ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ പൊലീസ് കണ്ടെത്തിയ മൃതദേഹം 73 കാരി സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കള്‍ എത്തിയാണ് മൃതദേഹം സ്ഥിരീകരിച്ചത്. മുട്ടു വേദനയ്ക്ക് സുഭദ്ര ഉപയോഗിച്ചിരുന്ന ബാന്‍ഡേജ് കണ്ടാണ് മക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.
കൊച്ചി കടവന്ത്രയില്‍ നിന്നാണ് സുഭദ്രയെ കാണാതായത്. സുഹൃത്തുക്കളായ ദമ്പതികള്‍ സുഭദ്രയെ കൊന്നുകുഴിച്ചു മൂടിയെന്നാണ് വിവരം. ദമ്പതിമാരായ മാത്യൂസും ശര്‍മിളയും വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴയിലെ കാട്ടൂരിലെ വാടക വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഇരുവരും ചേര്‍ന്ന് സുഭദ്രയെ കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. ഇവര്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം മാത്യൂസും ശര്‍മ്മിളയും കടന്നു കളഞ്ഞതായാണ് വിവരം. സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് നിഗമനം.
കഴിഞ്ഞ മാസം നാലിനാണ് സുഭദ്രയയെ കാണാതാകുന്നത്. ആറാം തിയതി അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഏഴാം തിയതി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുഭദ്രയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അവസാനമെത്തിയത് ആലപ്പുഴ കലവൂരിലാണെന്ന് വ്യക്തമായി. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന മാത്യൂസിന്റേയും ശര്‍മിളയുടേയും വീട്ടില്‍ സുഭദ്ര ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും മൊഴി നല്‍കി. ശര്‍മിളയും സുഭദ്രയും ഒന്നിച്ചുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസം പൊലീസ് നായയെ എത്തിച്ച് മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം ചൊവ്വാഴ്ച പൊലീസ് സംഘമെത്തി പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്ത മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മൊര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ശര്‍മിളയും സുഭദ്രയും തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. ആരാധനാലയങ്ങളിലും മറ്റും ഒരുമിച്ചായിരുന്നു ഇവര്‍ പോയിരുന്നത്. ഇടയ്ക്കിടെ ശര്‍മ്മിളയും മാത്യൂസും സുഭദ്രയുടെ അടുത്ത് പോയി താമസിക്കും. തിരിച്ച് സുഭദ്രയും ഇരുവരുടേയും അടുത്ത് പോയി താമസിക്കുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്