പ്രഥമ ഗ്‌ളോബല്‍ മലയാളി ഫെസ്റ്റിവലിന് കൊച്ചിയില്‍ തുടക്കം; വയനാട്ടില്‍ എ ഐ ആന്റ് ഡാറ്റാ സെന്റര്‍ പാര്‍ക്ക് ഉള്‍പ്പെടെ വമ്പന്‍ പദ്ധതികള്‍

JANUARY 1, 2026, 8:01 PM

കൊച്ചി: പ്രഥമ ഗ്‌ളോബല്‍ മലയാളി ഫെസ്റ്റിവലിന് കൊച്ചി ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ വമ്പന്‍ തുടക്കം. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 2026 ജനുവരി ഒന്നിന് ആരംഭിച്ച ഫെസ്റ്റിവല്‍ വെള്ളിയാഴ്ച രണ്ടിന് അവസാനിക്കും. നവവത്സരാഘോഷത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ രജിസ്‌ട്രേഷനുള്ള ഇന്ത്യന്‍ കമ്പനിയാണ് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍. ലോകമെങ്ങുമുള്ള മലയാളികളെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലിനാണ് ജനുവരി ഒന്നിന് തുടക്കമായത്.  

മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ രക്ഷാധികാരി കൂടിയായ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ ഡോ.ആരതി കൃഷ്ണ, കൊച്ചി മുന്‍ പൊലീസ് കമ്മീഷണര്‍ സുരേന്ദ്രന്‍, പാട്രണ്‍ കെ.കെ.എം. കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. സമ്മേളനത്തിന്റെ സോവനീര്‍ കൊച്ചി മുന്‍ പൊലീസ് കമ്മീഷണര്‍ സുരേന്ദ്രന് നല്‍കി അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍ പ്രകാശനം ചെയ്തു.

കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ ഡോ.ആരതി കൃഷ്ണ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഒപ്പം ഫെസ്റ്റിവലിന്റെ ടൈറ്റില്‍ സോംഗും ചടങ്ങില്‍ പുറത്തിറക്കി. മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍ സിഇഒ ആന്‍ഡ്രൂ പാപ്പച്ചന്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുല്ല മാഞ്ചേരി നന്ദിയും പറഞ്ഞു.

ഫെസ്റ്റിവലില്‍ വയനാട് എഐ ആന്റ് ഡാറ്റാ സെന്റര്‍ പാര്‍ക്ക്   സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിക്കും. കേരളത്തിന്റെ സാങ്കേതിക ഭാവിയെ നിര്‍ണ്ണയിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് ഇതോടെ പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ വേദിയാകുന്നത്.

സമാപന ദിവസമായ ജനുവരി രണ്ട് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. കല്‍പ്പറ്റയ്ക്കും നിലമ്പൂരിനും ഇടയില്‍  സൗത്ത് വയനാട് മേഖലയിലാണ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി വയനാടിന്റെയും കേരളത്തിന്റെയും സാമ്പത്തിക-സാങ്കേതിക മേഖലയ്ക്ക് ഒരുപോലെ ഉത്തേജനം നല്‍കുമെന്ന പ്രത്യാശയും മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ആന്റ് സിഇഒ ആന്‍ഡ്രൂ പാപ്പച്ചന്‍ (യുഎസ്എ) പങ്കുവച്ചു.

ഇന്ത്യയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ കേരളത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. എ ഐ ആന്റ് ഡാറ്റാ സെന്റര്‍ പാര്‍ക്കില്‍ എഐ ഇന്നൊവേഷന്‍, വികസനം, പരിശീലന സൗകര്യങ്ങള്‍ എന്നിവയോടൊപ്പം അത്യാധുനിക ഡാറ്റാ സെന്ററും ഉണ്ടാകും.

ജനുവരി രണ്ട് വെള്ളിയാഴ്ച്ച ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള വിദേശ ബിസിനസ് നേതാക്കളും പ്രമുഖ മലയാളി വ്യവസായികളും വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും. ഈ സെഷന്‍ പ്രധാനമായും എഐ സാങ്കേതികവിദ്യ, ഐ.ടി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ എന്നീ വിഷയങ്ങളില്‍  ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്.

വെള്ളിയാഴ്ച്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 16 മലയാളികളെ ഗ്ലോബല്‍ മലയാളി രത്‌ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. ലൈഫ്ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നല്‍കിയ വിവിധ സേവനങ്ങള്‍, ഇക്കണോമി, ഫിനാന്‍സ്, എഞ്ചിനീയറിംഗ്, സയന്‍സ്, സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്‌കാരം തുടങ്ങി വിവിധ  മേഖലകളിലെ നേട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

കൂടാതെ മലയാളി സമൂഹത്തിന് നല്‍കിയ വ്യക്തിപരമായ നേട്ടങ്ങളും  സംഭാവനകളും പരിഗണിച്ച് ഏതാനും പ്രമുഖ മലയാളികളെയും പ്രത്യേക അംഗീകാരങ്ങള്‍ നല്‍കി ആദരിക്കും.

പുരസ്‌കാര സമര്‍പ്പണ ചടങ്ങിലും ഫെസ്റ്റിവല്‍ സമാപനത്തിലും സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിശിഷ്ടാതിഥികള്‍ എന്നിവര്‍ പങ്കെടുക്കും.

വയനാട് എഐ ആന്റ് ഡാറ്റാ സെന്റര്‍ പാര്‍ക്ക് പ്രഖ്യാപനത്തിന് പിന്നാലെ  അടുത്ത വര്‍ഷം തന്നെ ഈ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. ഇതിനായി  സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായവും പങ്കാളിത്തവും തേടും. കൂടാതെ പദ്ധതിക്ക് ആവശ്യമായ മൂലധനത്തിനായി വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെ പിന്തുണയും ഫെഡറേഷന്‍ ഉറപ്പാക്കും.

ആഗോള മലയാളികള്‍ക്കിടയില്‍ ശക്തമായ ബന്ധം സ്ഥാപിച്ച് ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam