അതിരു വിടരുത് മൊബൈൽ ക്യാമറ; പോലീസ് ഇടപെടും

JUNE 10, 2026, 10:38 AM

സങ്കേതിക വിദ്യകളാകെ നിർമ്മിത ബുദ്ധിയുടെ ആഗിരണത്തിലായ സത്യാനന്തര കാലത്ത് വിവേകത്തിന്റെ മൂല്യശോഷണത്തിനു ഗതിവേഗമേറുന്നതിലുള്ള വ്യഥ പങ്കു വയ്ക്കുന്നു, ലോകമെങ്ങുമുള്ള സാമൂഹിക നിരീക്ഷകർ. മിക്ക ജീവിത മേഖലകളിലും പെരുമാറ്റച്ചട്ടങ്ങൾക്കു ജീവൻ പകരുന്ന സംസ്‌കാര മഹിമ പഴങ്കഥയായി മാറുന്നു. മാനുഷരെല്ലാരും മാധ്യമ പ്രവർത്തകരാകാൻ മൽസരിക്കവേ ഈ ദുരവസ്ഥ അശ്‌ളീലതയിലേക്ക് വഴുതിവീഴുന്നു. സങ്കേതികവിദ്യ വളരുമ്പോൾ മാനവികതയും ഒപ്പം വളരേണ്ടത് അനിവാര്യമെന്നറിയാത്തതിന്റെ ദോഷം.

ഒരാളുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യവും വേദനാജനകവുമായ നിമിഷങ്ങളിലേക്കും മാധ്യമ പ്രവർത്തനത്തിന്റെ മേലാപ്പിട്ടവർ ക്യാമറകളുമായി അതിക്രമിച്ചുകയറുകയാണ്. അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾക്കിടെ കണ്ട ദൃശ്യങ്ങൾ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി. മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോൾ, ആ നിമിഷം മൊബൈൽ ഫോണിൽ പകർത്താൻ ചിലർ ബന്ധുക്കളെപ്പോലും തള്ളിമാറ്റുന്ന കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മരണം സംഭവിച്ച വീട്ടിലെ അംഗങ്ങൾക്കുപോലും സ്വസ്ഥമായി ദു:ഖം പങ്കുവയ്ക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു.

ഒരു കാലത്ത് മരണം സമൂഹത്തെ നിശ്ശബ്ദരാക്കിയിരുന്നു. മരണവീടുകൾ അനുശോചനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഇടങ്ങളായിരുന്നു. ഇന്ന് വിലാപയാത്രകളിലും സംസ്‌കാരച്ചടങ്ങുകളിലും പോലും ചിലർ സ്വന്തം സാന്നിധ്യം രേഖപ്പെടുത്താനുള്ള മത്സരത്തിലാണ്. അതിനുള്ള ഉപകരണമായിരിക്കുന്നു മൊബൈൽ ഫോൺ. മനുഷ്യന്റെ കൈയിലെ ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണതെങ്കിലും അതിന്റെ ഉപയോഗത്തിന് അതിരുകൾ വേണമെന്ന കാര്യം ഓർമ്മിക്കപ്പെടുന്നില്ല.

vachakam
vachakam
vachakam

ക്യാമറ ഓൺ ചെയ്യുന്നതിന് മുമ്പ് 'കരുണ' ഓൺ ചെയ്യാൻ കഴിയണം. വൈറലാകുന്നതിനെക്കാൾ വിലപ്പെട്ടതാണ് മറ്റൊരാളുടെ അന്തസ്സും സ്വകാര്യതയും എന്ന ബോധം സമൂഹം വീണ്ടെടുക്കേണ്ട സമയമാണിത്. ലളിതമായ ആ സത്യം മറക്കുന്ന സമൂഹം സങ്കേതികമായി പുരോഗമിച്ചേക്കാം;പക്ഷേ മാനവികമായി പിന്നോട്ടാണ് പോകുന്നത്.

