തിരുവനന്തപുരം: പുസ്തകം വായിച്ചാല്‍ വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന ആകര്‍ഷകമായ വാഗ്ദാനത്തിന് പിന്നില്‍ ഒളിഞ്ഞിരുന്നത് അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള കൂറ്റന്‍ സൈബര്‍ ചതിക്കുഴി. തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിനെ പിടിച്ചുകുലുക്കിയ ഈ തട്ടിപ്പില്‍ മാത്രം 106 പേര്‍ക്കായി ഏകദേശം 1.25 കോടി രൂപ നഷ്ടപ്പെട്ടതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തയ്യാറെടുക്കുന്ന പൊലീസിന്റെ പ്രഥമിക വിലയിരുത്തല്‍.
സാധാരണക്കാരുടെ വാട്സാപ്പ് നമ്പറുകളിലേക്ക് എത്തിയ ഒരു സന്ദേശത്തില്‍ നിന്നാണ് നാടിനെ നടുക്കിയ മണിചെയിന്‍ മോഡല്‍ തട്ടിപ്പിന്റെ തുടക്കം. 'എന്‍.ടി.എല്‍. പ്രൈവറ്റ് ലിമിറ്റഡ്' എന്ന ആപ്ലിക്കേഷന്റെ ലിങ്ക് വാട്സാപ്പിലൂടെ പങ്കുവെച്ചായിരുന്നു തട്ടിപ്പുകാരുടെ ആദ്യ നീക്കം. ആപ്പില്‍ അംഗമാകാന്‍ 1,800 രൂപ അടയ്ക്കുന്നതോടെ ഡിജിറ്റല്‍ പുസ്തകങ്ങള്‍ ലഭ്യമാകും. പുസ്തകം വായിക്കുന്നതിനും ഏതാനും പേജുകള്‍ മറിച്ചുനോക്കുന്നതിനും ദിവസേന തുക അക്കൗണ്ടിലെത്തുമെന്നായിരുന്നു വാഗ്ദാനം. വായനയ്ക്ക് പുറമേ ലളിതമായ മറ്റ് ടാസ്‌കുകളും ഇതിലൂടെ നല്‍കിയിരുന്നു. തുടക്കത്തില്‍ കൃത്യമായി പ്രതിഫലം ലഭിക്കുകയും ആപ്പില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുകയും ചെയ്തതോടെ കൂടുതല്‍ പേര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിനനുസരിച്ച് ലാഭം വര്‍ദ്ധിക്കുമെന്ന വ്യാജ വാഗ്ദാനം വിതുരയിലും സമീപ പ്രദേശങ്ങളിലും ഈ ശൃംഖല വേഗത്തില്‍ പടരാന്‍ കാരണമായി.
എന്നാല്‍ ആദ്യ ഘട്ടങ്ങളില്‍ ചെറിയ തുക നല്‍കി ഉപയോക്താക്കളുടെ വിശ്വാസം പിടിച്ചെടുത്ത തട്ടിപ്പുകാര്‍, പിന്നീട് ഓരോ ഘട്ടവും പൂര്‍ത്തിയാക്കാന്‍ വലിയ തുകകള്‍ യു.പി.ഐ വഴി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഏഴാം ഘട്ടത്തിലെത്തിയപ്പോഴേക്കും 69,000 രൂപ വരെ അടയ്ക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായി. വന്‍തുക ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ പലരും കടം വാങ്ങിയും സമ്പാദ്യം ഉപയോഗിച്ചും ലക്ഷങ്ങള്‍ ഈ ആപ്പിലേക്ക് നിക്ഷേപിച്ചു. എന്നാല്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴേക്കും ആപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കുകയും ആളുകള്‍ വഞ്ചിക്കപ്പെടുകയുമായിരുന്നു.
സംഭവത്തില്‍ വിതുര, തൊളിക്കോട് പ്രദേശവാസികളായ ആറുപേരെ പ്രതി ചേര്‍ത്ത് പോലീസ് നിലവില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പുകാരുടെ ലിങ്കുകളും പണമിടപാടുകളുടെ യു.പി.ഐ വിവരങ്ങളും പരിശോധിച്ച പോലീസ്, കേസിലെ വിദേശ-ഉത്തരേന്ത്യന്‍ സൈബര്‍ സംഘങ്ങളുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. തട്ടിപ്പ് ശൃംഖലയുടെ ആഴവും സാമ്പത്തിക നഷ്ടത്തിന്റെ വ്യാപ്തിയും കണക്കിലെടുത്ത് വിതുര പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് ഉടന്‍ തന്നെ ക്രൈംബ്രാഞ്ചിന് കൈമാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
