കണ്ണൂരിലെ സി.പി.എം. എന്നാൽ ഒരു കാലത്ത് ജയരാജന്മാരുടെ കോട്ടയായിരുന്നു. നാടിന്റെ പൊന്നോമനപ്പുത്രനായ പി.ജയരാജൻ പാർട്ടിക്കുവേണ്ടി ഏറെ ത്യാഗം അനുഭവിച്ചതായി എഴുതപ്പെടാത്ത പാർട്ടി ചരിത്രത്തിലുണ്ട്. സോഷ്യൽ മീഡിയയിൽ പി.ജെ. ആർമി പോലുമുണ്ടായി. പാർട്ടിക്കുവേണ്ടി ഏറെ ത്യാഗം സഹിച്ച കണ്ണൂരിലെ നേതാക്കളിൽ എന്തുകൊണ്ടും നമ്പർ വൺ ആണ് പി.ജയരാജൻ. അണികൾക്കുവേണ്ടിയും അവരുടെ കുടുംബങ്ങൾക്കുവേണ്ടിയും '24 മണിക്കൂർ' സഹായഹസ്തം നീട്ടിയ ഈ നേതാവിനായി പിൽക്കാലത്ത് വാഴ്ത്തു പാട്ടുകൾ സോഷ്യൽമീഡിയയിൽ നിറഞ്ഞത് പിണറായി കോടിയേരി കൂട്ടുകെട്ടിനെ അസ്വസ്ഥരാക്കി.
ഇതോടെ ജയരാജന്റെ മുകളിലേക്കുള്ള രാഷ്ട്രീയ പടവുകൾ തട്ടിത്തെറിപ്പിക്കപ്പെട്ടു. വടകരയിൽ ലോക്‌സഭാ സ്ഥാനാർത്ഥിയായി പി.ജയരാജനെ മൽസരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചുവെങ്കിലും, കണ്ണൂർ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിട്ട് തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങിയാൽ മതിയെന്ന് പാർട്ടി നിർദ്ദേശമുണ്ടായി. കെ. മുരളീധരൻ പി.ജെ.യെ തോൽപ്പിച്ചതോടെ സീൻ കോൺട്ര ആയി. ഒടുവിൽ, കോൺഗ്രസിൽ നിന്ന് രാഷ്ട്രീയ അഭയാർത്ഥിയായെത്തിയ ശോഭനാ ജോർജിന് നൽകിയ ഖാദി കമ്മീഷൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പി.ജയരാജനെ പാർട്ടി നിയോഗിച്ചു. ഇപ്പോഴും സഖാവ് അതേ ലാവണത്തിലുണ്ട്. സംസ്ഥാന ദേശീയ സമ്മേളനങ്ങളിൽ പി.ജയരാജൻ അവഗണിക്കപ്പെട്ടു.
ഇതിനു മുമ്പു തന്നെ കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിൽ എം.വി. ജയരാജനെ കണ്ണൂരിൽ പാർട്ടി സ്ഥാനാർത്ഥിയാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പദത്തിലെത്തിയ എം.വി. പക്ഷെ പി.ജെ.യെ പോലെ ഇലക്ഷന് മുമ്പ് പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നില്ല. പി.ജയരാജനെ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനാണ് വടകര സീറ്റ് പി.ജെയ്ക്ക് നൽകിയതെന്നു വരെ അന്ന് ആരോപണമുയർന്നിരുന്നു.
എം.വി.ജയരാജനും 'ദിവ്യ' ഇഫക്ടും
എം.വി.ജയരാജന് പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പിന്നിൽ രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തും പോളിംഗ്ബൂത്തിലും സി.പി.എം. വോട്ടെണ്ണത്തിൽ പിന്നിൽ പോയി. ബി.ജെ.പി.ക്കും ഭാഗികമായി യു.ഡി.എഫിനുമാണ് ഈ വോട്ടുകൾ മറിഞ്ഞത്.
രണ്ടാമത്തെ കാരണം പി.പി. ദിവ്യയുടെ പ്രശ്‌നമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ ദിവ്യയുടെ ഭർത്താവിന്റെയും കൂട്ടുകച്ചവടക്കാരന്റെയും ഇടപാടുകൾ പാർട്ടി അറിയാതെ പോയത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. തന്റെ ഓഫീസിലുള്ള ഒരു പഹയൻ, പെട്രോൾ പമ്പ് ഫെയിം' പ്രശാന്തിനുവേണ്ടി വിജിലൻസിന് പരാതികൊടുത്തതും പുലിവാലായി മാറിയെന്നും മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരുന്നു. ദിവ്യയെ 'തലോടിയും തല്ലിയും' എം.വി.ജയരാജൻ പരസ്യ നിലപാടെടുത്തതും പിന്നീട് മാധ്യമങ്ങൾക്ക് വിരുന്നായി മാറി.
