വിരട്ടിയും വിലപേശിയും ഒരു കമ്മ്യൂണിസ്റ്റു കാലം

SEPTEMBER 2, 2026, 10:05 AM

രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ പലപ്പോഴും തന്റെ പദവി പോലും മറന്ന് കഠിന പദങ്ങൾ ഉപയോഗിക്കുന്ന നേതാവാണ് സാക്ഷാൽ പിണറായി വിജയൻ. സ്വന്തം കാര്യത്തിലായാലും പാർട്ടിയുടെ കാര്യത്തിലായാലും എതിരാളികളെ അടിച്ചൊതുക്കാൻ പിണറായിയോളം ശൗര്യമുള്ള നേതാക്കൾ കുറവാണ്. ഒരു വ്യാഴവട്ടക്കാലം പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഒരു സൈന്യാധിപനെ പോലെ കേരളത്തിന്റെ വിരിമാറിൽ അണികൾ എന്ന ചുവപ്പൻ ആശയക്കാരായ വളണ്ടിയർമാരെ നയിച്ച ഇടതിന്റെ മുഖം.

വൈദ്യുതി മന്ത്രിയിരുന്നപ്പോൾ അകപ്പെട്ട അഴിമതി ആരോപണങ്ങളും അതിന്റെ പേരിൽ ഉയർന്ന വിവാദങ്ങളും ചെറുക്കാൻ ഒരു പടച്ചട്ട പോലെ പാർട്ടിയെ പ്രയോജനപ്പെടുത്തിയ നേതാവ്. ആ നേതാവിനെ ഒരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടന്ന പാർട്ടിയും.

പിണറായിയുടെ വാക്കിന് മറുവാക്കില്ലാതിരുന്ന കാലം. പാർട്ടിയിൽ വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലത്ത് ഒരു പക്ഷത്തിന്റെ പടനായകനായി നിലകൊണ്ട നേതാവ്. പിണറായി പക്ഷം എന്ന ഒന്നിന്റെ അമരത്ത് നിൽക്കുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ കേട്ടുകേൾവി ഇല്ലാത്ത വിധം ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത സഖാവ് !

vachakam
vachakam
vachakam

അദ്ദേഹം എതിരാളികളെ നോക്കി പറഞ്ഞു; വിരട്ടലും വിലപേശലും ഞങ്ങളോട് വേണ്ട എന്ന്. ആ പ്രയോഗത്തിലെ 'ഞങ്ങൾ', മൊത്തം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് ആരെങ്കിലും കരുതിയെങ്കിൽ അത് തെറ്റായിരുന്നുവെന്ന്  ഇന്ന് കാലം തെളിയിക്കുന്നു. അത് താൻ നേതൃത്വം നൽകുന്ന ഗ്രൂപ്പിനു വേണ്ടി, തന്റെ പിന്നിൽ മാത്രം അണിനിരന്നവർക്ക് വേണ്ടി നേതാവ് ഉയർത്തിയ ശബ്ദമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു. ആ ശൗര്യം അണികളിൽ രക്തയോട്ടം സൃഷ്ടിച്ചിരുന്നുവെങ്കിലും അതിന്റെ യഥാർത്ഥ ഗുണഭോക്താവ് നേതാവ് മാത്രമായിരുന്നു എന്നും കാലം തെളിയിക്കുന്നു.

പാളിയ പിണറായിസം

രണ്ടുവട്ടം മുഖ്യമന്ത്രിയായപ്പോൾ സംഭവിച്ചത് അനിവാര്യമായ വീഴ്ചയാണെന്ന് ഇന്ന് പിണറായി വിജയനോളം തിരിച്ചറിയുന്ന മറ്റൊരാൾ ഉണ്ടാവില്ല. രണ്ടാംവട്ടം ലഭിച്ച മുഖ്യമന്ത്രി പദം ഇടതുപക്ഷ വ്യതിയാനത്തിന് ആക്കം കൂട്ടാൻ മാത്രമേ ഉപകരിച്ചുള്ളൂ. കച്ചവട മനസ്സും മുതലാളിത്ത പ്രീണനവും സ്വജനപക്ഷപാതവും ഒരു കാലത്ത് ഇടതുപക്ഷത്തിന് തീണ്ടാപ്പാട് അകലെയായിരുന്നുവെങ്കിൽ അതിനെയെല്ലാം പരിലാളിക്കുന്ന ഒരു പാർട്ടി ഭരണ വ്യവസ്ഥ നടപ്പിലാക്കപ്പെട്ടു എന്നതാണ് രണ്ടാം പിണറായി  യുഗത്തിലെ സംഭാവന.

vachakam
vachakam
vachakam

വിമർശകർക്ക് പിണറായിസം എന്ന് വിളിച്ചു പറയാൻ ഒരു പദപ്രയോഗം കൂടി നൽകിയിട്ടാണ് അദ്ദേഹം പടിയിറങ്ങിയത്. പി.വി. അൻവറും മറ്റും അത്തരം പദപ്രയോഗങ്ങൾക്ക് പ്രചുര പ്രചാരം നൽകി. അപ്പോഴാണ് അൻവറിന്റെ വസതിക്ക് മുന്നിൽ പാർട്ടി അണികൾ ഫ്‌ളക്‌സ് വെച്ചത്. പിണറായിയുടെയും എം.വി. ഗോവിന്ദന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആ ഫ്‌ളെക്‌സിൽ ഇപ്രകാരം എഴുതിയിരുന്നു; 

വിരട്ടലും വിലപേശലും ഞങ്ങളോട് വേണ്ട എന്ന്. അതിന് അർത്ഥം സ്വന്തം നേതാവിന്റെ വിഖ്യാതമായ വാക്കുകൾ മൂർച്ചയുള്ള ആയുധമായി ഉപയോഗിക്കാൻ നൽകപ്പെട്ട ലൈസൻസ് എന്നു തന്നെ! അത്തരം വിരട്ടലും വിലപേശലും ആണ് പിണറായിസത്തെ ഇന്നത്തെ നിലയിൽ കൊണ്ടെത്തിച്ചത്. ടി.പി. ചന്ദ്രശേഖരൻ മുതൽ അരിഞ്ഞ് വീഴ്ത്തപ്പെട്ട എതിരാളികൾ രക്തസാക്ഷികളായത് ആർക്കുവേണ്ടിയാണോ, അവരുടെ പതനം അനിവാര്യമെന്ന് വർത്തമാനകാല രാഷ്ട്രീയം ഓർമിപ്പിക്കുന്നു.

എല്ലാം തന്നിലേക്ക് എന്ന രാഷ്ട്രീയ മുദ്രാവാക്യം ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രയോഗിക്കും വരെ കാര്യങ്ങൾ എളുപ്പമായിരുന്നു. എന്നാൽ വമ്പൻ തെരഞ്ഞെടുപ്പ് തോൽവി കാര്യങ്ങൾ മാറ്റിമറിച്ചു. പിണറായിസം ഒരു വിജയ ഫോർമുല അല്ല എന്ന് അണികൾ തിരിച്ചറിഞ്ഞു. നേതാക്കളും.

vachakam
vachakam
vachakam

തോറ്റത് അറിയാതെ

എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന ചോദ്യത്തിന് 100 ദിവസം പിന്നിട്ടിട്ടും ഉത്തരം നൽകാൻ കഴിയാത്ത ഒരു നേതൃത്വം. എങ്ങനെ നമ്മൾ തോറ്റു എന്ന് വിശദമാക്കാൻ തൽക്കാലം സൗകര്യമില്ല എന്ന ഭാവത്തിൽ മുന്നോട്ട് പോകുമ്പോഴാണ് കഴക്കൂട്ടം മുതൽ കാട്ടാക്കട വരെ നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടി ജനങ്ങളോട് വിശദീകരിക്കേണ്ടി വരും എന്ന നില വന്നത്.

പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. കല്യശ്ശേരി, ധർമ്മടം, തലശ്ശേരി, മട്ടന്നൂർ തുടങ്ങിയ പാർട്ടി കേന്ദ്രങ്ങളിൽ തിരിച്ചടി കിട്ടി. ആലത്തൂർ, ഷോർണൂർ, ചേലക്കര, ആറ്റിങ്ങൽ തുടങ്ങിയ മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ടായി. ഇത് സംഘടനാ ദൗർബല്യം ആണോ പാർട്ടി നേതൃത്വത്തിന്റെ വീഴ്ചയാണോ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവാണോ എന്ന് അണികളോട് വിശദീകരിക്കാൻ പ്രയോഗിച്ച കൗശലത്തിലും പിണറായിസം പാളി. സ്വയം പ്രതിരോധിക്കാൻ കണ്ണൂർ ഘടകം നടത്തിയ വിശദീകരണ യോഗങ്ങൾ പോലും തിരിച്ചടിയായി.

തളിപ്പറമ്പിലും പയ്യന്നൂരിലും വിശദീകരണ യോഗങ്ങളിൽ അണികളെ കുറ്റപ്പെടുത്തിയതിലും പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച സി.പി.എം-സി.പി.ഐ തർക്കത്തിൽ ചർച്ചകൾ വാതിലടയ്ക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതിലും പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമായി. പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത് ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെ, ഒരു തരത്തിലും സി.പി.ഐക്ക് നൽകില്ലെന്ന് പിണറായി പറഞ്ഞത് പിന്നീട് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ തിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും വിശദീകരണ യോഗങ്ങളിൽ പിണറായി വിജയൻ അണികൾ ചെയ്ത തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടത്.

സംഭവിച്ച തെറ്റുതിരുത്തി പാർട്ടിയുടെ സംരക്ഷകരായി മാറാൻ എല്ലാവരും തയ്യാറാവണമെന്നാണ് പിണറായി പയ്യന്നൂരിൽ പറഞ്ഞത്. ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളാൻ നിങ്ങൾ തയ്യാറാകണമെന്ന് തളിപ്പറമ്പിലും പറഞ്ഞു. ഈ രണ്ടിടത്തും നേതൃത്വത്തിനു സ്ഥാനാർത്ഥി നിർണ്ണയത്തിലുൾപ്പെടെ സംഭവിച്ചുവെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് അണികളെ കുറ്റപ്പെടുത്തി പിണറായി ആരംഭിച്ചത്.

തിരഞ്ഞെടുപ്പ് പരാജയത്തിൽ ഏതു തരത്തിലുള്ള തെറ്റു തിരുത്തൽ നടപടികൾ വേണമെന്ന് ആലോചിക്കാൻ കോഴിക്കോട് വിപുലമായ സംസ്ഥാന സമിതി ചേരാനിരിക്കെയാണ് പിണറായി വിജയൻ കണ്ണൂരിലെ മണ്ഡലങ്ങളിൽ വിശദീകരണ യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന സമിതി ചേർന്ന് ഏതു തരത്തിലാണ് പ്രതിരോധം ഉയർത്തേണ്ടത് എന്ന് തീരുമാനിക്കുന്നതിനു മുൻപു തന്നെ പിണറായി നേരിട്ടു കളത്തിലിറങ്ങുകയായിരുന്നു. കണ്ണൂരിലെ പാർട്ടി സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായി.

ഈ രണ്ടിടത്തും സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ നേതൃത്വത്തിനു വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്രകമ്മിറ്റി തന്നെ സമ്മതിച്ചതാണ്. എന്നാൽ,അതിനെ തള്ളി കൊണ്ട് പ്രവർത്തകരെയും അണികളെയും കുറ്റപ്പെടുത്തി പൊളിറ്റ് ബ്യൂറോ അംഗം സംസാരിച്ചതിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തതാണ്. വിമതർ ജയിച്ച പാർട്ടി കോട്ടകളിൽ നേതാക്കളും പ്രവർത്തകരും തമ്മിലുള്ള ബന്ധം നഷ്ടമായെന്നു കേന്ദ്രകമ്മിറ്റി വിലയിരുത്തുകയും ചെയ്തു. ഇതു രണ്ടിനും വിരുദ്ധമായി, വിമതർക്ക് വോട്ടു ചെയ്തവരാണു തെറ്റുകാരെന്ന കുറ്റപ്പെടുത്തലിനു പൊളിറ്റ് ബ്യൂറോ അംഗം തന്നെ ശ്രമിച്ചതു ശരിയായില്ല എന്ന് പിണറായി പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന്റെ ശൈലിക്ക് യാതൊരു മാറ്റവുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്.

പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള വിവാദത്തിന് ആണിക്കല്ലായത് പിണറായിയുടെ നാവുപിഴ ആണെന്ന് സി.പി.ഐ നേതൃത്വവും കരുതുന്നു. വല്യേട്ടന്റെ അടുത്ത നീക്കം എന്താണെന്ന് നിരീക്ഷിക്കാം എന്ന നിലപാടിലാണ് സിപിഐ. അങ്ങനെയെങ്കിൽ സി.പി.എം പൂർണ്ണമായും പിണറായിസത്തിൽ നിന്ന് വിടുതൽ നേടിയാൽ മാത്രമേ ഇടതുപക്ഷ ഐക്യം എന്ന വിദൂര സ്വപ്‌നം യാഥാർഥ്യമാവുകയുള്ളൂ. ഉപനേതാവ് കാര്യത്തിൽ മറിച്ച് ഒരു തീരുമാനം ആണെങ്കിൽ വഴങ്ങേണ്ടതില്ല എന്ന ശരീരഭാഷയാണ് ബിനോയ് വിശ്വവും പ്രകടിപ്പിക്കുന്നത്.

ഒന്നുകിൽ പിണറായി മാറുക,അല്ലെങ്കിൽ പാർട്ടി ശൈലി മാറ്റുക എന്നത് മാത്രമാണ് പോംവഴി. ഏതായാലും സി.പി.എം വിശാല സംസ്ഥാന സമിതി എന്ന സംഭവം ഈ മാസം പകുതിയോടെ യാഥാർത്ഥ്യമായാൽ സംസ്ഥാനത്തെ ഇടത് പക്ഷത്തെ സർവ്വ ആശയക്കുഴപ്പങ്ങൾക്കും പരിഹാരമാകും എന്നാണ് രാഷ്ട്രീയ നിഷ്‌കളങ്കർ കരുതുന്നത്. എന്നാൽ കടുംപിടുത്തങ്ങളുടെ കാലഘട്ടം കഴിഞ്ഞെന്നും വല്യേട്ടൻ കളി പുതിയകാലത്ത് എളുപ്പമല്ലെന്നും സി.പി.എം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം; അങ്ങനെ പ്രത്യാശിക്കാം.

പ്രജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam