.
ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്റ് , സെലിൻ ഓലിക്കൽ എന്നിവരായിരുന്നു മൂല്യനിർണ്ണയം ചെയ്തത്. വിളവെടുപ്പുത്സവമാണ് തിരുവോണം എന്ന ഓർമ പുതുക്കിക്കൊണ്ട്, 'ട്രൈസ്റ്റേറ്റ് കേരളാ ഫോറം കർഷകരത്നം 2025 അവാഡ്' ജേതാവായി തോമസ് മാത്യൂ, എവർ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും നേടി. ജയിംസ് ഡാനിയേൽ, സുനിൽ സഖറിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ജോൺ പണിക്കർ, ജോർജ്ജ്കുട്ടി ലൂക്കോസ്, അലക്സ് തോമസ്, സുധ കർത്ത എന്നിവരായിരുന്നു വിധികർത്താക്കൾ.
വിൻസന്റ് ഇമ്മാനുവേൽ പ്രോഗ്രാം കോ-ഓഡിനേറ്ററായി അവതരിപ്പിച്ച വിവിധ കലാപരിപാടികൾ രാവേറെയും കടന്ന് ജനസാഗര ഹൃദയങ്ങളെ ഓണ നിലാവണിയിച്ചു. പ്രശസ്ത ഗായകൻ അഫ്സലിന്റെ നേതൃത്വത്തിൽ സിനിമാ ഗായകർ അവതരിപ്പിച്ച ഗാനമേള, ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2025 ഓണാഘോഷത്തിന്റെ ഹൈലൈറ്റായി അലയടിച്ചു.
പ്രോഗ്രാം കോ-ഓഡിനേറ്റർ വിൻസന്റ് ഇമ്മാനുവെലിന്റെ ജനസമ്പർക്ക ചാതുര്യവും, ചെയർമാൻ ബിനു മാത്യു, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറാർ ജോർജ് ഓലിക്കൽ, ഓണാഘോഷ ചെയർമാൻ അഭിലാഷ് ജോൺ എന്നീ സാമൂഹ്യ പ്രവർത്തകരുടെ സംഘാടക മികവും, 'ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2025 ഓണാഘോഷത്തിന്', ജനസാഗര പങ്കാളിത്തം ഒരുക്കിയെന്ന് ഇരുപത്തിയഞ്ചംഗ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഭരണ സമിതി സമാപന സമ്മേളനത്തിൽ, ഒരേ സ്വരത്തിൽ, 'ആർപ്പോ ഇർ റോ' വിളികളിൽ ആവർത്തിച്ചു.
പി.ഡി. ജോർജ് നടവയൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്