കൊച്ചി: കുന്നത്തുനാട്ടിൽ എൽഡിഎഫിനെതിരെ ഒന്നിച്ച് കോൺഗ്രസും ട്വന്റി 20യും. എൽഡിഎഫ് ഭരണം പിടിക്കാൻ സാധ്യതയുണ്ടായിരുന്ന വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു. പുത്തൻകുരിശ് പഞ്ചായത്തിലെ 17 വാർഡുകളിൽ എൽഡിഎഫ്–8, യുഡിഎഫ് –7, ട്വന്റി20 – 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒറ്റയ്ക്ക് മത്സരിച്ചാൽ എൽഡിഎഫ് അധികാരം പിടിക്കുമെന്നിരിക്കെ, ട്വന്റി 20 യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫിന്റെ റെജി തോമസാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഒന്നില്‍പ്പോലും എൽഡിഎഫിന് ഭരണമില്ല.
മഴുവന്നൂർ പഞ്ചായത്തിൽ യുഡിഎഫ്–9, എൽഡിഎഫ്–6, ട്വന്റി 20, എൻഡിഎ–1 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഇവിടെ യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം. ട്വന്റി 20 മത്സരത്തിൽ നിന്ന് വിട്ടുനിന്നു. തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന എന്ന നിലയിൽ 9 സീറ്റുകൾ നേടി ട്വന്റി 20 ഭരണം പിടിച്ചു. യുഡിഎഫ്–5, എൽഡിഎഫ്–4 എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ച സീറ്റുകൾ.
വടവുകോട് ബ്ലോക് പഞ്ചായത്ത് ഭരണം നറുക്കെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസിന്റെ സവിത അബ്ദുൾറഹ്മാനാണ് പരാജയപ്പെട്ടത്. അതേസമയം, ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ഭരണം നറുക്കെടുപ്പിൽ യുഡിഎഫിനായി.
ബിജു കെ.ജോർജ് വിജയിച്ചപ്പോൾ എൽഡിഎഫിന്റെ സി.എം.ജോയി പരാജയപ്പെട്ടു. സമാനമായ വിധത്തില്‍ പൂതൃക്ക പഞ്ചായത്തിലും ഭാഗ്യ, നിര്‍ഭാഗ്യങ്ങൾ യുഡിഎഫിനും ട്വന്റി 20ക്കുമായി മാറിമറിഞ്ഞു. ഇവിടെ യുഡിഎഫിനും ട്വന്റി 20ക്കും 7 വീതം സീറ്റുകളാണ് ലഭിച്ചത്. ഇതോടെ നറുക്കെടുപ്പ് അനിവാര്യമായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം ട്വന്റി 20ക്കൊപ്പം നിന്നപ്പോൾ ഷൈജ റെജിയെ തോൽപ്പിച്ച് പൂജ ജോമോൻ പ്രസിഡന്റായി. എന്നാൽ വൈസ് പ്രസിഡന്റ് പദവിയിൽ നറുക്ക് വീണത് യുഡിഎഫിന്. ശാന്തി ഷിബുവിനെ മറികടന്ന് ജോൺ ജോസഫ് ഇവിടെ പ്രസിഡന്റായി.<
കുന്നത്തുനാട് പഞ്ചായത്തിലെ 21 വാർഡുകളിൽ 12 സീറ്റുള്ള യുഡിഎഫിനാണ് ഭരണം. ട്വന്റി 20 –8, എൽഡിഎഫ്–1 എന്നിങ്ങനെയായിരുന്നു ഇവിടെ വോട്ടുനില. കിഴക്കമ്പലം പഞ്ചായത്തിലെ 21 വാർഡുകളിൽ 14 എണ്ണം നേടിയ ട്വന്റി 20ക്കാണ് ഭരണം. ട്വന്റി 20യുടെ ശക്തികേന്ദ്രമായ ഇവിടെ സംയുക്തമുന്നണി 7 സീറ്റുകൾ പിടിച്ചെടുത്തിരുന്നു. ഐക്കരനാട് പഞ്ചായത്തിലെ 16 വാർഡിലും വിജയിച്ച് ട്വന്റി 20 ഭരണം നിലനിർത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