കണ്ണൂർ എന്നാൽ കേരളാ സി.പി.എം. എന്ന് നിർവചിക്കാവുന്ന വിധം ഇവിടെയുള്ള നേതാക്കളുടെ ചരിത്രം അണികൾക്ക് കാണാപ്പാഠമാണ്. മൃദുഭാഷിയായ സഖാവ് എം.വി. കണ്ണൂരിലെ കലിപ്പ് രാഷ്ട്രീയത്തിന് അനുയോജ്യനല്ലെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. അത്യപൂർവമായി മാത്രമേ ജില്ലാ സെക്രട്ടറിമാരുടെ ഇലക്ഷൻ വേളയിൽ മുഖ്യമന്ത്രിമാർ പങ്കെടുക്കാറുള്ളൂ. കണ്ണൂരിലെ പാർട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി ഗോവിന്ദനും സന്നിഹിതരായത് വെറുതെയല്ല. കാരണം, എന്തു വന്നാലും കെ.കെ.രാഗേഷിനെ പാർട്ടി സെക്രട്ടറിയാക്കണമെന്ന് പിണറായി തീരുമാനിച്ചിരുന്നു. കണ്ണൂരിലെ കേന്ദ്ര സർവകലാശാലയിൽ രാഗേഷിന്റെ പ്രിയ പത്‌നിക്ക് നിയമനം നേരത്തെ തരമാക്കിയതും ഈ തിരക്കഥയനുസരിച്ചാവാം.
ഈ.പി.യുടെ 'പീപ്പി' ഊരിയോ?
മൂന്നാമത്തെ ജയരാജനെ ബന്ധു നിയമനത്തിന് മുതിർന്നതിന്റെ പേരിൽ ഒന്നാം പിണറായി സർക്കാരിൽ നിന്ന് പുറത്താക്കിയെങ്കിലും, ഈ.പി. മുഖ്യമന്ത്രിയുടെ 'നല്ല പൊത്തക' ത്തിൽ തന്നെയായിരുന്നു. ആത്മകഥാ വിവാദം പൊതുവേ ഇന്നസെന്റായ ഈ.പി.യെ മുഖ്യമന്ത്രിയുടെ മുമ്പിൽ വില്ലൻ കഥാപാത്രമാക്കാൻ ആരെല്ലാമോ ശ്രമിച്ചു. ഒരുതരത്തിൽ ഈ.പി.ഒരു പാവമാണ്. എന്നാൽ എതിർപക്ഷം ഈപിയെ ഒരു ഉഗ്രമൂർത്തിയാക്കി അവതരിപ്പിക്കുകയായിരുന്നു. എന്തായാലും പാർട്ടിയിൽ ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന മട്ടിൽ പരുങ്ങലിലാണ് ഈ.പി. ഇപ്പോൾ.
രാഗേഷിന്റെ 'രാജാപ്പാർട്ട്' രഹസ്യം!
കെ.കെ.രാഗേഷിനെ കണ്ണൂർ പാർട്ടി സെക്രട്ടറിയാക്കുമെന്ന് ആരും കരുതിയതല്ല. പ്രകാശൻ മാസ്റ്ററെ പോലെ പാർട്ടി പാരമ്പര്യമുള്ള നേതാക്കൾ വേറെയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഉന്നം വച്ച പദവിയായിരുന്നു ഇത്. എന്നാൽ ഒടുവിൽ നറുക്ക് രാഗേഷിന് വീഴുകയായിരുന്നു. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളിൽ രാഗേഷ് ശോഭിച്ചിട്ടുണ്ട്. എസ്.എഫ്.ഐ. എന്ന സംഘടന തന്നെയാണ് രാഗേഷിനായി ഒരു ജീവിതപങ്കാളിയെ സമ്മാനിച്ചതും.
സെക്രട്ടറിയേറ്റിലെ മിക്ക ഉദ്യോഗസ്ഥർക്കും രാഗേഷ് പ്രിയങ്കരനാണ്. കോൺഗ്രസുകാരനായ മുൻ എം.എൽ.എ. ശബരീനാഥിന്റെ ഭാര്യ ദിവ്യ എസ്. അയ്യർ പോലും രാഗേഷിനെക്കുറിച്ച് ഫേസ് ബുക്കിൽ അഭിനന്ദനം ചൊരിഞ്ഞത് ഇപ്പോൾ വിവാദമായിട്ടുണ്ട്. കണ്ണൂർ പാർട്ടി സെക്രട്ടറി പദത്തിൽ നിന്നാണ് പിണറായിയും കോടിയേരിയുമെല്ലാം സംസ്ഥാന നേതൃത്വങ്ങളിലേക്ക് ഉയർത്തപ്പെട്ടത്. വേണമെങ്കിൽ ഭാവി മുഖ്യമന്ത്രിയെന്ന സാധ്യത വരെ തള്ളിക്കളയാനും കഴിയില്ല.
ആരു ഭരിച്ചാലും അവറാച്ചന് നല്ല കാലം!
കിഫ്ബിയുടെ സി.ഇ.ഒ. ആണ് കെ.എം. എബ്രഹാം. എബ്രഹാമിനെ പോയവാരം ഹൈക്കോടതി ജഡ്ജി എ. ബദറുദീൻ ആകെ നാണംകെടുത്തി വാരി നിലത്തടിച്ചത് വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു. 2015ൽ മന്ത്രി കെ.എം. മാണിയുടെ കാലത്ത് കെ.എം. എബ്രഹാം ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്നു. ബാർ കോഴ വിവാദത്തിൽ പെട്ട് മാണി പുറത്തായി. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കും പരിക്കേറ്റു.
ഇടതു മുന്നണി അധികാരമേറ്റപ്പോൾ അബ്രഹാം സി.പി.എമ്മിന്റെ ആളായി മാറി. വിശ്വസ്തനായ ശിവശങ്കർ അഴിമതിയാരോപണങ്ങളിൽ പെട്ടപ്പോൾ കെ.എം. എബ്രഹാം പിണറായിയുടെ വിശ്വസ്തനായി. ആ വിശ്വസ്തനെതിരെയാണ് ഒറ്റ നോട്ടത്തിൽ തെളിവുണ്ടെന്ന് തിരുവനന്തപുരം വിജിലൻസ് ജഡ്ജിയായിരിക്കേ ഇതേ കേസിന്റെ വാദം കേട്ട ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബദറുദ്ദീൻ വിധി കൽപ്പിച്ചത്. ഹർജിക്കാരനായ ജോമോൻ പുത്തൻ പുരയ്ക്കൽ നടത്തിയ ഗൂഢാലോചനയാണ് തനിക്ക് എതിരെയുള്ള കോടതി വിധിയെന്ന് എബ്രഹാം വാദിക്കുന്നു. കൊല്ലം കടപ്പാക്കടയിലുള്ള എട്ടു കോടി രൂപ വില വരുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉടമസ്ഥൻ താനല്ലെന്ന് എബ്രഹാം പറയുമ്പോൾ, കൊല്ലം മുനിസിപ്പാലിറ്റിയുടെ രേഖയിൽ ഉടമസ്ഥന്റെ പേര് എബ്രഹാമിന്റെതാണെന്ന് വിധിയിൽ പറയുന്നുണ്ട്.
വിരമിച്ചാലും ശമ്പളം, കിമ്പളമോ എന്റെമ്മേ...
2017 ലാണ് കെ.എം. എബ്രഹാം വിരമിച്ചത്. ഉടൻ തന്നെ കിഫ്ബിയുടെ സി.ഇ.ഒ. ആയി നിയമനം. സർവീസിൽ നിന്ന് വിരമിച്ചിട്ടും ഓരോ വർഷവും 10 ശതമാനം വച്ച് സ്വന്തം ശമ്പളം കൂട്ടിക്കൊണ്ട് ഉത്തരവിറക്കാൻ ഈ 'ഘടാ ഘടിയൻ' ഉദ്യോഗസ്ഥന് കഴിയുന്നുവെന്നത് നിസ്സാരകാര്യമല്ല. 6 വർഷത്തിനിടെ ശമ്പളം സ്വയം കൂട്ടി കൂട്ടി ഇപ്പോൾ പ്രതിമാസം മൊത്തം ലഭിക്കുന്നത് 6.07 ലക്ഷം രൂപയാണത്രെ.
