തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യു വിജിലൻസ് പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ സെയിൽസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു സ്ഥിരം കൈക്കൂലി വീരനെന്നാണ് പരാതിക്കാരനായ മനോജ് പറയുന്നത്.
പണത്തോട് ഇത്രയേറെ ആക്രാന്തമുള്ള ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്നും മനോജ് പറഞ്ഞു. ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു മനോജിന്റെ പരാതി.
2013 മുതൽ അലക്സ് തന്നിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. ഒടുവിൽ വീട്ടിൽ വന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്നും മനോജ് വ്യക്തമാക്കി.
ഓരോ ആവശ്യങ്ങൾ പറഞ്ഞ് അലക്സ് തന്റെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും എന്നാൽ അതൊന്നും തിരികെ നൽകിയിട്ടില്ലെന്നും മനോജ് പറയുന്നു. കൊല്ലം കടയ്ക്കലിൽ ആദ്യം വന്ന ഗ്യാസ് ഏജൻസിയായ വൃന്ദാവൻ ഏജൻസീസ് മനോജിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാൽ ഈ പ്രദേശത്ത് മൂന്ന് ഏജൻസികൾ കൂടി വന്നു. ഒരു ഏജൻസി പുതിയതായി വരുമ്പോൾ പഴയ ഏജൻസിയിൽ നിന്നുള്ള ഉപഭോക്താക്കളെ പുതിയ ഏജൻസികളിലേക്ക് വിഭജിച്ച് കൊടുക്കുന്ന ജോലി അലക്‌സ് മാത്യുവിന്റേതാണ്.
50, 000 ഉപഭോക്താക്കളുള്ള മനോജിന്റെ ഏജൻസിയിൽ നിന്ന് 25,000 പേരെ മറ്റ് ഏജൻസികൾക്ക് അലക്സ് വിഭജിച്ച് നൽകി. ഇനിയും ഉപഭോക്താക്കളെ മറ്റ് ഏജൻസികൾക്ക് നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അലക്‌സ് മാത്യു രണ്ട് മാസം മുൻപ് മനോജിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെ മനോജ് വിജിലൻസിന് പരാതി നൽകുകയായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്തെത്തുമ്പോൾ പണം നൽകണം എന്ന് അലക്‌സ് മനോജിനോട് പറഞ്ഞിരുന്നു.
തത്കാലം രണ്ട് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞാണ് അലക്‌സിനെ മനോജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ വെച്ച് പണം വാങ്ങിയപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തുകയും അലക്‌സിനെ തെളിവോടെ പിടികൂടുകയും ചെയ്യുകയായിരുന്നു. അലക്‌സിന്റെ എറണാകുളത്തെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്