പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിനെതിരെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ എക്സൈസ് മന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷ്. കർണാടക ലോബിക്കുവേണ്ടിയാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ മദ്യക്കമ്പനികളിൽ നിന്ന് എത്ര പണം വാങ്ങിയെന്ന് വ്യക്തമാക്കണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു. മദ്യവിരുദ്ധ പ്രസംഗങ്ങൾ നടത്തിയിരുന്നവരാണ് ഇപ്പോൾ മദ്യം കൂടുതൽ സുലഭമാക്കാനുള്ള ശ്രമം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റിലൂടെ വലിയ അഴിമതിക്കാണ് വേദി ഒരുക്കുന്നതെന്ന് എം.ബി. രാജേഷ് ആരോപിച്ചു. കോർപ്പറേറ്റ് മദ്യക്കമ്പനികൾക്ക് സർക്കാർ സഹായം ചെയ്യുകയാണെന്നും, എൽഡിഎഫ് ഭരണകാലത്ത് ഇത്തരത്തിൽ സഹായം നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നയങ്ങൾ കേരളത്തിന് ദോഷകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും തമ്മിൽ തർക്കാവസ്ഥയാണെന്നും, അതിന്റെ ഫലമായി ശുചീകരണ പ്രവർത്തനങ്ങൾ താറുമാറായെന്നും എം.ബി. രാജേഷ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് അദ്ദേഹത്തിനുതന്നെ വിലയില്ലെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി വിസ്മയം തീർക്കുന്നത് പ്രസ്താവനകളിലൂടെയോ പ്രഖ്യാപനങ്ങളിലൂടെയോ അല്ല, മറിച്ച് ‘തള്ള്’ കൊണ്ടാണെന്നും എം.ബി. രാജേഷ് പരിഹസിച്ചു. ബജറ്റിൽ വിസ്മയത്തിനും തള്ളിനും കുറവില്ലെന്നും അദ്ദേഹം പറഞ്ഞു.
“5 കോടി രൂപയ്ക്ക് കേരളത്തിൽ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് തള്ള് അല്ലാതെ മറ്റെന്താണ്?” എന്നും എം.ബി. രാജേഷ് ചോദിച്ചു.
ബജറ്റിലെ പല പ്രഖ്യാപനങ്ങളും യാഥാർഥ്യബോധമില്ലാത്തവയാണെന്നും, ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രചാരണപരമായ പ്രഖ്യാപനങ്ങളാണിതെന്നും എം.ബി. രാജേഷ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
