കുനോ: ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിക്ക് പുത്തൻ ഉണർവേകി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നാല് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ച 'ഗാമിനി' എന്ന ചീറ്റയുടെ മകളായ കെ.ജി.പി-2 (KGP-2) ആണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ഇതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി ഉയർന്നു. ഇന്ത്യൻ മണ്ണിൽ ജനിച്ച രണ്ടാമത്തെ തലമുറയിൽപ്പെട്ട ചീറ്റയാണ് കെ.ജി.പി-2 എന്നത് ഈ നേട്ടത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. പുനരധിവാസ ഘട്ടത്തിൽ നിന്ന് ചീറ്റകൾ സ്വാഭാവികമായി വംശവർദ്ധനവ് നടത്തുന്ന ഘട്ടത്തിലേക്ക് പദ്ധതി മാറിയതിന്റെ സൂചനയാണിത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ ജനിച്ച മറ്റൊരു ചീറ്റയായ 'മുഖി' അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതിന് പിന്നാലെയാണ് കെ.ജി.പി-2 വും അമ്മയായ വാർത്ത പുറത്തുവരുന്നത്.
നിലവിൽ കുനോ നാഷണൽ പാർക്കിൽ കുഞ്ഞുങ്ങളും മുതിർന്നവരും ഉൾപ്പെടെ 54 ചീറ്റകളുണ്ട്. മറ്റ് മൂന്ന് ചീറ്റകൾ മന്ദ്സൗറിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലാണ് ഉള്ളത്.
പുതുതായി ജനിച്ച കുഞ്ഞുങ്ങളും അമ്മയും ആരോഗ്യവതികളാണെന്നും വെറ്ററിനറി സംഘം ഇവരെ നിരീക്ഷിച്ച് വരികയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ വംശനാശം വന്ന ചീറ്റകൾ വീണ്ടും കാടുകളിൽ സജീവമാകുന്നത് പരിസ്ഥിതി പ്രവർത്തകർ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
