വിശ്വസ്ത വിധേയരില്ലാതെ നാടാറുമാസം

NOVEMBER 18, 2026, 11:21 AM

വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രിയുടെ വാക്കും പ്രവർത്തിയും രണ്ടാണെന്ന് പ്രതിപക്ഷം ആക്ഷേപിക്കുമ്പോൾ, മുഖ്യൻ തങ്ങളോട് ഒരു വാക്ക് പോലും പറയുന്നില്ലെന്ന് വിലപിക്കുകയാണ് മന്ത്രിസഭയിലെ സഹപ്രവർത്തകർ !

ആരാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ? അങ്ങനെ ഒരാളുണ്ടോ?

തൽക്കാലം, ഒരു വൺമാൻ ഷോ തന്നെയാണ് കഷ്ടപ്പെട്ട് മുഖ്യമന്ത്രി പഥത്തിലേറിയ സതീശൻ ഉദ്ദേശിക്കുന്നത്. അതിനാൽ വിശ്വസ്ത വിധേയർ എന്നൊരു വിഭാഗം നിലവിൽ അദ്ദേഹത്തോടൊപ്പം ഇല്ല. നടപ്പ് രാഷ്ട്രീയത്തിന്റെ അളവുകോൽ വച്ച് നോക്കുമ്പോൾ സതീശൻ അല്പം മുന്നിൽ കയറി നടക്കുകയാണ് എന്ന് തോന്നും.

vachakam
vachakam
vachakam

ഭരണത്തിലേറി ആറുമാസം തികയുന്ന നാളിൽ ചേരുന്ന മന്ത്രിസഭ യോഗത്തിൽ നിന്ന് അസംതൃപ്തരുടെ ശബ്ദം ഉയർന്നെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്ക് തന്നെ. സർക്കാരിന്റെ മധുവിധുകാലം കഴിയും മുൻപ് പ്രത്യേകതയുള്ള അര ഡസനോളം പ്രഖ്യാപനങ്ങൾ നടത്തുകയും പലതിനും തുടക്കം കുറിക്കുകയും ചെയ്ത സതീശൻ, നേട്ടങ്ങൾ എണ്ണി പറയുമ്പോൾ പുലർത്തുന്ന അതേ പ്രസരിപ്പ് വിമർശനങ്ങളെ നേരിടുമ്പോഴും പ്രകടിപ്പിക്കുന്നു. നല്ലതും ചീത്തയും അത് എന്താണെങ്കിലും താനറിയാതെ ഇവിടെ ഒന്നും നടക്കില്ല എന്ന സന്ദേശം ഇക്കാലയളവിൽ അദ്ദേഹം നൽകി കഴിഞ്ഞു.

ആ ശൈലിക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചു കൊണ്ടിരുന്നപ്പോൾ അതൊരു നാട്ടുനടപ്പ് എന്ന നിലയിലാണ് കാണാൻ കഴിഞ്ഞത്. എന്നാൽ ടീം യു.ഡി.എഫ് എന്ന മുദ്രാവാക്യം തുടരെ ആവർത്തിച്ച് നൂറിലേറെ സീറ്റുകളുടെ പിൻബലത്തോടെ ഭരണം പിടിച്ചപ്പോൾ, അതിന്റെ മുഴുവൻ ക്രെഡിറ്റും വി.ഡി. സതീശൻ എന്ന പഴയ പ്രതിപക്ഷ നേതാവ് നെഞ്ചിലേറ്റുന്ന കാഴ്ചയാണ് കണ്ടത്. ഇടതുപക്ഷ മന്ത്രിസഭയിലെ ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന് പ്രവചിച്ച ആളാണ് സതീശൻ. നൂറിലേറെ സീറ്റ് യു.ഡി.എഫ് നേടുമെന്നുകൂടി പറഞ്ഞപ്പോൾ പലരും അദ്ദേഹത്തെ പരിഹസിച്ചു.

മുന്നണി ജയിച്ചപ്പോൾ മുഖ്യമന്ത്രി ആരാവണം എന്ന് വലിയ ചോദ്യം പത്തു ദിവസത്തോളം രാഷ്ട്രീയ കേരളം ചർച്ച ചെയ്തപ്പോഴും, കേവലം നറുക്ക് വീഴുന്നതിന് അപ്പുറം, ഹൈക്കമാൻഡ് പോലും വഴങ്ങിപ്പോയ ആ തീരുമാനത്തിലേക്ക് ഒറ്റയാൾ പേരുകാരനായി വന്നപ്പോൾ ലഭിച്ച ആത്മധൈര്യം മറുവശത്ത്. അതിനാൽ തൽക്കാലം സതീശന്റെ മനസ്സിലിരിപ്പ് അദ്ദേഹത്തിന് മാത്രമേ അറിയാൻ കഴിയൂ. ആ നീക്കങ്ങൾക്ക് പിന്നിൽ മറ്റൊരു ബുദ്ധികേന്ദ്രം ഉണ്ടെന്ന് കരുതാനാവില്ല. എന്നുവച്ച് കേന്ദ്ര നേതൃത്വം സതീശനെ കണ്ണടച്ച് പിന്തുണയ്ക്കുന്നു എന്നും അർത്ഥമില്ല. വളർമതിയുടെ സമരത്തെ പ്രിയങ്ക ഗാന്ധി പിന്തുണച്ചത് അതുകൊണ്ടാണ്.

vachakam
vachakam
vachakam

കുപ്പായം തുന്നിച്ചവർ

അധികാരത്തിന്റെ പങ്ക് പറ്റുമ്പോൾ എല്ലാം സമൃദ്ധമായി വീതിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കുന്നവരാണ് ഘടകകക്ഷികൾ. അത്തരം ഒരു പങ്കുവെപ്പ് തിടുക്കത്തിൽ നടത്താൻ മുഖ്യമന്ത്രി വലിയ താല്പര്യം കാണിച്ചില്ല. അവിടെയും പ്രശ്‌നമായത് സ്വന്തം നിലപാടുകൾക്ക് അപ്പുറത്തുള്ള ഒന്നിനെയും തൽക്കാലം സ്വീകരിക്കേണ്ടതില്ല എന്ന മനോഭാവം തന്നെ. ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ വൈകുമ്പോൾ അതിനായി കുപ്പായം തുന്നി കാത്തിരിക്കുന്ന സഹ കക്ഷികളാണ് അസ്വസ്ഥരാവുന്നത്. അതിൽ തന്നെ മുസ്ലിംലീഗിനോട് മുഖ്യമന്ത്രിക്ക് പ്രത്യേക മമത ഉണ്ടെന്ന തോന്നലും സൃഷ്ടിക്കപ്പെട്ടു.

പി.എസ്.സി നിയമനങ്ങളും മറ്റും നീളുമ്പോൾ ഘടകന്മാർ മുഷിയുകയാണ്. എല്ലാറ്റിനും സതീശന് മറുപടിയുണ്ട്. പിണറായിക്കാലത്ത് താൻ വിമർശിച്ച കാര്യങ്ങൾ സ്വയം എടുത്തണിയാൻ സതീശന് മടിയില്ല. എന്നാൽ അത്തരം വിമർശനങ്ങളെ മുഖ്യമന്ത്രി മറികടക്കുന്നത് കുറച്ചുകാലം കൊണ്ട് താൻ വിഭാവനം ചെയ്ത് നടപ്പാക്കിയ കാര്യങ്ങളെ എടുത്തുപറഞ്ഞാണ്. പ്രിയദർശനി, വയോജന വകുപ്പ് നേട്ടങ്ങൾ. കിഫ്ബിയെ കുറിച്ചുള്ള പഠനം, മിഷൻ സമുദ്രയ്ക്കായി നിയമം... മുഖ്യമന്ത്രി അക്കമിട്ടു പറയുന്നു:

vachakam
vachakam
vachakam

പരമാവധി കേന്ദ്ര പണം നേടിയെടുക്കാനാണ് നടപടികൾ. ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതി ഡിസംബറിൽ തുടങ്ങും. ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും നടപ്പാക്കും. വലിയ സർവകാലാശാലകൾ കേരളത്തിൽ എത്തിക്കാൻ നടപടികൾ നടക്കുകയാണ്. 588 പദ്ധതികൾ നൂറു ദിവസം കൊണ്ട് പ്രഖ്യാപിച്ചു. 568 പദ്ധതികൾ നടപ്പാക്കി.

എന്തായാലും, തീരുമാനമെടുക്കേണ്ട ഫയൽ അതിന് മുമ്പ് മുന്നണി യോഗത്തിൽ ചർച്ചക്ക് വെക്കും. സമവായം ഉണ്ടായ ശേഷമാണ് മന്ത്രിസഭയിലേക്ക് വിടുക. അതാണ് പരമ്പരാഗത രീതി. എന്നാൽ ഇവിടെ മുന്നണിയും കെ.പി.സി.സിയും അറിയാതെയാണ് ക്യാബിനറ്റിൽ വരുന്നത്. ആരാണ് അതിന് ഉത്തരവാദി?

കൂടിയലോചനകൾ ഇല്ല എന്ന വിമർശനത്തിന്, അത്തരം ചർച്ചകൾ നടക്കാൻ രാഷ്ട്രീയകാര്യ സമിതി ചേരുന്നില്ല എന്ന മറുവശം കൂടിയുണ്ട്. അത്തരം വീഴ്ചകൾ ശ്രദ്ധിക്കേണ്ടത് ആരാണ്. ഹൈക്കമാൻഡ് എന്തു ചെയ്യുകയാണ്. പരാതിയുമായി ചെന്ന യു.ഡി.എഫ് കൺവീനറുമായി ഹൈക്കമാൻഡ് എന്താണ് ചർച്ച ചെയ്തത്. ഇതൊന്നും പുറത്തേക്ക് വരുന്നില്ല.

ഭൂരിപക്ഷത്തിന്റെ ബലം വച്ചു നോക്കിയാൽ ഘടക കക്ഷികളെ പോലും തൽക്കാലം ഗൗനിക്കേണ്ട സാഹചര്യം മുഖ്യമന്ത്രിക്ക് ഇല്ല. കെ.പി.സി.സിക്ക് ഒരു അധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ പാർട്ടി സ്തംഭിച്ചു നിൽക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്. തന്റെ ശൈലിയുമായി മുന്നോട്ടുപോകുന്നതിന് സതീശന് മുന്നിൽ സംഘടനാപരമായ വിലങ്ങ് തടികൾ ഒന്നുമില്ല. അപ്പോൾ അരാജകത്വം സൃഷ്ടിക്കുന്നത് നേതാവല്ല പാർട്ടിയാണ് എന്ന് വ്യക്തം.

പ്രതിപക്ഷ വിലാപം

പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു: കോൺഗ്രസിന്റെ ജീർണ്ണിച്ച രാഷ്ട്രീയ സംസ്‌കാരത്തിന്റെ വൃത്തികെട്ട മുഖമാണ് പുറത്തുവരുന്നത്. ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ഒരു വ്യക്തിയുടെ വീഴ്ചയല്ല; അധികാരം കിട്ടിയാൽ എന്തും ചെയ്യാമെന്ന അഹങ്കാരത്തിന്റെ നേർചിത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന മാഫിയാ രാഷ്ട്രീയമാണ് ആറുമാസം കൊണ്ട് കേരളത്തിൽ തഴച്ചു വളർന്നത്.

തിരുവനന്തപുരം പേട്ടയിലെ ഡി.സി.സി അംഗം പരസ്യമായി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിനെ വിമർശനം. അധികാരത്തിന്റെ ഗർവിനു ജനം കൊടുത്ത ശിക്ഷയുടെ ഉത്പന്നമാണ് മാറിയ ഭരണം. അതിന്റെ തലപ്പത്തിരിക്കുന്നവർ ഭരണപ്രായം അരക്കൊല്ലം പിന്നിടുമ്പോൾ തന്നെ ജനത്തോട് പറയുന്നത് ഇതേ ഗർവാണ് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിമർശനമാണ് ഇത്.

'യുടേൺ' നയങ്ങളാണ് സതീശനെതിരായ മറ്റൊരു വിമർശനം. പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്തിരുന്ന പി.എം ശ്രീ  പദ്ധതി, വീര്യം കുറഞ്ഞ മദ്യം (ലോആൽക്കഹോൾ) ഉത്പാദിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ തുടങ്ങിയവ. മുൻ സർക്കാരിനെതിരെയുള്ള ഇ.ഡി  ആരോപണങ്ങളിൽ നേരിട്ട് വിജിലൻസ് കേസെടുക്കാതെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആരോപണത്തിന് ഇടയാക്കി. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

എല്ലാം കോംപ്ലിമെന്റ്‌സാക്കി !

ഏതായാലും ഏറ്റവും ഒടുവിലെ ക്യാബിനറ്റ് മീറ്റിംഗിൽ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. എ.പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയതോടെ ഉടൻ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പി.എസ്.സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടിയതോടെ മറ്റ് മന്ത്രിമാരും സമാനമായ രീതിയിൽ മുഖ്യമന്ത്രി സ്വയം തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപണമുയർത്തി. ഇതോടെ മുഖ്യമന്ത്രി അവതരിപ്പിച്ച പട്ടിക അംഗീകരിക്കാതെ ചർച്ച വേണമെന്നായി. ഏറ്റവുമൊടുവിൽ ഗ്രൂപ്പ് സമവായങ്ങളടക്കം പരിഗണിച്ചാണ് പട്ടിക മന്ത്രിമാർ അംഗീകരിച്ചത്.

അതിനും സതീശന് തൽക്ഷണം മറുപടിയുണ്ടായി. മന്ത്രിസഭാ യോഗത്തിൽ ഒരുപാട് തർക്കങ്ങൾ ഉണ്ടായി. ഇത് പിണറായിയുടെ ക്യാബിനറ്റ് അല്ല. വിധേയരുടെ ക്യാബിനറ്റ് അല്ല. ഉന്നത വിദ്യാഭാസ ബിൽ ആണ് ചർച്ചയായത്. പിണറായിയുടെ കാലത്ത് എത്ര ചർച്ച നടന്നു. തർക്കം നടന്നു. പക്ഷേ എല്ലാത്തിലും തീരുമാനമായി. വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാൽ തള്ളിപ്പറയില്ല, കേൾക്കും. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയിട്ട് ആറു മാസമായി. ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനായി. ഒരുപാട് ക്ഷേമ പദ്ധതികൾ നടപ്പാക്കി സതീശൻ അടിവരയിടുന്നു.

നേട്ടങ്ങളുടെ പട്ടിക ഒരു വശത്ത് എണ്ണിപ്പറയാൻ ഉള്ളപ്പോൾ തന്നെ വിവാദങ്ങളുടെ അകമ്പടി ഒരു ശീലമാക്കിയിരിക്കുകയാണ് വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രി എന്ന് സമാധാനിക്കാം. പക്ഷേ ഇനിയുള്ള നാളുകളിൽ വി.ഡിക്കും വേണ്ടേ വിശ്വസ്ത വിധേയർ? സ്വന്തം ക്യാമ്പിൽ നിന്ന് തന്നെ എന്നും സമ്മർദ്ദത്തിൽ കഴിയുന്ന ഒരു ഭരണാധികാരിക്ക് നന്നായി ഭരിക്കാൻ സമയം കിട്ടുമോ എന്നു കൂടി അദ്ദേഹം സ്വയം ആലോചിക്കുന്നത് നന്നായിരിക്കും.

പ്രജിത്ത് രാജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam