ചെണ്ടപ്പഞ്ചാരിമേളത്തിൽ ഗിന്നസ് റെക്കോർഡ് നേടി ഫൊക്കാന കൺവെൻഷൻ

AUGUST 10, 2026, 11:04 AM

അമേരിക്കൻ മണ്ണിൽ താളവിസ്മയം; മട്ടന്നൂരിനൊപ്പം അഞ്ഞൂറിലേറെ കലാകാരന്മാരുടെ ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം ഗിന്നസിൽ റെക്കോർഡ് നേടിയത് ചരിത്രമായി. കേരളത്തിൽ പോലും നടക്കാത്ത ചരിത്ര വിസ്മയമാണ് ഫൊക്കാന കൺവെൻഷനിൽ അരങ്ങേറിയത്. ഏവരെയും വിസ്മയിപിച്ചുകൊണ്ട്  ഗിന്നസ് റെക്കോർഡ് നേടിയപ്പോൾ പ്രവാസി മലയാള ലോകം ആവേശ കടലായി ഒഴുകി, അമേരിക്കൻ മലയാളികൾ ഒന്നിച്ചത് നെഞ്ചിൽ ഏറ്റി.

പെൻസിൽവേനിയ: അമേരിക്കൻ ആകാശച്ചെരുവിൽ പെരുമ്പറ കൊട്ടി താളരാഗങ്ങളുടെ താമരപ്പൊയ്ക വിരിയിച്ച്, പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിനെ ഭാരതീയ കലകളുടെ പൂങ്കാവനമാക്കി മാറ്റി പ്രവാസി മലയാളികൾ. പ്രകൃതിയും താളവും ഒന്നായി അലിഞ്ഞുചേർന്ന പുണ്യമുഹൂർത്തത്തിൽ, ഫൊക്കാനയുടെ അന്താരാഷ്ട്ര കൺവൻഷൻ വേദിയിൽ ഉയർന്നത് കേവലം ചെണ്ടയുടെ നാദമായിരുന്നില്ല; മറിച്ച് മാതൃഭൂമിയുടെ ആത്മാവിന്റെ സ്പന്ദനമായിരുന്നു. അരങ്ങിലും ഹൃദയങ്ങളിലും ഒരേപോലെ അമൃതവർഷം പൊഴിച്ച അഞ്ഞൂറിലേറെ കലാകാരന്മാർ, വാദ്യകലാ ആചാര്യൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ഗിന്നസ് ലോക റെക്കോർഡിന്റെ പൊൻതൂവൽ ശിരസ്സിലണിഞ്ഞു.

കേരളത്തിന്റെ തനത് വാദ്യവിസ്മയം കടൽ കടന്ന് അമേരിക്കൻ മണ്ണിൽ പെയ്തിറങ്ങിയപ്പോൾ, കാണികളുടെ ഹൃദയങ്ങളിൽ പ്രണയത്തിന്റെയും ആവേശത്തിന്റെയും തന്ത്രികൾ ഒരുപോലെ മീട്ടപ്പെട്ടു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെയും ഭരണസമിതിയുടെയും ദീർഘ വീക്ഷണത്തിൽ പിറവിയെടുത്ത ഈ കലാവസന്തത്തിന് മാസങ്ങൾക്ക് മുമ്പേ പൂക്കാലമൊരുങ്ങുകയായിരുന്നു. മേളത്തിന്റെ ചീഫ് കോർഡിനേറ്റർ മനോജ് വട്ടപ്പള്ളിയുടെ നിഷ്‌കർഷയും, മാതൃകാ ഗുരുക്കന്മാരായ കലാമണ്ഡലം ശിവദാസ് ആശാൻ, കലാനിലയം കലാധരൻ ആശാൻ എന്നിവരുടെ ശിക്ഷണവും സംഗമിച്ചപ്പോൾ പിറന്നത് ചരിത്രത്തിൽ പൊന്നക്ഷരങ്ങളാൽ എഴുതപ്പെടേണ്ട താളപ്രപഞ്ചം!

vachakam
vachakam
vachakam


വ്യത്യസ്ത തരംഗദൈർഘ്യങ്ങളിൽ ചലിച്ചിരുന്ന അഞ്ഞൂറു കൈകളെ, ഒരൊറ്റ താളഹൃദയ മിടിപ്പിലേക്ക് കോർത്തിണക്കുകയെന്ന മാന്ത്രികദൗത്യം സംഘാടകർ അക്ഷരാർത്ഥത്തിൽ പൂർത്തിയാക്കി. അനേകം പുഴകളിൽ നിന്ന് ഒഴുകിയെത്തി സമുദ്രത്തിൽ ഒന്നാകുന്നതുപോലെ, പ്രവാസലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ വാദ്യവിശാരദന്മാർ കൽഹാരിയിൽ ഒത്തുചേർന്നു.

മട്ടന്നൂരും ശിവദാസ് ആശാനും ചേർന്ന് ആദ്യ കൊട്ട് ഉണർത്തിയപ്പോൾ, അന്തരീക്ഷത്തിൽ ആയിരം മയിൽപ്പീലികൾ ഒരുമിച്ച് വിടർന്നതുപോലെ താളക്കടൽ ഇരമ്പിപ്പാഞ്ഞു. ഓരോ തയ്യമ്പക ചുവടിലും, ഓരോ പഞ്ചാരിമുറുക്കത്തിലും അമേരിക്കൻ മലയാളികളുടെ മനസ്സ് മാതൃനാടിന്റെ ഉത്സവപ്പറമ്പുകളിലേക്ക് ചിറകടിച്ചുയർന്നു.

vachakam
vachakam
vachakam


'ഈ മഹത്തായ റെക്കോർഡ് വിജയം ഏതെങ്കിലും ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ മാത്രം അലങ്കാരമല്ല, മറിച്ച് ലോകമെമ്പാടുമുള്ള ഓരോ മലയാളിയുടെയും സാംസ്‌കാരിക മകുടത്തിലെ രത്‌നമാണ്,' എന്ന ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ വാക്കുകൾ പ്രവാസിമനസ്സുകളിൽ അഭിമാനത്തിന്റെ പുളകം വിതറി.

ഒരു വശത്ത് സഹസ്രദളങ്ങൾ വിടർത്തിയ മോഹിനിയാട്ടത്തിന്റെ പദചലനങ്ങൾ, മറു വശത്ത് ഗഗനസീമകളെ പ്രകമ്പനം കൊള്ളിച്ച ചെണ്ടമേളത്തിന്റെ മേളപ്പെരുക്കം-കേരളത്തിന്റെ സൗന്ദര്യവും വീര്യവും ഒരേ വേദിയിൽ സംഗമിച്ച അപൂർവ്വ ദൃശ്യകാവ്യത്തിനായിരുന്നു അറ്റ്‌ലാന്റിക് സാക്ഷ്യം വഹിച്ചത്. നൂറുകണക്കിന് ചെണ്ടകളിൽ നിന്ന് ഉയർന്ന ആ നാദധാര പ്രവാസി മലയാളികളുടെ ഐക്യത്തിന്റെയും സാംസ്‌കാരിക പെരുമയുടെയും നിത്യസ്മാരകമായി ലോകമെമ്പാടും മുഴങ്ങിനിൽക്കുന്നു.

vachakam
vachakam
vachakam


ശ്രീകുമാർ ഉണ്ണിത്താൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam