തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി.
അപകടങ്ങളുടെ പേരിൽ രാഷ്ട്രീയക്കാരും ഭരണാധികാരികളും പരസ്പരം പഴിചാരുന്നത് വെറും ഒളിച്ചോട്ടമാണെന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ആർക്കും കൈകഴുകാൻ സാധിക്കില്ലെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
റോഡ് നിർമ്മാണം നടക്കുന്ന ദേശീയപാതാ ഭാഗങ്ങളിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിൽ എല്ലാ വിഭാഗങ്ങൾക്കും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ദേശീയപാതാ അതോറിറ്റിക്ക് വിഷയത്തിൽ കർശന താക്കീത് നൽകിയിട്ടുണ്ട്. എന്നാൽ ഇതൊരു പരസ്യ തർക്കമാക്കി മാറ്റി സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ജനപ്രതിനിധികൾ ശ്രമിക്കരുത്.
നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ കൃത്യമായ ഡൈവേർഷൻ സംവിധാനങ്ങൾ ഒരുക്കി വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാൻ വഴിയൊരുക്കണം. എന്നാൽ കൈപമംഗലത്ത് ആവശ്യമായ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ദിശാസൂചക ബോർഡുകളോ രാത്രി വെളിച്ചം പ്രതിഫലിപ്പിക്കുന്ന റിഫ്ലക്ടറുകളോ പ്രദേശത്ത് സ്ഥാപിച്ചിരുന്നില്ല. കരാർ കാലാവധി കഴിഞ്ഞിട്ടും അടിസ്ഥാന സുരക്ഷയൊരുക്കാത്ത കരാറുകാരെ കർശനമായി ചോദ്യം ചെയ്യണം. അപകടകരമായ രീതിയിൽ വാഹനം നിർത്തിയിട്ട ലോറി ഡ്രൈവറുടെ നടപടി ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാതകളിൽ പട്രോളിംഗ് സംവിധാനം അടിയന്തരമായി ശക്തമാക്കും. നിയമലംഘനം നടത്തുന്നവർക്ക് യാതൊരു ദാക്ഷിണ്യവും നൽകേണ്ടതില്ല. റോഡിൽ നിയമം ലംഘിക്കുന്ന വാഹനങ്ങളിൽ നിന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ 5,000 രൂപ മുതൽ 25,000 രൂപ വരെ തൽക്ഷണ പിഴ ഈടാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
