സതീശനെ ജഡായുവാക്കി ചിറകരിയാൻ എത്ര രാവണന്മാർ

NOVEMBER 18, 2026, 8:32 AM

തീയറ്ററുകളിൽ രാമായണം തകർത്തോടുകയാണ്. ഇതിനിടെ കൊല്ലത്തുള്ള ജടായുപ്പാറ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ലേ പാക്ഷിയിലാണ് ജടായു വീണതെന്ന് തെലുങ്ക് ജനത വിശ്വസിക്കുന്നു, എന്നാൽ കൊല്ലത്തുകാർ വിട്ടുകൊടുക്കുന്നതേയില്ല. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജടായു വീണതെന്നും, അവിടെയുള്ള കരിങ്കൽപ്പാറയിൽ ശ്രീരാമപാദങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും, അവിടെയുള്ള ശ്രീരാമക്ഷേത്രത്തിന് പൗരാണികചരിത്രമുണ്ടെന്നും കൂടി അവർ വാദിക്കുന്നു.

എന്തായാലും ജടായുവിന്റെ ശിൽപ്പമുള്ള ഇവിടേയ്ക്ക് ഇപ്പോൾ ഉത്തരേന്ത്യക്കാർ ഓടിയെത്തുകയാണ്. അതോടൊപ്പം രാമായണം മലയാള പതിപ്പിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയ മുകേഷ് മേത്തയും (ഇ 4 എന്റർടെയിൻമെന്റ്‌സ്) ഏ.വി. അനുപൂം (മെഡിമിക്‌സ് സോപ്പ് കമ്പനിയുടെ ഉടമ കൂടിയായ ഇദ്ദേഹത്തിന്റെ വിതരണക്കമ്പനിയുടെ പേര് എവിഎ എന്റർടെയിൻമെന്റ്‌സ്) ഹാപ്പിയാണ്.

രാമായണത്തിന്റെ റിപ്പീറ്റ് പ്രേക്ഷകരുടെ എണ്ണം കേരളത്തിലാണത്രെ ഏറ്റവും കൂടുതലുള്ളത്. എന്തായാലും ജടായുവിന്റെ വലത്തെ ചിറകിനാണോ ഇടത്തെ ചിറകിനാണോ രാവണന്റെ വെട്ടേറ്റതെന്ന തർക്കവും നവമാധ്യമങ്ങളിൽ അരങ്ങേറുന്നു. മാത്രമല്ല, ജടായു പരുന്തല്ല കഴുകനായിരുന്നുവെന്നും അഹങ്കാരിയായിരുന്നുവെന്നും ചില പുരാണവിദദ്ധർ ചൂണ്ടിക്കാണിക്കുന്നു.

vachakam
vachakam
vachakam

സതീശനെ ജടായുവാക്കി മാറ്റുന്നവർ

കേരളം രാമായണ കഥയോട് ബന്ധപ്പെട്ട സ്ഥലനാമങ്ങളാൽ പ്രസിദ്ധമാണ്. ഇങ്ങനെ പുരാണ ബന്ധമുള്ള സ്ഥലങ്ങൾ ഏറെയുമുള്ളത് കണ്ണുരൂം വയനാട്ടിലുമാണത്രെ. ഭൂമി പിളർന്ന് സീത അപ്രത്യക്ഷയായ സ്ഥലമെന്ന് കരുതുന്ന 'ചിതലയം' കണ്ണൂർ ജില്ലയിലാണ്. കതിരുരൂം പുരാണത്തിന്റെ പശ്ചാത്തലമുള്ള സ്ഥലമാണ്. മധ്യ കേരളത്തിലേക്കു വന്നാൽ മുഖ്യമന്ത്രി സതീശന്റെ മണ്ഡലമായ പറവൂരിലുള്ള 'തിരുവാലൂർ' ശ്രീരാമന്റെ വാളിന്റെ അറ്റം വീണ സ്ഥലമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. വാളിന്റെ മധ്യഭാഗം വീണ സ്ഥലമാണത്രെ ആലുവ യു.സി. കോളജിനടുത്തുള്ള കടുങ്ങല്ലൂർ. പുരാണം പറച്ചിൽ ഇവിടെ നിർത്താം. 

സതീശൻ അഹങ്കാരിയായ ജടായുവിന്റെ പ്രതീകമാണെന്നും, മുഖ്യമന്ത്രിയുടെ ചിറകരിഞ്ഞേ പറ്റൂ എന്നും കേരള രാഷ്ട്രീയത്തിലെ രാവണൻ ഫെയിം ആയ മുൻ മുഖ്യമന്ത്രി ധരിച്ചുവച്ചിട്ടുണ്ട്. മലയാള മനോരമയുടെ എഡിറ്റ് പേജിലെ ചെറിയൊരു ലേഖനത്തിൽ മുഖ്യമന്ത്രിയെ ഏകാധിപതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുമുണ്ട്. സതീശന്റെ ചിറകരിയാൻ കോൺഗ്രസ് പാർട്ടിയിലെ ചില രാവണ വേഷങ്ങളും ഇപ്പോൾ രംഗത്തുണ്ട്.

vachakam
vachakam
vachakam

കൂടിയാലോചനയില്ല, യു.ഡി.എഫ്. യോഗം ചേരുന്നില്ല തുടങ്ങിയ പരാതികൾ ക്യാബിനറ്റ് കൂടിയപ്പോൾ മന്ത്രിമാർ തന്നെ ഉന്നയിച്ചതായി ചാനൽ വാർത്തകളുണ്ട്. ഇന്നത്തെ മന്ത്രിസഭായോഗം രണ്ടര മണിക്കൂർ നീണ്ടത് പി.എസ്.സി.യിലേക്കുള്ള പുതിയ അഞ്ച് അംഗങ്ങളെ മുഖ്യമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ചതുകൊണ്ടാണെന്നും മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു. ഏതായാലും ആറ് മാസം തികഞ്ഞപ്പോൾ മന്ത്രിസഭയിലുണ്ടായ പൊട്ടിത്തെറികൾ പൊലിപ്പിച്ചു പറയാൻ ഏഷ്യാനെറ്റ് ന്യൂസ് ഏറെ പണിപ്പെടുന്നതു കണ്ടു.

പി.എസ്.സി.യോ പാർട്ടി സർവീസ് കമ്മീഷനോ?

പി.എസ്.സി. കഴിഞ്ഞ 10 വർഷവും പാർട്ടിക്കാർക്കു മാത്രം ജോലി നൽകുന്ന ഉഡായിപ്പ് സംഘമായി പരിണമിച്ചതിനെക്കുറിച്ച് സി.പി.എം. പറയുന്നത് വിചിത്ര ന്യായമാണ്. ചെയർമാൻ എം.ആർ.ബൈജുവിനെ എസ്.ഐ.ടി. ഭീഷണിപ്പെടുത്തി മൊഴിയെടുക്കാൻ ശ്രമിക്കുകയാണെന്നാണ് ഗോവിന്ദൻമാഷിന്റെ ആരോപണം. സ്വന്തക്കാർക്ക് അഭിമുഖത്തിലും എഴുത്തു പരീക്ഷയിലുമെല്ലാം തരികിട കാണിച്ചുവെന്ന് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ള ചെയർമാൻ ബൈജുവിനെ ഇനിയും പാർട്ടി ചുമക്കുന്നത് ദുഃഖകരമാണ്. തെറ്റ് ചെയ്യാൻ പാർട്ടി പ്രേരണയൊന്നും നൽകിയിട്ടില്ലെങ്കിൽ ബൈജുവിന്റെ കാര്യത്തിൽ 'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ'യെന്ന് ധീരതയോടെ പറയാൻ എന്തുകൊണ്ട് ഗോവിന്ദനും കൂട്ടർക്കും കഴിയുന്നില്ല?