സാമൂഹികമാധ്യമങ്ങളാണ് ഈ പ്രവണതയെ കൂടുതൽ അപകടകരമാക്കിയത്. ഒരോ മനുഷ്യനും ഇപ്പോൾ ഒരു മാധ്യമപ്രവർത്തകനാകാൻ ശ്രമിക്കുകയാണ്. എന്നാൽ, മാധ്യമപ്രവർത്തനത്തിന്റെ ഉത്തരവാദിത്വമോ ധാർമികബോധമോ ഇല്ലാതെയാണ് പലപ്പോഴും ആ ശ്രമം. കാഴ്ചക്കാരെ നേടണം, വൈറലാകണം, ലൈക്കുകളും ഷെയറുകളും വർധിക്കണം എന്ന ലക്ഷ്യമാണ് പലരെയും നയിക്കുന്നത്. മറ്റൊരാളുടെ ദുഃഖം സ്വന്തം ഡിജിറ്റൽ പ്രശസ്തിക്കുള്ള അസംസ്‌കൃത വസ്തുവായി മാറുന്നു. മനുഷ്യന്റെ മരണം പോലും ചിലരുടെ കണ്ണിൽ ഒരു 'കണ്ടന്റ്' മാത്രമായി ചുരുങ്ങുന്നു.

മറ്റൊരാളുടെ സ്വകാര്യതയിലേക്കും ജീവിതത്തിലേക്കും മൊബൈൽ ക്യാമറകൾ അതിക്രമിച്ചുകയറുന്ന പ്രവണതയ്‌ക്കെതിരേ കേരള പോലീസ് നൽകിയ മുന്നറിയിപ്പ് നമ്മുടെ സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യണ്ട വിഷയമാണ്. അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പോലീസ് ഓർമിപ്പിക്കേണ്ടിവന്നതുതന്നെ പ്രശ്‌നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

സങ്കേതികവിദ്യ മനുഷ്യരുടെ കൈകളിൽ കൂടുതൽ ശക്തിയാർജിക്കുമ്പോൾ അതിനൊപ്പം വളരേണ്ടിയിരുന്ന ഉത്തരവാദിത്വബോധം പലപ്പോഴും പിന്നിലാകുന്നതിന്റെ തെളിവാണിത്. മറ്റൊരാളുടെ സ്വകാര്യ നിമിഷങ്ങൾ പോലും സ്വന്തം കൗതുകത്തിന്റെയോ സാമൂഹികമാധ്യമ പ്രശസ്തിയുടെയോ ഉപാധിയായി കാണുന്ന അപകടകരമായ സംസ്‌കാരം സമൂഹത്തിൽ വളർന്നുവരുന്നുവെന്ന മുന്നറിയിപ്പുകൂടിയാണ് പോലീസിന്റെ ഇടപെടൽ.

നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്ന അപകടകരമായ ഒരു സംസ്‌കാരത്തിന്റെ ലക്ഷണമാണിതെല്ലാം. അപകടസ്ഥലങ്ങളിൽ പരുക്കേറ്റവരെ സഹായിക്കുന്നതിനു പകരം അവരുടെ ദൃശ്യങ്ങൾ പകർത്തുന്നവർ, റോഡപകടത്തിൽ രക്തം വാർന്നു കിടക്കുന്ന മനുഷ്യന്റെ അടുത്തേക്ക് ഓടിയെത്തുന്നത് രക്ഷിക്കാനല്ല മറിച്ച് വീഡിയോ എടുക്കാനാണ് എന്ന അവസ്ഥ, ദുരന്തമുഖങ്ങളിൽ ദുരിതമനുഭവിക്കുന്നവരുടെ മുഖത്തേക്ക് ക്യാമറ തള്ളിക്കയറ്റുന്ന രീതി... ഒരേ മനോഭാവത്തിന്റെ പ്രകടനങ്ങളാണിവ.

