ഹൈറേഞ്ചിലെ ഹൈവോൾട്ടേജ് തെറിയും ലോറേഞ്ചിലെ 'അയ്യോ പാവം' ഡയലോഗും!

MARCH 28, 2024, 10:35 AM

പൊതുജനം നേരിടുന്ന ജീവന്മരണ പ്രശ്‌നങ്ങൾക്കു പകരം, എന്തെല്ലാം ചീപ്പായ കാര്യങ്ങളാണ് നമ്മുടെ രാഷ്ട്രീയക്കാർ ചർച്ച ചെയ്യുന്നത് ? തെരഞ്ഞെടുപ്പ് കാലമായിട്ടും ജനങ്ങളെ പ്രത്യക്ഷമായി ബാധിക്കുന്ന പ്രശ്‌നങ്ങളെ തമസ്‌ക്കരിക്കുന്ന ഗൂഢവിദ്യ അറിയാവുന്ന ഉഡായിപ്പ് നേതാക്കളാണ് സി.പി.എം.ൽ ഉള്ളതെന്ന് പൊതുവേ പറയാനാവില്ല. എങ്കിലും പല ചുവപ്പന്മാരും ചുരുളി എഴുന്നള്ളിക്കുന്നതിൽ വിദഗ്ദ്ധരാണ്. അവരിൽ ഒരാളാണ് എം.എം. മണി എന്ന മണിയാശാൻ.

ഇടുക്കിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെ മാത്രമല്ല മുൻ കേന്ദ്രമന്ത്രി പി.ജെ. കുര്യനെ വരെ തെറികൊണ്ട് ആറാട്ട് നടത്തിയ മണിയുടെ ലക്ഷ്യമെന്താണ്? ഇടുക്കി നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിച്ചുവിടുക തന്നെയല്ലേ? ആകണം, തെറി മാത്രമല്ല, കൈകൾ കൊണ്ടുള്ള ആംഗ്യവുമെല്ലാം അശ്ലീലമാണെന്ന് ചാനൽ ദൃശ്യങ്ങളിൽ കാണാൻ കഴിയും.

അതിനു മറുപടി പറയാനെത്തിയ പ്രാദേശിക കോൺഗ്രസ് നേതാവ് ഒ.ആർ. ശശിയാകട്ടെ മണിയെ പെറ്റിട്ടത് പാറമടയിലാണെന്നും ഡീനിനെ പ്രസവിച്ചത് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണെന്നും വച്ചു കാച്ചി. ഇപ്പോൾ മണിക്കെതിരെ വംശീയ ആക്ഷേപം നടത്തിയതിന് ശശിക്കെതിരെ ഇലക്ഷൻ കമ്മീഷന് സി.പി.എം. പരാതി നൽകിക്കഴിഞ്ഞു.

vachakam
vachakam
vachakam

വി.എസ്. അച്ചുതാനന്ദന്റെ ഇടുക്കിയിലെ വലം കൈയായിരുന്ന എം.എം. മണി പിണറായി പക്ഷത്തേയ്ക്കു പോയതിനു പിന്നിൽ വലിയ കഥകളുണ്ട്. ആ കഥയെല്ലാം ഒളിപ്പിക്കാനുള്ളതുകൊണ്ട് നാവിന് എല്ലില്ലാത്ത മണിയെ പിണറായി കൂടെ കൂട്ടി മന്ത്രിയാക്കി. വൈദ്യുതി വകുപ്പ് മന്ത്രിയായതോടെ ഇടുക്കി ഡാമിന്റെ അധീനതയിൽപെട്ട സ്ഥലത്ത്‌പോലും ഒരു 'ഇല്ലാ സൊസൈറ്റി' രൂപീകരിച്ച് അമ്യൂസ്‌മെന്റ് പാർക്ക് കെട്ടി പണപ്പിരിവ് തുടങ്ങി.

ഇതെല്ലാം ഇടുക്കിക്കാർക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ, കാശുമായി പോയാൽ മണിമണിയായി കാര്യം സാധിച്ചുകിട്ടുമ്പോൾ, അതിൽ പരം ഒരു വീരപരിവേഷം മറ്റാർക്കാണ്  കിട്ടുക. മണി ഇനിയും പറഞ്ഞുകൊണ്ടിരിക്കും. നാറിപ്പുഴുത്ത ആ വാക്കുകളോട് പ്രതികരിക്കുന്നത് ഒരു കെണിയായി ഡീൻ കുര്യക്കോസിനു മനസ്സിലായതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചതിൽ നിന്ന് മനസ്സിലാക്കാം.

