റോഡ് സുരക്ഷയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇന്ത്യ: രാജ്യം വി2വി സാങ്കേതിക വിദ്യയിലേക്ക്

AUGUST 7, 2026, 6:55 AM

ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവിങ് അനുഭവം കൂടുതല്‍ സുരക്ഷിതമാക്കാന്‍ വന്‍ പദ്ധതിയുമായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം. നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍-ടു-വെഹിക്കിള്‍ (വി2വി) അഥവാ വാഹനങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയ സംവിധാനം രാജ്യത്തെ പുതിയ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ഒരുങ്ങുകയാണ്. ഇതിനായുള്ള കേന്ദ്ര മോട്ടോര്‍ വാഹന ചട്ട ഭേദഗതിയുടെ കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി.

പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ 30 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. 2028 ഒക്ടോബര്‍ 1 മുതല്‍ നിര്‍മ്മിക്കുന്ന എല്‍, എം, എന്‍ വിഭാഗങ്ങളിലെ എല്ലാ വാഹനങ്ങളിലും ഓണ്‍-ബോര്‍ഡ് വി2വി യൂണിറ്റുകള്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ രാജ്യത്ത് വില്‍ക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങള്‍, കാറുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയുള്‍പ്പെടെ ഭൂരിഭാഗം പുതിയ വാഹനങ്ങളും പുതിയ സുരക്ഷാ നിബന്ധനയുടെ പരിധിയില്‍ വരും.

എന്താണ് വി2വി സാങ്കേതികവിദ്യ?

റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ സെല്ലുലാര്‍ വെഹിക്കിള്‍-ടു-എവരിതിംഗ് സാങ്കേതിക വിദ്യയും 5.875 ജിഗാഹെര്‍ട്‌സ് മുതല്‍ 5.925 ജിഗാഹെര്‍ട്‌സ് വരെയുള്ള പ്രത്യേക സ്‌പെക്ട്രവും ഉപയോഗിച്ച് തല്‍സമയ വിവരങ്ങള്‍ പരസ്പരം കൈമാറുന്ന രീതിയാണിത്. വാഹനത്തിന്റെ വേഗത, സഞ്ചരിക്കുന്ന ദിശ, കൃത്യമായ സ്ഥാനം, ബ്രേക്കിങ് അവസ്ഥ എന്നിവ വായുവിലൂടെ വയര്‍ലെസ് ആയി മറ്റ് വാഹനങ്ങളിലേക്ക് കൈമാറപ്പെടുന്നു.

നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) പ്രധാനമായും സ്വന്തം സെന്‍സറുകളെയും ക്യാമറകളെയും മാത്രം ആശ്രയിക്കുമ്പോള്‍, വി2വി സംവിധാനം ചുറ്റുമുള്ള മറ്റ് വാഹനങ്ങളില്‍ നിന്നുള്ള തല്‍സമയ വിവരങ്ങള്‍ ശേഖരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ത്തന്നെ ഡ്രൈവറുടെ കാഴ്ചപരിധിക്ക് അപ്പുറമുള്ള അപകട സാധ്യതകള്‍ പോലും തിരിച്ചറിഞ്ഞ് നേരത്തെ മുന്നറിയിപ്പ് നല്‍കാന്‍ ഇതിന് സാധിക്കും. നിലവിലുള്ള ഏഡാസ് സാങ്കേതിക വിദ്യയ്ക്ക് ഒരു പകരക്കാരനായല്ല, മറിച്ച് അതിന്റെ കാര്യക്ഷമത ഇരട്ടിയാക്കുന്ന കൂട്ടാളിയായാണ് വി2വി അവതരിപ്പിക്കപ്പെടുന്നത്.

ജീവന്‍ രക്ഷിക്കാന്‍ നാല് പ്രധാന സുരക്ഷാ മുന്നറിയിപ്പുകള്‍

റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എഐഎസ്-230 എന്ന പുതിയ സാങ്കേതിക മാനദണ്ഡവും മന്ത്രാലയം ഇതിനായി നിര്‍വ്വചിച്ചിട്ടുണ്ട്. പ്രധാനമായും നാല് അടിയന്തര സുരക്ഷാ മുന്നറിയിപ്പുകളാണ് ഈ സംവിധാനം വഴി ഡ്രൈവര്‍ക്ക് ലഭിക്കുക. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന എമര്‍ജന്‍സി ബ്രേക്കിങ് മുന്നറിയിപ്പ്, മുന്‍പിലെ വാഹനവുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളപ്പോള്‍ നല്‍കുന്ന ഫോര്‍വേഡ് കൊളീഷന്‍ മുന്നറിയിപ്പ്, റോഡില്‍ തെറ്റായ ദിശയില്‍ വാഹനം ഓടിക്കുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പ്, ആംബുലന്‍സ് പോലുള്ള അടിയന്തര സേവന വാഹനങ്ങള്‍ സമീപിക്കുമ്പോള്‍ ലഭിക്കുന്ന എമര്‍ജന്‍സി വെഹിക്കിള്‍ മുന്നറിയിപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വളവുകളിലോ വലിയ വാഹനങ്ങളുടെ മറവിലോ നില്‍ക്കുന്ന അപകട സാധ്യതകള്‍ ഡ്രൈവര്‍ നേരിട്ട് കാണുന്നതിന് മുന്‍പ് തന്നെ വി2വി തിരിച്ചറിഞ്ഞ് അലാറം നല്‍കുന്നതിനാല്‍ ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കും.

നിര്‍മ്മാതാക്കള്‍ നേരിടുന്ന വെല്ലുവിളിയും ആശങ്കയും

സാങ്കേതിക വിദ്യ വിപ്ലവകരമാണെങ്കിലും ഇത് നടപ്പിലാക്കുന്നതില്‍ വലിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍മ്മിതിയിലും സാങ്കേതിക വിദ്യയിലും വ്യത്യസ്ത പുലര്‍ത്തുന്ന പല കമ്പനികളുടെ വാഹനങ്ങള്‍ തമ്മില്‍ തടസ്സമില്ലാതെ ആശയവിനിമയം നടത്തുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ നടപ്പിലാക്കുമ്പോള്‍ വാഹന വിലയില്‍ ഉണ്ടായേക്കാവുന്ന വര്‍ദ്ധനവാണ് മറ്റൊരു വിഷയം. പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം ഓണ്‍-ബോര്‍ഡ് യൂണിറ്റുകള്‍ ഘടിപ്പിക്കാന്‍ 5,000 മുതല്‍ 7,000 രൂപ വരെ അധിക ചെലവ് വന്നേക്കാം, എങ്കിലും അന്തിമ വിജ്ഞാപനത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂ.

വാഹനങ്ങള്‍ തമ്മില്‍ തുടര്‍ച്ചയായി തല്‍സമയ വിവരങ്ങള്‍ കൈമാറുന്നതിനാല്‍ ഉപയോക്താക്കളുടെ സഞ്ചാര വിവരങ്ങളും സ്വകാര്യതയും ചോരാതിരിക്കാന്‍ കര്‍ശനമായ സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ആവശ്യമാണ്.

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ചൈന തുടങ്ങിയ വികസിത വിപണികളില്‍ പോലും വര്‍ഷങ്ങളായി വികസിപ്പിച്ചു വരുന്ന ഈ സാങ്കേതികവിദ്യ ഇപ്പോഴും പൂര്‍ണ്ണതോതില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. എന്നാല്‍ നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതിലൂടെ സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ മറ്റ് പ്രമുഖ രാജ്യങ്ങളെക്കാള്‍ മുന്‍പന്തിയില്‍ എത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വാഹന നിര്‍മ്മാതാക്കള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്താന്‍ 2027 ഒക്ടോബര്‍ 1 മുതല്‍ വോളന്ററി അക്രഡിറ്റേഷന്‍ ആരംഭിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

സങ്കീര്‍ണ്ണമായ ഇന്ത്യന്‍ റോഡുകളില്‍ വി2വി സംവിധാനം വിജയകരമായി നടപ്പിലാക്കാനായാല്‍ രാജ്യത്തെ റോഡപകട മരണങ്ങളില്‍ വലിയ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English Summary

The Union Ministry of Road Transport and Highways (MoRTH) has proposed mandating Vehicle-to-Vehicle (V2V) communication technology—under the new AIS-230 standard—for all newly manufactured L, M, and N category vehicles starting October 1, 2028. Utilizing Cellular Vehicle-to-Everything (C-V2X) technology in the 5.9 GHz spectrum, V2V enables cars, two-wheelers, and commercial vehicles to wirelessly exchange real-time speed, position, and direction data to deliver critical driver alerts—such as emergency braking, forward collision, wrong-way driving, and approaching emergency vehicle warnings—beyond the line-of-sight limitations of traditional ADAS sensors. While voluntary adoption begins in October 2027, successfully deploying V2V nationwide will hinge on resolving key operational hurdles, including cross-brand interoperability, robust cybersecurity and data privacy protections, and potential vehicle cost increases estimated between ₹5,000 and ₹7,000 per unit.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam