ജനങ്ങൾക്കുവേണ്ടി ഒരാൾ മരിക്കുന്നത് യുക്തമാണെന്ന് യഹൂദരെ ഉപദേശിച്ചത് പ്രധാന പുരോഹിതനായ കയ്യാഫാസായിരുന്നു. യേശുവിന് മരണശിക്ഷ, എം. സ്വരാജിന്റെ ഭാഷയിൽ പറഞ്ഞാൽ ക്യാപിറ്റൽ പണിഷ്‌മെന്റ്, നൽകുന്നതിനുള്ള ന്യായീകരണമായിരുന്നു അത്. പരാജയത്തിന് കാരണഭൂതനെ അന്വേഷിക്കുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന് പിണറായിയുടെ സ്‌കൂളിൽ ഡിസ്റ്റിങ്ഷനോടെ പഠിക്കുന്ന സ്വരാജ് പറഞ്ഞെങ്കിലും തോൽവിക്കുള്ള കാരണം ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് പാർട്ടി അന്വേഷിക്കുന്നുണ്ട്.
സ്വരാജിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമാണ് പാർട്ടിയുടെ നിലപാട്. സംസ്ഥാന സമിതിയുടെ നിലപാടിനെ തള്ളിക്കൊണ്ട് ഭരണവിരുദ്ധവികാരം തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് കേന്ദ്രക്കമ്മിറ്റി പറഞ്ഞത്. ഭരണവിരുദ്ധവികാരത്തിന് ഉത്തരവാദി ഭരണത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിയാണെന്ന കാര്യത്തിൽ വലിയ തർക്കത്തിന് ഇടമുണ്ടാവില്ല. പത്തു വർഷം നീണ്ടുനിന്ന ഭരണത്തിന്റെ ഗുണാവസ്ഥയോ നിർഗുണാവസ്ഥയോ അടിസ്ഥാനമാക്കി ഏതോ ഉൾക്കടലിൽ അദൃശ്യമായി രൂപം കൊണ്ടതല്ല ഭരണവിരുദ്ധവികാരം.
പാർട്ടിയുടെ അപ്രതിരോധ്യമായ കോട്ടകൊത്തളങ്ങളെപ്പോലും ഭേദിച്ചുകൊണ്ട് രാഷ്ട്രീയമായ കൊടുങ്കാറ്റായി രൂപപ്പെടാൻമാത്രം ശക്തമായ ഭരണവിരുദ്ധവികാരം കേരളത്തിൽ ഉണ്ടായിരുന്നില്ല. ഉണ്ടാകുന്നതിനുള്ള കാരണവും ഇല്ലായിരുന്നു. ഉണ്ടായത് പാർട്ടിയോടുള്ള വിരോധമായിരുന്നു. രാഷ്ട്രീയമായി മാത്രമല്ല സാംസ്‌കാരികമായും സമൂഹത്തിനു നേതൃത്വം നൽകേണ്ട മുഖ്യമന്ത്രിയുടെ സംസ്‌കാരരഹിതമായ വീഴ്ചകളോടും പ്രസ്താവനകളോടുമുള്ള പ്രതികരണമാണ് പാർട്ടിയെ മാറ്റിനിർത്തി പിണറായി വിജയനോടുള്ള എതിർപ്പായി മാറിയത്.
അപ്പോൾ ശിക്ഷിക്കപ്പെട്ടത് പാർട്ടിയാണ്. പാർട്ടിയും പാർട്ടിനേതൃത്വം നൽകുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇല്ലാതായാൽ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും? സംയുക്തമായല്ലെങ്കിലും ഹിന്ദുത്വശക്തികൾക്കും അവരുടെ ഭരണത്തിനുമെതിരെ ശക്തമായ പ്രതിരോധനിര സൃഷ്ടിച്ച മൂന്ന് മുഖ്യമന്ത്രിമാരായിരുന്നു സ്റ്റാലിനും മമതയും വിജയനും. മൂവരും ഇന്ന് അധികാരത്തിലില്ല. മമതയുടെ 15 വർഷം കഴിഞ്ഞപ്പോൾ അധികാരത്തിൽ വന്നത് ബി.ജെ.പിയാണ്. സി.പി.എമ്മിനു നൽകിയ ശിക്ഷ ഇളവ് ചെയ്യാൻ ബംഗാളിലെ ജനങ്ങൾ തയാറായില്ല.
പൂജ്യത്തിൽനിന്ന് ഒന്നിലേക്കുള്ള വളർച്ചയാണ് പാർട്ടിക്ക്‌നേടാൻ കഴിഞ്ഞത്. തമിഴ്‌നാട്ടിലെ സ്റ്റാലിന് നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ കരുത്തോടെ നിൽക്കുന്നതിനുള്ള പ്രാപ്തിയുണ്ട്. പിണറായി വിജയന്റെ അസാന്നിധ്യത്തോളമെത്തുന്ന സാന്നിധ്യത്തിൽ മേനോൻ സതീശന്റെ പോക്ക് എങ്ങോട്ടാണെന്ന് പറയാനാവില്ല. ദൈവമായ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുതെന്ന് പത്ത് പ്രമാണങ്ങളിൽ പറയുന്നു. ശീലത്തിലും ശൈലിയിലും ക്രിസ്ത്യാനി എന്നു വിശേഷിപ്പിക്കാനാവാത്ത ഷിബു ബേബിജോണും സി.പി.ജോണും മാത്രമാണ് ആ കല്പന അനുസരിച്ചത്.
മതനിരപേക്ഷമായ പ്രതിജ്ഞ സ്വീകരിച്ചുകൊണ്ട് വി.ടി. ബൽറാമും ആശാസ്യമായ ഫ്രഷ്‌നെസിനു കാരണക്കാരനായെങ്കിൽ പരിണതപ്രജ്ഞനായ കുഞ്ഞാലിക്കുട്ടിയും അൻവർ സാദത്തും ഭരണഘടനയിൽ ഇല്ലാത്തത് സ്വയം കൂട്ടിച്ചേർത്തുകൊണ്ടാണ് പ്രതിജ്ഞ പൂർത്തിയാക്കിയത്. നമ്മുടെ മുഖ്യമന്ത്രി മേനോൻ തന്നെ എന്ന തിരിച്ചറിവും നമുക്കുണ്ടായി. സതീശൻ മേനോൻ എന്ന് അദ്ദേഹം പേര് മാറ്റിയിരുന്നുവെങ്കിൽ അതിൽ സത്യസന്ധത ഉണ്ടാകുമായിരുന്നു. മതത്തെ കച്ചവടമാക്കുന്നവരുണ്ട്. ഇവിടെ മതാടിസ്ഥാനത്തിലുള്ള പ്രകടനപരതയെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമമാണ് കാണുന്നത്.
നാസ്തികനായിരിക്കുകയും ക്ഷേത്രങ്ങളിൽ പോകാതിരിക്കുകയും ചെയ്ത ആളാണ് പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു. സോമനാഥക്ഷേത്രം സന്ദർശിക്കുന്നതിനുള്ള രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ തീരുമാനത്തെ എതിർത്തയാളാണ് നെഹ്‌റു. നെഹ്‌റുവിന്റെ പാരമ്പര്യത്തിലുള്ള സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന മേനോൻ സതീശൻ ക്ഷേത്രങ്ങളിൽ തന്റെ അർദ്ധനഗ്‌നത പ്രദർശിപ്പിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ കഴുത്തിലെ ഏലസ് കെട്ടിയ സ്വർണമാലയുടെ ചിത്രം കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് എനിക്ക് അയച്ചുതന്നിരിക്കുന്നു.
ആ ഏലസ് അപകടസൂചനയാണെന്ന് പ്രസന്നൻ പറയുന്നു. നെഹ്‌റുവിന്റെ പാരമ്പര്യത്തിൽ ആർക്കും അന്ധവിശ്വാസത്തിന്റെ അംബാസഡറാകാൻ കഴിയില്ല. സതീശനുമായുള്ള മത്സരത്തിൽ രമേശ് ചെന്നിത്തലയും ഒപ്പത്തിനൊപ്പമുണ്ട്. സെക്കുലർ ചൈതന്യം ഉൾക്കൊള്ളാൻ കഴിയാത്തവരുടെ വാക്കുകൾ കേവലം അധരവ്യായാമം മാത്രമാകും. സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വിശേഷണങ്ങൾ ആവോളം പ്രയോജനപ്പെടുത്തുമെങ്കിലും നെഹ്‌റു ജനാധിപത്യത്തിലെ ഏകാധിപതിയായിരുന്നു.
ഭരണഘടനയ്ക്ക് അദ്ദേഹമെഴുതിയ പ്രശസ്തമായ ആമുഖത്തിൽ ഭരണഘടനയുടെ മൂലക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന രണ്ടു വാക്കുകൾ ഇല്ലായിരുന്നു. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമല്ലെന്ന് സ്ഥാപിക്കാൻ ഹിന്ദുത്വവാദികൾ നെഹ്‌റുവിന്റെ വീഴ്ച പ്രയോജനപ്പെടുത്തുന്നു എന്നത് നെഹ്‌റുവിയൻ എന്നവകാശപ്പെടുന്ന സതീശന്റെ ശ്രദ്ധയിൽ ഉണ്ടായിരിക്കണം. യാദൃച്ഛികതകൾ ഉചിതമായ രസക്കൂട്ടിൽ ചേരുമ്പോഴാണ് കോമഡി ഉണ്ടാകുന്നത്. ബംഗാളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ബി.ജെ.പി സർക്കാർ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെ ചോദ്യം ചെയ്ത റാഹുൽ ഗാന്ധി കേരളത്തിലേക്ക് നോക്കിയപ്പോൾ കണ്ടത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്നയാളെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച കാഴ്ചയാണ്.
ബംഗാളിലെ നിയമനം തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾക്ക് കൂട്ടുനിന്നതിന്റെ പ്രതിഫലമാണെന്ന് റാഹുൽ ഗാന്ധി ആരോപിക്കുമ്പോൾ രത്തൻ ഖേൽക്കറുടെ കാര്യത്തിൽ സി.പി.എം ഉന്നയിക്കുന്ന ആരോപണത്തെ സമർത്ഥമായി പ്രതിരോധിക്കാൻ കോൺഗ്രസിനു കഴിയാതെവരും. തിരഞ്ഞെടുപ്പ് സംശുദ്ധമായിരിക്കണമെന്നു പറഞ്ഞാൽ അതിന്റെ അർത്ഥം അതിന്റെ നടത്തിപ്പുകാർക്ക് വിശ്വാസ്യത ഉണ്ടായിരിക്കണം എന്നാണ്. തിരഞ്ഞെടുപ്പ് നടക്കുമ്പോഴോ അതിനു മുമ്പോ മാത്രമല്ല അതിനുശേഷവും വിശ്വാസ്യത നഷ്ടപ്പെടാം.
എല്ലാം വിശ്വാസത്തെ അടിസ്ഥാനമാക്കി നടക്കുമ്പോൾ അതിനു സംഭവിക്കുന്ന ചെറിയ പോറൽ പോലും സംവിധാനത്തിന്റെ ഭദ്രതയെ ബാധിക്കും. ആം ആദ്മി പാർട്ടിക്കു പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി എന്നപേരിൽ തൊഴിൽ ഇല്ലാത്തവരുടെ വലിയ മൂവ്‌മെന്റ് ഉണ്ടായത് നിസ്സാരമായി കാണാൻ കഴിയില്ല. നിശ്ശബ്ദമായ പ്രതിഷേധം വലിയ കൊടുങ്കാറ്റുകളെ സൃഷ്ടിക്കും. മകന്റെ ആത്മാഹുതിയിൽ മനം നൊന്ത അമ്മയുടെ നിശ്ശബ്ദതയിൽ നിന്നാണ് അറബ് വസന്തത്തിന്റെ അടയാളമായി മാറിയ മുല്ലപ്പൂക്കൾ ചോരനിറത്തിൽ വിടർന്നത്. ഇടിമുഴക്കങ്ങൾ വസന്തത്തിന്റെ വരവറിയിക്കാനുള്ളതല്ല. ഇടിമുഴക്കത്തിനുശേഷമുണ്ടാകുന്നത് പേമാരിയാണ്.
പാർട്ടി വോട്ടർമാർ പാർട്ടിക്കെതിരെ വോട്ടു ചെയ്യുകയെന്ന അത്യപൂർവമായ പ്രതിഭാസം, സതീശന്റെ ഭാഷയിൽ പറഞ്ഞാൽ വിസ്മയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടു. പാർട്ടിയെ സ്‌നേഹിക്കുന്നവർ നടത്തിയ രക്ഷാപ്രവർത്തനമായിരുന്നു അത്. ഒരിക്കൽക്കൂടി പിണറായി വിജയന്റെ ഭരണം വന്നാൽ അത് പാർട്ടിയുടെ തിരിച്ചുവരാനാവാത്ത വിധമുള്ള അന്ത്യമായിരിക്കുമെന്ന തിരിച്ചറിവ് അവർക്കുണ്ടായി. പതിനഞ്ച് വർഷമായി പുറത്തുനിർത്തിയിട്ടും 36 വർഷം തങ്ങളെ ഭരിച്ച പാർട്ടിയോടുള്ള കലിപ്പ് ബംഗാൾ ജനതയ്ക്ക് മാറാത്തതിന്റെ ഉദാഹരണം അവരുടെ മുന്നിലുണ്ടായിരുന്നു.
വൈരുധ്യാത്മകവാദത്തിന്റെ പല തലങ്ങളിൽ ഒന്നായിരുന്നു ആസൂത്രിതമല്ലാത്ത ഈ പ്രതിഭാസം. അവർ കുലംകുത്തികളായിരുന്നില്ല. അവർ ആരോടും ആലോചിക്കുകയോ ആരുടെയും നിർദ്ദേശം സ്വീകരിക്കുകയോ ചെയ്തില്ല. Potery is the spontaneous overflow of powerful feelings എന്ന് കവിതയ്ക്ക് വേഡ്‌സ്‌വർത്ത് നൽകിയ നിർവചനത്തിൽ ജനഹിതത്തെയും ഉൾപ്പെടുത്താം.
അത് എങ്ങനെയുണ്ടാകുന്നുവെന്നോ എപ്രകാരം പ്രകാശിതമാകുന്നുവെന്നോ പറയാനാവില്ല. അത് വ്യക്തമാക്കപ്പെട്ട സാഹചര്യത്തിൽ അതിനു വഴങ്ങുകയെന്നതാണ് രാഷ്ട്രീയമായ ശരി. കയ്യാഫാസിന്റെ പ്രസ്താവനയെ സാധൂകരിക്കുന്ന സന്ദർഭങ്ങൾ ചരിത്രത്തിലുണ്ട്. ഒരാർക്കുവേണ്ടി ജനങ്ങൾ മരിക്കേണ്ടിവന്നപ്പോഴാണ് ഓഷ് വിറ്റ്‌സുകൾ ഉണ്ടായത്.
ഡോ. സെബാസ്റ്റ്യൻപോൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