1982 ബാച്ച് ഐ.എ.എസുകാരനാണ് എബ്രഹാം. 33 വർഷത്തെ സർവീസ് കാലളയവിൽ തന്റെ പ്രതിമാസ വരുമാനം 15,000 രൂപയിൽ കൂടിയിട്ടില്ലെന്ന് ഒരിക്കൽ കെ.എം. എബ്രഹാം അന്നത്തെ ചീഫ് സെക്രട്ടറിക്ക് രേഖാമൂലം എഴുതി നൽകിയതും ഇപ്പോൾ അദ്ദേഹത്തിന് കെണിയായിട്ടുണ്ട്. 2018-24 കാലഘട്ടത്തിൽ വാങ്ങിയ ശമ്പളക്കണക്കിലും അപാകതകളുള്ളതായി ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.
2003-05ൽ സർക്കാർ സംവിധാനം നവീകരിക്കാൻ ഏഷ്യൻ ഡെവലപ്പ്‌മെന്റ് ബാങ്ക് 5000 കോടി രൂപ കേരളത്തിന് ലഭിച്ചിരുന്നു. ഈ പദ്ധതിയുടെ പൂർണ്ണ ചുമതല എബ്രഹാമിനായിരുന്നു. 2008ൽ ഈ പദ്ധതിയെപ്പറ്റി ഒരു വിലയിരുത്തൽ ഏ.ഡി.ബി.യുടെ മേൽ നോട്ടത്തിൽ നടത്തിയിരുന്നു. എന്നാൽ പദ്ധതി നടത്തിപ്പിൽ നിരവധി അപാകതകൾ ഏ.ഡി.ബി. പിൽക്കാലത്ത് കണ്ടെത്തി. അതായത് എബ്രഹാമിനെക്കുറിച്ചുള്ള സാമ്പത്തിക പരാതികൾ ഇതിനു മുമ്പും ഉണ്ടായിരുന്നുവെന്ന് ചുരുക്കും.
തെങ്ങിന്റെ മണ്ടയിൽ കയറ്റിയ മാധ്യമങ്ങൾ
ആശാവർക്കർമാരെ തെങ്ങിൻ മണ്ടയിലേക്ക് വലിച്ചു കയറ്റിയത് മാധ്യമങ്ങളാണെന്ന് ഒരു സി.ഐ.ടി.യു. നേതാവ് ആരോപിച്ചത് കേട്ടു. അതായത് ആശമാരെ ആശ കൊടുത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ എത്തിച്ചത് മാധ്യമങ്ങളാണത്രെ. അതിൽ ഏഷ്യാനെറ്റ് നമ്പർവൺ ആണെന്നും കഴിഞ്ഞ ഞായറാഴ്ചത്തെ ഒരു വാർത്താധിഷ്ഠിത പരിപാടിയിൽ ഇതേ നേതാവ് കുറ്റപ്പെടുത്തുകയുണ്ടായി.
ഐ.എൻ.ടി.യു.സി എങ്കിലും ആശമാരുടെ സമരത്തിനൊപ്പം നിൽക്കാത്തത് ട്രേഡ് യൂണിയനുകളുടെ സർക്കാരുമായുള്ള 'അവിഹിത ബന്ധ' ത്തെ സൂചിപ്പിക്കുന്നതാണ്. തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്ത അംശാദായം പോലുമെടുത്ത് അർമാദിച്ച ഇന്നത്തെ സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കൊപ്പം നിലകൊള്ളുന്ന ഐ.എൻ.ടി.യു. നേതാവിനെപ്പറ്റി എന്തു പറയാൻ? കേരളത്തിലെ എല്ലാ ക്ഷേമനിധികളും ഏതാണ്ട് പൂട്ടിക്കെട്ടിയ നിലയിലാണ്.
എന്നിട്ടും മൂന്നാമത്തെ ഇലക്ഷൻ വിജയത്തിനുവേണ്ടി 'എന്റെ തല, എന്റെ പോസ്റ്റർ' എന്ന മട്ടിൽ ഫ്‌ളെക്‌സ് അടിക്കാൻ 21 കോടി രൂപ നീക്കിവച്ച ഇടതുസർക്കാരിന്റെ നുണ വിജയം ആട്ടക്കഥ, ജനം നാറ്റിച്ചു വിടുന്ന നാണം കെട്ട ബാലെയായി മാറമോ? എന്റെ എമ്പുരാനേ നീ തന്നെ തുണ!
ആന്റണി ചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്