മോഹൻലാൽ കോളേജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പതിനെട്ടിനും ഇരുപത്തിമൂന്നിനും ഇടയിൽ പ്രായമുള്ള കുറച്ചു ചെറുപ്പക്കാരുടെ വാശിയും ആവേശവും കലർന്ന കൂട്ടായ്മയിൽ നിന്നാണ് 'തിരനോട്ടം' എന്ന സിനിമയുടെ ജനനം. അക്കാലത്ത് തിരുവനന്തപുരത്ത് രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ''സൂര്യന്റെ മരണം'' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു.
മോഹൻലാലിന്റെ പ്രിയ സുഹൃത്ത് അശോകന്റെ മൂത്ത സഹോദരനാണ് രാജീവ് നാഥ്. തിരുവനന്തപുരം മുൻ മേയർ ഗോവിന്ദൻകുട്ടി നായരുടെ മകനായ ശശികുമാറും അശോകനും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ഇവർ രണ്ടുപേരും കൂടിയാണ് ഒരു ദിവസം ഷൂട്ടിംഗ് കാണാൻ പോയത്. എന്നാൽ രാജീവ് നാഥ് അശോകനെയും ശശിയെയും അത്ര കാര്യമായി ഗൗനിച്ചില്ല.
ഇവർക്കാണെങ്കിൽ രാജീവ് നാഥിന്റെ സ്വാധീനത്തിൽ അവിടുത്തെ സിനിമാതാരങ്ങളെ ഒന്നു പരിചയപ്പെടണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. സത്യത്തിൽ അതിനുവേണ്ടി മാത്രമാണ് അവർ അന്ന് ക്ലാസ് കട്ട് ചെയ്ത് ലൊക്കേഷനിൽ എത്തിയത്.
എന്നാൽ ചെറിയ കുട്ടികളാണെന്ന ഭാവത്തിൽ രാജീവ് നാഥ് അവരെ ഒന്നിനോടും അടുപ്പിച്ചില്ല. ഇതോടെ അശോകനും ശശിക്കും വാശിയായി. കടുത്ത ആവേശത്തോടെ അവർ ഒരു തീരുമാനമെടുത്തു; എങ്ങനെയെങ്കിലും സ്വന്തമായി ഒരു സിനിമയെടുക്കണം! തമ്പാനൂരിലെ മാഞ്ഞാലിക്കുളം റോഡിൽ അന്ന് ശശികുമാറിന്റെ കുടുംബത്തിന്റെ വക ഒരു കെട്ടിടമുണ്ടായിരുന്നു. അവിടെ അവർ ഒരു പാരലൽ കോളേജ് നടത്തിവന്നിരുന്നു.
വൈകുന്നേരമായാൽ ഈ കൂട്ടുകാരെല്ലാം അവിടെ ഒത്തുകൂടി കഥ പറഞ്ഞിരിക്കുന്നത് പതിവായിരുന്നു. രാജീവ് നാഥിനോടുള്ള ആ വാശി തീർക്കാൻ അന്ന് വൈകിട്ട് അവർ പാരലൽ കോളേജിൽ ഒത്തുകൂടി. ആദ്യം ഒരു ചലച്ചിത്ര സംഘടന ഉണ്ടാക്കുക, കലാമേന്മയുള്ള ചിത്രങ്ങൾ നിർമ്മിക്കുക, നല്ല സിനിമകൾ പ്രചരിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ആ സംഘടനയ്ക്ക് അവർ 'ഭാരത് സിനി ഗ്രൂപ്പ്' എന്ന് പേരിട്ടു. അതിന്റെ ഓഫീസും അവിടെത്തന്നെ ആരംഭിച്ചു. സംഘടന രൂപീകരിച്ചെങ്കിലും ആദ്യഘട്ടത്തിൽ അശോകനും ശശിയും മാത്രമായിരുന്നു അതിലെ അംഗങ്ങൾ. ഇവർ തങ്ങളുടെ സിനിമാ മോഹത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത് മോഹൻലാലിനോടായിരുന്നു.
സിനിമ എന്നുകേട്ടപ്പോൾ ലാലിന് ആവേശമായി. അന്നുമുതൽ ലാൽ ഈ സായാഹ്നക്കൂട്ടായ്മയിലെ സ്ഥിരം സാന്നിധ്യമായി മാറി. അശോകൻ കുമാറും ശശിയും ചേർന്ന് സിനിമയ്ക്കായി ഒരു തിരക്കഥ തയ്യാറാക്കി. അതിന് 'തിരനോട്ടം' എന്ന് പേരിടുകയും ചെയ്തു. ക്യാമറാമാനായി കുമാറിനെ നിശ്ചയിച്ചു. ചിത്രത്തിലെ പ്രധാന വേഷത്തിലേക്ക് പ്രശസ്ത നടൻ നെടുമുടി വേണുവിനെ കാസ്റ്റ് ചെയ്താൽ സിനിമ സൂപ്പറാകുമെന്ന് ലാലാണ് നിർദ്ദേശിച്ചത്. അന്ന് തിരുവനന്തപുരത്ത് പരമേശ്വരൻ മാസ്റ്റർ എന്ന സുഹൃത്തിനൊപ്പം ഒരു ഡാൻസ് സ്‌കൂളിന്റെ ഷെഡിലായിരുന്നു നെടുമുടി വേണുവിന്റെ താമസം.
നെടുമുടി വേണുവിനെ തങ്ങളുടെ സിനിമയിലേക്ക് ബുക്ക് ചെയ്യാനായി വലിയ ആകാംക്ഷയോടെ മോഹൻലാലും അശോകനും കൂടി ആ ഷെഡിലേക്ക് ചെന്നു. ഷെഡിന്റെ മുന്നിൽ നീണ്ട താടിയും മുടിയുമായി ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അശോകൻ ലാലിന്റെ ചെവിയിൽ രഹസ്യമായി പറഞ്ഞു: 'ഇത് വല്ല പണിക്കാരനുമായിരിക്കും, നമ്മളെ ഒട്ടും ഗൗനിക്കുന്നില്ലല്ലോ...' ലാൽ ഒട്ടും മടി കൂടാതെ ആ താടിക്കാരനോട് അല്പം കടുപ്പത്തിൽ ചോദിച്ചു:
'ഡേയ്... നെടുമുടി വേണു സാർ എവിടെയാ...?' ചോദ്യം കേട്ട് ആസ്വദിച്ച താടിക്കാരൻ തന്റെ തുടയിൽ താളമടിച്ചുകൊണ്ട് തിരിച്ചു ചോദിച്ചു:
'ഉം... എന്താ കാര്യം?''
അത് തന്നോട് പറയാൻ പറ്റിയ വിഷയമല്ല...' ശശിയാണ് അത് പറഞ്ഞത്.
'ഓഹോ..! നെടുമുടി വേണു സാറിനോട് പറയാനുള്ളത് എന്നോട് പറഞ്ഞാൽ മതി...' താടിക്കാരൻ ശബ്ദമുയർത്തി പറഞ്ഞു.
'അതിന് താൻ ആരാ? നെടുമുടി വേണു സാറിന്റെ പി.എ. ആണോ...?' ലാലും വിട്ടുകൊടുത്തില്ല.
'ഞാൻ പി.എ. അല്ല, നെടുമുടി വേണു തന്നെയാണ്...!' ഇത് പറഞ്ഞ് ആ താടിക്കാരൻ ഉറക്കെ ചിരിച്ചു.
ലാലിനെയും കൂട്ടരെയും പറ്റിക്കാൻ പഴയ മോണോആക്ട് കലാകാരനായ വേണുഗോപാൽ എന്ന നെടുമുടി വേണു ശബ്ദം മാറ്റി സംസാരിച്ചതായിരുന്നു അത്. അതോടെ ലാലും കൂട്ടരും നന്നായി ചമ്മി. പിന്നെ അവിടെ വലിയ ചിരിയും ബഹളവുമായി. തുടർന്ന് ആ കൊച്ചുസംഘം തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കി. അങ്ങനെ അവർ നെടുമുടി വേണുവിനെ ചിത്രത്തിലേക്ക് ബുക്ക് ചെയ്തു. അദ്ദേഹം എല്ലാ ഡേറ്റുകളും ഒക്കെ പറഞ്ഞു എല്ലാവർക്കും ഹസ്തദാനം നൽകി. തുടർന്ന് ലാലും കൂട്ടരും സന്തോഷത്തോടെ മടങ്ങി. എന്നാൽ ഈ വിവരമറിഞ്ഞപ്പോൾ കൂട്ടത്തിലുള്ള ആരോ ചോദിച്ചു:
'അദ്ദേഹം ഡേറ്റ് ഉറപ്പായി തരുമെന്ന് പറഞ്ഞോ?''
ഉവ്വ്, ഉറപ്പായും തരാമെന്ന് പറഞ്ഞു.
''എങ്കിൽ വിശ്വസിക്കരുത്, അദ്ദേഹം ചിലപ്പോൾ ഒഴിഞ്ഞുമാറും.''
'അയ്യോ... ചതിച്ചോ! ഇനിയിപ്പോൾ എന്ത് ചെയ്യും?' ലാലും അശോകനും പരസ്പരം മുഖത്തോടുമുഖം നോക്കി നിന്നു.
അപ്പോൾ ശശിയാണ് പറഞ്ഞത്, രവികുമാർ തിരുവനന്തപുരത്തുണ്ട്, നമുക്ക് അദ്ദേഹത്തെ നായകനാക്കിയാലോ എന്ന്. ശരി, മൂവർ സംഘം ഉടൻതന്നെ രവികുമാറിനെ കണ്ട് ഡേറ്റ് ബുക്ക് ചെയ്തു.
'തിരനോട്ടം' സിനിമയിൽ ലാലിന് ലഭിച്ചത് ഒരു മന്ദബുദ്ധിയായ വീട്ടജോലിക്കാരന്റെ വേഷമായിരുന്നു. പ്രശസ്ത നടി റാണിചന്ദ്രയുടെ സഹോദരി രേണുചന്ദ്രയായിരുന്നു ചിത്രത്തിലെ നായിക.
അശോകനും ശശിയുമൊക്കെ ലാലിന്റെ ആത്മസുഹൃത്തുക്കളായിരുന്നെങ്കിലും, സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നതിന് മുൻപ് അവർ ലാലിനെ ഒരു 'ഇന്റർവ്യൂ'വിന് വിധേയനാക്കി. തനിക്ക് ലഭിച്ച വേഷം ലാൽ കൃത്യമായി അഭിനയിക്കുമോ എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു അത്. ആ യോഗ്യതാ പരീക്ഷ അങ്ങേയറ്റം രസകരമായിരുന്നു. അശോകനും ശശിയും ചേർന്നാണ് ആ ടെസ്റ്റ് നടത്തിയത്.
സംഭവം ഇങ്ങനെയായിരുന്നു: മോഹൻലാലിനെ യാതൊരു മുൻകരുതലുമില്ലാതെ തിരുവനന്തപുരം നഗരത്തിന്റെ തിരക്കിലേക്ക് ഇറക്കിവിടുക. ലാൽ അവിടെ ഒരു മന്ദബുദ്ധിയായി അഭിനയിച്ച് കാണിക്കണം. അഭിനയം മികച്ചതാണെങ്കിൽ 'തിരനോട്ട'ത്തിൽ അവസരം നൽകും. മോഹൻലാൽ അതൊരു വെല്ലുവിളിയായിത്തന്നെ സ്വീകരിച്ചു. ശശി ഒരു കടലാസ് പൊതി ലാലിന്റെ കക്ഷത്തിൽ തിരുകിക്കൊടുത്തു.
തനി ഗ്രാമീണനായ ഒരു പൊട്ടനെപ്പോലെ വേണം നടക്കാൻ എന്നായിരുന്നു അശോകന്റെ നിർദ്ദേശം. ലാലിന് തൊട്ടുപിന്നാലെ കാര്യങ്ങൾ നിരീക്ഷിക്കാൻ രണ്ട് സുഹൃത്തുക്കളെയും അവർ വിട്ടു. ലാൽ നേരെ വൈ.ഡബ്ല്യു.സി.എ.യുടെ മുന്നിലേക്ക് നടന്നു. കൗമാരക്കാരനായ ലാൽ ആ സ്ഥലം തിരഞ്ഞെടുത്തത് ഒരേസമയം പരീക്ഷണവും ഒപ്പം അല്പം വിനോദവും ആകാം എന്ന ചിന്തയിലാണ്.
വൈ.ഡബ്ല്യു.സി.എയുടെ മുന്നിൽ വലിയൊരു കൊമ്പൻമീശക്കാരൻ വാച്ചർ കാവൽ നിൽക്കുന്നുണ്ടായിരുന്നു. പെൺകുട്ടികൾ കൂട്ടംകൂട്ടമായി അകത്തേക്ക് പോകുന്നുണ്ട്. അവരുടെ പിന്നാലെ ലാലും അകത്തേക്ക് കയറാൻ ശ്രമിച്ചു. എന്നാൽ വാച്ചർ വെറുതെ വിടുമോ? അയാൾ ലാലിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു.
'നിൽക്കെടാ അവിടെ!' അയാൾ കഠിനമായ സ്വരത്തിൽ ഗർജ്ജിച്ചു.'
'എന്തൊരു പണിയാ അണ്ണാ ഇത്...?' അങ്ങേയറ്റം നിഷ്‌കളങ്കമായ ഭാവത്തിൽ മോഹൻലാൽ ചോദിച്ചു.
'ഇതെന്തിരാ അണ്ണാ ഇത്ര വലിയ കെട്ടിടം...?' ആ കൊമ്പൻമീശക്കാരൻ വാച്ചറുടെ കൈക്കരുത്തിനെ ഒട്ടും ഭയപ്പെടാതെ ലാൽ ചോദ്യങ്ങൾ തുടർന്നു. അയാൾ ലാലിനെ ഒരു അസ്സൽ കാട്ടുപൊട്ടൻ എന്ന മട്ടിൽ ആകെയൊന്ന് ഉഴിഞ്ഞുനോക്കി.
'ഇവിടെ എന്തരാ അണ്ണാ പരിപാടികൾ? ഇവരൊക്കെ എങ്ങോട്ടാ ഈ പോകുന്നത്? എനിക്കും കൂടെ പൊയ്ക്കൂടേ...?
''പോടാ ദൂരെ...!' വാച്ചർ ദേഷ്യപ്പെട്ടു. 'എടാ, ഇത് പെൺപിള്ളേർ മാത്രം താമസിക്കുന്ന സ്ഥലമാണ്.
ഇവരൊക്കെ സ്‌കൂളും കോളേജും വിട്ടുവരുന്ന പെൺകുട്ടികളാണ്...'
'തന്നേ...?' മോഹൻലാൽ അത്ഭുതം കൂറി.
'അതെന്തരാ അണ്ണാ ഈ പെണ്ണുങ്ങൾക്ക് മാത്രം ഒരിടം?' മന്ദബുദ്ധിയായ ആ നാട്ടിൻപുറത്തുകാരൻ പയ്യന്റെ ചോദ്യങ്ങൾ വാച്ചറെ വല്ലാതെ ചൊടിപ്പിച്ചു. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നുതുടുത്തു.
'പോടാ അവിടുന്ന്!' അയാൾ കണ്ണുരുട്ടി. ലാൽ അല്പം പേടിച്ചതുപോലെ മാറിനിന്നു. എന്നിട്ട് ചുറ്റും നോക്കി പതുക്കെ വാച്ചറോട് ചോദിച്ചു:
'എന്നെയും കൂടി ഇവരുടെ കൂടെ താമസിപ്പിക്കുമോ അണ്ണാ...?'
'ലേഡീസ് ഹോസ്റ്റലിൽ തന്നെക്കൂടി താമസിപ്പിക്കുമോ എന്ന ലാലിന്റെ ചോദ്യം കേട്ടതും വാച്ചർ സർവ്വശക്തിയുമെടുത്ത് ലാലിനെ അടിക്കാൻ ഓങ്ങി. അത് മുൻകൂട്ടി പ്രതീക്ഷിച്ചിരുന്ന ലാൽ ജീവനും കൊണ്ട് അവിടുന്ന് ഒരോട്ടമായിരുന്നു! പിന്നാലെ വന്ന അശോകനും ശശിയും ഒന്നും അറിയാത്തതുപോലെ മാറിനിന്ന് ഇത് കണ്ട് ആസ്വദിക്കുകയായിരുന്നു.
മോഹൻലാലിന്റെ ആ ഓട്ടം ചെന്നുനിന്നത് ഒരു ബസ് സ്റ്റോപ്പിലാണ്. അവിടെ ബസ് കാത്തുനിന്നവരോടും അവൻ ഓരോ മണ്ടൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഏതോ വട്ടുപിടിച്ച മന്ദബുദ്ധിയാണെന്ന് കരുതി ചിലർ സഹതാപത്തോടെ ലാലിനെ നോക്കി. മറ്റുചിലർ അവനെ തിരിഞ്ഞുപോലും നോക്കിയില്ല. ഉടൻതന്നെ ലാൽ റോഡരികിലുള്ള ഒരു പെട്ടിക്കട ലക്ഷ്യമാക്കി നീങ്ങി. ആ കച്ചവടക്കാരന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ! പിന്നീട് ആ പെട്ടിക്കടയ്ക്ക് മുന്നിലായിരുന്നു ലാലിന്റെ തകർപ്പൻ പ്രകടനം.
'എന്തരാ അണ്ണാ ഈ പഴത്തിന് വില?' കടയിൽ തൂക്കിയിട്ടിരുന്ന ഒരു വലിയ പഴക്കുലയിലാണ് ലാൽ പിടിച്ചത്. കടക്കാരൻ വില പറയുന്നതിന് മുൻപ് തന്നെ ഒരു ഇളിഞ്ഞ ചിരിയോടെ ലാൽ അഞ്ചാറെണ്ണം തിന്ന് തീർത്തു!
'പഴം കൊള്ളാമല്ലോ അണ്ണാ... നല്ല സ്വാദ്...' ലാൽ അയാളെ നോക്കി നിഷ്‌കളങ്കമായി ചിരിച്ചു. ചുറ്റും നിന്നവർ ഇവൻ ഏത് കോട്ടാമ്പുറത്ത് നിന്ന് വന്നവനാണെന്ന മട്ടിൽ നോക്കി നിന്നു. കടക്കാരന് ദേഷ്യം വന്നുതുടങ്ങി.
'അണ്ണാ, പഴത്തിന്റെ കാശ്...' എന്ന് പറഞ്ഞ് വലിയ ഗമയിൽ പോക്കറ്റിൽ നിന്നും മുപ്പത് പൈസ എടുത്ത് ലാൽ അയാൾക്ക് നേരെ നീട്ടി. കടക്കാരന്റെ മുഖം കനത്തു. ചുരുങ്ങിയത് നാലഞ്ചു രൂപയുടെ പഴമെങ്കിലും അതിനകം ലാൽ വയറ്റിലാക്കിയിരുന്നു!
കടക്കാരൻ ദേഷ്യത്തോടെ ചാടിയിറങ്ങിയതും ലാൽ അവിടുന്ന് ഒരൊറ്റ ഓട്ടം! കടക്കാരൻ പിന്നിൽ നിന്ന് എന്തൊക്കെയോ തെറി വിളിച്ചുപറയുന്നുണ്ടായിരുന്നു. ജീവനും കൊണ്ട് ഓടുന്നതിനിടയിൽ ലാൽ അതൊന്നും കേട്ടതേയില്ല. ഓടി തളർന്ന് ഒടുവിൽ സ്റ്റാച്യു ജംഗ്ഷനിൽ എത്തിയ ലാലിന്റെ മുന്നിൽ പെട്ടെന്ന് വാളും പിടിച്ച് ഒരാൾ വന്നുനിന്നു! ലാൽ വീണ്ടും അവിടെ തന്റെ അഭിനയം തുടർന്നു.
(തുടരും)
ജോഷി ജോർജ്
കഥ ഇതുവരെ
വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ
https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal
വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments
വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