പ്രശസ്തരുടെയും പൊതുപ്രവർത്തകരുടെയും കലാകാരന്മാരുടെയും കാര്യത്തിൽ ഈ പ്രശ്‌നം കൂടുതൽ രൂക്ഷമാണ്. പൊതുജീവിതത്തിൽ ഉണ്ടായിരുന്ന ഒരാൾ മരണപ്പെട്ടാൽ അദ്ദേഹത്തോടുള്ള ആദരവ് അർപ്പിക്കാൻ ജനങ്ങൾ എത്തുന്നത് സ്വാഭാവികമാണ്. എന്നാൽ, അതുകൊണ്ട് ആ കുടുംബത്തിന്റെ സ്വകാര്യത ഇല്ലാതാകുന്നില്ല. ഒരു സെലിബ്രിറ്റിയുടെ മരണവും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖവും പൊതുസ്വത്തല്ല. അവരുടെ കണ്ണീരും അവരുടെ വേദനയും ചിത്രീകരിക്കാനുള്ള അവകാശം ആർക്കും ലഭിക്കുന്നില്ല. ജനപ്രിയത ഒരാളുടെ സ്വകാര്യതയെ റദ്ദാക്കുന്നില്ല എന്ന അടിസ്ഥാന സത്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

vachakam
vachakam
vachakam

കേരള പോലീസ് ഇപ്പോൾ നൽകിയ മുന്നറിയിപ്പ് അതുകൊണ്ടുതന്നെ സമയോചിതമാണ്. സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്ന ഓർമപ്പെടുത്തൽ സ്വാഗതാർഹമാണ്. എന്നാൽ, നിയമം മാത്രം മതിയാകില്ല. ഇത് അടിസ്ഥാനപരമായി സംസ്‌കാരത്തിന്റെ പ്രശ്‌നമാണ്. ഒരോ പൗരനും സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട്: നമ്മുടെ കുടുംബത്തിലെ ഒരാളുടെ മരണസമയത്ത് അപരിചിതർ ക്യാമറയുമായി കടന്നുവന്നാൽ നാം അത് അംഗീകരിക്കണോ?

അശ്ലീലം; അല്ലാതെന്ത്?

സെലിബ്രിറ്റികളോ സാധാരണക്കാരോ ആയിക്കോട്ടേ, അവരുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് ഇടിച്ചുകയറി റീൽസ് എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വിളമ്പുന്നത് സംസ്‌കാര സമ്പന്നതയല്ല, വെറുമൊരു അശ്ലീല പ്രവൃത്തിയാണ്. ലൈക്കും ഷെയറും കിട്ടാനുള്ള ഈ കാട്ടിക്കൂട്ടലുകൾ സാമൂഹിക ജീവിതത്തെതന്നെ അലങ്കോലമാക്കുന്നു. നടൻ ശ്രീനിവാസന്റെയും ഏറ്റവുമൊടുവിൽ സലിംകുമാറിന്റെയും മരണാനന്തര ചടങ്ങുകളിൽ ഇത് നാം കണ്ടതാണ്. സലിംകുമാറിന്റെ മകൻ ചന്തു പ്രകടിപ്പിച്ച കോപം സമൂഹ മന:സാക്ഷിയെ ഉണർത്തുന്നതാണ്. ഇതിനു പിന്നാലെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന റീൽസുകാരെ നിലയ്ക്കു നിറുത്താൻ പൊലീസ് ഒരുങ്ങുന്നത് തികച്ചും സ്വാഗതാർഹമെന്ന് പറയുന്നു സംവിധായകൻ സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ വാക്കുകൾ:

'മരിക്കുന്നതിന് മുൻപ് ശ്രീനിവാസൻ സ്വകാര്യസംഭാഷണത്തിൽ എന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതിലൊന്ന് പൊതുദർശനത്തിന് വയ്ക്കാൻ പാടില്ല എന്നതായിരുന്നു. പക്ഷേ, നിരവധി ആരാധകർ കാണാൻ ആഗ്രഹിച്ചിരുന്നതു കൊണ്ട് നിവൃത്തിയില്ലാതെ കുറച്ചുനേരം പൊതുദർശനത്തിന് വയ്‌ക്കേണ്ടി വന്നു. മരണവീട്ടിൽ ബന്ധുക്കളാരാണ് സുഹൃത്തുക്കളാരാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മൊബൈൽ ഫോൺ കൊണ്ടുളള അറ്റാക്കാണ് യുട്യൂബേഴ്‌സ് നടത്തുന്നത്. വൈകാരികത നിറഞ്ഞ ആ സമയത്ത് നമുക്ക് പ്രതികരിക്കാൻ കഴിയാത്ത നിലയിലാകും.

ശ്രീനിവാസന്റെ മൃതശരീരം ചിതയിലേക്ക് എടുക്കുന്ന സമയത്ത് എന്റെയും ധ്യാൻ ശ്രീനിവാസന്റെയും തൊട്ടടുത്തു നിന്ന് ഞങ്ങളെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ ഒരാൾ കെട്ടിപ്പിടിച്ചു. എന്നിട്ട് ദൂരെയുളള ഒരളോട് ഫേട്ടോ എടുത്തുകൊളളാൻ ആംഗ്യം കാണിച്ചു. ഇത്തരം സാഹചര്യത്തിൽ അവരെ തള്ളിമാറ്റാൻ കഴിയുന്ന മാനസികാവസ്ഥയിലല്ലല്ലോ നമ്മൾ. അത്രമാത്രം നിസഹായാവസ്ഥയിലായിപ്പോകും. സലിംകുമാറിന്റെ വീട്ടിലുണ്ടായ ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഇടപെടലിന്റെയും കൂടി പശ്ചാത്തലത്തിൽ ഇത്തരം യുട്യൂബേഴ്‌സിനെതിരെയുളള നിയമനടപടികൾ വളരെ അനിവാര്യമായിരിക്കുകയാണ്. ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലാണ് ഇവരുടെ ഇടപെടൽ.

അനുവാദമില്ലാതെ ഒരു മനുഷ്യനും ഇത്തരം സ്ഥലങ്ങളിലേക്ക് വരാൻ പാടില്ല. അത് കർശനമായിപാലിക്കപ്പെടണം. മരണവീട്ടിലെ ആളുകളും അതിന് ജാഗ്രത പാലിക്കണം. എന്റെ അറിവിൽ, കോടിയേരി ബാലകൃഷ്ണൻ മരിച്ചപ്പോൾ ഇത്തരം സംഭവങ്ങളില്ലാതെ അത് സഖാക്കൾ തന്നെ നിയന്ത്രിച്ചു. അങ്ങനെ ചെയ്യാൻ പറ്റും. പേടിയുണ്ടായാൽ മതി. നടപടിയെടുക്കുമെന്നത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ പൊലീസ് ഇതൊരു ദൗത്യമായി ഏറ്റെടുക്കണം. വി.ഡി.സതീശനും രമേശ് ചെന്നിത്തലയും സർക്കാരിന്റെ തലപ്പത്തുള്ളതിനാൽ പ്രതീക്ഷയുണ്ട്. അവർക്ക് ഇതുചെയ്യാനാകും.

ഇനിയെങ്കിലും ഒരു സെലിബ്രിറ്റിയുടെ മുന്നിലേക്ക് മൊബൈൽഫോൺ കൊണ്ടുള്ള യുട്യൂബേഴ്‌സിന്റെ വരവ് ഇല്ലാതാക്കണം.' കോൺഗ്രസിൽ നിന്ന് പുറത്താകാൻ വഴിയൊരുക്കി രാഹുൽ മാങ്കൂട്ടത്തിനെതിരെ ആദ്യം ആരോപണമുന്നയിച്ച നടിയും മോഡലുമായ റിനി ആൻ ജോർജ് ഇതേ വിഷയത്തിൽ സമൂഹമാദ്ധ്യമങ്ങളിലുയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായെത്തി. 

'വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്‌ന'മാണെന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചു. നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കെത്തിയ റിനി പലരെയും നോക്കി ചിരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അത്തരമൊരു ചടങ്ങിൽവച്ച് ചിരിച്ച റിനിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി റിനി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 'ഞാൻ വളരെ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്...വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്‌നം ആണ്...മഹാ അപരാധം ആണ്... ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ... എന്നാൽ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ... കൂടെ നിന്ന് സെൽഫി എടുക്കൽ, റീൽസ് എടുക്കൽ അങ്ങനെ പലതും കാണാം...നാടകമേ ഉലകം.'

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam