കാനഡയിലെ റിയൽ എസ്റ്റേറ്റ് വിപണി, വിശേഷിച്ചും ഒന്റാറിയോ പ്രവിശ്യ, നിലവിൽ സങ്കീർണ്ണമായ ഒരു വഴിതിരിവിലൂടെയാണ് കടന്നുപോകുന്നത്. മാധ്യമങ്ങളും ചില റിയൽ എസ്റ്റേറ്റ് ഏജന്റുമാരും കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെന്നും വിൽപ്പന വർദ്ധിക്കുന്നുണ്ടെന്നും അവകാശപ്പെടുമ്പോഴും, വിപണിയുടെ യാഥാർത്ഥ്യം തികച്ചും ആശങ്കാജനകമാണ്.
കഴിഞ്ഞ ഓഗസ്റ്റ് അവസാനം മുതൽ ഒന്റാറിയോയിലെ ഭവന വിൽപ്പന കുത്തനെ ഇടിയാൻ തുടങ്ങി. സെപ്തംബറായപ്പോഴേക്കും ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഈ തകർച്ചയ്ക്ക് ആക്കം കൂട്ടിയ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
രാഷ്ട്രീയസാമ്പത്തിക അസ്ഥിരതയും വ്യാപാര യുദ്ധവും: അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും നിരന്തരമായ ഭീഷണികളും കാനഡയിൽ വലിയൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. വിമാനത്താവള വിൽപ്പനയും മറ്റ് നയപരമായ മാറ്റങ്ങളും ജനങ്ങളുടെ മനസ്സിൽ ഭയവും അനിശ്ചിതത്വവും ഉണ്ടാക്കുന്നു. ദിവസേന വാർത്തകളിൽ നിറയുന്ന ഈ പ്രശ്നങ്ങൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക തീരുമാനങ്ങളെയും നേരിട്ട് ബാധിക്കുന്നു.
മോർട്ട്ഗേജ് പലിശനിരക്കിലെ വൻ കുതിച്ചുചാട്ടം: ഈ വർഷം ഏപ്രിൽ മാസത്തിൽ 3.39% മുതൽ 3.69% വരെയായിരുന്ന അഞ്ച് വർഷത്തെ ഫിക്സഡ് പലിശനിരക്കുകൾ നിലവിൽ 4.29% മുതൽ 4.79% വരെയായി ഉയർന്നു. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ഏകദേശം 20 മുതൽ 27 ശതമാനം വരെയുണ്ടായ ഈ വർദ്ധനവ് ഭവന വാങ്ങൽക്കാരെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാക്കിയിട്ടുണ്ട്.
വാങ്ങുന്നവരുടെ മനോഭാവം: റിയൽ എസ്റ്റേറ്റ് വിപണിയെ നിയന്ത്രിക്കുന്നതിൽ ഉപഭോക്താക്കളുടെ മനോഭാവത്തിന് വലിയ പങ്കുണ്ട്. പലിശനിരക്ക് വർദ്ധനവും സാമ്പത്തിക മാന്ദ്യവും കാരണം, വീട് വാങ്ങാൻ ആഗ്രഹിച്ചിരുന്നവർ ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് വലിയുകയാണ്. 'ഇപ്പോൾ വാങ്ങിയാൽ നഷ്ടപ്പെടും, കുറച്ചുനാൾ കാത്തിരുന്നാൽ പലിശ കുറയുകയും വീട്ടു വില ഇനിയും താഴുകയും ചെയ്യും' എന്ന ചിന്ത ഉപഭോക്താക്കൾക്കിടയിൽ ശക്തമായിട്ടുണ്ട്.
വിപണിയിലെ തുടർച്ചയായ തകർച്ചാ സാധ്യത: മുൻകാലങ്ങളിൽ പ്രീഅപ്രൂവൽ ലഭിച്ച ചിലർ ചെറിയ തോതിൽ വീടുകൾ വാങ്ങിയേക്കാമെങ്കിലും, ഭൂരിഭാഗം ആളുകളും കാത്തിരിപ്പ് തുടരുകയാണ്. അതേസമയം, പവർ ഓഫ് സെയിൽസ്, ജപ്തി നടപടികൾ എന്നിവ വിപണിയിൽ തുടരുന്നുമുണ്ട്. വാങ്ങാൻ ആളില്ലാത്ത സാഹചര്യത്തിൽ, ഒന്റാറിയോയിലെ വീടുകളുടെ വില ഇനിയും താഴേക്ക് പതിക്കാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചുരുക്കത്തിൽ, പ്രതീക്ഷ നൽകുന്ന ചെറിയ ചില സൂചനകൾക്കപ്പുറം, സാമ്പത്തിക അരക്ഷിതാവസ്ഥയും ഉയർന്ന പലിശനിരക്കും കാരണം ഒന്റാറിയോയിലെ റിയൽ എസ്റ്റേറ്റ് വിപണി വരും നാടുകളിൽ കൂടുതൽ വെല്ലുവിളികളെ നേരിടാനാണ് സാധ്യത
ജിബി ജോൺ (ബ്രോക്കർ)
Remax Real Estate Centre, Inc. Brokerage
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
