ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും പണപ്പെരുപ്പത്തിനുമെതിരെ കരുതല്‍ ശേഖരമായി സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടുന്ന കാലഘട്ടത്തിലാണ് കാനഡയും നോര്‍വേയും വേറിട്ട വഴി തിരഞ്ഞെടുത്തിരിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വിപണിയിലെ ചാഞ്ചാട്ടങ്ങളും കണക്കിലെടുത്ത് മിക്ക രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുമ്പോള്‍, ഈ രണ്ട് വികസിത രാജ്യങ്ങളുടെയും ഔദ്യോഗിക കരുതല്‍ ശേഖരത്തില്‍ ഒരുതരി സ്വര്‍ണം പോലും ഇല്ലാത്ത അവസ്ഥയാണ്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2026 ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോളതലത്തില്‍ 89 ശതമാനം റിസര്‍വ് മാനേജര്‍മാരും വരും വര്‍ഷങ്ങളില്‍ സ്വര്‍ണ ശേഖരം ഉയരുമെന്ന് പ്രവചിക്കുമ്പോഴും കാനഡയും നോര്‍വേയും ഇതിനോട് വിമുഖത കാണിക്കുന്നു. വന്‍തോതില്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നിട്ടും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി തങ്ങളുടെ പക്കലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും ഘട്ടംഘട്ടമായി വിറ്റഴിക്കുകയാണ് കാനഡ ചെയ്തത്.
സ്വര്‍ണത്തിന് പലിശയോ നിശ്ചിത വരുമാനമോ ലഭിക്കില്ലെന്നതും പെട്ടെന്ന് വിറ്റഴിച്ച് പണമാക്കാനുള്ള ബുദ്ധിമുട്ടുമാണ് സ്വര്‍ണ ശേഖരം ഒഴിവാക്കാന്‍ കാനഡയെ പ്രേരിപ്പിച്ചത്. സ്വര്‍ണത്തിന് പകരം ലിക്വിഡിറ്റി കൂടുതലുള്ള യു.എസ് ട്രഷറി സെക്യൂരിറ്റികളിലും മറ്റ് വിദേശ ബോണ്ടുകളിലും നിക്ഷേപിക്കുന്നതാണ് രാജ്യത്തിന്റെ ആസ്തി-ബാധ്യത പൊരുത്തപ്പെടുത്തലിന് അനുയോജ്യമെന്ന് കാനഡയുടെ കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു.
സമാനമായ നിലപാടാണ് നോര്‍വേയുടേതും. രണ്ടാം ലോകമഹാ യുദ്ധകാലത്ത് സുരക്ഷിതത്വത്തിനായി വിദേശത്തേക്ക് മാറ്റിയ സ്വര്‍ണ ശേഖരത്തിന്റെ നല്ലൊരു പങ്കും 2004 ഓടെ നോര്‍ഗെസ് ബാങ്ക് വിറ്റഴിച്ചു. ഇന്ന് ചരിത്രപരമായ ആവശ്യങ്ങള്‍ക്കും പ്രദര്‍ശനത്തിനുമായി സൂക്ഷിച്ചിരിക്കുന്ന ഏതാനും നാണയങ്ങളും ഏഴ് സ്വര്‍ണക്കട്ടികളും മാത്രമാണ് അവിടെയുള്ളത്. ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള സാമ്പത്തിക ആസ്തികളിലാണ് കാനഡയെപ്പോലെ നോര്‍വേയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അതേസമയം ലോകത്തിലെ പ്രമുഖ രാജ്യങ്ങളെല്ലാം സ്വര്‍ണത്തെ പ്രധാന സുരക്ഷാ കവചമായി കാണുന്നു. അമേരിക്ക തങ്ങളുടെ ഔദ്യോഗിക കരുതല്‍ ശേഖരത്തിന്റെ 83 ശതമാനത്തിലധികം സ്വര്‍ണമായി നിലനിര്‍ത്തി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളും വന്‍ സ്വര്‍ണശേഖരം കൈവശം വെക്കുന്നു. സമീപകാലത്ത് പോളണ്ട്, കസാക്കിസ്ഥാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണ ശേഖരം വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെ 18.4 ശതമാനവും സ്വര്‍ണമാണ്.
നിക്ഷേപത്തില്‍ ഒരൊറ്റ മാതൃക പിന്തുടരുന്നതിന് പകരം, പലിശ ലഭിക്കുന്നതും സുരക്ഷിതവുമായ സാമ്പത്തിക ആസ്തികളിലേക്ക് മാറുക എന്ന ദീര്‍ഘകാല സാമ്പത്തിക നയമാണ് കാനഡയെയും നോര്‍വേയെയും ബാക്കി ലോക രാജ്യങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