vachakam
vachakam
vachakam

പി.എസ്.സി. ചെയർമാനും അദ്ദേഹത്തിന്റെ ശിങ്കിടിയും ചേർന്നു നടത്തിയ നിയമനത്തട്ടിപ്പുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ പാർട്ടി പ്രതിരോധം തീർക്കാൻ കഴിയാനാവാതെ  പൊതുസമൂഹത്തിനു മുമ്പിൽ ചൂളിപ്പോകുന്നുണ്ട്. പിണറായിയുടെ ലേഖനത്തിനുതാഴെ സി.പി.ഐയുടെ മുൻ പി.എസ്.സി. മെമ്പർ ഡോ. അജയകുമാർ കോടോത്തിന്റെ ഒരു ലേഖനമുണ്ട്. 'പ്രതി രാഷ്ട്രീയ നേതൃത്വം' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട് തന്നെ. പാർട്ടിയംഗം പി.എസ്.സി. മെമ്പറായി നോമിനേറ്റ് ചെയ്യപ്പെട്ടാൽ പാർട്ടിയാപ്പിസിന്റെ ഏഴയലത്തപോലും വരരുതെന്ന പഴയ സി.പി.ഐ. സെക്രട്ടറി വെളിയം ഭാർഗവന്റെ വാക്കുകൾ ലേഖനത്തിൽ അദ്ദേഹം അനുസ്മരിക്കുന്നു.

രണ്ടാം പിണറായി സർക്കാർ നേരിട്ട ദുർഗതി എന്തായിരുന്നുവെന്ന് ഡോ.അജയൻ ഈ ലേഖനത്തിൽ വ്യക്തമാക്കിയത്, ശരിക്കും പിണറായിയുടെ ലേഖനത്തിനുള്ള മറുപടിയായി മാറിയിട്ടുണ്ട്. പിണറായിക്ക് അടിമപ്പെട്ട ഒരു 'രാഷ്ട്രീയ ബ്യൂറോക്രസി' കേരളത്തെ കഴിഞ്ഞ വർഷങ്ങളിൽ നയിച്ചത് തികഞ്ഞ ഭരണ പരാജയത്തിലേക്കാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഘടകകക്ഷികളുടെ ആക്രാന്തം, വിലപേശൽ

ഒറ്റയ്ക്ക് മൽസരിച്ചാൽ എട്ടു നിലയിൽ പൊട്ടുന്ന ഘടകകക്ഷികളാണ് കേരളത്തിലെ ഇരുമുന്നണികളിലുമുള്ളത്. കേരളാ കോൺഗ്രസിലെ എല്ലാ ഗ്രൂപ്പുകളും കൂടി നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയത് വെറും 5.72 ശതമാനം വോട്ടുകൾ മാത്രമാണ്. എന്നിട്ടും 63 സീറ്റുകൾ സ്വന്തമായുള്ള കോൺഗ്രസിനോടുള്ള ചെറുകക്ഷികളുടെ മനോഭാവം പൊതുസമൂഹത്തിന് പിടിക്കാനിടയില്ല. വയോജന കമ്മീഷന്റെ ചെയർമാൻ സ്ഥാനം മുസ്ലീം ലീഗിലെ കെ.പി.എ.മജീദിന് വേണമെന്നുള്ള 'മോഹം' അവർ സതീശനെ അറിയിച്ചു കഴിഞ്ഞു.

പി.ജെ. ജോസഫിന്റെ മകൻ അപു ജോസഫിന് ചീഫ് വിപ്പ് സ്ഥാനം നൽകിയിരിക്കെ, തങ്ങളുടെ നേതാവ് പി.ജെ. ജോസഫിനു കൂടി ക്യാബിനറ്റ് റാങ്കുള്ള പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ് ചൊവ്വാഴ്ച കോട്ടയത്തുവച്ച് പറയുകയുണ്ടായി. ഇപ്പോൾ കാർഷിക കമ്മീഷൻ എന്നൊരു പുതിയ സംവിധാനമുണ്ടാക്കി. ജോസഫിനെ അവിടെ കുടിയിരുത്താൻ കോൺഗ്രസിന് പദ്ധതിയുണ്ട്. 2029ൽ നടക്കാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജോസ് കെ.മാണിയും ഉചിതമായ സമയത്ത് ഇടതുമുന്നണി വിട്ടേക്കാം. 2030 വരെ ജോസിന് രാജ്യസഭാംഗത്വമുണ്ടെന്നിരിക്കെ, മുന്നണി മാറ്റം വലിയ പ്രശ്‌നമാവില്ലെന്ന് മാണി ഗ്രൂപ്പ് കണക്ക് കൂട്ടുന്നു.

ആർ.എസ്.പി. (ബേബി ജോൺ പക്ഷം) ക്കുമുണ്ട് പരാതികൾ. പ്രേമചന്ദ്രന്റെ മകന് കൊല്ലം ജില്ലയിൽ ഏതെങ്കിലും ഒരു സീറ്റ് കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. എന്നാൽ ഷിബു ബേബി ജോൺ ഈ ആവശ്യം തുടക്കത്തിലേ തള്ളി. ഇപ്പോഴും ചില അപസ്വരങ്ങൾ പാർട്ടിയിലുണ്ടെന്ന് ഷിബുവിനറിയാം. അവരെ ഒതുക്കാൻ ഏതെങ്കിലും ബോർഡ്, കോർപ്പറേഷൻ പദവികൾ കഴിയും വേഗം കിട്ടണമെന്ന് മന്ത്രി ഷിബുവും ആഗ്രഹിക്കുന്നുണ്ട്.

കെ.ടി.ഡി.സി. ചെയർമാൻ പദവി ഏറ്റെടുക്കാൻ പി.വി.അൻവർ ആഫ്രിക്കയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടത്രെ. ചെറിയ കക്ഷികളും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഐക്യമുന്നണിയിലേക്ക് ഓടിക്കൂടിയവരുമെല്ലാം അസംതൃപ്തരാണ്. കഴിയുന്നത്ര വേഗം പദവികൾ കിട്ടിയേ തീരുവെന്ന പൂതി അവർക്കുള്ളിൽ വളർന്നു കഴിഞ്ഞു.

വേണ്ട, ഞങ്ങൾക്ക് കേൾക്കേണ്ട, ഇതെന്ത് ന്യായം?

തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ പരിപാടിയിൽ പയ്യന്നൂരിലെ എം.എൽ.ഏ. ആരായാലും പങ്കെടുത്തിരിക്കണമെന്നാണ് സഹകരണ നിയമം. എം.എൽ.എ.യ്ക്ക് അസൗകര്യമുണ്ടെങ്കിലേ മറ്റൊരാളെ ഉദ്ഘാടനത്തിനായി ക്ഷണിക്കാവൂ എന്നും നിയമത്തിലുണ്ട്. സ്ഥലം എം.എൽ.എ. സി.പി.എം. വിമതനായ വി. കുഞ്ഞിക്കൃഷ്ണനാണ്. കുഞ്ഞിക്കൃഷ്ണനെ വിളിക്കാതെ പകരം പയ്യന്നൂർ നഗരസഭാ ചെയർമാനെ വിളിക്കാൻ സംഘാടകർ സഹകരണവകുപ്പിന്റെ അനുമതി തേടിയെങ്കിലും നടപ്പായില്ല.

ഇന്ന് കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനത്തിനെത്തിയപ്പോൾ സി.പി.എം.കാർ ഞങ്ങൾ എം.എൽ.ഏ.യുടെ പ്രസംഗം കേൾക്കാനില്ലെന്നു പറഞ്ഞ് സദസ്സ് വിട്ടിറങ്ങി. എന്തൊരു ജനാധിപത്യ മര്യാദയാണിത്? ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ഒരു എം.എൽ.എ.യെ അപമാനിക്കുന്നതാണോ പിണറായിസത്തിന്റ വരട്ടുതത്വശാസ്ത്രം? കണ്ണൂരിലെ പാർട്ടി കെ.കെ.രാഗേഷിന്റെ നേതൃത്വത്തിൽ എന്നെങ്കിലും പച്ച പിടിക്കുമോ?

ഇതിനിടെ പാലക്കാട്ട് സി.പി.എം.ഉം മുസ്ലീം ലീഗും ചേർന്ന് ഒരു പഞ്ചായത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണം പിടിച്ചെടുത്തുവെന്നൊരു വാർത്ത കണ്ടു. പ്രാദേശികമായ ഇത്തരം കുതികാൽവെട്ടുകൾ വേണോ? ലീഗാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്.
മുഖ്യമന്ത്രി വി.ഡി.സതീശനെ എതിർക്കുന്ന ഗ്രൂപ്പ് നേതാക്കൾ പ്രാദേശികമായി കൂട്ടിച്ചേരുവാൻ കോപ്പ് കൂട്ടുന്നുണ്ടോ? അത്തരം സൂചനകൾ അന്തരീക്ഷത്തിലുണ്ട്.  സതീശൻ ശക്തനായ ജനകീയ നേതാവെന്ന നിലയിൽ വളർന്നുവരുന്നതിനെ ചെറുക്കാൻ പിണറായി കോൺഗ്രസിൽ നിന്നുതന്നെ നേതാക്കളെ വിലയ്‌ക്കെടുക്കാനുള്ള തത്രപ്പാടിലാണത്രെ.

യൂണിയനുകളുടെ പിപ്പിടി കാണിക്കൽ

ശബരിമല ക്ഷേത്രത്തിലെ പ്രധാന യൂണിയൻ സി.പി.എം.ന്റേതാണ്. നിലവിലുള്ള പല കരാറുകാരും ഇടതു ഭരണകാലത്ത് ക്ഷേത്ര സ്വത്തിൽ കൈയിട്ടു വാരിയവരാണ്. എല്ലാവരുമല്ല ചിലർ മാത്രം. ഇത്തവണത്തെ തീർത്ഥാടന കാലത്ത് കഴിയുന്നത്ര പ്രശ്‌നമുണ്ടാക്കാൻ സി.പി.ഐ. യൂണിയനിൽ പെട്ടവര് ശ്രമിച്ചുവെന്നത് കരക്കമ്പിയായി ഇവിടെ പടർന്നിട്ടുണ്ട്. ആദ്യം നെയ്യ്, അരവണ വിതരണം തകരാറിലാക്കാൻ ഒരു ഗ്രൂപ്പ് ശ്രമിച്ചു. ആ പ്രശ്‌നം പരിഹരിച്ചപ്പോൾ, പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി. ഇപ്പോൾ ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

സന്നിധാനത്ത് അയപ്പ ഭക്തർക്കുള്ള ഭക്ഷണ വിതരണവും അട്ടിമറിക്കാൻ ശ്രമമുണ്ടായി. ശബരിമലയോടനുബന്ധിച്ചുള്ള കരാറുകാർ കൂട്ടമായി ലേലത്തിൽ നിന്ന് വിട്ടുനിന്നതും പരോക്ഷമായി സി.പി.എം.ന്റെ ഭാഗത്തുനിന്നുള്ള ഇടങ്കോലിടലായി സംശയിക്കുന്നുണ്ട്. അയ്യപ്പ സന്നിധിയിൽ പോലും ചീഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള ചിലരുടെ ശ്രമം ഇപ്പോൾ ഏതാണ്ട് പൊളിഞ്ഞ മട്ടാണ്.

തീർത്ഥാടനകാലത്തെ ഒരുക്കങ്ങൾക്കായി ശരണപാത കടന്നുപോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് റോഡ് നന്നാക്കാനും മറ്റുമായി യു.ഡി.എഫ്. സർക്കാർ പ്രത്യേകം ഗ്രാന്റും അനുവദിച്ചു. ദൈവവിശ്വാസമില്ലാത്തവരും, വിശ്വാസമുള്ളവരും തമ്മിലുള്ള നേർക്കു നേർ പോരാട്ടമായി ഈ തീർത്ഥാടന കാലം മാറിക്കഴിഞ്ഞു. ഇവിടെ ദൈവമേ ജയിക്കൂ. ബാക്കി കത്തിവേഷങ്ങളെല്ലാം കത്തിവീഴുകതന്നെ ചെയ്യും.

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam