തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോവുന്നവര്‍ തട്ടിപ്പിനിരയാവുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അതോറിറ്റി രൂപവത്കരിക്കും. ഉത്തരവാദിത്വം ഉറപ്പാക്കാന്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. ഇതടക്കമുള്ള വ്യവസ്ഥകളുമായി കരട് ബില്‍ തയ്യാറായി. അടുത്ത നിയമസഭാസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം.
ഇന്ത്യന്‍ കുടിയേറ്റ നിയമത്തിന്റെ പരിധിയില്‍ വിദ്യാര്‍ഥികള്‍ വരുന്നില്ല. അതുകൊണ്ടു തന്നെ അവിടെ ചൂഷണത്തിനോ തട്ടിപ്പിനോ ഇരകളായാല്‍ അതു പരിഹരിക്കാന്‍ നിയമങ്ങളൊന്നുമില്ല. റിക്രൂട്ടിങ് ഏജന്‍സികള്‍ക്കാവട്ടെ, നിര്‍ബന്ധിത രജിസ്ട്രേഷനുമില്ല.
വിദേശത്തെ സ്ഥാപനങ്ങളെക്കുറിച്ചോ അവിടത്തെ നിയമങ്ങളെക്കുറിച്ചോ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടത്ര ധാരണയില്ല. റിക്രൂട്ടിങ് ഏജന്‍സികളെ വിശ്വസിച്ചാണ് ഭൂരിപക്ഷവും പോവുന്നത്. പലരും നിലവാരമില്ലാത്ത സ്ഥാപനങ്ങളില്‍ ചേരേണ്ടി വരുന്നു. സാമ്പത്തികചൂഷണത്തിനും ഇരകളാവുന്നുണ്ട്. പരാതി പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനമില്ല. ഈ സാഹചര്യത്തിലാണ് സമഗ്ര നിയമനിര്‍മാണത്തിനുള്ള തീരുമാനം.
വിദ്യാര്‍ഥി കുടിയേറ്റം നിയമത്തില്‍ പ്രത്യേകമായി നിര്‍വചിക്കും. റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും കണ്‍സല്‍ട്ടന്‍സികള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. ഇതിനായി സംസ്ഥാന അതോറിറ്റി രൂപവത്കരിച്ച് ലൈസന്‍സിങ് സംവിധാനം നടപ്പാക്കും.
നിലവാരമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടാതെ തട്ടിപ്പിനിരയായാല്‍ ഏജന്‍സികളുടെ പിഴവായി പരിഗണിക്കും. ശിക്ഷാനടപടികള്‍ ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നോര്‍ക്കയുടെ മേല്‍നോട്ടത്തിലാവും അതോറിറ്റിയുടെ പ്രവര്‍ത്തനം. സുരക്ഷിതമായ വിദ്യാര്‍ഥികുടിയേറ്റം ഉറപ്പാക്കാന്‍ 'വിദ്യാര്‍ഥി കുടിയേറ്റ സഹായക പോര്‍ട്ടല്‍' ഉടന്‍ തുടങ്ങുമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊല്ലശ്ശേരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്