'തല'സ്ഥാനത്തിന്റെ 'തല' വരകൾ

vachakam
vachakam
vachakam

''കണ്ണൂർ സ്‌ക്വാഡ്' തലസ്ഥാനം ഭരിക്കുന്നത് തിരുവനന്തപുരത്തെ ഹോട്ടൽ ലോഡ്ജ്  ലോബികൾക്ക് പെരുത്തിഷ്ടമാണ്. തിരുവനന്തപുരത്തേയ്ക്ക് വന്നാൽ മാത്രമേ സർക്കാർ കാര്യങ്ങൾ നടത്തിക്കിട്ടൂ എന്ന പൊതു ചിന്ത മാറ്റിക്കുറിച്ചത് നമ്മുടെ പ്രിയപ്പെട്ട മുൻ മുഖ്യൻ ഉമ്മൻ എന്ന ഓ.സി.യാണ്. ജില്ലകൾ തോറും അദ്ദേഹം നടത്തിയ പരാതി പരിഹാരമേളകൾ സർക്കാർ ഉദ്യോഗസ്ഥരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. തലസ്ഥാനത്തെ ഹോട്ടൽ ലോഡ്ജ് ലോബികളും ഉമ്മൻചാണ്ടിയുടെ ഈ പൂഴിക്കടകൻ പ്രയോഗത്തെ മുറുമുറപ്പോടെയാണ് നേരിട്ടത്. എന്തായാലും ഉമ്മൻചാണ്ടിയെ കുടുക്കി താഴെയിറക്കാൻ ഈ അസംതൃപ്തരുടെ നിര കൂടി ചരട് വലിച്ചോയെന്ന് അന്നേ പലർക്കും സംശയമുണ്ടായിരുന്നു.

അദാനിയുടെ ടിപ്പറും 'സ്മാർട്ട്' സിറ്റിയും

കണ്ണൂരുകാർ ഭരിച്ച് കുളമാക്കിയ തലസ്ഥാനം കണ്ടാൽ പെറ്റ തള്ളയല്ല, പെറാത്ത തള്ളപോലും സഹിക്കില്ല. റോഡുകൾ വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായി. സ്വന്തം വീട്ടിൽ നിന്ന് വാഹനം പുറത്തേയ്‌ക്കെടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ളവർ. നഗരം സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും പണികൾ സ്മാർട്ടായിട്ടല്ല നീങ്ങുന്നത്.

vachakam
vachakam

ഇനി വിഴിഞ്ഞം ഭാഗത്താണെങ്കിൽ അദാനിയുടെ തുറമുഖ പദ്ധതിയ്ക്കായി തമിഴ്‌നാട്ടിൽ നിന്ന് പാറക്കല്ല് കയറ്റിവരുന്ന ടിപ്പറുകൾ ദിവസേനയെന്നോണം യാത്രക്കാരെ കൊന്നൊടുക്കുകയാണ്. കൊല്ലപ്പെടുന്നയാൾക്ക് 1 കോടി എന്ന റേറ്റിന് മനുഷ്യജീവന് അദാനി കമ്പനി വിലയിട്ടിട്ടുണ്ട്. എന്നാൽ, ജനങ്ങൾക്ക് സൈ്വരമായി യാത്ര ചെയ്യേണ്ട റോഡുകളുടെ ഇന്നത്തെ അവസ്ഥ അതിഭീകരമാണ്.റോഡപകടങ്ങൾ ഒഴിവാക്കാൻ മദ്യക്കുപ്പികളിലും സിഗററ്റ് പായ്ക്കറ്റുകളിലുമുള്ള നിയമപ്രകാരമുള്ള മുന്നറിയിപ്പുകൾ റോഡിലും എഴുതിവച്ചാൽ മതിയെന്ന് ഭരണകർത്താക്കൾ കരുതിയിട്ടുണ്ടോ?

സ്ഥിരം അപകടങ്ങളും സ്ഥിരം മുന്നറിയിപ്പും

കേരളത്തിൽ സ്ഥിരം അപകടമുണ്ടാകുന്നത് 323 റോഡുകളിലെ 2200 കിലോമീറ്റർ ഭാഗത്താണെന്ന് നാറ്റ് പാക് (നാഷണൽ ട്രാൻസ്‌പോർട്ട് പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ) കണ്ടെത്തിയിട്ടുണ്ട്. ഓരോ 100 അപകടങ്ങളിലും 11 പേർ വീതമാണത്രെ മരിക്കുന്നത്. പരിക്കേൽക്കുന്നതാകട്ടെ 112 പേർക്കും. കേരളത്തിലെ ദേശീയപാതകളിൽ 1089 കിലോമീറ്ററും സ്ഥിരം അപകടമേഖലകളാണ്. 10 വർഷങ്ങളായി സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങൾ 4592 ആണ്.

അപകടങ്ങൾ നിയന്ത്രിക്കുന്നതിൽ പോലീസിനും മോട്ടോർ വാഹന വകുപ്പിനും വലിയ പങ്ക് വഹിക്കാനുണ്ട്. ബസ്സുകളിലും ഭാരവാഹനങ്ങളിലുമെല്ലാം ഘടിപ്പിക്കേണ്ട വേഗ നിയന്ത്രണ സംവിധാനമെല്ലാം ഇന്ന് പഴങ്കഥയാണ്. ടെസ്റ്റിനായി ഇത്തരം യന്ത്ര സംവിധാനങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസ് പോലും ഇന്ന് കേരളത്തിലുണ്ട്.

ഹെൽമറ്റ് ധരിക്കാത്തതുമൂലം 50,029 പേരാണ് ഇന്ത്യയൊട്ടാകെ കൊല്ലപ്പെട്ടത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതുമൂലം 2022ൽ കൊല്ലപ്പെട്ടത് 16,715 പേരാണ്. രാജ്യത്തെ മൊത്തം റോഡപകടങ്ങളിൽ 9.2 ശതമാനവും കേരളത്തിലാണ്. വാഹനാപകടങ്ങളിൽ നാലാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. നിയന്ത്രണം വിട്ട ഒരു കാർ ദേവാലയത്തിൽ നിന്നിറങ്ങി വന്ന വിശ്വാസികളുടെ നേർക്ക് ഓടിക്കയറിയത് കഴിഞ്ഞ ദിവസമാണ്.

സ്വന്തം ഭർത്താവിന്റെ മുമ്പിൽ വച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ ഒരു ലോറി വലിച്ചു പറിച്ച കേബിളിൽ കുരുങ്ങി അതീവ ഗുരുതരമായി പരിക്കേറ്റതും കഴിഞ്ഞ ദിവസമാണ്. റോഡുകളിൽ പാലിക്കേണ്ട മര്യാദ മലയാളികൾക്ക് ഇന്ന് പഴങ്കഥയാണ്. റോഡുകളുടെ സ്ഥിതി, വാഹനമോടിക്കുന്നതിലെ വീഴ്ച, മദ്യവും മറ്റ് ലഹരി വസ്തുക്കളും ഡ്രൈവർമാർ ഉപയോഗിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങൾ ഇവയെല്ലാം നിയന്ത്രിക്കപ്പെടേണ്ടതാണ്. ഭരണകർത്താക്കൾ ഈ രംഗത്ത് പ്രകടിപ്പിക്കുന്ന അനാസ്ഥ മൂലം റോഡുകളിൽ അപകടമുണ്ടാകുമ്പോൾ, 'മനഃപൂർവമല്ലാത്ത നരഹത്യ' എന്ന വകുപ്പ് അനുസരിച്ച് കേസെടുക്കുന്നതിൽ ഒതുങ്ങരുത് ഭരണകൂടത്തിന്റെ നടപടികളെന്നു ചുരുക്കം.

സൈക്കിളും ഫീച്ചർ ഫോണും രവീന്ദ്രനാഥും...

ചാലക്കുടിയിലെ ഇടതുസ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് മാന്യനാണ്. സൈക്കിളിൽ സഞ്ചരിക്കുന്നു, വെറും ഫീച്ചർ ഫോൺ ഉപയോഗിക്കുന്നു എന്നെല്ലാം പറഞ്ഞുള്ള സോഷ്യൽ മീഡിയയിലെ പ്രചരണം അദ്ദേഹത്തെ സഹായിക്കുമോ? രവീന്ദ്രനാഥിന്റെ അടുത്ത ബന്ധുവാണ് കരിമണൽ കർത്താ എങ്കിലും അതിന്റെ അഹങ്കാരമൊന്നും പ്രൊഫസർക്കില്ല. ഇത്തവണ മത്സരത്തിനില്ലെന്ന് നെഞ്ചത്തടിച്ചു പറഞ്ഞിട്ടും അദ്ദേഹത്തെ പാർട്ടി നിർബന്ധിച്ച് രംഗത്തിറക്കുകയായിരുന്നു.

ദോഷം പറയാനില്ലാത്ത രവീന്ദ്രനാഥിനെ എതിരിടുന്ന ബെന്നി ബെഹ്നാന്റെ ഉമ്മൻ ശൈലിയിലുള്ള ജനബന്ധം ഏതായാലും ഇടതു സ്ഥാനാർത്ഥിയായ പ്രൊഫസർക്കില്ല. ഇന്നസെന്റ് വെറുതെ വന്നു നിന്നാൽ വോട്ട് ചെയ്തു ജയിപ്പിച്ചിരുന്ന ചരിത്രം ചാലക്കുടിക്ക് ഇന്ന് നഷ്ടമായിട്ടുണ്ട്. രവീന്ദ്രനാഥിന് വ്യക്തിപരമായി കിട്ടുന്ന വോട്ടിൽ അധികമൊന്നും ഇത്തവണ ചാലക്കുടിയിൽ നിന്ന് പ്രതീക്ഷിക്കേണ്ടെന്ന് പറയുന്നവർക്കാണ് മണ്ഡലത്തിൽ ഭൂരിപക്ഷം.

സിദ്ധാർത്ഥനെ വീണ്ടും വീണ്ടും കൊല്ലണോ?

മുഖ്യമന്ത്രി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതോടെ സിദ്ധാർത്ഥന്റെ മരണത്തിലുള്ള ജനകീയ പ്രക്ഷോഭം അടങ്ങിയതായിരുന്നു. വിജ്ഞാപനമിറങ്ങിയിട്ടും, 'കേസ് കെട്ട്' സി.ബി.ഐയ്ക്കു കൈമാറാതിരുന്ന ഇടതുഭരണത്തിലെ തരികിടക്കാരെ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നു. ഇപ്പോൾ കേസിന്റെ രേഖകൾ നേരിട്ട് സി.ബി.ഐ ഓഫീസിൽ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനിടെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയ പുതിയ വി.സി. 33 വിദ്യാർത്ഥികൾക്ക് എതിരെയുള്ള ശിക്ഷാനടപടികൾ പിൻവലിക്കുകയും ചെയ്തു!

സി.പി.എം. ഇപ്പോഴും കരുതുന്നത് സഖാക്കളും എസ്.എഫ.്‌ഐക്കാരും കുറെ യൂണിയൻ സഖാക്കളും വോട്ട് ചെയ്താൽ പാർട്ടിയുടെ ദേശീയ പദവി നഷ്ടമാവില്ലെന്നാണോ? പദവി ലഭിച്ചില്ലെങ്കിൽ ഈനാംപേച്ചി, മരപ്പട്ടി തുടങ്ങിയ ചിഹ്നങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾ മൽസരിക്കേണ്ടിവരുമെന്ന എ.കെ. ബാലന്റെ  മുന്നറിയിപ്പിന് ഏതായാലും ഒരു ചമയഭംഗിയെല്ലാമുണ്ട്.

ചുട്ട കശുവണ്ടി പോലിരിക്കുന്ന ഒരു ഹൈറേഞ്ച് സഖാവിന്റെ ചിത്രത്തിനടുത്ത് ആ ചിഹ്നം കൂടി വച്ചാലുള്ള പുകിലോർത്ത് ദുഃഖവെള്ളിയാഴ്ച പോലും മലയാളി ചിരിച്ചു മറിയും. ബാലനെ വ്യത്യസ്തനാക്കുന്ന ഇത്തരം താത്വികാവലോകന ചിത്ര ചിന്തകൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം!

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam