വിജയികൾക്ക് നേട്ടത്തിന്റെ മഹത്വം വാനോളം വാഴ്ത്താനും പരാജിതർക്ക് അന്യഥാ പഴി ചാരാനും സുലഭാവസരങ്ങൾ തുറന്നിട്ടാകും കേരള നിയമസഭാ തെരഞ്ഞെടുപ്പുഫലം മെയ് നാലിന് പുറത്തുവരികയെന്ന കാര്യം തീർച്ചയായി. 'ഡീലു'കളുടെയും നിയമലംഘനങ്ങളുടെയും ആക്ഷേപങ്ങൾ കളം നിറഞ്ഞതിനൊപ്പം 'ഡാഷ് മോനേ രേവന്താ' കുറിവാചകമായതിനു പിന്നാലെ വോട്ടർമാർക്ക് കോഴ നൽകിയെന്ന ആരോപണം ആളിക്കത്തി. പ്രചാരണ കാലഘട്ടം ഹ്രസ്വമായിരുന്നുവെങ്കിലും വിവാദ പ്രളയം മൂലം സംഭവബഹുലമായി.
നിരവധി രാഷ്ട്രീയ വിവാദങ്ങൾ ഇക്കുറിയും പ്രചാരണവേളയിൽ ഉണ്ടായി. വോട്ടെണ്ണൽ കഴിഞ്ഞാലും വിവാദാഗ്‌നി ആളിക്കൊണ്ടേയിരിക്കും. തോൽവിക്കു പിന്നിൽ ഒഴികഴിവുകൾ കണ്ടെത്താനും തെരഞ്ഞെടുപ്പു കേസുകളുമായി കോടതിയിൽ പോകാനും വിവാദങ്ങൾ ഉപകരിക്കും. സംസ്ഥാന വ്യാപകമായിത്തന്നെ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഡീലുണ്ടെന്ന ആരോപണം ഇതിനിടെ വലിയ ചർച്ചയായി. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളെ ചൂടുപിടിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാഗ്വാദമായിരുന്നു. വിവാദം 'പോ മോനെ, ഡാഷ് മോനെ' വിളി വരെയെത്തി.
ചരിത്രം വീണ്ടും തിരുത്തി സംസ്ഥാനത്ത് മൂന്നാമതും ഭരണം പിടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. പത്ത് വർഷം പ്രതിപക്ഷത്തിരുന്നതിന്റെ ക്ഷീണം മാറ്റി ശക്തമായി തിരിച്ചെത്താമെന്ന് യു.ഡി.എഫ് മോഹിക്കുന്നു. ബി.ജെ.പി ശബരിമല മുതൽ വികസനം വരെ ചർച്ചയാക്കി. പ്രധാനമന്ത്രിയെ കേരളത്തിലെത്തിച്ച് കാടിളക്കി പ്രചാരണം നടത്തി. എൽ.ഡി.എഫും കോൺഗ്രസും തമ്മിലാണ് ഡീൽ എന്ന് പറയാനും ബി.ജെ.പി ശ്രമിച്ചു. പിന്നാലെ എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ സി.പി.എം ഉരുണ്ടുകളിച്ചതും ജനങ്ങൾ ശ്രദ്ധിച്ചു. മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും തമ്മിൽ നിരന്തരമായ വാഗ്വാദങ്ങൾക്കും ഇതിടയാക്കി.
വയനാട് ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു കോൺഗ്രസിനെ പ്രതികൂട്ടിലാക്കാൻ ഇടതുപക്ഷം നിരന്തരമായി ഉയർത്തിയത്. സ്വർണക്കൊള്ള ആരോപണങ്ങൾക്കുള്ള ഇടതിന്റെ മറുപടി കൂടിയായിരുന്നു വയനാട് ഫണ്ട് തട്ടിപ്പെന്ന ആക്ഷേപ മിസൈൽ. ഒടുവിൽ കോൺഗ്രസ് വയനാടിനു വേണ്ടി പിരിച്ച ഫണ്ടിന്റെ കണക്ക് വാർത്താ സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് വരെ ആരോപണം എൽ.ഡി.എഫ് സജീവമാക്കി നിലനിർത്തി.
പാലക്കാട് എൻ.എം.ആർ റസാഖിനെ സി.പി.എം സ്ഥാനാർഥിയാക്കിയതിന് പിന്നാലെ ഡീൽ ആരോപണം ആദ്യം ഉയർത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. ബി.ജെ.പിയെ സഹായിക്കുന്നതിന് വേണ്ടിയാണ് സി.പി.എം ദുർബല സ്ഥാനാർഥിയെ നിർത്തിയതെന്ന് സതീശൻ ആക്ഷേപിച്ചു. പല നിരീക്ഷകരും ഇതേ അഭിപ്രായം പിന്നീട് പങ്കുവച്ചു. മുൻ തെരഞ്ഞെടുപ്പുകളിലെ വോട്ടുനില ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതു നേതാക്കൾ ഇതിന് മറുപടിയുമായെത്തിയത്. അപ്പോഴും ബി.ജെ.പിയുടെ 'പഴയ കാല ഡീലു'കളുടെ കഥ കോൺഗ്രസിനെയും സി.പി.എമ്മിനെയും തിരിഞ്ഞുകൊത്തി.
2021: ബാലശങ്കർ
ചെങ്ങന്നൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ എഡിറ്ററും സംഘത്തിന്റെ സൈദ്ധാന്തികനുമായ ഡോ. ആർ. ബാലശങ്കർ തുറന്നു പറഞ്ഞ കാര്യമാണ് 'കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ സീറ്റ് ധാരണയുണ്ടെ'ന്നത്. ആർ.എസ്.എസ് മുൻകയ്യെടുത്ത് രൂപീകരിച്ച ബി.ജെ.പി, അവരുടെ പ്രത്യയശാസ്ത്ര ശത്രുവായ സി.പി.എമ്മുമായി കൈകോർക്കുന്നത് ആർ.എസ്.എസ് നേതൃത്വം അനുവദിക്കുമോയെന്ന വിഷയത്തിൽ തുടർന്ന് മാധ്യമ ചർച്ചയും വ്യാപകമായി.
1951 ലാണ് ആർ.എസ്.എസ് ജനസംഘം രൂപീകരിക്കുന്നത്. ആദ്യകാലത്ത് ആർ.എസ്.എസിനോട് ആദർശപരമായി അടുത്തു നിന്ന രാഷ്ട്രീയ പാർട്ടിയായിരുന്നു ഹിന്ദു മഹാസഭ. പക്ഷേ, ആർ.എസ്.എസിന്റെ മാതൃസംഘടന എന്ന് പറയാവുന്ന ഹിന്ദു മഹാസഭയുമായി ആർ.എസ്.എസ് ഗാന്ധിവധത്തെ തുടർന്ന് അകലം പാലിച്ചു. തുടർന്നായിരുന്നു ഭാരതീയ ജനസംഘത്തിന്റെ ഉൽഭവം. നെഹ്‌റുവിയൻ സോഷ്യലിസത്തോടും മതേതരത്വത്തോടും വിപ്രതിപത്തിയുണ്ടായിരുന്ന നിരവധി കോൺഗ്രസുകാർ ജനസംഘത്തോടൊപ്പം ചേർന്നു. ഹിന്ദു മഹാസഭയും ഭാരതീയ ജനസംഘവും തെരഞ്ഞെടുപ്പുകളിൽ മൽസരിച്ചു.
1951 ലെ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടിയ ജനസംഘം 57ൽ അത് നാല് സീറ്റായി വർധിപ്പിച്ചു. 62ൽ അത് പതിനാലായി. 67ൽ ജനസംഘം 35 സീറ്റ് നേടി. സി. രാജഗോപാലാചാരിയുടെ സ്വതന്ത്ര പാർട്ടിയുടെ തൊട്ടു താഴെ മൂന്നാമത്തെ വലിയ കക്ഷിയായി മാറി. കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് 1971ൽ നടന്ന തെരഞ്ഞെടുപ്പിൽ 22 സീറ്റിലേക്ക് ചുരുങ്ങിയെങ്കിലും ആ തെരഞ്ഞെടുപ്പിൽ രാജാജിയുടെ പാർട്ടി, എസ്.എസ്.പി, പി.എസ്.പി തുടങ്ങിയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് അവർ മൽസരിച്ചത്. കാമരാജിന്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസിനേക്കാൾ സീറ്റ് ജനസംഘം നേടി. അന്ന് സി.പി.എമ്മിന് 25ഉം സി.പി.ഐക്ക് 22 സീറ്റുമാണ് ലഭിച്ചത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിൽ ജനസംഘം പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് ജനതാപാർട്ടി രൂപീകരിച്ചു. മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സർക്കാരിൽ മുൻ ജനസംഘം നേതാക്കളും ആർ.എസ്.എസുകാരുമായ വാജ്‌പേയിയും അദ്വാനിയും മന്ത്രിമാരായി. മൊറാർജി സർക്കാർ താഴെ വീണ ശേഷം ജനതാ പാർട്ടിയിലെ പഴയ ജനസംഘക്കാർ ചേർന്നാണ് ബി.ജെ.പി രൂപീകരിച്ചത്. നേതൃത്വം നൽകിയത് അദ്വാനിയും വാജ്‌പേയിയും.
1984ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് കേവലം രണ്ട് സീറ്റാണ്. ജനസംഘം 35 സീറ്റ് വരെ നേടിയ ചരിത്രമുള്ളപ്പോൾ ബി.ജെ.പി കേവലം രണ്ട് സീറ്റിലേക്ക് ചുരുങ്ങി. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് നടന്നതാണ് 84 ലെ തെരഞ്ഞെടുപ്പ്. കോൺഗ്രസിന് അനുകൂലമായ സഹതാപ തരംഗം ആ ഘട്ടത്തിലുണ്ടായിരുന്നു. എന്നാൽ, അന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ രാജീവ് ഗാന്ധി കൃത്യമായ മൃദു ഹിന്ദുത്വ കാർഡും ഇറക്കി. സിഖ് വിഘടനവാദത്തിനെതിരെ കോൺഗ്രസ് നടത്തിയ പ്രചാരണത്തിൽ ആർ.എസ്.എസിന് താൽപര്യമുണ്ടായിരുന്നു. മാധ്യമപ്രവർത്തകൻ റഷീദ് കിദ്വായി എഴുതിയ 'ബാലറ്റ് ദ എപ്പിസോഡ് ദാറ്റ് ഷേപ്പ്ഡ് ഇന്ത്യാസ് ഡെമോക്രസി' എന്ന പുസ്തകത്തിൽ ആർ.എസ്.എസും രാജീവ് ഗാന്ധിയുമായി തെരഞ്ഞെടുപ്പിന് മുന്നോടിയായി ചർച്ചകൾ നടന്ന കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
ചരിത്രത്തിലൊരിക്കലും നേടാത്ത ഭൂരിപക്ഷമാണ് കോൺഗ്രസ് നേടിയത്. 543 ൽ 415 സീറ്റ്. നെഹ്‌റുവിനോ ഇന്ദിരയ്‌ക്കോ നേടാനാവാത്ത തരത്തിലുള്ള മഹാവിജയം.
ആർ.എസ്.എസും രാജീവ് ഗാന്ധിയും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചത് നാഗ്പൂരിൽ നിന്നുള്ള അന്നത്തെ കോൺഗ്രസ് എംപി ബൻവാരിലാൽ പുരോഹിത് ആയിരുന്നു. ബാബരി മസ്ജിദിൽ ശിലാന്യാസം അനുവദിച്ചാൽ 1987 ലെ തെരഞ്ഞടുപ്പിൽ ആർ.എസ്.എസ് പിന്തുണ കിട്ടുമോയെന്ന് അന്വേഷിക്കാൻ രാജീവ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് 2007 ൽ പുരോഹിത് വെളിപ്പെടുത്തിയത്. ബൻവാരിലാൽ പുരോഹിത് പിന്നീട് തമിഴ്‌നാട് ഗവർണറായി.
കോലീബി
ബേപ്പൂരിലും വടകരയിലും കോൺഗ്രസ്-മുസ്ലീംലീഗ്-ബി.ജെ.പി എന്നിവയ്ക്ക് പൊതു സ്ഥാനാർത്ഥിയെ നിർത്തിയ 1991ലെ തെരഞ്ഞെടുപ്പിലാണ് വലിയ രാഷ്ട്രീയവിവാദമായ കോലീബി സഖ്യം അരങ്ങേറിയത്. കെ. കരുണാകരനായിരുന്നു സൂത്രധാരനെങ്കിലും കോൺഗ്രസ് വോട്ടുകൾ തിരികെ ബി.ജെ.പിക്ക് കിട്ടാതിരുന്നതിനാൽ പരീക്ഷണം പാളിയെന്ന് ബി.ജെ.പി നേതാവായ കെ.ജി. മാരാരുടെ ജീവചരിത്രമായ 'കെജി മാരാർ രാഷ്ട്രീയത്തിലെ സ്‌നേഹസാഗരം' എന്ന പുസ്തകത്തിലെ 'പാഴായ പരീക്ഷണം' എന്ന അധ്യായത്തിൽ പറയുന്നുണ്ട്. രാജീവ് ഗാന്ധി വധമുണ്ടാക്കിയ തരംഗത്തിൽ മുൻ ധാരണകളെല്ലാം അട്ടിമറിക്കപ്പെട്ടു.
കമ്യൂണിസ്റ്റ് പാർട്ടിയെ ആർ.എസ്.എസ് സഹായിച്ചിട്ടുള്ളതായി കേരളത്തിൽ നിന്നു തെളിവുകളുണ്ട്. സൈദ്ധാന്തികമായി തന്നെ തങ്ങളുടെ ശത്രുവായി ആർ.എസ്.എസ് കാണുന്നവരാണ് കമ്യൂണിസ്റ്റുകൾ. എന്നാൽ, കേരളത്തിൽ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പു നേട്ടങ്ങൾ കേരളത്തിലെ ഹിന്ദു ഉണർവിന്റെ ഫലമായിരുന്നുവെന്ന് ആർ.എസ്.എസ് വിശ്വസിച്ചിരുന്നുവെന്നാണ്
മാധ്യമപ്രവർത്തകൻ ദിനേശ് നാരായണൻ എഴുതിയ 'ദ ആർ.എസ്.എസ് ആൻഡ് ദ മേക്കിങ് ഓഫ് ഡീപ് നേഷൻ' എന്ന പുസ്തകം പറയുന്നത്. പുസ്തകത്തിൽ നിന്ന്:
'1987 ഡിസംബർ 13ന് ആർ.എസ്.എസ് മേധാവി ബാലാസാഹബ് ദേവറസ് ഡൽഹി രാംലീല മൈതാനിയിൽ ഹിന്ദു സമ്മേളനത്തിൽ സംസാരിച്ചു. കേരളത്തിലെ ഹിന്ദു ഉണർവിനെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ക്രിസ്ത്യാനികളുമായും മുസ്ലിംകളുമായും ഒത്തുതീർപ്പിലെത്തുന്ന പാർട്ടികൾക്കേ അവിടെ അധികാരത്തിലെത്താൻ കഴിയൂ.
എന്നാൽ ആർ.എസ്.എസ് അവിടെ നാലായിരം ശാഖകളുമായി ശക്തമായ സാന്നിധ്യമായി ഹിന്ദു ഐക്യം സാധ്യമാക്കിയിട്ടുണ്ട്. ആദ്യമായി അവിടെ കമ്യൂണിസ്റ്റുകൾ മുസ്ലിം ലീഗിനെയും ക്രിസ്ത്യൻ കോൺഗ്രസിനെയും വർഗീയ പാർട്ടികളെന്ന് വിളിച്ചപ്പോൾ അവർ തെരഞ്ഞെടുപ്പ് നേട്ടം കൊയ്തു. ഹിന്ദു ഉണർവിനെ തുടർന്നാണ് ആ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചതെന്ന് ദേവറസ് ഊന്നിപ്പറഞ്ഞു.' ആ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് രഹസ്യമായി എൽ.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് ദിനേശ് നാരായണൻ വ്യക്തമാക്കി.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നാറ്റോ രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നു: പിന്തുണയ്ക്കാത്തവർക്ക് കനത്ത
യുട്ടായിൽ മീസെൽസ് പടരുന്നു: വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി