ഫൊക്കാന കൺവെൻഷൻ, ഗിന്നസ് റെക്കോർഡുകൾക്കിടയിൽ ഒരു 'ബാലാമണി' വിശേഷം

AUGUST 20, 2026, 8:15 AM

പെൻസിൽവാനിയ: രണ്ട് ഗിന്നസ് നേട്ടങ്ങൾ സ്വന്തമാക്കി ചരിത്രമെഴുതിക്കൊണ്ടാണ് ഫൊക്കാന 2026 അന്താരാഷ്ട്ര കൺവെൻഷൻ ഇത്തവണ ശ്രദ്ധേയമായത്. പ്രവാസി മലയാളി കൂട്ടായ്മയുടെ മധുരവസന്തം തീർത്തുകൊണ്ട് ഓഗസ്റ്റ് 6 മുതൽ 8 വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിൽ നടന്ന കൺവെൻഷനിൽ ആയിരത്തിലേറെ നർത്തകർ ഒരേ വേദിയിൽ അണിനിരന്ന മോഹിനിയാട്ടവും അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത ചെണ്ടമേളവുമാണ് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയത്. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ മഹാസംരംഭത്തിന്റെ ഒരുക്കങ്ങൾ. കലാസാംസ്‌കാരിക രംഗത്തു നിന്നുള്ള വിവിധ പ്രമുഖർ കൺവെൻഷനിൽ അതിഥികളായെത്തി. 

ഫൊക്കാന കൺവെൻഷൻ ചരിത്രം സൃഷ്ടിച്ചപ്പോൾ അതിനിടയിലൂടെ വേറൊരു ചെറിയ 'ചരിത്രം' കൂടി സോഷ്യൽ മീഡിയ ചർച്ചകളിൽ ഇടം പിടിച്ചു. മലയാള സിനിമാതാരം നവ്യാ നായരുടെ ഫൊക്കാന സന്ദർശനമായിരുന്നു അത്. നവ്യ നായരുടെ നൃത്തപരിപാടിയോടെയായിരുന്നു കൺവെൻഷന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് തുടക്കമായത്. നടിയെന്നതിലുപരി മികച്ച ശാസ്ത്രീയ നർത്തകി എന്ന നിലയിലും അറിയപ്പെടുന്ന നവ്യയുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ പ്രൗഢി നൽകുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. പ്രൗഢി കിട്ടിയോ എന്നതിന്റെ ഉത്തരം അവിടെ നിൽക്കട്ടെ, 'നവ്യാ നായർ എങ്ങനെ വന്നു, എവിടെ താമസിച്ചു, എങ്ങനെ പെരുമാറി' എന്നതൊക്കെയായിരുന്നു പിന്നീട് ചില പ്രവാസി മലയാളികളുടെ പ്രധാന ചർച്ച.

പരിപാടിയിലെ നൃത്താവതരണത്തിന് നവ്യ പ്രതിഫലമായി കൈപ്പറ്റിയത് 10 ലക്ഷം രൂപ, ബിസിനസ് ക്ലാസ് വിമാനടിക്കറ്റിന് മാത്രം ഏകദേശം 7,000 ഡോളർ, താമസവും മറ്റ് ചെലവുകളും ഉൾപ്പെടെ നവ്യയ്ക്കായി സംഘാടകർ ചെലവഴിച്ചത് ഏകദേശം 20 ലക്ഷത്തോളം രൂപ, എന്നൊക്കെയാണ് ചർച്ച ചെയ്യപ്പെടുന്ന കണക്കുകൾ. ഇതിനിടയിൽ ഒരു കാര്യം പ്രത്യേകം പറയട്ടെ, ഒരു കലാകാരിയുടെ പ്രതിഫലം അവരുടെ പ്രൊഫഷണൽ കരാറിന്റെ ഭാഗമാണ്. അതിനാൽ പ്രതിഫലം വാങ്ങിയെന്നത് ഒരു കുറ്റമല്ല. പക്ഷേ പ്രശ്‌നം, പണം കൊടുത്ത പരിപാടിയിൽ അതിഥിയിൽ നിന്ന് സംഘാടകരും കാണികളും എന്താണ് പ്രതീക്ഷിച്ചത് എന്നതിലാണ്. 

vachakam
vachakam
vachakam

ചർച്ചയായ മറ്റൊരു കാര്യം നവ്യയുടെ താമസവുമായി ബന്ധപ്പെട്ടതാണ്. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, നവ്യ ന്യൂയോർക്കിൽ മാത്രമേ താമസിക്കൂ എന്ന നിലപാട് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നുവെന്നാണ് പറയുന്നത്. ഫൊക്കാനയുടെ പ്രധാന വേദിയായ കൽഹാരി റിസോർട്ടിൽ ആയിരക്കണക്കിന് മലയാളികൾ ഒത്തുകൂടിയപ്പോൾ, അതിഥി താമസിച്ചിരുന്ന മുറിയും പരിപാടിയുടെ  വേദിയും തമ്മിലുള്ള അകലം മാത്രമല്ല, അതിഥിയും അതിഥേയരും തമ്മിലുള്ള അകലവും ചിലരൊക്കെ പ്രത്യേകം നോട്ട് ചെയ്തു. നവ്യ ഫൊക്കാന ഭാരവാഹികളോടും അംഗങ്ങളോടും കൂടുതൽ ഇടപഴകാതിരുന്നതും ഫോട്ടോ എടുക്കുന്നതിനോ സംസാരിക്കുന്നതിനോ പുറത്തു നടക്കുന്നതിനോ താൽപര്യം കാണിക്കാതിരുന്നതും പലർക്കും നിരാശയുണ്ടാക്കിയതായും പറയപ്പെടുന്നു. കൺവെൻഷനിലെത്തിയ മറ്റ് അതിഥികൾ ഫൊക്കാന പ്രവർത്തകർക്കൊപ്പം വളരെ സജീവമായി ഇടപെട്ട സാഹചര്യത്തിലാണ് നവ്യയുടെ താൽപര്യമില്ലായ്മ ചർച്ചയായത്.

ഇതിലും രസകരമായിരുന്നു മറ്റൊരു ചർച്ച. ഭക്ഷണത്തിന്റെ 'ക്ലാസിക്കൽ' വേർഷനായിരുന്നു അത്. ഗ്രാൻഡ് ഫിനാലേയ്ക്ക് 'ബാങ്ക്വറ്റ് രീതിയിൽ ഭക്ഷണം ഒരുക്കിയിരുന്ന ഹാളിൽ കാണികൾക്ക് സമയത്തിനു ഡിന്നർ കഴിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനു പ്രധാന കാരണം നവ്യയുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശമാണെന്നാണ് പറയുന്നത്. ക്ലാസിക്കൽ ഡാൻസ് എന്നാൽ ദൈവത്തോടുള്ള ആരാധനയാണെന്നും അതിനാൽ വേദിയിൽ താൻ നൃത്തം അവതരിപ്പിക്കുമ്പോൾ ആ സമയത്ത് ആരും ഭക്ഷണം കഴിക്കരുതെന്നുമായിരുന്നു നവ്യ സംഘാടകരോട് പറഞ്ഞത്. നൃത്തം അവസാനിക്കാൻ ഒരുപാട് വൈകിയതോടെ രാത്രി പതിനൊന്നോടെയാണ് ആളുകൾക്ക് ഭക്ഷണം കഴിക്കാനായത്. ഈ സംഭവം കാണികളെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചത്.

ക്ലാസിക്കൽ ഡാൻസ് ആരാധനയാണെന്ന വാദത്തിൽ ഒരു സൗന്ദര്യം കണ്ടെത്താൻ കലാപ്രേമികൾക്ക് സാധിക്കും. പക്ഷേ ഫൊക്കാന പോലൊരു വലിയ പ്രവാസി കൂട്ടായ്മയിൽ പ്രശ്‌നം മറ്റൊന്നാണ്. ഇവിടെ എല്ലാവരും കലാകാരന്മാരല്ല. എല്ലാവരും ക്ലാസിക്കൽ ഡാൻസ് വിദഗ്ധരുമല്ല. പലതരം ഇഷ്ടങ്ങളും അഭിരുചികളുമുള്ള മനുഷ്യരുടെ കൂട്ടായ്മയാണിത്. അവരവർക്ക് ഇഷ്ടപ്പെട്ട പരിപാടികൾ ഓരോരുത്തരും ആസ്വദിക്കും. അതല്ലാത്തവർ ആ സമയം ഭക്ഷണം കഴിക്കും. ചിലർ രണ്ടും ഒരുമിച്ച് ചെയ്യും. അതാണ് ഒരു പ്രവാസി കൂട്ടായ്മയുടെ സ്വഭാവം. എന്നാൽ നൃത്തം കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ എന്ന രീതിയിൽ പരിപാടി ക്രമീകരിക്കേണ്ടി വന്നതോടെ, കാണികളെ മുഷിപ്പിക്കുന്ന രീതിയാണ് സംഘാടകർക്ക് സ്വീകരിക്കേണ്ടി വന്നത്.

vachakam
vachakam
vachakam

വേദിയിൽ നവ്യ പറഞ്ഞ മറ്റൊരു കാര്യം കൂടി ചർച്ചയായിരുന്നു. തന്റെ ആദ്യ സിനിമയായ നന്ദനത്തിലെ ബാലാമണിയായാണ് ഇപ്പോഴും പലരും തന്നെ ഓർക്കുന്നതെന്നും ആ കഥാപാത്രത്തോടുള്ള സ്‌നേഹമാണ് തനിക്ക് ലഭിക്കുന്നതെന്നും നവ്യ പറഞ്ഞിരുന്നു. നന്ദനം പുറത്തിറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. സിനിമ മാറി. തലമുറ മാറി. പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാറി. ഇപ്പോൾ നിൽക്കുന്ന വേദിയിൽ അങ്ങനെയൊരു കമന്റിന് പ്രസക്തിയുണ്ടോ എന്ന ചോദ്യവും ഉയർന്നു. ബാലാമണിയേയും നവ്യയേയും ഇഷ്ടപ്പെടുന്നവർക്ക് നല്ല ഓർമ്മകൾ സൃഷ്ടിക്കാൻ കഴിഞ്ഞേക്കും. എന്നാൽ അങ്ങനെയല്ലാത്തവരും അവിടെയുള്ളപ്പോൾ താരത്തെ നിർബന്ധമായും അനുസരിക്കണമെന്നു വന്നത് ഇഷ്ടക്കേടുണ്ടാക്കുന്നത് സ്വാഭാവികം. ഫൊക്കാന പോലുള്ള സംഘടനകളിൽ യുവതലമുറ പങ്കെടുക്കുന്നില്ലെന്ന പരാതികൾക്കിടയിൽ ഇത്തവണ നിരവധി ജൻസി ടീമാണ് കൺവെൻഷനിലെത്തിയത്. പക്ഷേ അവരിൽ എല്ലാവർക്കും നവ്യാ നായരെ പരിചയമുണ്ടായിരുന്നോ എന്നത് മറ്റൊരു ചോദ്യം. 'ബാലാമണി' ആരാണെന്നറിയാൻ അവരിൽ പലർക്കും ഗൂഗിളിൽ തിരയേണ്ടിവരും.

നവ്യാ നായർ മികച്ച നർത്തകിയാണെന്നതിൽ സംശയമില്ല. അവരുടെ കലാപ്രകടനത്തെ അതിന്റെ നിലവാരത്തിൽ വിലയിരത്തേണ്ടതുമാണ്. പക്ഷേ അതേസമയം, വലിയ തുകയും സമയവും ഊർജവും ചെലവഴിച്ച് ഒരു പരിപാടി സംഘടിപ്പിക്കുന്ന സംഘാടകരും അവരുടെ അതിഥികളിൽ നിന്ന് ഒരു പരിധിവരെ സൗഹൃദപരമായ ഇടപെടൽ പ്രതീക്ഷിക്കുന്നതും സ്വാഭാവികമാണ്. ഒരു താരത്തെ ക്ഷണിക്കുമ്പോൾ സംഘാടകർ കലാകാരിയെ മാത്രമല്ല, ഒരു അതിഥിയെ കൂടിയാണ് സ്വീകരിക്കുന്നത്. അതിഥിക്ക് സ്വന്തം പരിധികളും സൗകര്യങ്ങളും ഉണ്ടാകാം. എന്നാൽ സംഘാടകർക്കും ചില പ്രതീക്ഷകൾ ഉണ്ടാകും. ഇരുവശവും ഒത്തുചേരുമ്പോഴാണ് ഒരു കൺവെൻഷൻ യഥാർഥത്തിൽ മനോഹരമാകുന്നത്.

കേരളത്തിന്റെ കലാപാരമ്പര്യം അമേരിക്കൻ മണ്ണിൽ ഒരുമിച്ച് അവതരിപ്പിച്ച് ഫൊക്കാന കൺവെൻഷനിൽ രണ്ടു ഗിന്നസ് റെക്കോർഡുകൾ പിറന്നു. അതിന്റെ സന്തോഷത്തിനൊപ്പം ഇത്തരം ചെറിയ പരാതികളും കൺവെൻഷന്റെ ഭാഗമായി. എന്തായാലും അടുത്ത കൺവെൻഷൻ മുതൽ അതിഥികൾ ശ്രദ്ധിക്കേണ്ടത് പണം വാങ്ങി കൃത്യമായി ജോലി ചെയ്യുക എന്നതിനപ്പുറം തങ്ങളെ കാത്തിരിക്കുന്ന പ്രവാസ ആതിഥേയരോട് കുറച്ചുകൂടി സൗഹൃദത്തോടെ ഇടപെടാനാണ്. അതല്ലെങ്കിൽ സംസാരത്തിന് പ്രത്യേക ഫീസില്ല എന്ന് സംഘാടകർക്കിനി നോട്ടീസിൽ അച്ചടിക്കേണ്ടി വരും.

vachakam
vachakam
vachakam

വിൻസെന്റ് ഇമ്മാനുവൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam