കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. ഇയാള്‍ സഞ്ചരിച്ച കാര്‍ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന് പിന്നാലെ അര്‍ജുന്റെ സഹോദരന്‍ അഖിലിനെ തൃശൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ല കേന്ദ്രീകരിച്ചും സംസ്ഥാന അതിര്‍ത്തികളിലും വാഹനം തടഞ്ഞുള്ള പരിശോധന ഊര്‍ജ്ജിതമായി തുടരുകയാണ്.
ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശികളായ രണ്ട് കൂട്ടാളികളെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ, ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്തതിന് കണ്ണൂര്‍ സൈബര്‍ പൊലീസ് അര്‍ജുനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കലാപശ്രമം, അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പെടെ അഞ്ചോളം വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നേരത്തെ കോതമംഗലത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്‍പതു കൂട്ടാളികള്‍ക്കൊപ്പം അറസ്റ്റിലായ സംഭവത്തില്‍ കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്കിലൂടെ പരസ്യ ഭീഷണി മുഴക്കിയതാണ് നിലവിലെ കേസിന് കാരണം. എന്നാല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാക്കുകള്‍ മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ വാദം. സ്വര്‍ണ്ണക്കവര്‍ച്ച ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കായി വിവിധ ജില്ലകളില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
