ഓർമ്മയില്ലേ, നേതാവേ ആ നീലപ്പതാക?

JULY 22, 2026, 9:44 AM

1970കളുടെ തുടക്കത്തിൽ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ കെ.എസ്.യു നടത്തിയ സമരങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ അഴിച്ചുപണികൾക്ക് കാരണമായി. കെ.എസ്.യു ആഹ്വാനം ചെയ്ത 'വിദ്യാഭ്യാസ ബന്ദുകൾ' അക്കാലത്ത് വലിയ ജനശ്രദ്ധ നേടി. ഈ ചരിത്രമൊക്കെ മുഖ്യമന്ത്രി ഓർമിക്കണം.

സമര പുളകങ്ങളുടെ സിന്ദൂരമാലകൾ ഇടതുപക്ഷ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ എത്രത്തോളം കോൾമയിർ കൊള്ളിക്കുന്നുണ്ടോ, അത്രത്തോളം ആവേശഭരിതമായ സമര ഓർമ്മകൾ നെഞ്ചിലേറ്റുന്നവരാണ് കെ.എസ്.യു എന്ന കേരള സ്റ്റുഡൻസ് യൂണിയനും.

എത്രയെത്ര സമരകഥകൾ ഓർമ്മിച്ചെടുക്കാനുള്ള ഒരു വിദ്യാർത്ഥി പ്രസ്ഥാനം. കേന്ദ്രമന്ത്രി പദവിയോളം എത്തിച്ചേർന്ന കേരളത്തിന്റെ സമുന്നത നേതാക്കൾ പലരും ആ ബാലപാഠശാലയിൽ കളിച്ചും പഠിച്ചും വളർന്നവരാണ്.

vachakam
vachakam
vachakam

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നട്ടെല്ലായി മാറിയ കെ.എസ്.യുവിന്റെ പുഷ്‌കലകാലം 1970കളുടെ തുടക്കമാണ്. വയലാർ രവി, എ.കെ. ആന്റണി, വി.എം. സുധീരൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിയ ഐതിഹാസികമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത്. അതിനുമുൻപ്, 1958 ൽ കേരളത്തിൽ ബോട്ട് യാത്രാനിരക്ക് വർദ്ധനവിനെതിരെ കെ.എസ്.യു. ആലപ്പുഴയിലും കുട്ടനാട്ടിലും നടത്തിയ ചരിത്രപ്രസിദ്ധമായ വിദ്യാർത്ഥി പ്രക്ഷോഭമാണ് ഒരണ സമരം.

1970കളുടെ തുടക്കത്തിൽ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ കെ.എസ്.യു നടത്തിയ സമരങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ അഴിച്ചുപണികൾക്ക് കാരണമായി. കെ.എസ്.യു ആഹ്വാനം ചെയ്ത 'വിദ്യാഭ്യാസ ബന്ദുകൾ' അക്കാലത്ത് വലിയ ജനശ്രദ്ധ നേടി. കേരള സർവ്വകലാശാല സെനറ്റിലേക്കും യൂണിയനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ കെ.എസ്.യു വൻവിജയം നേടി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെ.എസ്.യുവിന്റെ പോരാട്ടവീര്യമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഈയിടെ പ്രകീർത്തിച്ചത് വെറുതെയല്ല.

vachakam
vachakam
vachakam

ഓർമ്മകൾ വേണം

ഒരണ സമരം നടക്കുന്ന കാലത്ത് ജനിച്ചിട്ടില്ലാത്ത വി.ഡി. സതീശൻ എന്ന കോൺഗ്രസ് മുഖ്യമന്ത്രിക്ക് ചരിത്രം അറിയാത്തതല്ല. പുസ്തകം വായിക്കുന്ന അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാൾ എന്ന ഖ്യാതിയുള്ള നേതാവാണ് അദ്ദേഹം. ഇപ്പോൾ, സർക്കാർ പ്ലീഡർ നിയമനത്തെ  ചൊല്ലി മുഖ്യമന്ത്രിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനും തമ്മിലെ ഭിന്നത സമവായത്തിലേക്ക് നീങ്ങുമ്പോൾ ആദ്യം കുട്ടികളോട് പുറം തിരിഞ്ഞു നിന്ന സതീശൻ കേരള സമൂഹത്തിന് കാട്ടിക്കൊടുത്തത് അദ്ദേഹത്തിന്റെ ഇനിയും കാണാത്ത ഒരു മുഖമാണ്. ചേർത്തുപിടിക്കലിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് പിണറായിസത്തെ തിരുത്താൻ സതീശൻ സംസ്ഥാന രാഷ്ട്രീയത്തിൽ അവതരിച്ചത്. എന്നാൽ, സഹപ്രവർത്തകരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിൽ പോലും മുഖ്യമന്ത്രി കടുംപിടുത്തങ്ങൾ നടത്തുന്നു എന്നറിയുമ്പോൾ, കാര്യങ്ങൾ മാറുന്നില്ല എന്ന പ്രതീതിയാണ് പരക്കുന്നത്.

എല്ലാം തന്റെ വഴിക്ക് കൊണ്ടുവരാനുള്ള സതീശന്റെ ബോധപൂർവ്വമായ ശ്രമങ്ങളെ ചെറുതായി കാണുന്നില്ല. എന്നാൽ,പരിഗണന അർഹിക്കുന്ന ഇടങ്ങളിൽ മുഖ്യമന്ത്രിയുടെ കണ്ണും കാതും കരങ്ങളും എത്തണമെന്ന് ചുരുങ്ങിയപക്ഷം സ്വന്തം പാർട്ടിയിലെ കുട്ടികളെങ്കിലും ആഗ്രഹിക്കുന്നത് തെറ്റണോ? അകന്ന് മാറുന്ന ഒരു മുഖ്യമന്ത്രിയാണ് ഈ ദിവസങ്ങളിൽ കേരളം കണ്ടത്. സണ്ണി ജോസഫ് അടക്കമുള്ള മുതിർന്ന നേതാക്കൾ സതീശനുമായും കെ.എസ്.യു അധ്യക്ഷൻ അലോഷ്യസ് സേവ്യറുമായും സംസാരിച്ചു. തേവര കോളേജിൽ അലോഷ്യസ് സേവ്യറെ അവഗണിച്ച് കടന്നുപോയത് മനപ്പൂർവമല്ലെന്ന് നേതാക്കൾക്ക് സതീശൻ വിശദീകരണം നൽകുന്നിടം വരെ കാര്യങ്ങൾ എത്തി.

vachakam
vachakam
vachakam

കെ.എസ്.യു പ്രവർത്തകരുടെ ചോരയും നീരുമാണ് യു.ഡി.എഫ് സർക്കാരെന്ന് പറഞ്ഞ അലോഷ്യസ് സേവ്യർ, സർക്കാരിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നത് തെറ്റാണെങ്കിൽ ആ തെറ്റ് ആവർത്തിക്കുമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ഭിന്നത രൂക്ഷമായത്.

ഇതേചൊല്ലി കെ.എസ്.യുവിലും ഇരുചേരികൾ രൂപപ്പെട്ടു.

കെ.പി.സി.സി പുനഃസംഘടനയിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭരണശൈലിയിലും കോൺഗ്രസിനുള്ളിൽ പുകയുന്ന കനത്ത അസംതൃപ്തി ഒടുവിൽ വിദ്യാർത്ഥി സംഘടനയിലേക്കും ഒഴുകിയെത്തി എന്നതാണ് വാസ്തവം. ഏതായാലും വിവാദം ആ സംഘടനയെ ഒന്ന് ഉണർത്തിയെന്ന് പറയാം.

കൺമുന്നിൽ ജെൻ സി

യുവതയെ കണക്കിലെടുക്കാതെ മുന്നോട്ടുപോകുന്ന വൃദ്ധ രാഷ്ട്രീയം പുതിയകാലത്ത് വിലപ്പോവില്ല. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ തിളക്കുന്ന യുവരോഷം ഏത് സൈനിക ശക്തിയെയും നേരിടാൻ കരുത്തുള്ളതാണ്.

ദക്ഷിണേഷ്യയിലെ രണ്ട് രാജ്യങ്ങളിൽ, രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ ഇന്ന് ഒരേ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. 2025ൽ നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെൻ സി പ്രക്ഷോഭവും ഇക്കൊല്ലം ഇന്ത്യയിൽ ശക്തിപ്രാപിച്ച കോക്‌റോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിലുള്ള യുവജന പ്രക്ഷോഭവും. രണ്ടിനും വ്യത്യസ്ത കാരണങ്ങളുണ്ടെങ്കിലും അവയുടെ അടിത്തറ യുവതലമുറയുടെ നിരാശയും ഭരണകൂടത്തോടുള്ള അവിശ്വാസവുമാണ്. 

ഇന്ത്യയിലെ സിജെപി പ്രസ്ഥാനവും അതിർത്തികൾക്കപ്പുറമുള്ള യുവജന സമരവും ഒരേ യാഥാർഥ്യമാണ് വെളിപ്പെടുത്തുന്നത്. ഇന്റർനെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു പുതിയ തലമുറ ഭരണകൂടങ്ങളോട് ചോദ്യം ചോദിക്കാൻ തയാറാവുന്നു. രാജ്യങ്ങൾ വ്യത്യസ്തമായാലും പ്രശ്‌നങ്ങൾ വ്യത്യസ്തമായാലും, സന്ദേശം ഒന്നു മാത്രം,യുവാക്കളെ അവഗണിക്കുന്ന രാഷ്ട്രീയം ഇനി മുന്നോട്ട് പോകില്ല എന്ന സന്ദേശം.

സോഷ്യൽമീഡിയയുടെ കാലത്ത്  വളർന്നവർക്ക് ഒത്തുകൂടാനും അറിവും അനുഭവങ്ങളും പങ്കുവെക്കാനും ഇടങ്ങൾ ഏറെയാണ്. അതിനാൽ, ഡിജിറ്റൽ ഹൈപ്പർകണക്റ്റിവിറ്റിയുടെ കാലത്തുവളർന്ന ഈ തലമുറയെ ഒട്ടും ചെറുതായി കണേണ്ടതില്ല എന്നതാണ് പുതിയ പാഠം.

ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പതാകയുമേന്തി തെരുവിൽ ഇറങ്ങിയില്ലെങ്കിലും അവരുടെ രാഷ്ട്രീയ ബോധവും അവർ ഉന്നയിക്കുന്ന ജനകീയ വിഷയങ്ങളും പുതുകാലത്ത് ഒരു ഭരണകൂടത്തിനും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. നമുക്ക് ഈ പ്രതിഭാസത്തെ കേരളത്തിൽ ഒരു കണ്ണാടിയിൽ എന്നപോലെ കാണാൻ കഴിയും, അലോഷ്യസ് സേവ്യർ എന്ന വിദ്യാർത്ഥി നേതാവിന്റെ തിളങ്ങുന്ന കണ്ണുകളിൽ !

പ്രിജിത്ത് രാജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam