'ജനറേറ്ററിന് ചെലവ് കൂടുതല്‍'; 11 കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം

FEBRUARY 1, 2025, 6:36 PM

കോട്ടയം: വീണ് തലയ്ക്ക് പരിക്കേറ്റ 11 കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ഇന്ന് വൈകുന്നേരം 4:30 ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ.പി സുജിത്ത്-സുരഭി ദമ്പതികളുടെ മകന്‍ എസ്. ദേവതീര്‍ഥി(11)നാണ് വീട്ടിനുള്ളില്‍ തെന്നി വീണ് തലയുടെ വലത് വശത്ത് പരിക്കേറ്റത്.

അമിത രക്തസ്രാവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉടനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ നിന്ന് മുറിവ് ഡ്രസ് ചെയ്യാനായി കുട്ടിയെ ഡ്രസിങ്ങ് റൂമിലെത്തിച്ചു. എന്നാല്‍ ഇവിടെ ഇരുട്ടായതിനാല്‍ ഇവര്‍ അകത്തേക്ക് കയറിയില്ല. ഏറെ നേരം കാത്തിരുന്ന ശേഷം അറ്റന്‍ഡര്‍ എത്തി. മുറിക്കുള്ളില്‍ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ അറ്റന്‍ഡര്‍ ദേവതീര്‍ഥിനെ ഒ.പി കൗണ്ടറിന്റ മുന്നിലിരുത്തി.

മുറിവില്‍ നിന്നും രക്തം ഒഴുകിയതോടെ കുട്ടിയെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി. ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച് വെയ്ക്കാറില്ലെന്നുമായിരുന്നു അറ്റന്‍ഡറുടെ മറുപടി.

തുടര്‍ന്ന്, മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാന്‍ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാല്‍ ജനലിന്റെ അരികില്‍ ദേവതീര്‍ഥിനെ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.

ദേവതീര്‍ഥിന് തലയില്‍ രണ്ട് തുന്നലുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam