ഫോർട്ട് ലോഡർഡെയിൽ, ഫ്ളോറിഡ: വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ദേശീയ കുടുംബസംഗമമായ 16-ാമത് കെ.സി.സി.എൻ.എ (ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക) കൺവെൻഷന് ഇന്ന് ഫ്ളോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ പ്രൗഢോജ്ജ്വലമായ തുടക്കമായി. അമേരിക്കയിലെയും കാനഡയിലെയും 25 യൂണിറ്റുകളിൽ നിന്നായി എത്തിയ നാലായിരത്തിലേറെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും ആവേശപൂർണ സാന്നിധ്യമാണ് ഉദ്ഘാടന ദിനത്തെ ശ്രദ്ധേയമാക്കിയത്.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചതോടെ, കാനഡ മുതൽ മയാമി വരെയുള്ള വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ പ്രതിനിധികളുടെ നീണ്ട നിരയാണ് രജിസ്ട്രേഷൻ കൗണ്ടറുകളിൽ ദൃശ്യമായത്. എന്നാൽ രജിസ്ട്രേഷൻ ആൻഡ് വെബ്സൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തവണ നടപ്പാക്കിയ ഓട്ടോമേറ്റഡ് രജിസ്ട്രേഷൻ സംവിധാനം മൂലം രജിസ്ട്രേഷൻ നടപടികൾ അതിവേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ സാധിച്ചു. ഇതിന് പ്രതിനിധികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
തുടർന്ന് വിശുദ്ധ കുർബാനയോടെയും ഉദ്ഘാടന സമ്മേളനത്തോടെയും കൺവെൻഷന്റെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി.
വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. സമൂഹസേവന രംഗത്തും പൊതുപ്രവർത്തന രംഗത്തും ശ്രദ്ധേയനായ അദ്ദേഹം KCYLNAയുടെ പ്രഥമ ദേശീയ പ്രസിഡന്റുമാണ്. ഉദ്ഘാടന സന്ദേശത്തിൽ ക്നാനായ സമൂഹത്തിന്റെ വിശ്വാസപാരമ്പര്യവും കുടുംബമൂല്യങ്ങളും പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹം വിവിധ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ക്നാനായ സമൂഹത്തിന്റെ തനതായ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ സഭാ നേതൃത്വവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൺവെൻഷൻ ചെയർമാൻ ജോബി ഊരാളിൽ സ്വാഗതം ആശംസിച്ചു. ഗഇഇചഅ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, 16-ാമത് ദേശീയ കൺവെൻഷൻ യാഥാർഥ്യമാക്കാൻ മാസങ്ങളായി അക്ഷീണം പ്രവർത്തിച്ച എല്ലാ കമ്മിറ്റികളെയും ആതിഥേയ യൂണിറ്റുകളെയും അമേരിക്കയിലെയും കാനഡയിലെയും എല്ലാ യൂണിറ്റുകളിൽ നിന്നെത്തിയ പ്രതിനിധികളെയും അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
തുടർന്ന് കെ.സി.സി.എൻ.എ ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവംകാലായിൽ, ജോയിന്റ് സെക്രട്ടറി ഡോ. സൂസൻ തെങ്ങുംതറയിൽ, ട്രഷറർ ജോജോ തറയിൽ, വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (താമ്പാ), എബി തെക്കനാട്ട് (മയാമി), ഗഇണഎചഅ ദേശീയ പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം (ഡാളസ്), KCYLNA ദേശീയ പ്രസിഡന്റ് ആൽവിൻ പിണർക്കയിൽ (ഷിക്കാഗോ), KCYNA ദേശീയ പ്രസിഡന്റ് പുന്നൂസ് ജോൺസൺ വഞ്ചിപുരയ്ക്കൽ (ടാമ്പാ), കെ.സി.സി.എൻ.എ സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കൺവെൻഷനിലേക്ക് എത്തിയ എല്ലാ പ്രതിനിധികളെയും സ്വാഗതം ചെയ്ത നേതാക്കൾ, ക്നാനായ സമൂഹത്തിന്റെ ഐക്യം, വിശ്വാസം, പാരമ്പര്യം, കുടുംബബന്ധങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്ന ദേശീയ വേദിയായിരിക്കും ഈ കൺവെൻഷനെന്ന് അഭിപ്രായപ്പെട്ടു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആതിഥേയ യൂണിറ്റുകളായ താമ്പാ (KCCCF), മയാമി (KCASF) എന്നിവയുടെ നേതൃത്വത്തിൽ മനോഹരമായ സ്വാഗത കലാപരിപാടികൾ അരങ്ങേറി. യുവജനങ്ങൾക്കായി വിവിധ ഐസ് ബ്രേക്കർ പരിപാടികളും സംഘടിപ്പിച്ചു. രാത്രി ഐഡിയ സ്റ്റാർ സിംഗർ താരങ്ങൾ അവതരിപ്പിച്ച മെഗാ സംഗീതവിരുന്നും, പ്രമുഖ ചലച്ചിത്ര ഹാസ്യതാരം ജോബി പാള അവതരിപ്പിച്ച ഹാസ്യവിരുന്നും ഉദ്ഘാടന ദിനത്തിന് കൂടുതൽ മാറ്റുകൂട്ടി.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ദിനത്തിൽ 25 യൂണിറ്റുകളുടെ വർണാഭമായ ഘോഷയാത്ര, ഗഇഥചഅ അവതരിപ്പിക്കുന്ന GYM KNA 2.0, KCWFNA സംഘടിപ്പിക്കുന്ന Knanaya Royal Kingdom Pageant, വിവിധ യൂണിറ്റുകളുടെ സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കൊപ്പം രാത്രി 10:10ന് ഡാളസ്-ഫോർട്ട് വർത്ത് (KCADFW) അവതരിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള മെഗാ തീം സ്കിറ്റ് ആൻഡ് ഡാൻസ് പ്രൊഡക്ഷൻ പ്രധാന ആകർഷണമായിരിക്കും.
'United in Heritage, Faith & Family' എന്ന പ്രമേയം ഉയർത്തിപ്പിടിക്കുന്ന 16-ാമത് കെ.സി.സി.എന.എ കൺവെൻഷൻ, വടക്കേ അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ ആത്മീയ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും യുവശക്തിയുടെയും കുടുംബബന്ധങ്ങളുടെയും മഹത്തായ ആഘോഷമായി വരും ദിവസങ്ങളിൽ മാറുമെന്ന് കൺവെൻഷൻ കമ്മറ്റി അറിയിച്ചു.
ബൈജു ആലപ്പാട്ട്, കെ.സി.സി.എൻ.എ പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
