കോൺഗ്രസിലെ ശക്തരായ ഒരു വിഭാഗത്തെ തീർത്തും മാറ്റിനിർത്തിക്കൊണ്ട് കെ.പി.സി.സിക്ക് എങ്ങിനെ മുന്നോട്ടു പോകാൻ ആകും എന്ന ആശങ്ക ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആന്റണി കോൺഗ്രസുകാർക്ക് ഉണ്ടായി. അത് പലരും തുടർന്നുള്ള ദിവസങ്ങളിൽ ചർച്ചയാക്കി. നമുക്ക് തൽക്കാലം നിശബ്ദരായിരിക്കാം എന്നായിരുന്നു എ.കെ. ആന്റണി ഇതിന് പറഞ്ഞ മറുപടി. അതുകൊണ്ടുതന്നെ ആന്റണി ഗ്രൂപ്പിലെ ആരും തന്നെ ഒന്നും സംസാരിച്ചതും ഇല്ല. നാലുദിവസം കഴിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് വയലാർ രവി ഫോണിൽ ഉമ്മൻചാണ്ടിയെ വിളിക്കുന്നു.
ഒന്ന് ഇന്ദിരാഭവൻ വരെ വരാമോ എന്നതായിരുന്നു രവി ഉമ്മൻചാണ്ടിയോട് ചോദിച്ചത്. അങ്ങനെ ഇരുവരുടെയും കൂടിക്കാഴ്ച ഇന്ദിരാ ഭവനിൽ നടന്നു. ജനാധിപത്യ പ്രക്രിയയിൽ ജയവും തോൽവിയും സാധാരണമാണ്. എന്നാൽ സംസ്ഥാനത്ത് ഉടനീളം പോലീസിനെകൊണ്ട് സംഘടനാ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചത് ആയിരുന്നു ഉമ്മൻചാണ്ടിയുടെ പ്രശ്‌നം. അതിൽ തങ്ങൾക്ക് കടുത്ത പ്രതിഷേധം ഉണ്ട് എന്ന് ഉമ്മൻചാണ്ടി അർത്ഥശങ്കയ്ക്ക് ഇല്ലാതെ പറഞ്ഞു.
എങ്കിലും കോൺഗ്രസ് എന്ന പാർട്ടിയാണ് ഏറ്റവും വലുത്. ഗ്രൂപ്പ് അല്ല. അതുകൊണ്ട് ആന്റണിക്കും സഹകരിക്കാൻ പ്രയാസമുണ്ടാകില്ല. ഞാൻ സംസാരിച്ചോളാം ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ ഉമ്മൻചാണ്ടിയെയും ആന്റണിയെയും ഒക്കെ ഞെട്ടിപ്പിച്ച തീരുമാനമാണ് കെ.പി.സി.സിയുടെ ഭാഗത്തുനിന്ന് പിന്നീട് ഉണ്ടായത്. ഉമ്മൻചാണ്ടി കെ.പി.സി.സി പ്രസിഡന്റിനെ കണ്ടതിന്റെ നാലാം ദിവസം വൈസ് പ്രസിഡന്റ് ജി. കാർത്തികേയൻ ഒരു ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കി. കാസർഗോഡ് ജില്ലയിൽ വ്യവസ്ഥാപിത രീതിയിൽ തിരഞ്ഞെടുപ്പ് നടത്താത്തത് കൊണ്ട് കെ.പി. കുഞ്ഞിക്കണ്ണൻ പ്രസിഡന്റായി മുൻ ഡി.സി.സി തുടരുമെന്ന് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
ഐ. രാമറയെ പ്രസിഡന്റായി തെരഞ്ഞെടുത്തത് അസാധുവാക്കി എന്ന് ചുരുക്കം...! ഓർക്കാപ്പുറത്ത് ഇങ്ങനെ ഒരു അടി തികച്ചും അപ്രതീക്ഷിതമായ നീക്കം. ഇത് അവിശ്വാസിനിയം എന്നല്ലാതെ എന്തു പറയാൻ..! കെ.പി.സി.സിയുടെ ഈ നീക്കം ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആന്റണി ഗ്രൂപ്പിലെ ആർക്കും തന്നെ ഇഷ്ടപ്പെട്ടില്ല. രാമറയെ ഡി.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തത് അടക്കമുള്ള ഫലം മിനിറ്റ്‌സ് ബുക്കിൽ രേഖപ്പെടുത്തി ഒപ്പുവച്ച് ജില്ലാ ഭരണാധികാരി സംസ്ഥാന ഭരണാധികാരി പ്രഭ റാവുവിന് അയച്ചു കൊടുത്തതാണ്.
അത് ഒരു എതിർപ്പും ഇല്ലാതെ അംഗീകരിക്കുകയും ചെയ്തിരുന്നു. രാമറെ ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്ത വോട്ട് ചെയ്തു. എ.കെ. ആന്റണിയുടെ പേര് നിർദ്ദേശിച്ചത് തന്നെ രാമറയാണ്. അപ്പോൾ ആരും തടസവാദം ഉന്നയിച്ചില്ല. കെ.പി.സി.സി ഓഫീസിന്റെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയായി എം.ഐ. ഷാനവാസിനെ നിയോഗിച്ചിരുന്നുവെങ്കിലും വൈസ് പ്രസിഡന്റിന്റെ പേരിൽ പത്രക്കുറിപ്പ് ഇറക്കിയതിന്റെ പിന്നിലെ രഹസ്യവും ഉമ്മൻചാണ്ടിക്ക് പിടികിട്ടിയതേയില്ല.
കെ.പി.സി.സി ഒരു നിയന്ത്രണവും ഇല്ലാത്ത പോക്കാണെന്ന് ആന്റണി ഗ്രൂപ്പിന് ബോധ്യമായി. ആന്റണിയും കെ.പി. വിശ്വനാഥനും ഉമ്മൻചാണ്ടിയും മറ്റു സഹപ്രവർത്തകരും ഒന്നിച്ചിരുന്നു ഈ പ്രശ്‌നം ചർച്ച ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ആന്റണി കോൺഗ്രസിനോട് അനുഭാവം കാട്ടിയ പല നേതാക്കളെയും സഹപ്രവർത്തകരെയും മനപ്പൂർവം ദ്രോഹിക്കാനായി പോലീസ് കേസെടുത്തു. ചില നേതാക്കൾക്കെതിരെ റെയ്ഡ് നടത്തുക കൂടി ചെയ്തു. കാസർകോട് ഡി.സി.സിയുടെ പേരിൽ എടുത്ത മോശമായ തീരുമാനം ഒരു കാരണവശാലും ആന്റണി ഗ്രൂപ്പിന് അംഗീകരിക്കാൻ കഴിയുന്നത് ആയിരുന്നില്ല.
കാസർഗോഡ് തീരുമാനം തിരുത്തിയും അവശേഷിക്കുന്ന തെരഞ്ഞെടുപ്പുകൾ നീതിപരമായി നടത്തുകയും ചെയ്തില്ലെങ്കിൽ പ്രശ്‌നം ഗുരുതരം ആകുമെന്ന് വയലാർ രവിക്ക് മുന്നറിയിപ്പ് നൽകാനും ഉമ്മൻചാണ്ടി മടിച്ചില്ല. അതിനെ തുടർന്ന് യു.ഡി.എഫ് ഏകോപന സമിതി യോഗത്തിൽ പങ്കെടുക്കാൻ വയലാർ രവി ഉമ്മൻചാണ്ടിയെ ക്ഷണിച്ചു.
വ്യവസ്ഥയനുസരിച്ച് കോൺഗ്രസിനിൽ നിന്ന് ഏഴാൾക്ക് പങ്കെടുക്കാം. മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്റ്, കൺവീനർ എന്നിവർ കഴിഞ്ഞാൽ ഉപ നേതാവാണ് പോകേണ്ടത്. പിന്നെ ഒരു ക്ഷണത്തിന്റെ ആവശ്യമില്ല എങ്കിലും നിലവിലെ സാഹചര്യത്തിൽ ഏകോപന സമിതിയിൽ പോകേണ്ട എന്ന് ഉമ്മൻചാണ്ടി തീരുമാനിച്ചു. ജി. കാർത്തികയനും എം.ഐ. ഷാനവാസും യോഗത്തിൽ പങ്കെടുത്തു. ഇതിനിടെ എ.കെ. ആന്റണിയും വയലാർ രവിയും തമ്മിൽ ഏതാണ്ട് ഒരു മണിക്കൂർ നീണ്ട ഒരു കൂടിക്കാഴ്ച ഇതിനിടെ നടന്നു. എങ്ങനെയെങ്കിലും കാര്യങ്ങൾ നന്നായി പോകട്ടെ എന്നായിരുന്നു ആന്റണിയുടെ നിലപാട്. അതുകൊണ്ടാണ് വയലാർ രവി വിളിച്ചപ്പോൾ ആന്റണി പോയത്. അവിടെവച്ച് ആന്റണി രവിയുടെ മുന്നിൽ ചില ആവശ്യങ്ങൾ അവതരിപ്പിച്ചു.
കാസർഗോഡ് രാമറയെ പ്രസിഡന്റായി തിരഞ്ഞെടുത്തത് അംഗീകരിക്കുക. തൃശൂരിലും കോട്ടയെത്തും ബൂത്ത് തലം മുതൽ സംയുക്ത വെരിഫിക്കേഷൻ നടത്തുക. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കെതിരെ എടുത്ത പോലീസ് കേസുകൾ പിൻവലിക്കുക. ഇതുമായി ബന്ധപ്പെട്ട പോലീസിന്റെ ഭാഗത്തുണ്ടായ ഇടപെടലുകളും അതിക്രമങ്ങളും കെ.പി.സി.സിയുടെ ഒരു സബ്കമ്മിറ്റി വെച്ച് അന്വേഷിപ്പിക്കുക എന്നിവയാണ് ആന്റണി അന്ന് രവിയുടെ മുന്നിൽ ആവശ്യപ്പെട്ടത്. അതിന് രവിയുടെ പ്രതികരണം എന്താണെന്ന് അറിഞ്ഞശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നും ആന്റണി പറഞ്ഞു.
ആന്റണി ഇന്ദിരാഭവനിൽ നിന്നും എത്തിയ ഉടൻ തന്നെ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന ആന്റണി ഗ്രൂപ്പുകാർ ആന്റണിയുടെ മുന്നിലെത്തി. എന്നാൽ എന്താണ് കെ.പി.സി.സി പ്രസിഡന്റുമായി സംസാരിച്ചതെന്ന് പറയാൻ ആന്റണി കൂട്ടാക്കിയില്ല. പറഞ്ഞ കാര്യങ്ങളും അതിന്റെ നടത്തിപ്പും രഹസ്യമായി നടക്കട്ടെ എന്നാണ് ആന്റണി ആഗ്രഹിച്ചത് എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ആന്റണി രവി കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നു.
അതോടെ ആന്റണി ക്ഷുഭിതനായി. എന്താണ് ഇവിടെ നടക്കുന്നത്. ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ല. പിന്നെയിത് ആരു പറഞ്ഞു. കോൺഗ്രസ് ഐക്യത്തോടെ ഒറ്റക്കെട്ടായി നിൽക്കണമെങ്കിൽ ഈ കളി ശരിയാകില്ല. തുറന്നു മനസ്സോടെയാണ് തന്റെ സമീപനം പ്രചാരണത്തിനാണെങ്കിൽ എന്നെ കിട്ടില്ല. ആന്റണി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ആന്റണി ഇങ്ങനെ പൊട്ടിത്തെറിച്ചതിൽ അദ്ദേഹത്തെ കുറ്റം പറയാൻ ആകില്ല എന്ന ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു രവി പിൻവാങ്ങി. എന്തായാലും പോലീസ് ഇടപെടലുകളെ കുറിച്ച് കെ.പി.സി.സി സബ് കമ്മിറ്റിയുടെ അന്വേഷണം എന്ന ആവശ്യം വൻ ചർച്ചാവിഷയമായി.
ആഭ്യന്തരമന്ത്രിയുടെ രഹസ്യാന്വേഷണം എന്ന ആശയം പരസ്യ വേദിയിലെത്തി. വളഞ്ഞ വഴിയിലൂടെ ആഭ്യന്തരവകുപ്പിന് ചെളിവാരി എറിയാനുള്ള നീക്കവുമായി ആന്റണിയുടെ ആവശ്യത്തെ വയലാർ രവി വ്യാഖ്യാനിച്ചു. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ രാജി ചോദിക്കുന്നതിന് തുല്യമാണ് ഇതൊന്നും പറയാൻ മടിച്ചില്ല. ആ കാലയളവിൽ നാട്ടിൽ തൊട്ടതിനും പിടിച്ചതിനും ഒക്കെ തീ വിലയായി. വിലക്കയറ്റത്തിനെതിരെ ഡി.വൈ.എഫ്.ഐ സമര രംഗത്ത് ഇറങ്ങി. സംസ്ഥാനതല സമരങ്ങളും സെക്രട്ടറിയേറ്റ് മാർച്ചും പ്രഖ്യാപിച്ചിരുന്നു.
ഈ സമയത്ത് പോലീസിനെ പറ്റി കെ.പി.സി.സി സമിതി അന്വേഷണം നടത്തുന്നത് ഡി.വൈ.എഫ്.ഐ ആരോപണങ്ങൾ ശരിവയ്ക്കുന്നതും അവർക്ക് പ്രോത്സാഹനം പകരുന്നതും ആയിരിക്കും എന്ന് മറു പക്ഷത്തിന്റെ ഒരു വാദം. തിരഞ്ഞെടുപ്പിൽ തർക്കം കോടതിയിൽ എത്തിച്ചതും ആന്റണി ഗ്രൂപ്പിനെതിരായ വലിയൊരു വിമർശനമായി ഉയർത്തിക്കൊണ്ടുവന്നു. അങ്ങിനെയിരിക്കെ ഫെബ്രുവരി 16ന് ആന്റണി ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി. തിരഞ്ഞെടുപ്പിൽ താൻ തോറ്റെന്നത് ശരിയാണ.് എന്നാൽ തോറ്റവർക്കും വ്യക്തിത്വം ഉണ്ടെന്ന് ആന്റണി ഓർമിപ്പിച്ചു. കോഴിക്കോട് ഒരു ബ്ലോക്കിൽ തിരഞ്ഞെടുപ്പ് നടക്കാതിരുന്നതിന്റെ പേരിൽ കോടതിയിൽ പോയവരാണ് തങ്ങളെ കുറ്റപ്പെടുത്തുന്നത.് കോൺഗ്രസിൽ എന്നും ചേരികൾ ഉണ്ടായിട്ടുണ്ട്.
തോറ്റവരെ അപ്പാടെ നശിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. തോറ്റ വിഭാഗത്തെ മുഴുവൻ ഒഴിവാക്കി എക്‌സിക്യൂട്ടീവ് ഉണ്ടാക്കിയത് കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി നടപടിയാണ്. ഇത് പാർട്ടിക്കുള്ളിൽ അന്വേഷിച്ചാൽ എന്താണ് കുഴപ്പം ഡി.വൈ.എഫ്.ഐക്ക് ശക്തി പകരുമെന്ന് പറയുന്നതിൽ അർത്ഥമില്ല. കഴിഞ്ഞ രണ്ടു വർഷം തന്നെ ആക്രമിച്ചത് പോലെ മറ്റൊരു കെ.പി.സി.സി പ്രസിഡന്റിനെയും ആക്രമിച്ചിട്ടില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു. അന്ന് കെ. കരുണാകരൻ ഡൽഹിയിലുണ്ട്. പാർട്ടി സമിതി അന്വേഷണം എന്ന് ആവശ്യം അദ്ദേഹം തള്ളി പിറ്റേന്ന് ഡൽഹിയിൽ പത്രസമ്മേളനം നടത്തിയ വയലാർ രവിയും ഇതേ നിലപാട് എടുത്തു.
പോലീസ് ഇടപെടൽ എന്ന് ആരോപണം നിരാകരിച്ചു. പാർട്ടിക്കുള്ളിൽ മറ്റൊരു പാർട്ടി അനുവദിക്കുകയില്ലെന്നും ഒരു ഗ്രൂപ്പിനെ സ്ഥിരമായി അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പിറ്റേദിവസം തന്നെ കേരളത്തിൽ അതിന്റെ അലയോലികൾ ഉണ്ടായി. സംഘടനാ തെരഞ്ഞെടുപ്പിൽ ഒരു പക്ഷത്തെ ജയിപ്പിക്കാൻ ഒരു ഐജിയുടെ നേതൃത്വത്തിൽ പോലീസ് സേൽ പ്രവർത്തിച്ചു എന്ന് ആര്യാടൻ മുഹമ്മദ് തിരുവനന്തപുരം തള്ളിക്കളയുന്നത് അദ്ദേഹത്തെ പേടിക്കുന്നത് കൊണ്ടാണ്. പോലീസ് ഇടപെടലിന്റെ നിരവധി തെളിവുകൾ അദ്ദേഹം നിരത്തി.
കഴിഞ്ഞ രണ്ടുവർഷം കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ ആന്റണി ഏറ്റവും ചോദ്യം ചെയ്തത് വയലാർ രവി ആണെന്ന് ആര്യാടൻ പറഞ്ഞു. കോൺഗ്രസ് നിയമസഭായ്ക്കകത്ത് കരുണാകരൻ 25 വർഷം പൂർത്തിയാക്കിയ സമയമാണ്. അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് ആന്റണിയാണെന്ന് പറഞ്ഞത് വിവാദമായി. 1970ൽ കെ.ടി. ജോർജിനെ കക്ഷി നേതാവാക്കാനാണ് അന്നത്തെ പ്രബല വിഭാഗമായ സി.എം. സ്റ്റീഫനും കൂട്ടരും ആഗ്രഹിച്ചത.് ജോർജ് ജയിക്കും എന്നായപ്പോൾ പൊടുന്നനെ അന്ന് കരുണാകരനുവേണ്ടി മധ്യസ്ഥത പറഞ്ഞത് ആന്റണിയാണ്.
(തുടരും)
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്