കാസർകോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും സ്കൂളുകൾക്ക് അവധി നൽകാതിരുന്നതിലെ സാഹചര്യം വ്യക്തമാക്കി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്. മുൻകൂട്ടി അവധി പ്രഖ്യാപിക്കാതിരുന്നതും, രാവിലെ പെട്ടെന്ന് മഴ ശക്തമായപ്പോൾ അവധി നൽകാതിരുന്നതും കുട്ടികളിലും രക്ഷിതാക്കളിലും കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാനാണെന്ന് കളക്ടർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
കളക്ടർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം
"പ്രിയപ്പെട്ട കൂട്ടുകാരേ,
ഇന്നലെ നമ്മുടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ മഴയുണ്ടായിരുന്നില്ല. ഇന്നത്തേക്ക് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമുണ്ടായിരുന്നില്ല എന്നതിനാലും, ശനിയാഴ്ചയായതിനാലും സ്കൂളുകൾക്ക് നേരത്തേ ഒരു അവധി ഇന്ന് പ്രഖ്യാപിക്കേണ്ട സാഹചര്യം ഉയർന്നുവന്നില്ല.
എന്നാൽ, ഇന്ന് രാവിലെ കാലാവസ്ഥാ വകുപ്പ് ജില്ലയിൽ പെട്ടെന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ പെയ്യാൻ തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരിൽ പലരും സ്കൂളുകളിലേക്ക് തിരിച്ചു കഴിഞ്ഞിരുന്നു. ആ ഘട്ടത്തിൽ പെട്ടെന്ന് ഒരു അവധി പ്രഖ്യാപിക്കുന്നത് കൂടുതൽ ആശയക്കുഴപ്പത്തിന് ഇടയാക്കും എന്ന് കരുതിയാണ് രാവിലെ അവധി നൽകാതിരുന്നത്. മാത്രവുമല്ല, റെഡ് അലർട്ട് ഉണ്ടായിരുന്നെങ്കിലും നമ്മുടെ ജില്ലയിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നതുമില്ല. എന്നിരുന്നാലും, ഈ കനത്ത മഴയെയും അവഗണിച്ച് നമ്മുടെ മിടുക്കരായ കൂട്ടുകാർ കൃത്യസമയത്ത് സ്കൂളുകളിലെത്തി.
സാരമില്ല, അടുത്ത തവണ നമുക്ക് പരിഹരിക്കാം.
വെള്ളിയാഴ്ചത്തെ അവധി ദിനം എല്ലാവരും ഫലപ്രദമായി ചെലവഴിച്ചു എന്ന് കരുതുന്നു. മഴ തുടരുന്നതിനാൽ എല്ലാവരും ആവശ്യമായ ജാഗ്രത പാലിക്കുമല്ലോ.
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം കളക്ടർ,
അർജുൻ പാണ്ഡ്യൻ"
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
