വടക്കാഞ്ചേരി: കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ പദവിയിൽനിന്ന് പ്രശസ്ത നർത്തകി മല്ലിക സാരാഭായിയെ മാറ്റാനുള്ള നീക്കം സജീവമാകുന്നു. സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ, മല്ലിക സാരാഭായിയെ ഒഴിവാക്കി ചാൻസലർ പദവിയിൽ മുഖ്യമന്ത്രിയെ നിയമിക്കണമെന്ന ആവശ്യവുമായി കലാമണ്ഡലത്തിലെ ഭരണാനുകൂല സംഘടന രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ ചാൻസലറാക്കുന്നതിലൂടെ സർവകലാശാലയ്ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ സാധിക്കുമെന്നാണ് സംഘടനയുടെ വാദം. ഈ ആവശ്യവുമായി ഭരണാനുകൂല സംഘടന സാംസ്കാരിക മന്ത്രിക്കുമേൽ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് സൂചനകൾ.
കഴിഞ്ഞ 2022 ഡിസംബറിലാണ് മല്ലിക സാരാഭായിയെ കലാമണ്ഡലം ചാൻസലറായി സംസ്ഥാന സർക്കാർ നിയമിച്ചത്. നിലവിൽ ഒന്നേമുക്കാൽ ലക്ഷം രൂപ ഓണറേറിയവും 25,000 രൂപ ഓഫീസ് ചെലവും ഉൾപ്പെടെ പ്രതിമാസം രണ്ടുലക്ഷം രൂപയാണ് ചാൻസലർക്കായി അനുവദിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കലാമണ്ഡലത്തിൽ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും പദ്ധതി ഫണ്ടിൽനിന്നെടുത്താണ് ഇപ്പോൾ ശമ്പളം വിതരണം ചെയ്യുന്നതെന്നും ഭരണാനുകൂല സംഘടന ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ ചാൻസലർക്കായി ഭീമമായ തുക ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
